നീ ഈ പുസ്തകം മാത്രം മറന്നതെന്തേ? നീയില്ലാതെ വായിക്കാൻ ശ്രമിച്ച്, അടച്ചുവയ്ക്കാനാവാത്ത ഞാൻ എന്ന പുസ്തകം
Mail This Article
കഴിഞ്ഞ കാലമല്ല. നഷ്ടപെട്ട സംവത്സരങ്ങളല്ല. ഓർമയിലെ സുഗന്ധമല്ല. ഇന്നും എന്നും ജീവിക്കുന്ന ലോകം. ആ കാലം കടന്നാണ് ഇവിടെ വരെ എത്തിയതെന്നു പറയാം. എന്നാൽ, ആ കാലത്തിൽ നിന്നു വേറിട്ടല്ല ഇപ്പോഴത്തെ ജീവിതം. വേർപിരിയലിനെക്കുറിച്ചു ചിന്തിക്കാനേ ആവില്ല. മറവി എന്നത് അവിശ്വസനീയവും അസാധ്യവുമാണ്. ബാല്യം, കൗമാരം. യൗവ്വനം. ഓർമകൾക്കും കഴിഞ്ഞുപോയ കാലത്തിനും രൂപപ്പെടുത്തിയ അനുഭവങ്ങൾക്കും വ്യക്തികൾക്കും പേരിട്ടാൽ പെൺകുട്ടികൾ ക്ലാസ് മുറിയിൽ കളിക്കുന്ന ഒരു കളിയുടെ പേരായിത്തീരും: നെയിം, പ്ലെയ്സ്, ആനിമൽ, തിങ്. ദരിഭ ലിൻഡെയ്ക്ക് മറ്റൊരു പേര് ആലോചിക്കാനേ വയ്യ. ആ പേര് ഈ നോവലിന് ഇണങ്ങുന്നുണ്ട്. മാറ്റിവയ്ക്കാനോ പകരം വയ്ക്കാനോ ആവാത്ത രീതിയിൽ. അല്ലെങ്കിൽ, ഏതു വാക്കാണ്, അധ്യായമാണ്, ഭാഗമാണ് ഈ നോവലിൽ നിന്നു മാറ്റിവയ്ക്കാനാവുക. പകരത്തെക്കുറിച്ചു ചിന്തിക്കാനാവുക. അതൊന്നും സാധ്യമല്ല എന്നതുതന്നെയാണ് ഈ കൃതിയുടെ പ്രസക്തി. ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ ആദ്യ കൃതിയിലെ വൈകാരികത പകരുന്ന ആത്മഹർഷം എത്ര ഉജ്വലമാണ്. ജെസിബി പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഈ കൃതി തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ്. ചില വേദനകളെ ഒഴിവാക്കാനാവില്ല എന്നതുപോലെ അനിവാര്യമായ പുസ്തകം.
ഡി എന്ന പെൺകുട്ടിയുടെ ബാല്യത്തെയും കൗമാരത്തെയും യൗവ്വനത്തെയും കുറിച്ചുള്ള സ്മൃതിപുഷ്പം എന്നു പറഞ്ഞ് ദരിഭ ലിൻഡെയുടെ നോവലിനെ ചെറുതാക്കരുത്. കഴിഞ്ഞുപോയ കാലം എന്ന മിഥ്യ സൃഷ്ടിക്കാതെയാണ് ദരിഭ എഴുതുന്നത്. ദൃക്സാക്ഷികളേക്കാൾ ആ കാലത്തിന്റെ ഭാഗം തന്നെയായി വായനക്കാരനും മാറുന്നു. നിഷ്കളങ്കമല്ല ഒരു ഓർമയും. ദുഃഖാകുലം മാത്രമല്ല അനുഭവങ്ങൾ എല്ലാം. എല്ലാക്കാലവും എല്ലാവരെയും കടന്നുപോകുകയുമല്ല. മേഘാലയയിലെ ഷില്ലോങ്ങിന്റെ അധികമൊന്നും എഴുതപ്പെട്ടിട്ടില്ലാത്ത ജീവിതത്തിലേക്കാണു ദരിഭയുടെ നോവൽ നയിക്കുന്നത്. ഗോത്രവർഗങ്ങൾക്കൊപ്പം അവരെ നവജീവിതത്തിന്റെ വെളിച്ചത്തിലേക്കു നയിക്കാൻ ജീവിതം സമർപ്പിച്ച മിഷനറിമാരും അവരുടെ പിൽക്കാല തലമുറയും, ജീവിതത്തിന്റെ പച്ചപ്പ് തേടി അന്യ നാടുകളിൽ നിന്നെത്തി അധ്വാനിച്ചു ജീവിക്കുന്ന വ്യത്യസ്ത ദേശങ്ങളുടെയും വംശങ്ങളുടെയും പ്രതിനിധികൾ. എല്ലാവരെയും കൂട്ടിയിണക്കുന്ന മലകൾ, കുന്നുകൾ, താഴ്‌വാരങ്ങൾ, എന്നും വിരിയുന്ന പൂക്കൾ, മഞ്ഞും. വംശീയ വിദ്വേഷത്തിന്റെ അലയൊലികൾ ഈ നോവലിന്റെ രാഷ്ട്രീയ പശ്ചാത്തലമാണ്. എന്നാൽ, ആരുടെയും പക്ഷം പിടിക്കാനോ ആർക്കും വേണ്ടി വാദിക്കാനോ ദരിഭ തയാറാകുന്നില്ല. ഷില്ലോങ്ങിന്റെ താഴ്‌വരയിൽ ജനിച്ചുവളർന്ന ഒരു പെൺകുട്ടിയുടെ കണ്ണുകൾക്കു പിടിച്ചെടുക്കാനാവുന്നതുമാത്രം, വേദന തുളുമ്പുന്ന ഒരു നഴ്സറിപ്പാട്ടിന്റെ ഈണത്തിൽ പാടുക മാത്രം ചെയ്യുന്നു.
ആളുമാറി കൊല്ലപ്പെടുന്നവരുണ്ട്. പെട്ടെന്നൊരു ദിവസം രാവിലെ കട അടച്ച്, അവശേഷിച്ചതു പെറുക്കിക്കൂട്ടി എന്നെന്നേക്കുമായി നാടു വിടേണ്ടിവന്നരുണ്ട്. എന്നെങ്കിലുമൊരിക്കൽ തിരിച്ചുവരാം എന്ന പ്രതീക്ഷയോടെയാണ് അവർ പോകുന്നത്. ആട്ടിയോടിക്കപ്പെടുമ്പോഴും അവർക്ക് ഈ നാട് ജീവനാണ്. ജീവിതമാണ്. അതിർത്തികൾ അവരുടെ മനസ്സിന്റെ നടുവിലൂടെ വരയ്ക്കുന്നതാരാണ്. ചോരയും മാംസവും ചിതറുന്നതു കണ്ടിട്ടും ഹൃദയം പിളരുമ്പോൾ പുറപ്പെടുന്ന സ്നേഹത്തിന്റെ സുഗന്ധവും ചിലർ മാത്രം അവഗണിക്കുന്നതെന്തുകൊണ്ടാണ്. കത്തുന്ന രാഷ്ട്രീയത്തെ ഒരു നിറവും ചാലിക്കാതെ കറുപ്പിലും വെളുപ്പിലും മനുഷ്യപക്ഷത്തുനിന്നുകൊണ്ട് ദരിഭ ആവിഷ്കരിക്കുന്നു. വംശീയ വിദ്വേഷം എന്ന സ്വാർഥ താൽപര്യ സംരക്ഷണത്തെ അതിസൂക്ഷ്മമായി വാക്കുകളുടെയും വരികളുടെയും രോഷമാക്കി.
വീട്ടുജോലിക്കാർ. ഏതാനും കുടുംബാംഗങ്ങൾ. സുഹൃത്തുക്കൾ. ക്ലാസ്സ് മുറി. ട്യൂഷൻ കേന്ദ്രങ്ങൾ. പ്രകൃതിയുടെ മടിയിലെ സല്ലാപങ്ങൾ. ചെറിയൊരു ലോകത്തിന്റെ അതിലും ചെറിയ വീടിന്റെ മട്ടുപ്പാവിലിരുന്ന് ലോകത്തെ കാണുന്ന ദരിഭ, നോവൽ എന്ന പേരിൽ എഴുതിയത് കവിത തന്നെയാണ്. ഭാവഗാനം. ആരു പാടിയാലും ഭാവം നഷ്ടപ്പെടാത്ത ഹൃദയഗീതം. മുറിയിൽ മുനിഞ്ഞുകത്തിയ റാന്തൽവിളക്കു പോലും ഈ കവിതയ്ക്കു ഭംഗി കൂട്ടുന്നു. മനസ്സിനെ ആർദ്രമാക്കുന്നു.
ബാല്യം എന്ന സുഹൃത്ത്. കൗമാരം എന്ന ഉറ്റകൂട്ടുകാരി, യൗവ്വനം എന്ന ആത്മാവിന്റെ സ്നേഹിത. എത്ര പെട്ടെന്നാണു നീ പോയത്. ആയുസ്സിന്റെ മിടിപ്പുകൾ എണ്ണിയെണ്ണിക്കുറഞ്ഞപ്പോഴും ചാപല്യമോ ദൗർബല്യമോ കാണിക്കാതെ ഇരുട്ടിന്റെ തിരശ്ശീല നീക്കി നീ എങ്ങോട്ടാണു മറഞ്ഞത്. നീ അവശേഷിപ്പിച്ച ഒട്ടേറെ വസ്തുക്കൾ ഇവിടെയുണ്ട്. അവയൊക്കെയും നിന്നെ ഓർമിപ്പിക്കാൻ പര്യാപ്തമാണ്. അവ നിന്റെ ഓർമകൾക്ക് ഈ തണുപ്പിലും തീ കൂട്ടിക്കൊണ്ടിരിക്കും. എന്നാൽ, നീ അവശേഷിപ്പിച്ച മറ്റൊന്നുണ്ട്. ചെറുതും വലുതുമായ ഓരോ അനുഭവവും ആദ്യം തന്നെ നിന്നോടു പറയാൻ കാത്തിരുന്ന എന്റെ ഹൃദയം തന്നെ. നിന്റെ തന്നെ ബാക്കി. നീ കേൾക്കുന്നുണ്ടോ. അറിയുന്നുണ്ടോ. ഞാൻ ഈ പാട്ട് പാതി പാടി നിർത്തട്ടെ; ബാക്കി നീ പാടുമെന്ന ഉറച്ച വിശ്വാസത്തോടെ. നിനക്കു മാത്രം പൂർത്തിയാക്കാൻ കഴിയുന്നതാണല്ലോ ഞാൻ എന്ന ഗാനം. നാം പാടിത്തുടങ്ങിയ നമ്മുടെ പാട്ട്... ഇതാ വീണ്ടും മുഴങ്ങുന്നു. നമ്മുടെ വേദനയുടെ, വിഷാദത്തിന്റെ ശ്രുതിമാധുര്യം. എങ്ങനെ മറക്കാൻ....
നെയിം, പ്ലെയ്സ്, അനിമൽ, തിങ്
ദരിഭ ലിൻഡെം
വിവർത്തനം: റൗഫ് റൂമി
ഡിസി ബുക്സ്
വില: 290 രൂപ