അകലെയേക്കാൾ അകലെയല്ല, അരികിലേക്കാൾ അരികിലാണ് യൂറോപ്പ്, യുഎസ്
Mail This Article
സഞ്ചാര സാഹിത്യത്തിന് മലയാളത്തിൽ തുടക്കം കുറിച്ചതും യാത്രാ വിവരണത്തിന് സാഹിത്യ, സാംസ്കാരിക ഭംഗി നൽകിയതും എസ്.കെ.പൊറ്റെക്കാട്ടാണ്. വിദേശ യാത്രകൾക്കു മുൻപ് അദ്ദേഹത്തിന് യാത്രാമംഗളം നേരുന്ന യോഗങ്ങൾ ഉണ്ടായിരുന്നു കോഴിക്കോട്ട്. തിരിച്ചെത്തുന്ന എഴുത്തുകാരന്റെ വാക്കുകൾ കൗതുകത്തോടെ കേൾക്കാനും സദസ്സുണ്ടായിരുന്നു. മനസ്സൊരുക്കി മലയാളി വായനക്കാർ കാത്തിരുന്നു വായിച്ചു അദ്ദേഹത്തിന്റെ വിവരണങ്ങൾ. അന്ന് മലയാളിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ദേശാന്തരങ്ങളിൽ പൊറ്റെക്കാട്ട് എത്തി; എഴുതിയെഴുതി കൊതിപ്പിച്ചു. കാലം മാറിയപ്പോൾ, ഇന്ന് ഓരോ മലയാളിയും യാത്രക്കാർ കൂടിയാണ്. എഴുത്തുകാരാണ്. സഞ്ചാര സാഹിത്യകാരൻമാരാണ്.യാത്രാ വിവരണ കലയിൽ പ്രാഗത്ഭ്യം തെളിയിക്കുന്നവരാണ്.യാത്രകൾ ഇന്ന് പതിവാണ്; യാത്രാ വിവരണങ്ങളും. വ്യത്യസ്തവും നിലനിൽക്കുന്നതും യാത്രകളോട് നീതി പുലർത്തുന്നതുമായ വിവരണങ്ങൾ കുറവാണെന്നു മാത്രം.
അരനൂറ്റാണ്ട് പ്രായമുള്ള മലയാളിയുടെ സഞ്ചാര സാഹിത്യത്തിൽ നിന്ന് പെട്ടെന്ന് ഓർത്തെടുക്കാവുന്ന കൃതികളും അപൂർവമാണ്. രാജൻ കാക്കനാടന്റെ ഹിമവാന്റെ മുകൾത്തട്ടിൽ, രവീന്ദ്രന്റെ അദ്ഭുത യാത്രകൾ, എം.കെ.രാമചന്ദ്രന്റെ കൈലാസ പര്യടനങ്ങൾ...അടുത്തകാലത്ത് മനസ്സ് കീഴടക്കിയ വേണുവിന്റെ നഗ്നരും നരഭോജികളും. നന്ദിനി മേനോന്റെ ആംചോ ബസ്തർ. ഓർമയിൽ പച്ചപിടിച്ചു നിൽക്കുന്ന അപൂർവ കൃതികൾ. എന്നാൽ ഇതുവരെ പുറത്തുവന്ന എല്ലാ യാത്രാ വിവരണങ്ങളിൽ നിന്നും വ്യത്യസ്തമാണ് സോളോ. ഒറ്റയ്ക്ക് നടന്ന് സന്തോഷ് സ്വന്തമായി വഴി വെട്ടുക കൂടിയായിരുന്നു. ആ വഴിയിലൂടെ അദ്ദേഹത്തെ പിന്തുടരുമ്പോൾ വിസ്മയമുണ്ട്. അതിൽ കൂടുതൽ അദ്ദേഹത്തോട് കടപ്പെട്ടരിക്കണം; യാത്രയെ കാൽപനികമായി മാത്രമല്ല പ്രായോഗികമായി സമീപിക്കാമെന്നു കൂടി തെളിയിച്ചതിന്. വഴികൾ ആരുടെയും കുത്തകയല്ലെന്നും ഇഛാശക്തിക്കു മുന്നിൽ ഏതു വാതിലും തുറക്കുമെന്ന് കാണിച്ചുതന്നതിന്. വില കൊടുത്തു വാങ്ങിക്കുന്ന വിവരണത്തിന്റെ പേരിൽ നിരാശ തോന്നാതെ, സൂക്ഷിച്ചുപയോഗിക്കാൻ ധൈര്യം പകർന്നതിന്. ഒറ്റയ്ക്കു നടന്ന് സന്തോഷ് ഇതാ എല്ലാ മലയാളികളെയും യൂറോപ്പിലേക്കും യുഎസിലേക്കും ക്ഷണിക്കുന്നു. യാത്രയ്ക്ക് തയാറെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഏറ്റവും നന്നായും ചുരുക്കിയും ആകർഷകമായും അവതരിപ്പിച്ച്.
ജാഡയില്ല; കൂടെ വരൂ...
ഒരു വലിയ യാത്രയുടെ വലിച്ചുനീട്ടിയ ആലങ്കാരിക ഭാഷയ്ക്കു പകരം പ്രിയപ്പെട്ട സുഹൃത്തിനെപ്പോലെയാണ് ഈ പുസ്തകം സംസാരിക്കുന്നത്. നമ്മൾ പരസ്പരം സംസാരിക്കുന്നതുപോലെ തന്നെ. കൊച്ചു കൊച്ചു വാക്യങ്ങൾ.ഇടയ്ക്ക് തമാശ. പരിഭവം. കുറ്റപ്പെടുത്തൽ. താരതമ്യം. എന്നാൽ, ഏറ്റവും സൂക്ഷ്മമായ വിവരങ്ങൾ പോലും വിട്ടുപോകുന്നില്ല.
ന്യൂയോർക്കിൽ സന്തോഷ് എത്തുന്നത് ഡെൽറ്റ എയർലൈനിലാണ്. ഡെൽറ്റ പൊതുവെ മോശമല്ലായിരുന്നെങ്കിലും ഒരനുഭവം തെല്ലു കല്ലു കടിച്ചിരുന്നു. പുതയ്ക്കാനായി സീൽ ചെയ്തുകിട്ടിയ കമ്പിളിപ്പുതപ്പ് പൊട്ടിച്ചുനോക്കിയപ്പോൾ നന്നായി നനഞ്ഞിരിക്കുന്നു. പോരാത്തതിന് ഏതോ മദാമ്മയുടെ വെഞ്ചാമരം പോലത്തെ ധാരാളം മുടിയിഴകളും. അറപ്പു തോന്നി. തിരിച്ചുകൊടുത്തു. സോറി സാർ എന്നു പറഞ്ഞു വാങ്ങിക്കൊണ്ടുപോയതല്ലാതെ പകരം ഒന്നു തരാനുള്ള പ്രൊസീജ്യർ അവരുടെ മാന്വലിൽ ഇല്ലത്രേ. കഷ്ടം. എയർ ഇന്ത്യയെ ഇതൊന്നുമറിയാതെയാണല്ലോ തെറി വിളിച്ചിട്ടുള്ളത്.
കണ്ടു കീഴടക്കുന്ന ചിത്രങ്ങൾ
വലിയ നഗരങ്ങളിലേക്കു കടക്കുമ്പോൾ കാണുന്ന പ്രവേശന കവാടങ്ങളെ ഓർമിപ്പിക്കും ഓരോ അധ്യായത്തിന്‍റെയും തുടക്കത്തിലുള്ള ഗംഭീര ചിത്രങ്ങൾ. ഏതു സ്ഥലമാണോ കാണുന്നത് അവയുടെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കണ്ടു മറിക്കാൻ തോന്നാതെ നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്നവ. ചിത്രങ്ങൾക്ക് മിഴിവ് കൂടിയത് സാധാരണ കടലാസിനു പകരം വില കൂടിയ ഗ്ലോസി പേപ്പർ ഉപയോഗിച്ചതുകൊണ്ടുകൂടിയാണ്.
മാപ്പ് റെഡി; ഇനി തെറ്റില്ല വഴി
ഡബിൾ സ്പ്രെഡ് പേജിൽ നൽകിയിരിക്കുന്ന ഇൻഫോഗ്രാഫിക്സ് ആണ് സോളോയുടെ ഹാൾമാർക്ക്. ഒറ്റക്കാഴ്ചയിൽ ഒറ്റ വായനയിൽ നിമിഷങ്ങൾക്കകം ഒരു ദേശത്തെ അടുത്തറിയാം. എന്താണ് പ്രത്യേകത. എപ്പോൾ, എങ്ങനെ പോകണം. സീസൺ. യാത്രാ മാർഗം. ചെലവ്. എന്താണു സവിശേഷതകൾ. കൊടുക്കുന്ന പണത്തിനു മൂല്യം ലഭിക്കുമോ തുടങ്ങി നൂറു നൂറു ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് കൊച്ചുകുട്ടികൾക്കു പോലും മനസ്സിലാകുന്ന ഗ്രാഫിക്സിലൂടെ പറയുന്നത്. എല്ലാ ഗ്രാഫ്കിസും ദേശങ്ങളെക്കുറിച്ചു മാത്രമല്ല. ജോർജ് വാഷിങ്ടണിനെക്കുറിച്ചാണ് ഒന്ന്. 6 അടി. 3.5 ഇഞ്ച് ഉയരം. 100 കിലോ തൂക്കം. കരുത്തൻ. നീലക്കണ്ണുകൾ. ചുവപ്പുരാശിയുള്ള തവിട്ടു മുടി എന്ന് വലിയ അക്ഷരങ്ങളിൽ വായിക്കുമ്പോൾ തന്നെ ആ ചിത്രം മനസ്സിൽ വിളക്ക് വയ്ക്കും. സമാനതകളില്ലാതെ.
കാണാത്ത ന്യൂയോർക്ക്. ഗ്രാൻഡ് കാന്യൻ, നാപ്പായിടങ്ങൾ, വെർജീനിയ, അലക്സാൻഡ്രിയ, മിസോറി സിറ്റി, സൂറിക്കിന്റെ നയാഗ്ര, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ജർമനി... ജീവിത്തിൽ ഒരിക്കലെങ്കിലും തീർച്ചയായും കാണേണ്ട ലോകമാണ് ഈ പുസ്തകം തുറക്കുന്നത്.
ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം
ഗ്രാൻഡ് കാന്യൻ യാത്രയ്ക്കൊടുവിൽ, മടങ്ങും വഴി സന്ദർശക ഡയറിയിൽ പേരും വിലാസവും രേഖപ്പെടുത്തി. ഒറ്റവാക്കിലൊരു കമന്റും: ഗ്രേറ്റ്. തിരികെ വണ്ടിയിൽ കയറിയപ്പോൾ തോന്നി. വൺസ് ഇൻ എ ലൈഫ് ടൈം എക്സ്പീരിയൻസ് എന്നെഴുതാമായിരുന്നു. ഈ പുസ്തകത്തിനു ചേരുന്നതും ഈ കമന്റുകൾ തന്നെയാണ്. മഹത്തരം. ജീവിതത്തിൽ ഒരിക്കൽ മാത്രം.
സോളോ: ഒറ്റയ്ക്ക് നടന്ന വഴികൾ
സന്തോഷ്
മനോരമ ബുക്സ്
വില 350 രൂപ
('സോളോ' ഓർഡർ ചെയ്യാനായി www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്. ആമസോണിലും പുസ്തകം ലഭ്യമാണ്. )