ADVERTISEMENT

വായനയ്ക്ക് ദുർഗ്രഹമായ ഒരു ആദിമ ലിപി സഞ്ചയം പോലെ ജീവിതം അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇ. സന്തോഷ് കുമാറിന്റെ പുതിയ നോവൽ നമ്മോട് പറയുന്നു. ജന്മദേശവും പ്രണയം മാത്രമല്ല സർവ സുഖങ്ങളും കൈമോശം വന്ന തപോമയിയുടെ അച്ഛൻ ഒരു ദുർഗ്രഹ മനോനിലയിൽ താൻ ചെയ്തു പോയ കൊടിയ അരുതായ്മയുടെ ഓർമ്മകളും പേറി ശിഷ്ടജീവിതം എങ്ങനെ ജീവിച്ചുവെന്ന ആലോചന പോലും ഉള്ളം പൊള്ളിക്കുന്നതാണ്. വ്യക്തികൾ എന്ന നിലയിൽ നിന്ന് കേവലം നിഴലുകൾ മാത്രമായി ചുരുങ്ങി സങ്കടക്കടലിലാണ്ടുപോയ അഭയാർഥി ജീവിതങ്ങളിൽ പ്രത്യാശയുടെ അതിജീവന തുരുത്തുകൾ എത്ര മനോഹരമായാണ് നോവലിൽ ഉയർന്നുവരുന്നത്. 

അത്രയെളുപ്പം പിടി തരാത്ത മനുഷ്യനാണ് ഗോപാൽ ബറുവ. ആസുര താളത്തിൽ അത്രമേൽ പെയ്തു നിറയുന്ന തോരാമഴയ്ക്കും തണുപ്പിക്കാൻ ആവുന്നില്ല അയാളുടെ ഉള്ളിലെ ചുട്ടുപൊള്ളൽ. അവരിൽ നിന്ന് ഒരു പരിഗണനയും കിട്ടില്ലെന്ന് അറിഞ്ഞിട്ടും തപോമയിയുടെ അമ്മയെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയ ഗോപാൽ ബറുവ വറുതികളും വേദനകളും നിറഞ്ഞ തന്റെ കൗമാരത്തെ പ്രണയ സുരഭിലമായ വസന്തമാക്കി മാറ്റിയ സുമനയെ കാലങ്ങൾക്ക് മുമ്പേ മനസ്സാ വരിച്ചിട്ടുണ്ടാവും.

നെഞ്ചിൽ ഒരു നെരിപ്പോടുമായി വാർദ്ധക്യം തള്ളിനീക്കുന്ന ഗോപാൽ ബറുവ മകൻ തന്റെ (അവന്റെയും) ഭൂതകാലത്തെ പറ്റി ഒന്നുമറിയാതിരിക്കാൻ ഉള്ള വെമ്പലിലാണ് ദുർഗ്രഹമായ പ്രാചീന ലിപിയിൽ ഡയറി എഴുതി സൂക്ഷിച്ചത്. ഡയറിയും എഴുതാൻ ഉപയോഗിച്ച പ്രാക്‌തന ലിപിയും വായനക്കാരനെ കൗതുകത്തിന്റെയും ഉദ്വേഗത്തിന്റെയും തലങ്ങളിൽ എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഗോപാൽ ബെറുവയെക്കാൾ വായനക്കാരന്റെ ഹൃദയം കവരുന്നത് തപോമയി തന്നെയാണ്. കോർപ്പറേറ്റ് ഉദ്യോഗം വേണ്ടെന്നു വെച്ച്, നിഴൽ മാത്രമായി പോയ മനുഷ്യരുടെ മുറിവുകളിൽ മരുന്നു പുരട്ടാൻ ജീവിതമൊഴിഞ്ഞു വച്ചതല്ല അയാളെ വ്യത്യസ്തനാക്കുന്നത്. വിഷാദാത്മകമായ ജീവിതത്തെ സ്ഥായിയായ പുഞ്ചിരിയോടെയും ദൃഢനിശ്ചയത്തോടെയും നേരിടുന്ന, കഥയിൽ ആദ്യന്തം നിറഞ്ഞുനിൽക്കുന്ന മനുഷ്യൻ. 

ഇയാളെ സൗമ്യനും വിനയാന്വിതനുമായാണ് കഥാകാരൻ വരഞ്ഞിടുന്നത്, എന്നിരുന്നാലും ഏറ്റെടുക്കുന്ന ദൗത്യത്തിന് താങ്ങാൻ ആവുന്നതിലേറെ കനം ഉണ്ടായിട്ടും തന്റെ തന്നെ ജീവനെ അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടായിട്ടും അസാമാന്യമായ നെഞ്ചൂക്കും ഇച്ഛാശക്തിയുമാണ് കൈമുതൽ. അതാണ് ആ മനുഷ്യന്റെ സൗന്ദര്യം. അതിനുമപ്പുറം അളവറ്റ തോതിൽ അയാൾ പ്രസരിപ്പിക്കുന്ന ഉന്നതമായ പ്രപഞ്ച സ്നേഹവും മനുഷ്യത്വവും വായനക്കാരനെ  ഹർഷോന്മാദിയാക്കും. കേണൽ ഷണ്മുഖം സന്താനവും മകൾ വൈഗയും ജഹാനും പർവീണയും ജീവിതത്തിന്റെ സങ്കീർണതയെയും നിസാരതയെയും അടയാളപ്പെടുത്തുന്നു.

സവിശേഷമായ ശിൽപ ചാരുതയ്ക്ക് അപ്പുറം ഈ നോവൽ ആദ്യന്തം പകർന്നു തരുന്ന കരുതലിന്റെയും ചേർത്തുനിർത്തലിന്റെയും കരുണയുടെയും നിശബ്ദ സംഗീതം വായനക്കാരനിൽ നാളുകളോളം ഇമ്പമാർന്ന് നിൽക്കും. ഈ രചന നമ്മുടെ നോവൽ സാഹിത്യത്തിലെ എക്കാലത്തെയും എണ്ണപ്പെട്ട നോവലുകളിൽ ഒന്നുതന്നെയാണ്. വായനക്കാരനെ സംബന്ധിച്ച്, അടിച്ച ബമ്പർ  ലോട്ടറിയും.

പിൻകുറിപ്പ് - നോവൽ പകുതി പിന്നിട്ടപ്പോൾ മുതൽ നിരുപാധക സ്നേഹത്തിന്റെ ആർദ്രമാം കടൽ എന്റെയുള്ളിൽ അലയടിച്ചുയരുകയായിരുന്നു. ദിവസങ്ങളോളം വായന പൂർത്തിയാക്കാതെ നീട്ടി കൊണ്ടു പോവുകയായിരുന്നു ഞാൻ. ആ സന്തോഷത്തിന്റെ രസച്ചരട് മുറിയാതിരിക്കാനായി.

തപോമയിയുടെ അച്ഛൻ

ഇ. സന്തോഷ്കുമാർ

ഡി സി ബുക്സ് 

വില: 399 രൂപ

English Summary:

Malayalam Book Tapomayiyude Achan written by E. Santhoshkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com