ഒമ്പത് തലമുറകളായി കാത്തു സൂക്ഷിച്ച പക; ഗോത്രരഹസ്യങ്ങൾ ചോർത്തിയ ചെമ്പന്റെ വംശത്തെ തേടി അവർ വരുന്നു
Mail This Article
അധ്യായം: മുപ്പത്തിനാല്
രാജകീയ വാഹനം നടവഴിയും ഇടവഴിയും കടന്ന് അയനിമരങ്ങൾ പന്തലുവിരിച്ച നാട്ടു പാതയിൽ മറയുന്നതുവരെ കാർത്തികേയൻ നോക്കി നിന്നു. കാർത്തിക പോയതോടുകൂടി ആരോ തന്റെ ഹൃദയത്തിനു മുകളിൽ വലിയൊരു കരിങ്കല്ല് എടുത്തു വെച്ചതു പോലെ ഒരു ഭാരം കാർത്തികേയന് അനുഭവപ്പെട്ടു. മുറിയിലെത്തിയ കാർത്തികേയൻ മേശവലിപ്പു തുറന്ന് കാർത്തിക സമ്മാനിച്ച സ്വർണവർണങ്ങളാൽ അലങ്കരിച്ച ചുവന്ന ചെപ്പെടുത്ത് തുറന്നു.
ഒരു വജ്രമോതിരം!
സ്നേഹ ചിഹ്നാകൃതിയിലുള്ള വജ്രക്കല്ല് ഒരു കുഞ്ഞു സൂര്യനെപോലെ മങ്ങിയ മുറിയിൽ വെട്ടി തിളങ്ങി. ചെപ്പിനകത്ത് ചുരുട്ടിവെച്ച ചെറിയ ചുവന്ന പട്ടുതുണി കാർത്തികേയൻ പതുക്കെ നിവർത്തി നോക്കി. ഭംഗിയുള്ള അക്ഷരങ്ങളിൽ അതിൽ എന്തോ എഴുതിയിരിക്കുന്നു. കാർത്തികേയൻ്റെ കണ്ണുകൾ ആർത്തിയോടെ ആ അക്ഷരങ്ങളിൽ ഒഴുകി പടർന്നു.
നിന്റെ മിഴിമുനകളാൽ എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ പൂനിലാവ് പടർത്തിയവനെ... ഞാൻ കവർന്നെടുത്ത നിന്റെ ഹൃദയത്തിനായി എന്നരികിലേക്ക് വരിക. പകരം ഞാനെന്റെ ഹൃദയം തരാം...
എന്ന്
കാർത്തിയുടെ സ്വന്തം കാർത്തു.
എത്രനേരം ആ കുറിപ്പ് നെഞ്ചോട് ചേർത്തുവെച്ച് ഇരുന്നെന്ന് കാർത്തികേയന് ഓർമ്മയില്ല. നേരത്തെ ആരോ ഹൃദയത്തിനു മുകളിൽ എടുത്തു വെച്ച കരിങ്കല്ലിന്റെ ഭാരം അലിഞ്ഞില്ലാതാകുന്നതു പോലെ. അതിന്റെ കുളിർമയിൽ ലയിച്ചിരിക്കുമ്പോഴാണ് മുറ്റത്തു നിന്നും കോൽക്കാരുടെ വിളി കേട്ടത്.
കോൽക്കാർ പിടിച്ചു കൊണ്ടുവന്ന കൊല്ലനിൽ നിന്നും ആയുധങ്ങൾ നിർമ്മിച്ചത് നാടോടി സംഘത്തിൽപ്പെട്ടവരാണെന്നും അവർ മൂച്ചിക്കുന്നിന്റെ താഴ്‌വാരത്ത് തമ്പടിച്ചിരിക്കുകയാണെന്നുമുള്ള വിവരം കിട്ടി. ഉടനെ തന്നെ അവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കോൽക്കാരുടെ ഒരു സംഘത്തെ മൂച്ചിക്കുന്നിന്റെ താഴ്‌വാരത്തേക്ക് പറഞ്ഞയച്ചു.
കുന്നിക്കുരു വാരിയെറിഞ്ഞതു പോലെയുള്ള ചുവന്ന ചരൽക്കല്ലുകളാൽ സമൃദ്ധമായിരുന്നു മൂച്ചിക്കുന്നിന്റെ വടക്കുപടിഞ്ഞാറൻ താഴ്‌വാരം. ഒറ്റപ്പെട്ട വലിയ വൃക്ഷങ്ങളും ചെങ്കൽകൂനകളും ചെങ്കുത്തായ ചെങ്കൽപാറകളും കുറ്റിച്ചെടികളും നിറഞ്ഞ താഴ്‌വാരത്ത് സ്ഥിരമായ ജനവാസമൊന്നുമുണ്ടായിരുന്നില്ല. കാട്ടുപന്നിയും മുള്ളൻപന്നിയും മറ്റും സ്വൈരവിഹാരം നടത്തുന്ന ഇവിടെ, അവയെ വേട്ടയാനായി മൂടാടിയിലെയും പരിസരപ്രദേശത്തെയും നായാട്ടുകാർ വല്ലപ്പോഴും വരാറുണ്ട്. പക്ഷേ കഴിഞ്ഞ രണ്ടു മാസത്തോളമായി വലിയൊരു കൂട്ടം നാടോടികൾ രഹസ്യമായി അവിടെ തമ്പടിച്ചിരിക്കുന്നു.
ചെമ്പനേഴിയിൽ നിന്നും മൂച്ചിക്കുന്നിലേക്ക് കോൽക്കാർ യാത്ര പുറപ്പെട്ട അതേസമയത്ത്, ആകാശം മുട്ടെ വളർന്ന വലിയൊരു ആഞ്ഞിലി മരത്തിന്റെ ചോട്ടിൽ ആയുധങ്ങളുമായി നാടോടി യോദ്ധാക്കളെല്ലാം ഒത്തുകൂടി. നാടോടി സഭ ചേരുകയാണ്.
ആഞ്ഞിലിമരത്തോട് ചേർന്ന് സ്ഥാപിച്ച ചെങ്കല്ലിരിപ്പിടത്തിൽ അധികാരദണ്ഡുമായി മൂപ്പൻ ഇരുന്നു. നരച്ച നീണ്ട മുടിയിഴകളെ കൈക്കൊണ്ട് മാടിയൊതുക്കി, ചുറ്റും കണ്ണെറിഞ്ഞ് കരുത്തുറ്റ ശബ്ദത്തിൽ മൂപ്പൻ പറഞ്ഞു തുടങ്ങി. ആഞ്ഞിലി മരത്തിന്റെ ശാഖയിൽ കൂട് കൂട്ടിയ വണ്ണാത്തിക്കിളികൾ ഭയത്തോടെ ശാഖകളിൽ നിന്ന് ശാഖകളിലേക്ക് പറന്നു കളിച്ചു.
"നമ്മുടെ പൂർവ്വികർ ഏറെ ആഗ്രഹിക്കുകയും ജീവിതകാലം മുഴുവൻ ശ്രമിക്കുകയും ചെയ്തെങ്കിലും നടക്കാതെ പോയ വലിയൊരു ലക്ഷ്യത്തിൻ്റെ കൈയെത്തും അരികിലെത്തിയിരിക്കുകയാണ് നമ്മൾ. തലമുറകളായുള്ള പിതാമഹന്മാരുടെ അനുഗ്രഹവും പ്രാർത്ഥനയും കൊണ്ട് മാത്രമാണ് നമുക്കിവിടെ എത്തിച്ചേരാനായത്.
അയിന്തിണ കാലം മുതൽ നമ്മുടെ മാത്രം ജ്ഞാന സമ്പത്തായിരുന്ന ചന്ദ്രവിമുഖി നൂറ്റാണ്ടുകൾക്ക് മുമ്പ് നഗരവാസിയായ ഒരു രാക്ഷസി നമ്മളിലൊരുത്തനെ വശീകരിച്ച് തട്ടിയെടുത്ത കാര്യം നിങ്ങൾക്കെല്ലാവർക്കും ചെറുപ്പം മുതലെ അറിവുള്ളതാണല്ലോ. ആ കാലത്തു തന്നെ നമ്മുടെ വീരപോരാളിയും യോഗാചാര്യനുമായ കുഞ്ചന്റെ നേതൃത്വത്തിൽ വലിയൊരു പോരാട്ടം അവർക്കെതിരെ നടത്തിയെങ്കിലും വിജയിക്കുകയുണ്ടായില്ല. അന്നു മുതൽ കഴിഞ്ഞ ഒമ്പത് തലമുറകളായി ആ ജ്ഞാനസമ്പത്ത് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലായിരുന്നു നമ്മുടെ കുലം. ചതിയനായ ചെമ്പന്റെയും നഗരവാസി ചിരുതയുടെയും പിൻമുറക്കാരെ കണ്ടെത്തുന്നതിൽ ഒടുവിൽ നാം വിജയിച്ചിരിക്കുന്നു.
നമ്മുടെ കുലത്തെ വഞ്ചിച്ച് കടന്നു കളഞ്ഞ നീചന്മാരോട് പ്രതികാരം ചെയ്യുമെന്നും നമ്മുടെ പാരമ്പര്യ ജ്ഞാനസമ്പത്ത് നമ്മുടെത് മാത്രമാക്കുമെന്നും ഉള്ള പ്രതിജ്ഞ നിറവേറ്റാനുള്ള കാത്തിരിപ്പിന് അവസാനമായിരിക്കുന്നു. ഞാനിത് വീണ്ടും വീണ്ടും പറയുന്നത് നമ്മൾ ലക്ഷ്യത്തിന് അടുത്തെത്തിയിട്ടേയുള്ളൂ; ലക്ഷ്യം പൂർത്തീകരിച്ചിട്ടില്ല എന്ന കാര്യം ഓർമ്മിപ്പിക്കാനാണ്. നമ്മുടെ ജ്ഞാനസമ്പത്ത് ശത്രുക്കൾ കുടുംബസ്വത്താക്കി മാറ്റിയതിനാൽ അത് മറ്റിടങ്ങളിലേക്ക് ചോർന്നു പോയിട്ടില്ലയെന്നത് തികച്ചും ആശ്വാസകരം തന്നെ. ആയതിനാൽ ആ കുടുംബത്തെ മുച്ചൂടും നശിപ്പിക്കുന്നതിലൂടെ നമ്മുടെ ലക്ഷ്യം നിറവേറ്റാം."
മൂപ്പനൊന്നു നിർത്തി, അച്ചടക്കത്തോടെ ഇരിക്കുന്ന തന്റെ സൈന്യത്തിനു മുകളിലൂടെ കണ്ണോടിച്ചു. കാറ്റു പോലും മൗനം പൂണ്ട നിശബ്ദതയിലേക്ക് മൂപ്പന്റെ വാക്കുകൾ വീണ്ടും ഉയർന്നു പൊങ്ങി.
"നഷ്ടപ്പെട്ട ആയുധത്തിനു പകരം നിങ്ങളിലാരോ ഒരാൾ അടുത്തുള്ള കൊല്ലനിൽ നിന്നും ആയുധം ഉണ്ടാക്കിയെടുത്ത ബുദ്ധിശൂന്യത ഇനി ആവർത്തിക്കരുത്. ഇന്ന് പുലർച്ചെ ആ കൊല്ലനെ ശത്രുക്കൾ പിടിച്ചു കൊണ്ടുപോയി. കൊല്ലനിൽ നിന്നും നമ്മുടെ വാസസ്ഥലം തിരിച്ചറിഞ്ഞ് ഇന്ന് രാത്രിയോടെ ശത്രുക്കൾ ഇവിടെ എത്തുമെന്ന് തീർച്ചയാണ്. അതിന് മുമ്പ് നമുക്ക് അവിടെയെത്തണം. കഴിഞ്ഞ ഒന്നര മാസമായി നമ്മൾ രഹസ്യമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണപദ്ധതി തയ്യാറാക്കി എല്ലാവരും പരിശീലനത്തിൽ ഏർപ്പെട്ടതാണല്ലോ? എല്ലാവരും കൃത്യതയോടെ പദ്ധതി പൂർത്തീകരിക്കണം.
നമ്മുടെ കുലത്തിന് വേണ്ടി ജീവൻ ബലി നൽകിയും പോരാടണം. ശത്രുവിനെ മുച്ചൂടും നശിപ്പിച്ചുക്കൊണ്ടേ നമ്മൾ തിരിച്ചു വരൂ. ചന്ദ്രവിമുഖിക്ക് ഇനി മറ്റൊരു അവകാശി ഉണ്ടാകാൻ പാടില്ല. വിജയിച്ചു വരുന്ന നമ്മളെയും കാത്ത് പാലോറ മലയിൽ നമ്മുടെ കുലം ആകാംക്ഷയോടെ കാത്തു കിടക്കുന്നുണ്ട്."
മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് കിതപ്പോടെ മൂപ്പൻ പറഞ്ഞു നിർത്തി. ചാവേറുകളായ യോദ്ധാക്കൾ ആയുധങ്ങളുമായി എഴുന്നേറ്റ് ഒമ്പത് ഉപസംഘങ്ങളായി മാറി. യോദ്ധാക്കൾ ധരിച്ച മോതിരായുധത്തിൽ അവർ എത്രാമത്തെ സംഘത്തിലാണോ അത്രയും കാലുകളാണ് അതിൽ കൊത്തിവെച്ചിരുന്നത്. കൂടാതെ പിൻകഴുത്തിൽ പച്ചകുത്തിയ ചക്രത്തിലെ കാലുകളുടെ എണ്ണവും സമാനമായിരുന്നു. വളരെ പെട്ടെന്നു തന്നെ സംഘങ്ങൾ പല വഴിയിൽ യാത്ര പുറപ്പെട്ടു.
(തുടരും)