പഴയകാലത്തെ അടുത്തറിയാൻ ആഗ്രഹിച്ച് തിത്തിമിക്കുട്ടി, സഹായിയായി മുത്തശ്ശിയും
Mail This Article
അധ്യായം: ഏഴ്
മുത്തശ്ശി ഇടയ്ക്കിടയ്ക്ക് രാമൻകുളങ്ങരയിലുള്ള മുത്തശ്ശിയുടെ അനിയത്തിയെ കാണാൻ പോവും. തിരിച്ചുവരുമ്പോൾ മുത്തശ്ശി തിത്തിമിക്ക് കൊടുക്കാൻ ഒരു പായ്ക്കറ്റ് വറ്റലോ പക്കാവടയോ ഒക്കെ കയ്യിൽപ്പിടിച്ചിരിക്കും. ഏത്തയ്ക്കാ വറുത്തതിനെയാണ് തിത്തിമിയുടെ വീട്ടിൽ വറ്റൽ എന്നു പറയുന്നത്. രണ്ടോ മൂന്നോ ദിവസത്തേക്കായിരിക്കും മുത്തശ്ശി രാമൻകുളങ്ങര മുത്തശ്ശിയുടെ വീട്ടിൽ പോയി നിൽക്കുന്നത്. തിരിച്ചുവരുമ്പോൾ വിശേഷങ്ങളൊക്കെ കേൾക്കാനായി തിത്തിമി അടുത്തുകൂടും. മുത്തശ്ശി പറയും, "ഓ, അവിടെച്ചന്നപ്പം വല്യമ്മേ ഒരാഴ്ച കഴിഞ്ഞ് പോയാ മതി എന്നു പറഞ്ഞ് പിള്ളേരെന്റെ നാലുചുറ്റും കൂടിയിരിക്കുവാരുന്ന്. എങ്കിലും തിത്തിമി ഇവിടുള്ളതുകൊണ്ടാണ് മുത്തശ്ശി വേഗമിങ്ങ് പോന്നതെന്നാണ് മുത്തശ്ശി പറഞ്ഞുവരുന്നതെന്ന് തിത്തിമിക്ക് മനസ്സിലാവും.
രാമൻകുളങ്ങര ചെന്നിട്ട് ചിലപ്പോ അവരെല്ലാവരും കൂടി മുത്തശ്ശിയെ സിനിമയ്ക്ക് കൊണ്ടുപോവും. മുത്തശ്ശി അധികം സിനിമകളൊന്നും കണ്ടിട്ടില്ല. എങ്കിലും അവരുടെ കൂടെപ്പോയിക്കണ്ട സിനിമയുടെ പേര് മുത്തശ്ശി എപ്പോഴും പറയുന്നതു കേൾക്കാൻ രസമാണ്. മുഹൂർത്തം 11.30ന് എന്നു പറഞ്ഞിട്ട് ചിരിക്കും.
"പിന്നെ മുളങ്കാടകത്ത് ഉത്സവത്തിന് ഞങ്ങള് ഗരുഡൻ തൂക്കം കാണാൻ പോയല്ലോ."
"അതെന്താ, ഈ ഗരുഡൻതൂക്കം?" തിത്തിമി ചോദിച്ചു.
"അതോ ഗരുഡന്റെ രൂപമുണ്ടാക്കി അതിന്റെ ചാടിൽ കുട്ടികളുമായി പറന്ന് മുകളിലെത്തിയിട്ട് താഴെ നിർത്തും. കുട്ടിയെ ഗരുഡൻ തൂക്കം നടത്തിക്കാമെന്നത് അച്ഛനമ്മമാരുടെ നേർച്ചയാ. ഗരുഡന്റെ ചാടിൽക്കെട്ടി കുട്ടിയെ മുകളിലോട്ട് ഉയർത്തുമ്പം താഴെ നിൽക്കുന്ന അച്ഛനമ്മമാർക്ക് പേടി തോന്നും."
തിത്തിമി ഇതൊക്കെ വീർപ്പടക്കി കേട്ടുനിൽക്കുകയാണ്. "പിന്നെ മുത്തശ്ശി, രാമൻകുളങ്ങര അമ്മൂമ്മേടെ വീട്ടിൽ നിന്ന് ബസ് കിട്ടുന്നിടം വരെ എങ്ങനെ വന്നു?" തിത്തിമി ചോദിച്ചു.
"അതോ അതെന്നെ സന്ദീപ് കൊണ്ടുവിട്ടു."
തിത്തിമി ചോദിച്ചു, "എങ്ങനെ കൊണ്ടുവിട്ടു."
"സ്കൂട്ടറിന്റെ പിന്നിലിരുത്തി," മുത്തശ്ശി അഭിമാനത്തോടെ പറഞ്ഞു.
"ങേ, മുത്തശ്ശി സ്കൂട്ടറിന്റെ പിന്നിൽ കയറിയോ?" തിത്തിമിക്ക് വിശ്വസിക്കാനാവുന്നില്ല. മുത്തശ്ശിക്ക് സ്കൂട്ടറിന്റെ പിന്നിൽ പിടിച്ചിരിക്കാനൊന്നും അറിയില്ലെന്നാണ് തിത്തിമി വിചാരിച്ചിരുന്നത്. മുത്തശ്ശി സ്കൂട്ടറിന്റെ പിന്നിൽക്കയറി ഇരുന്നത് മനസ്സിൽ ഓർത്ത് തിത്തിമി അന്തം വിട്ടു നിൽക്കുകയാണ്. തിത്തിമിയുടെ അന്തം വിടീൽ കണ്ട് മുത്തശ്ശി കൈ കൊട്ടിച്ചിരിച്ചു.
"ഞാൻ രാമൻകുളങ്ങര ബസിറങ്ങി ഇലങ്കത്ത് വെളി വരെ നടന്നു. അവിടുന്ന് കുറുമളത്ത് മുക്ക് വരെ ഒരു ഓട്ടോയിൽക്കയറിപ്പോയി." മുത്തശ്ശി തിത്തിമിയോട് പോയ വഴിയുടെ വിവരണം നടത്തുകയാണ്. മുത്തശ്ശിയുടെ വർത്തമാനത്തിനിടയ്ക്ക് ചെറിയ സ്ഥലപ്പേരുകൾ കടന്നുവരുന്നത് കേൾക്കാൻ തിത്തിമിക്ക് വലിയ ഇഷ്ടമാണ്. എന്താണെന്നു വച്ചാൽ മുത്തശ്ശി ഈ സ്ഥലപ്പേരുകൾ പറയുന്നതു കേൾക്കുമ്പോൾ അവിടെയൊക്കെ ഓരോ നാട്ടിൻപുറം ഉള്ളതായി തിത്തിമിക്ക് തോന്നും. പഴയ എന്തൊക്കെയോ കാര്യങ്ങൾ ആ പേരുകളിൽ ഉൾച്ചേർന്നിരിക്കുന്നു എന്ന് തിത്തിമിക്ക് തോന്നും.
കുരീത്തറ മുക്ക്, മൂക്കനാട്ട് മുക്ക്, ആണുവേലിൽ, ചൂണ്ടുവലമുക്ക്, നെറ്റിയാട്ടുമുക്ക്, മുല്ലക്കേരി, കുറുമുളത്ത് മുക്ക്, കൈതവനത്തറ, കൈതപ്പുഴ എന്നിങ്ങനെ ഓരോ പേരും മുത്തശ്ശിയിൽ നിന്നു കേൾക്കാൻ അവൾക്ക് രസമാണ്. കുരീത്തറമുക്ക് എന്നു കേൾക്കുമ്പോൾ തിത്തിമിയുടെ മനസ്സിൽ അറിയാതെ വരുന്ന ചിത്രം അവിടെ എവിടെയോ ഒരു കുരുവിയുണ്ട് എന്നതാണ്. അല്ലെങ്കിൽ കുരുവിപ്പഴം എന്നൊരു പഴം പിടിച്ചുനിൽക്കുന്ന ചെറിയ കുറ്റിച്ചെടി അവൾ കണ്ടിട്ടുണ്ട്. ആ സ്ഥലത്ത് എവിടെയോ കുരുവിപ്പഴങ്ങൾ കൂടുതലായി ഉണ്ടെന്നു തോന്നും. കൈതവനത്തറ എന്നു പറഞ്ഞാൽ കൈതക്കാടും മുല്ലക്കേരി എന്നു പറഞ്ഞാൽ മുല്ലത്തറയും അവിടെ ഉണ്ടെന്ന ചിത്രം മനസ്സിൽ വരാത്തതാർക്കാ, തിത്തിമി ആലോചിച്ചു.
കുറുമുളത്ത് എന്നു കേട്ടാലും പഴയ ഏതോ ഒരങ്ങാടിമരുന്ന് പിടിച്ചിരുന്ന സ്ഥലം എന്നു തോന്നും. കരിനൊച്ചിയില എന്നൊക്കെപ്പറയുന്നതു പോലെ ഒരങ്ങാടി മരുന്നിന്റെ പേരു പോലെ. ഇനി കുറുമളത്ത് എന്ന പേരിൽ ഒരങ്ങാടി മരുന്ന് ഇല്ലെങ്കിലും അതു കേൾക്കുമ്പോൾ താൻ ഏതോ ഒരു ഔഷധസസ്യത്തോട്ടത്തിനടുത്ത് വന്നു നിൽക്കുകയാണെന്നു തോന്നും. നടവടക്കേശം എന്ന പേര് പനയനന്നാർകാവ് അമ്പലത്തിന് മുന്നിലുള്ള ജംഗ്ഷന് പറയുന്നതാണ്. ഇന്ന് ആരും അങ്ങനെ പറയാറില്ല. നടയുടെ വടക്കുവശം എന്ന അർഥത്തിൽ പണ്ടുള്ളവർ പറഞ്ഞിരുന്നതാണ്. പനയന്നാർകാവ്, സ്കൂളിനു മുന്നിൽ എന്നൊക്കെയാണ് ഇന്നുള്ളവർ പറയുക. എങ്കിലും തിത്തിമിക്ക് മാത്രം ഇന്നും മുത്തശ്ശിയെപ്പോലെ ആ പേര് പറയാൻ ഉള്ളിൽ ഒരിഷ്ടമുണ്ട്. "നടവടക്കേശം" തിത്തിമി ഒന്നുകൂടി പറഞ്ഞു രസിച്ചു.
(തുടരും)