സ്നേഹത്തിന്റെ നേത്രോന്മീലനം; പുറംകാഴ്ചകളിൽ നിന്നും അകകാഴ്ചയിലേക്കുള്ള സഞ്ചാരം
Mail This Article
വർഷങ്ങൾക്ക് മുൻപ് വായിച്ച പുസ്തകം വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത് മീരയുടെ കഥാപാത്രങ്ങളോടുള്ള ഇഷ്ടം തന്നെയാണ്. 2008ൽ പ്രസിദ്ധീകരിച്ച പുസ്തകം ഇന്നും വായനക്കാരുടെ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നത് ആ എഴുത്തിന്റെ ചാരുതതന്നെയാണ്. നേത്രോന്മീലനം സ്നേഹത്തിന്റെ അകകാമ്പുകളിലെ കണ്ണുമിഴിക്കൽ! പുറംകാഴ്ചകളിൽ നിന്നും അകകാഴ്ചയിലേക്കുള്ള പ്രകാശന്റെ സഞ്ചാരമാണ് ഈ നോവൽ. കണ്ണു നഷ്ടപ്പെട്ടവന്റെയും കണ്ണുള്ളവന്റെയും കാഴ്ചകളിലൂടെ ദീപ്തിയെ തേടിയുള്ള അന്വേഷണമാണ് ഈ പുസ്തകം.
രജനിയെയും പ്രകാശനെയും നല്ലയിടങ്ങളിലേക്ക് നയിക്കേണ്ടവർ അവരുടെതായയിടങ്ങളിൽ തകർന്നു മണ്ണടിഞ്ഞുപോകുമ്പോൾ, പ്രകാശന്റെയും രജനിയുടേയും ബാല്യത്തിലുണ്ടാകുന്ന അരക്ഷിതാവസ്ഥ! അവിടെ ഉത്തമശാലീനയായി ദീപ്തി പ്രകാശനിലേക്ക് കടന്നു വരുമ്പോൾ പുരുഷനെന്ന നിലയിൽ സ്വയമുറയുന്നു. അവന്റെ ജീവിതത്തിന്റെ താളം സുഗമായി ഒഴുകുകയും ആനന്ദഭരിതവുമായി തീരുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളിൽ ആ ഒഴുക്ക് നിലച്ചയിടത്തേക്കാണ് രജനി കയറി വരുന്നത്. പലപ്പോഴും ഒഴുകാൻ തുടങ്ങിയിട്ടും ആ ബന്ധത്തിൽ അത് നിലച്ചു പോകുന്നതും കാണാം. മനസ്സിന്റെ വിഭ്രമങ്ങൾക്ക് അതിരുകളില്ലാത്തതുകൊണ്ടും കൂടെയുള്ളവരുടെ നിതാന്തമായ ഉപദേശവും അവർക്ക് പരസ്പരം മനസ്സിലാക്കാനാകാതെ പോകുന്നതിനു കാരണമാകുന്നു.
ദീപ്തിയെ നഷ്ടപ്പെട്ടപ്പോൾ തിമിരത്തിന്നടിമപ്പെടുന്ന പ്രകാശനിലൂടെ കഥ വികസിക്കുമ്പോൾ, ദീപ്തിയെ നഷ്ടപ്പെട്ടപ്പോൾ ഉറപ്പിച്ച വിവാഹം പോലും വേണ്ടെന്നു വെച്ച പ്രകാശന്റെ കൂട്ടുകാരൻ ശ്യാമന്റെ ഗതിമാറിപോകുന്ന ജീവിതം, മകൾ നഷ്ടപ്പെട്ട അച്ഛന്റെ നോവുകൾ, വ്യഥകൾ, ജീവിതത്തിന്റെ ഗതിവിഗതികൾ മാറിമറിയുമ്പോൾ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്കിടയിലൂടെ നിരങ്ങി നീങ്ങുന്ന മനുഷ്യർ. ഒരാളുടെ കഥയെ തൊടുമ്പോൾ മറ്റൊരു കഥ കൂടി ഉണ്ടാകുന്നു. പരസ്പരപൂരിതമായ കഥയാണ് ഈ നോവൽ.
അഞ്ചിന്ദ്രിയങ്ങളിൽ ഒന്നുമാത്രമാണ് കണ്ണ്. ബാക്കി നാല് ഇന്ദ്രിയങ്ങളും അവളല്ലെന്നുറപ്പിച്ചു പറഞ്ഞു. അതുകൊണ്ട് കണ്ണിന്റെ കാഴ്ചയെ ഞാൻ വിശ്വസിക്കുന്നില്ല. പ്രകാശൻ പറഞ്ഞുകൊണ്ടിരുന്നു. "കാഴ്ച പകുതി വെളിച്ചവും പകുതി ഭാവനയുമാണ്! നീ ആഗ്രഹിക്കുന്നതാണു നീ കാണുന്നത്.. കാണാതിരിക്കുന്നതും" ദീപ്തിയെന്നൂഹിക്കുന്ന സ്ത്രീയെ കുറിച്ച് പ്രകാശൻ വീണ്ടും സ്പഷ്ടമായി ശ്യാമനോട് പറഞ്ഞു. മറ്റുള്ളവരുടെ കാഴ്ചയേക്കാൾ സ്വന്തം അസ്തിത്വത്തിൽ സംശയമില്ലാതെ വിശ്വസിക്കണമെന്ന് പ്രകാശനിലൂടെ അടിവരയിടുകയാണ് എഴുത്തുകാരി!
പ്രകാശന്റെ ജീവിതത്തിലേക്ക് കയറിവരുന്ന രജനിയിലൂടെയാണ് പിന്നീട് അയാൾ ഉൾക്കാഴ്ച്ചയിലേക്ക് തിരിച്ചെത്തുന്നത്. കൂടെ അവൾ സംരക്ഷിക്കുന്ന അന്ധതയുള്ള കുട്ടി സൂരജ്. അവന്റെ ചോദ്യങ്ങളിലൂടെ കാഴ്ചയുണ്ടായിട്ടും പലതും കാണാൻ സാധിക്കാത്ത മനുഷ്യരെ കുറിച്ച് അവൾ അടയാളപ്പെടുത്തുന്നതിങ്ങനെ: ഞാനും കുരുടനാണോ? "എല്ലാവരും കുരുടരാണ്, മനുഷ്യരെല്ലാം. നമുക്ക് എത്ര കുറച്ചേ കാണാൻ കഴിയൂ, പരുന്തിനെപ്പോലെ ഉയരത്തിൽ നിന്ന് കാണാൻ കഴിയില്ല! ഈച്ചയെപ്പോലെ വേഗത്തിൽ കാണാൻ കഴിയില്ല! അമീബയെ കാണാൻ കഴിയില്ല! അണുക്കളെ കാണാൻ കഴിയില്ല! കാഴ്ച്ചയുണ്ടായിട്ടും കാഴ്ചകൾക്ക് പരിധിയില്ലേ മനുഷ്യന്!
അല്ലെങ്കിലും പരസ്പരവിനിമയം നഷ്ടമാകുമ്പോഴാണ് അന്ധതയിലേക്ക് മനുഷ്യർ വീണുപോകുന്നത്. നിസ്സംഗതയിലൂടെ നിസ്സഹായതയിലേക്ക് വീണുപോകുന്നു വ്യക്തിത്വം. എന്നിട്ടും സ്നേഹം നഷ്ടപ്പെടുന്നവരുടെ വാക്കുകൾക്ക് മൂർച്ചയും അധികാരവും കൂടുതലായിരിക്കും. അത് ഒരു തിരിച്ചു നടത്തമാണ് ദുർബലതക്കടിമപ്പെട്ടിട്ടില്ല, വീണുപോയിട്ടില്ലെന്ന് ഓർമ്മിപ്പിക്കാൻ, സ്വയം ഓർക്കാൻ. അതാണ് ഇവിടെ പ്രകാശന്റെ മനസ്സ്!
ഭരണകൂടത്തിന്റെ അധികാരങ്ങൾക്കു മുൻപിൽ തന്റെ പൗരുഷം ചൂളിപ്പോയപ്പോൾ അന്ധത ആരംഭിച്ചപ്പോൾ ആ സന്നിഗ്ധാവസ്ഥയിൽ നിന്നും മുക്തിനേടാൻ ആത്മഹത്യ ചെയ്ത ജഡ്ജിയാണ് പ്രകാശന്റെ അച്ഛൻ. നീതിയും നിയമവും അപ്പാടെ ജീവിതത്തിലേക്ക് പകർത്തി ജീവിക്കുന്ന അമ്മ. ആ അമ്മയിൽ നിന്നുള്ള ദൃഢമായ ശബ്ദത്തോടെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും മൂലമാണ്. ദീപ്തിയെ കാണാതായി വർഷങ്ങൾക്ക് ശേഷവും മറ്റൊരു വിവാഹത്തിന് നീതിയും നിയമവും ബന്ധങ്ങളും തമ്മിലുള്ള വിചിത്രമായ സമവാക്യങ്ങളോർക്കുന്തോറും ഭ്രാന്തിനോളം പോന്ന ആത്മനിന്ദയും ആശയകുഴപ്പവും അനുഭവപ്പെടുന്നത്!
ഭരണഘടന അനുശാസിക്കുന്ന നീതിന്യായ വ്യവസ്ഥിതി അടിച്ചേൽപ്പിക്കപ്പെടുന്ന തെളിവുകളുടെ അഭാവങ്ങൾ സത്യത്തിനു നേരെയുള്ള കണ്ണുകെട്ടലായി മാറുന്ന അവസ്ഥയെ ഇതിൽ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. ചില ധർമ്മസങ്കടങ്ങളിൽ ചിലപ്പോഴൊക്കെ മനസ്സും കണ്ണും വഴിമാറി പോകാറുണ്ട്.
"ഒക്കെയ്ക്കും ഒരു പരിധീണ്ട് കുട്ട്യോളേ. ഇത്രനേരം വെളിച്ചംന്നും, ഇത്ര നേരം ഇരുട്ടെന്നും ഇത്ര നേരം രോഗംന്നും, ഇത്ര നേരം ആരോഗ്യംന്നും.. എന്റെ കുട്ട്യേ രോഗിയായിട്ട് സ്വീകരിക്കാൻ എനിക്ക് പ്രയാസംല്ല്യ... എന്തേ അവൾക്ക് രോഗം വരാൻ പാടില്ലേ. എനിക്ക് എന്റെ മകളെന്നുവെച്ചാൽ വിളക്കാണ്, വിളക്ക് തനിയെ പ്രകാശിക്കില്ല എണ്ണ പകരണം, തിരികത്തിക്കണം, എണ്ണാന്ന് വെച്ചാൽ സ്നേഹന്ന്യേ!" മാതൃസ്നേഹം നഷ്ടപ്പെട്ട കുഞ്ഞിനോടുള്ള അച്ഛന്റെ വാത്സല്യത്തിൽ നിന്നും പ്രതീക്ഷയിൽ നിന്നും വൈകാരികമായ ബന്ധത്തിൽ നിന്നുടലെടുക്കുന്ന നൊമ്പരങ്ങൾക്കറുതിതേടിയാണ് അയാൾ ദീപ്തിയെന്നുദ്ദേശിച്ച സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവരാനുദ്ദേശിക്കുന്നത്. ചില തീരുമാനങ്ങൾ കാലം സാക്ഷ്യപ്പെടുത്തുന്നത് നോക്കി നിൽക്കേണ്ടി വരുന്നു മനുഷ്യർക്ക്.
അച്ഛൻ മകൾ ബന്ധത്തെ സൂക്ഷ്മമായ നിരീക്ഷണം നടത്തിയാണ് മീര ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. വെളിച്ചം പോലെ വാക്കുകളും സ്വീകരിക്കുന്നവനെ ആശ്രയിച്ചിരിക്കുമല്ലോ! അവരുടെ നിർണ്ണായകമായേക്കാവുന്ന ബന്ധങ്ങളിലും. ശ്യാമന്റെ ജീവിതവും വല്ലാത്ത മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നത് കാണാം. സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ ആന്തരാഴങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഇവരിലൂടെ! ജീവിതവും പ്രണയവും രണ്ടു കണ്ണുകളാകുന്നു. വിട്ടുപോയവർ അടുത്തില്ലാത്ത കാലത്ത് അടഞ്ഞുപോകുന്ന കണ്ണുകൾ. വിട്ടുപോയവർ തിരിച്ചെത്തിയാൽ മാത്രം തുറക്കുന്ന കണ്ണുകൾ.
കാഴ്ചയ്ക്കപ്പുറത്തുനിൽക്കുന്നവരും കാഴ്ചയില്ലാത്തവർക്കൊപ്പം നിൽക്കുന്നവരും പരസ്പരം സാന്ത്വനിപ്പിക്കുന്നതാണ് സ്നേഹം എന്ന ഉൾക്കാഴ്ചയിലേക്ക് രജനിയും പ്രകാശനുമെത്തുമ്പോൾ. മയിൽപ്പീലി നിറമുള്ള സാരിയും ഓട്ടുമൊന്തയിൽ വിരൽ മുട്ടുമ്പോഴുണ്ടാകുന്ന മന്ത്രബദ്ധമായ ശബ്ദവുമായി ദീപ്തി രണ്ടു കുഞ്ഞുമിഴികളോടെ പ്രകാശനിൽ കൺമിഴിക്കുന്നു. സ്നേഹമാണ് യഥാർഥകാഴ്ചയുടെ അടിസ്ഥാനമെന്ന തിരിച്ചറിവിലേക്ക് വായനക്കാരെ നയിക്കുകയാണ് നേത്രോന്മീലനം.
നേത്രോന്മീലനം
കെ. ആർ. മീര
ഡി സി ബുക്സ്
വില: 299 രൂപ