ADVERTISEMENT

മരണം ജീവിതത്തിലെ ഒരു ചോദ്യമോ ഉത്തരമോ അല്ല; പ്രിയപ്പെട്ടവർ ആ ചോദ്യത്തെ നേരിടുന്നതുവരെ. അപ്പോഴും ഉത്തരം പറയാനുള്ള ബാധ്യത അവർക്കു തന്നെയാണ്. ഉത്തരത്തിനു ശേഷമുള്ള ശൂന്യതയെ മറ്റുള്ളവർക്കും നേരിടേണ്ടിവരുമെങ്കിലും. എന്നാൽ, മരണത്തെ സ്വയം നേരിടേണ്ടിവരുന്ന നീണ്ടകാലത്ത് ചോദ്യങ്ങൾ ഇല്ലാതാകുകയും ഉത്തരം മാത്രം അവശേഷിക്കുകയും ചെയ്യും. ഏതു ചോദ്യത്തിനും ഒരൊറ്റ ഉത്തരം. മുഴുവൻ മാർക്കും നേടിത്തരുന്ന ഒറ്റവാക്ക്. ഉത്തരങ്ങളിൽ നിന്നു തിരഞ്ഞെടുക്കുകയല്ല, തിരഞ്ഞെടുക്കാനുള്ള എല്ലാ ഉത്തരങ്ങളും ഒന്നാകുന്ന ചോദ്യപേപ്പർ; ഉത്തരപേപ്പറും. ആ നിമിഷത്തിൽ ചോദ്യത്തിനെന്തു പ്രസക്തി; ഉത്തരത്തിനും. 

ജീവിതത്തിനൊപ്പം മരണത്തെയും ധീരമായി അഭിസംബോധന ചെയ്യുന്ന കഥകളാണ് സി.വി. ബാലകൃഷ്ണന്റേത്. രണ്ടിനുമിടയിലെ നിരാധാരമായ സ്നേഹത്തെക്കുറിച്ച് എഴുതുമ്പോൾ, ആ വാക്കുകൾ കാറ്റിലിളകുന്ന മെഴുകുതിരി നാളം പോലെ ആടിയുലയുമെങ്കിലും മോഹിപ്പിക്കും. ജീവിതത്തിലേക്കും സ്നേഹത്തിലേക്കും പ്രലോഭിപ്പിക്കും. ആ സ്നേഹം അംഗീകരിക്കപ്പെട്ടതാകണമെന്നില്ല. ഒരു റജിസ്റ്ററിലും രേഖപ്പെടുത്തണമെന്നുമില്ല. ആരൊക്കെ തള്ളിക്കളഞ്ഞാലും ആ വിളക്ക് കൊളുത്തപ്പെടുക തന്നെ ചെയ്യും. അണയാൻ പോകുന്നതായി ആശങ്കപ്പെടുത്തിയാലും വീണ്ടും തെളിഞ്ഞുകത്തും. 

മൈക്കിൾ തിരികെ കിടക്കയിൽ വന്നിരുന്നു. ഞാനവന്റെ വലതുകൈ പിടിച്ചു. അവൻ എന്റെ കണ്ണുകളിലേക്കു നോക്കിയപ്പോൾ, മനോഹാരിതയുടെ തിരകളിളകുന്നതായി ഞാൻ കണ്ടു. ശരീരത്തിലെ നോവിനെക്കുറിച്ചോ അടുത്ത ദിവസം നടക്കാനിരിക്കുന്ന സങ്കീർണമായതോ അല്ലാത്തതായ ശസ്ത്രക്രിയയെക്കുറിച്ചോ ഞാനോർത്തില്ല. ഞങ്ങൾക്കിടയിലെ സ്നേഹം, ഞങ്ങളുടെ തലോടലുകൾ, ചുംബനങ്ങൾ, അന്യോന്യം അവയവങ്ങളായുള്ള ശയനങ്ങൾ, ഉറക്കം കഴിഞ്ഞുള്ള ഉൻമീലനങ്ങൾ എന്നിവയെല്ലാം പല ദൃശ്യങ്ങളായി മനസ്സിൽ തെളിഞ്ഞു. ഞങ്ങൾ ഒരു അത്തിമരത്തിനു കീഴെയായിരുന്നു. അത്തിമരത്തിൽ അനേകം കായ്കൾ. 

ശൈശവ നിഷ്കളങ്കതയുടെ സങ്കീർത്തനങ്ങളായ ആറു തുടർ കഥകളുണ്ട് ഈ സമാഹാരത്തിൽ. ബെംഗളൂരുവിൽ നിന്ന് നാട്ടിൽ അവധിക്കാലം ചെലവിടാനെത്തിയ കുട്ടിയും മുത്തച്ഛനും മുത്തശ്ശിയും ഗ്രാമജീവിതവും നിറയുന്ന കഥകൾ. കുട്ടിയുടെ കാഴ്ചയിൽ വിടരുന്ന ജീവിതമാണ് ഇവയെ സവിശേഷമാക്കുന്നത്. എന്നാൽ, ഈ കഥകളിൽ നിന്നു പോലും മരണത്തെ മാറ്റി നിർത്താനാവുന്നില്ല. മരണം നല്ലതല്ലെന്ന അറിവ് കുട്ടിക്കുണ്ട്. എന്നിട്ടും, ജീവനില്ലാത്ത മുഖം കണ്ട് പേടിക്കുന്ന, വിളറുന്ന, പനിച്ചൂട് പിടിക്കുന്നു കുട്ടിക്ക്. 

സ്വേച്ഛ എന്ന കഥയിൽ ട്രോട്സ്കിയെ പിന്തുടരുന്ന സ്റ്റാലിനെ കാണാം. സ്വാതന്ത്ര്യത്തിന്റെ അവസാന ശ്വാസവും ഇല്ലാതാക്കാൻ ശ്രമിക്കുന്ന സ്വേഛയെ. സ്വേഛാധിപത്യത്തെ. 

ഒളിവു ജീവിതത്തിനിടെ, ജനാലയിലൂടെ പുറത്തേക്കു നോക്കി ജീവിതം എത്ര മനോഹരമെന്നു കാണുന്ന ട്രോട്സ്കിയുടെ ചിത്രമുണ്ട്. നിരത്തിലൂടെ സൈക്കിളിൽ പോവുകയായിരുന്ന സുന്ദരിയായ പെൺകുട്ടി ജനാലയ്ക്കൽ അദ്ദേഹത്തെ കണ്ട് സൈക്കിൾ നിർത്തി വെൺമയുറ്റ ചിരിയോടെ വലതുകൈ വീശുന്നു. സ്നേഹത്തോടെ ട്രോട്സ്കിയുടെ കൈ ഉയരുന്നു. പരസ്പര സ്നേഹത്തോടെ ആ കൈകൾ അവയുടെ ചലനം തുടരുന്നു. 

ട്രോട്സ്കി ആരാണെന്ന് ആ പെൺകുട്ടിക്ക് അറിവുണ്ടാകണമെന്നില്ല. കുറച്ചൊക്കെ അറിയാമെങ്കിൽത്തന്നെ അദ്ദേഹത്തെ പിന്തുടരുന്ന നിഴലിനെക്കുറിച്ചോ പോരാട്ടത്തെക്കുറിച്ചോ പൂർണമായി അറിവുണ്ടാകണമെന്നില്ല. എന്നാൽ, നിഷ്കളങ്കമായ പുഞ്ചിരി കണ്ടാൽ ആ കുട്ടിക്കു മനസ്സിലാകും. മനുഷ്യത്വം തിരിച്ചറിയാൻ കഴിയും. 

ഇങ്ങനെയൊരു രാവിലെ കാണുമ്പോൾ ഇന്നലെ രാത്രി ഉറക്കത്തിൽ മരിച്ചില്ലല്ലോ എന്ന ആശ്വാസം തോന്നും: ഞാൻ പറഞ്ഞു. 

പക്ഷേ വളരെ ആശ്വസിക്കാനൊന്നുമില്ല. ജീവിതത്തിന് വിരാമചിഹ്നമിടാൻ ഒരു നിമിഷം പോരേ? മരണം ചോദിച്ചു. 

മതി, ഒരു നിമിഷം. അത്രയേ വേണ്ടതുള്ളൂ: ഞാൻ പറഞ്ഞു. 

പെട്ടെന്നു മരണം തന്റെ വലതുകൈ വീശി ഒരു മാന്ത്രികനെപ്പോലെ ശൂന്യതയിൽ നിന്ന് എന്തോ എടുത്ത് എന്റെ നേർക്ക് നീട്ടി. അതൊരു മുള്ളായിരുന്നു. നീലയായ അറ്റമുള്ള ഒരു മുള്ള്. 

സ്വേച്ഛ 

സി. വി. ബാലകൃഷ്ണൻ 

ഡി സി ബുക്സ് 

‌വില : 180 രൂപ

English Summary:

Malayalam Book ' Swecha ' Written by C. V. Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com