ADVERTISEMENT

പഞ്ചവാദ്യ പ്രൗഢിയിൽ അന്നമനട ഗ്രാമം തിളങ്ങുമ്പോൾ വിജയദശമി ദിനത്തിൽ അപൂർവമായൊരു വിദ്യാരംഭം. പ‍ഞ്ചവാദ്യ ത്രയമായ അന്നമനട അച്യുതമാരാർ, പീതാംബര മാരാർ, പരമേശ്വര മാരാർ എന്നിവർ ഏറെക്കാലം മുമ്പ് കൊട്ടിക്കയറിയത് തൃശ്ശൂർ ജില്ലയിലെ ഈ ഗ്രാമത്തിലാണ്. പെരുമയാർജിച്ച ഈ അന്നമനടത്രയത്തിന്റെ പാരമ്പര്യം പിന്തുടർന്നാണ് 40 മുതൽ 84 വയസുവരെയുള്ള ആറുപേർ ശിതികണ്ഠാപുരം ശ്രീ മഹാദേവക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചത്.

എം. എൻ. എസ്. നായർ (84), കെ. നാരായണൻകുട്ടി (64), അശോക് കുമാർ പാലിയത്ത് (59), എം. പി. മഹേഷ് (54), ഗിരീഷ് കുമാർ (44), വി. പി. അനൂപ് (43) എന്നിവര്‍ ഒന്നര വർഷം പഠിച്ചശേഷമാണ് വിദ്യാരംഭം കുറിച്ചത്. പഞ്ചവാദ്യ കൊഴുപ്പ് കലർന്ന പ്രമാണിമാരാൽ സമ്പന്നമാണ് അന്നമനട ഗ്രാമം. പ്രായഭേദമന്യേ ആർക്കും പഠിക്കുകയും അരങ്ങേറാൻ കഴിയുകയും ചെയ്യുമെന്നത് തെളിയിക്കുകയായിരുന്നു എം. എൻ. എസ്. നായരും സംഘവും. പ്രായമായവര്‍ക്കും വിദ്യാരംഭം കുറിക്കാൻ കഴിയുന്ന കുരുന്നുമനസ്സുകളാണ് തങ്ങൾക്കുള്ളതെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കുഴൂര്‍ നാരായണമാരാർ ഫൗണ്ടേഷന് കീഴിലായിരുന്നു ഇവരുടെ കഠിന പരിശീലനം. അന്നമനട മുരളീധരമാരാരായിരുന്നു ആശാൻ.

താലൂക്കോഫിസ് ജീവനക്കാരനായി വിരമിച്ച എം. എൻ. എസ്. നായർ, കുഴൂര്‍ നാരായണമാരാർ ഫൗണ്ടേഷന്റെ ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹം തന്നെയാണ് മറ്റുള്ളവരെയും പഞ്ചവാദ്യത്തിലേക്ക് ആകര്‍ഷിച്ചത്. കുട്ടികളെ പഞ്ചവാദ്യം പരിശീലിപ്പിക്കാൻ തുടങ്ങിവച്ച നാരായണ മാരാർ ഫൗണ്ടേഷനിൽ ഇതോടെ പ്രായമായവരും പഠിക്കാനെത്തുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com