എനിക്ക് എന്റെ പ്രണയത്തിൽ നിന്നും നിന്നെ എങ്ങനെ മാറ്റിനിർത്താനാവും?
Mail This Article
എന്തിനാ ഇങ്ങ്ട് പോന്നേ ?
വർഷാവർഷം കാരോത്തുപുഴയിൽ നിന്നും തന്റെ വാസസ്ഥലത്തേക്കുവന്ന് മരണപ്പെടുന്ന മീനുകളോ ഓർത്തു വേവലാതിപ്പെടുന്ന ഒരു വയസ്സൻതവള ചുവന്ന കാലൻ കൊറ്റിയുടെ കൊക്കിൽക്കിടന്നു പിടയ്ക്കുന്ന ഒരു വയറ്റുകണ്ണി വരാലിനോട് അനുതാപപൂർവം ചോദിച്ചു. ദേഹത്താകെ വരകളും ഇരുണ്ട പാർശ്വഭാഗത്ത് മഞ്ഞയും വെള്ളയും നിറവുമുള്ള വരാൽപ്പെണ്ണ് കൊറ്റിയുടെ കൊക്കിൽ കിടന്നു പിടയുന്നതിനിടെ, പാമ്പിന്റെ പൊലുള്ള തലയിളക്കിക്കൊണ്ട് ‘പുഴ നിറയുമ്പോ എല്ലാരും ഇങ്ങടല്ലേ വരിക? ഇതുവരെ ആരും ഇവിടേക്കു വരേണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ ’ എന്നു വളരെ നിഷ്കളങ്കമായി ചോദിച്ചു. അപ്പോഴാണു തവള അതിനെക്കുറിച്ചോർക്കുന്നത്. ശരിയാണ്. മരിച്ചവർക്കാർക്കും തിരിച്ചുപോകാനാവില്ലല്ലോ.അവശേഷിക്കുന്ന ഒരു മീനെങ്കിലും തിരിച്ചു കാരോത്തുപുഴയിലേക്കു ചെന്നിരുന്നെങ്കിൽ ഈ ചോദ്യത്തിന്റെ ആവശ്യമേ ഉണ്ടാവുമായിരുന്നില്ല. ‘ ഹാ’, തവള ദീർഘനിശ്വാസത്തോടെ കൂടുതൽ ചോദ്യങ്ങൾക്കു നിൽക്കാതെ ഉണങ്ങിയ മരക്കൊമ്പുകളിലൊന്നിൽ പറ്റിപ്പിടിച്ചിരുന്നു.
ഓരോ മഴക്കാലത്തും ആവർത്തിക്കപ്പെടുന്ന ചോദ്യം. ഉത്തരം. ദീർഘനിശ്വാസം. എല്ലാ മഴക്കാലത്തും പാടം നിറയുന്നു. തോടും പുഴയും ഇരുകര മുട്ടുന്നു. മറ്റെങ്ങോട്ടുമല്ലാതെ മരണത്തിലേക്കുള്ള യാത്രയും. എന്നാലും ബാക്കിയുണ്ട് യാത്രയുടെ ഓർമകൾ. യാത്രയും. ഈ ഓർമകൾ തന്നെയല്ലേ വേരുകളും. അവയും ഒരിക്കൽ അറ്റുപോകും. എന്നാലും അതിനുമുമ്പുള്ള നിമിഷങ്ങൾ. മാത്രകൾ. അവയുടെ സൗന്ദര്യവും വൈരൂപ്യവുമാണ് മികച്ച ഓരോ കൃതിയും മുന്നോട്ടുവയ്ക്കുന്നത്. എഴുതുമ്പോൾ, വായിക്കുമ്പോൾ ...അലസ നിമിഷങ്ങളല്ല പിന്നിടുന്നത്. ജീവിതം തന്നെയാണ്. ഒരു ജീവിതത്തിലെ തന്നെ ഒട്ടേറെ ജീവിതങ്ങൾ. അപൂർവമായ സന്തോഷമാണത്; സംതൃപ്തിയും. പിൻതുടരുന്ന വേദനകൾ; അസ്വസ്ഥമാക്കുന്ന ഓർമകൾ. മിന്നൽ പ്രഭയുടെ സ്നേഹങ്ങൾ; അവസാനിക്കാത്ത വിരഹത്തിന്റെ ഇരുട്ട്. തീരാത്ത കാത്തിരിപ്പ്; തീരുന്ന ജീവിതം. എന്നാലും വേരുകൾ.
നേരം നീണ്ടുപൊയ്ക്കൊണ്ടിരുന്നു. ചിറയിലെ വെള്ളമാകെ അസ്തമയ സൂര്യന്റെ ചുവപ്പിൽ മുങ്ങിത്തുടുത്തു. പരലുകൾ നീന്തുന്ന ആ തുടുത്ത ജലപ്പരപ്പിലേക്ക് കുറെ കൊതിയൻ കൊക്കുകൾ പറന്നുവന്നിരുന്നു.
മിനി.പി.സിയുടെ വേര് ഓർമയോ ഓർമപ്പെടുത്തലോ അല്ല. കിഴക്കൻ മലകളിൽ ഉദ്ഭവിച്ച് താഴ്വാരങ്ങളെ തഴുകി ഒഴുകിയ, ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന, പ്രവാഹ വേഗമാണ്. മൂന്നു പെൺകുട്ടികൾ. മുന്നു സ്ത്രീകൾ. സ്ത്രീകൾക്കു സ്വാതന്ത്ര്യം ആഘോഷിക്കാൻ സ്വാതന്ത്ര്യം കൊടുക്കാത്ത സമൂഹത്തിന്റെ തല്ലും തലോടലും ഏറ്റ, കീഴടങ്ങുകയും വെല്ലുവിളിക്കുകയും ചെയ്ത, അടിമയും ഉടമയുമായ മൂന്നു പേർ. അവരുടെ വേരുകൾ. ചില്ലകൾ. ആ വേരുകൾക്കു വെള്ളവും വളവും നൽകിയവർ. അറുത്തുമാറ്റിയിട്ടും അറ്റുപോകാതെ മണ്ണിനെ ഗാഢമായി ചുംബിച്ച വേരുകൾ. പലവട്ടം മുറിച്ചുകളഞ്ഞിട്ടും വീണ്ടും ആകാശം തേടിയ ശിഖരങ്ങൾ. അവയുടെ തണലിൽ വിശ്രമിച്ചവരും ഊർജം നേടിയവരും. തലമുറകളുടെ കഥയാണു മിനി പറയുന്നത്. ഒരൊറ്റ ഇമോജിയിൽ ജീവിതത്തെ തളയ്ക്കുന്ന പുതുകാലത്തും ഇതിഹാസങ്ങളുടെ താളുകളിൽ ഇനിയും പറയാത്ത കഥകളുണ്ടെന്ന വാഗ്ദാനം.
വേരുകളാണ് ഏതു വൃക്ഷത്തിന്‍റെയും കരുത്ത്; കനിവും. വേരുകൾ ദൃഡമെങ്കിൽ വൃക്ഷത്തിന് ആകാശത്തോളം വളരാം; മണ്ണിലേക്കു ചായാം. ഓർമകളിൽ നിന്നാണു ജീവിതം തിടംവച്ചു വളരുന്നത്. അനുഭവങ്ങളും ഓർമകൾ തന്നെയാണ്. ഇന്നത്തെ അനുഭവം നാളെ ഓർമയാണ്. ഭാവിയിലെയും. എഴുതിക്കഴിഞ്ഞ ഓരോ വാക്കും ചരിത്രമാണ്. എഴുതാനിരിക്കുന്ന വാക്കുകൾ മാത്രമാണു ഭാവി. വേരിലെ ഒരു കഥാപാത്രവും ഒറ്റയ്ക്കു നിൽക്കുന്നില്ല. ആഴത്തിലുള്ള വേരുകളാണ് അവരെ നിലനിർത്തുന്നതും കാലത്തെ നേരിടാൻ ശക്തി നൽകുന്നതും. ഓരോ വേരും ലക്ഷോപലക്ഷം ദൃശ്യവും അദൃശ്യവുമായ വേരുകളിലേക്കു പടരുന്നതുപോലെ പറഞ്ഞതും പറയപ്പെടാത്തതുമായ കഥകൾ കൊണ്ടു നിർമിച്ച കൊട്ടാരമാണ് ഈ നോവൽ. ആയിരത്തൊന്നു രാത്രി പറഞ്ഞാലും തീരാത്ത കഥകൾ.
മനുഷ്യർ മാത്രമല്ല ഈ കഥകളിൽ ചിരിക്കുകയും കരയുകയും ചെയ്യുന്നത്. ജീവജാലങ്ങൾ ആകെയാണ്. മലകളായി മാറ്റപ്പെടുകയും അകറ്റപ്പെടുകയും ചെയ്ത കുറത്തിയും കുറവനും മുതൽ മരവും ചെടിയും പക്ഷികളും മൃഗങ്ങളും ഉൾപ്പെട്ട സമസ്ത പ്രകൃതി. താഴ്വരയിൽ ജീവിതം തേടി എത്തിയവർക്ക് എല്ലാം നൽകിയതും നഷ്ടപ്പെടുത്തിയതും കൃഷിയാണ്. ഏലവും ഇഞ്ചിയും കുരുമുളകുമുൾപ്പെടെ മലയോരത്തിന്റെ മക്കൾക്കൊപ്പം വളരുകയും തളരുകയും ചെയ്ത വിളകളും അവയുടെ ഋതുപരിണാമങ്ങളും ഈ കഥയിലെ അനിവാര്യതയാണ്. റോസയെ കാക്കുന്ന കുഞ്ഞിത്തേയി ഉൾപ്പെടെ.
വളച്ചുകെട്ടി പറയാനും ഒളിച്ചുവയ്ക്കാനും മനസ്സു തുറക്കാതെ അഭിനിയിക്കാനും മണ്ണിന്റെ മക്കൾക്ക് അറിയില്ല. അവർ തുറന്നുതന്നെ പറയും. ഉറക്കെ പറയും. ഈ നോവലിനും അതേ സ്വഭാവമുണ്ട്. ആശയങ്ങളിലും ആവിഷ്കരണത്തിലും ഒരു പരിമിതിയും അനുഭവിക്കാതെയാണ് മിനി മലയോരത്തിന്റെ ചരിത്രവും ഭാവിയും എഴുതുന്നത്. അത് ഈ നോവലിന് മൊത്തം നൽകുന്ന സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷം വലുതാണ്. ന്യായാന്യായങ്ങളും ധാർമാധർമ ചിന്തകളും സദാചാര, ദുരാചാര വിലക്കുകളെയും അകറ്റി നിർത്താൻ എഴുത്തുകാരിക്കു കഴിഞ്ഞിട്ടുണ്ട്.
അസാധ്യതകളുടെ അകെത്തുകയല്ല ജീവിതം. സാധ്യതകളുടെ ചിന്നിച്ചിതറിയ ചില്ലറകളാണ്. അവ എവിടെയൊക്കൊയോ ആരുടെയൊക്കെയോ കൈകളിലുണ്ട്. അവിടങ്ങളിൽ എത്തിപ്പെടാനാണ് ഈ പരക്കംപാച്ചിൽ. അവരെ തേടിയാണ് ഈ കാത്തിരിപ്പൊക്കെയും. എന്നാൽ, അവർ ആരെന്ന് ആർക്കും ഉറപ്പില്ലതാനും. ഉറച്ച വേരുകളും കനത്ത കമ്പുകളുമെന്നു കരുതി ചുറ്റിപ്പിടിച്ചു വളരുമ്പോഴായാരിക്കും വേരുകളറ്റും കൊമ്പൊടിച്ചും വീഴ്ച. അവിടെ നിന്ന് എഴുന്നേൽക്കാൻ തന്നെ എന്തൊരു ബുദ്ധിമുട്ടാണ്. അറച്ചും മടിച്ചുമാണ് പിന്നീടുള്ള നിമിഷങ്ങളത്രയും. തിരിച്ചടികൾ ആവർത്തിക്കുമോയെന്ന ഭയം. വീണ്ടും വീഴുമോയെന്ന പേടി. എന്തൊരു കരുത്താണ് സ്വന്തം സ്നേഹത്തിനെന്ന തിരിച്ചറിവ്. ആട്ടിയകറ്റുന്ന വെളിച്ചം അകന്നുപോകുമ്പോൾ പെയ്തുതോരാത്ത മഴയാണു വീണ്ടും. കാലെടുത്തുവയ്ക്കാൻ മടിക്കുന്ന ജലപ്രവാഹം.
പെട്ടെന്ന് എന്തോ ഒന്ന് തന്നെ ശക്തമായി താഴേക്കു വലിക്കുന്നതായി റോസയ്ക്കു തോന്നി. അപ്രതീക്ഷിതമായ ആ വലിയിൽ അവൾ വെള്ളത്തിനടിയിലേക്കു താണു. കരച്ചിൽ കുമിളകളായി ജലപ്പരപ്പിൽ പരന്നു. പരിഭ്രമം കൊണ്ട് തനിക്കെന്താണു സംഭവിക്കുന്നതെന്നു റോസയ്ക്കു മനസ്സിലായില്ല. എങ്കിലും അവൾ ശക്തമായി കുതറിക്കൊണ്ടിരുന്നു. പെട്ടെന്നു കാലിലെ പിടി അയഞ്ഞു. ആ ഒഴിവിൽ അവൾ സർവശക്തിയുമെടുത്ത് മുകളിലേക്കു കുതിക്കാനാഞ്ഞു. പക്ഷേ, അപ്പോഴേക്കും...
വേര്
മിനി പിസി
മാതൃഭൂമി ബുക്സ്
വില 550 രൂപ