ADVERTISEMENT

കാറ്റായും മഴയായും മലരായും മണമായും എത്തുന്ന ഗന്ധർവൻ. മറ്റാർക്കും കാണാൻ കഴിയാത്ത എന്നാൽ പ്രണയിനിക്കു മാത്രം വ്യക്തമായി കാണാൻ കഴിയുന്ന കാമുകൻ. അറിവായും നിറവായും നിനവായും നിഴലായും ജീവനിൽ നിറയുന്ന വിശുദ്ധൻ. ദേവസദസ്സിൽ സൗന്ദര്യത്താൽ പരസ്പരം മത്സരിക്കുന്ന അപ്സരസ്സുകളെ ഉപേക്ഷിച്ച്, ഭൂമിയിലെ നിസ്സാരയായ പെൺകുട്ടിയിൽ ജീവിത സായൂജ്യം കണ്ടെത്തിയ ദേവൻ. ദേവശാസനകൾ ധിക്കരിച്ച, സ്വർഗ്ഗീയ നിയമങ്ങളെ ലംഘിച്ച, ഇന്ന് വിടർന്ന് നാളെ കൊഴിയുന്ന പ്രണയത്തിനു വേണ്ടി അനശ്വരതയ്ക്കു പകരം നശ്വരതതയെ തിരഞ്ഞെടുത്തുന്ന ബുദ്ധിശൂന്യൻ. ആ ഗന്ധർവൻ ഭാവന മാത്രമായിരിക്കാം. യാഥാർഥ്യവുമായി ഒരിക്കലും ഒരു ബന്ധവുമില്ലാത്ത കാൽപനികത. എന്നാൽ, ആ ഭാവനയ്ക്ക് സത്യത്തേക്കാൾ ശക്തിയുണ്ട്. കരുത്തും കഴിവുമുണ്ട്. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ എല്ലാ പെൺകുട്ടികളും അങ്ങനെയൊരു ഭാവനയെ താലോലിച്ചിട്ടുണ്ട്. ആ സ്വപ്നത്തിന്റെ വിശുദ്ധിയിൽ വ്യാമുഗ്ധയായിട്ടുണ്ട്. ആ കാൽപനികതയ്ക്ക് സ്വയം വിട്ടുകൊടുത്തിട്ടുണ്ട്. സന്തോഷത്തോടെ സ്വയം കാഴ്ചവച്ചിട്ടുണ്ട്.

ഗന്ധർവൻ എന്ന ഭാവനയെ സിനിമയുടെ ലെൻസിൽ എഴുതുമ്പോൾ, യാഥാർഥ്യത്തിൽ നിന്ന് അകലെയായിരുന്നില്ല പദ്മരാജൻ എന്ന കഥാകാരനും തിരക്കഥാകൃത്തും. മറിച്ച്, യഥാർഥത്തിൽ ജീവിച്ചിരിക്കുന്ന, ജീവിച്ചിരുന്നവരും ഇനി ജീവിക്കാനിരിക്കുന്നുവരുമായ എല്ലാക്കാലത്തെയും എല്ലാ പെൺകുട്ടികളുടെയും ഏറ്റവും വിശുദ്ധമായ സങ്കൽപത്തിനും പ്രണയത്തിനും വർണക്കൂട്ടൊരുക്കുകയായിരുന്നു.

പ്രണയം രഹസ്യമാക്കിയവരും പര്യമാക്കിയവരും (പ്രണയിച്ചിട്ടേ ഇല്ലാത്തവർ എന്നൊരു വിഭാഗം ഇല്ലെന്ന് ഉറപ്പിക്കുക), ആരാധിക്കാനും വെറുക്കപ്പെടാനും ആരെങ്കിലും ഉള്ളവരും ഇല്ലാത്തവരും... ആരുമായിക്കോട്ടെ... ഏതോ സ്വപ്നത്തിൽ, എന്നോ അവരുട‌െ മനോമുകുരത്തിൽ നിറഞ്ഞിട്ടുണ്ട് ഏതോ ഒരു ഗന്ധർവൻ. ആശിച്ചിട്ടും അകന്നുപോയ സ്വപ്നം. കൊതിച്ചിട്ടും വിധിക്കാതെപോയ കാമുകൻ. കൂടെ നടന്നിട്ടും കൂടെയല്ലെന്നു തോന്നിയ കാമുകനെ, കൂടെക്കിടന്നിട്ടും അടുപ്പം തോന്നാത്ത ഭർത്താവിനെ സഹിക്കുമ്പോഴും ആ സ്വപ്നത്തെ പൂർണമായി ഉപേക്ഷിച്ചിരിക്കില്ല. അതിനു കാറ്റും മഴയും മണവും മലരും വേണമെന്നില്ല. രാത്രിയും നിലാവും 17–ാം യാമവും വേണ്ട. ഈ ലോകത്തിലെ കല്ലിലും മുള്ളിലും ചവിട്ടിയുള്ള പദയാത്ര മാത്രം മതി. നടന്നിട്ടും നടന്നിട്ടും തീരാത്ത യാത്രയിലെ കണ്ണീരും വിയർപ്പും മതി. എങ്ങോട്ടുമല്ലെന്ന് ഉറപ്പിക്കുമ്പോഴും നടക്കാനാവാത്ത തുടർച്ച മതി. 

'വെയ്റ്റിങ് ഫോർ ദ് ബാർബേറിയൻസ്' എന്ന നോവലിൽ നൊബേൽ ജേതാവ് ജെ.എം. കൂറ്റ്സെയുടെ നായകൻ ആവർത്തിച്ചുകാണുന്ന ഒരു സ്വപ്നമുണ്ട്. നോവലിൽ അയാൾക്കു പേരില്ല. വയസ്സിനെക്കുറിച്ചു സൂചനകളുമില്ല. എന്നാൽ, യൗവ്വനം കടന്നുപോയി എന്നു വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. മധ്യവയസ്സും കഴിയുകയാണെന്ന ഹതാശമായ ചിന്തകളുണ്ട്. പല സ്ത്രീകൾക്കൊപ്പം കിടക്കുന്ന, അയാളുടെ മനസ്സിലെ സ്ത്രീരൂപത്തിന് വ്യക്തതയില്ല. ആരാണവളെന്ന് അയാൾക്കു തന്നെ ഓർത്തെടുക്കാനോ, കണ്ടെടുക്കാനോ കഴിയുന്നില്ല. മാസങ്ങളോളം കൂടെ കിടന്നിട്ടും ആസക്തി തോന്നാതിരുന്ന ‘ആ പെൺകുട്ടിയാണോ’ അവൾ എന്നയാൾ സംശയിക്കുന്നുണ്ട്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അതിർത്തി പ്രദേശത്തെ ഭരണത്തിന്റെ ചുമതലയുള്ള മജിസ്ട്രേറ്റ് ആണയാൾ. അതിർത്തികളിൽ അധിവസിക്കുന്ന ഗോത്രവർഗങ്ങളിൽ നിന്ന് സാമ്രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാക്കാൻ നിയോഗിക്കപ്പെട്ട വ്യക്തി. ബാർബേറിയൻസ് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും അയാൾ അറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അയാൾ പ്രത്യേകിച്ചൊന്നും ചെയ്യുന്നുമില്ല. എന്നാൽ, സാമ്രാജ്യത്തിന്റെ ഭരണാധികാരി പ്രത്യേക ദൂതനെ വിട്ട് മജിസ്ട്രേറ്റിനെ കാഴ്ചക്കാരനാക്കി കലാപശ്രമം മുളയിലേ നുള്ളാൻ ശ്രമിക്കുകയാണ്. അങ്ങനെ പിടിക്കപ്പെട്ട തടവുകാരിലെ ഒരാളായിരുന്നു അവൾ.

പീഡനങ്ങൾക്കൊടുവിൽ അവളുടെ പിതാവ് ജയിൽമുറിയിൽ മരിച്ചുവീഴുന്നു. അവൾ തെരുവിലേക്കു വലിച്ചെറിയപ്പെടുന്നു. അവിടെനിന്നാണ് അവളെ മജിസ്ട്രേറ്റ് തന്റെ ബാരക്കിലേക്കു കൊണ്ടുവരുന്നത്. പിതാവ് മകളെയെന്നവണ്ണം അയാൾ അവളുടെ മുറിവുകൾ വൃത്തിയാക്കുന്നു. ശുശ്രൂഷിക്കുന്നു. സഹ ഉദ്യോഗസ്ഥർ പരിഹസിക്കും എന്നതുപോലും അവഗണിച്ച് അവളെ തനിക്കൊപ്പം നിർത്തുന്നു. രാത്രികളിൽ അവൾക്കൊപ്പം ശയിക്കുന്നു. ജീവിതകാലം മുഴുവൻ അയാൾക്ക് അവളെ കൂടെ കൂട്ടാമായിരുന്നു. (അയാൾക്കെന്ന പോലെ അവൾക്കും നോവലിൽ പേരില്ല). എന്നാൽ, പ്രകൃതിയുടെ വന്യതയോട് എതിരിട്ട് അവൾ എവിടെനിന്നു വന്നോ അവർക്കു തന്നെ അവളെ തിരിച്ചുകൊ‌ടുക്കുകയാണ് മജിസ്ട്രേറ്റ്. അധികാരത്തിന്റെയും ഭരണത്തിന്റെയും ദുർവിനിയോഗം. ശാസനകളെ ധിക്കരിക്കൽ. അതേ, പദ്മരാജന്റെ ഗന്ധർവനെപ്പോലെ തന്നെ.

jmcoetzee-books-3-

അധികാരത്തിന്റെ സുഖശീതളിമയിൽ, ആസക്തിയുടെ പട്ടുമെത്തിയിൽ ഇഷ്ടമുള്ള ഏതു സ്തീക്കൊപ്പവും കിടക്കാൻ കഴിയുമായിരുന്നിട്ടും ബാർബേറിയൻ ആയ പെൺകുട്ടിയെ കൂടെ കിടത്തുകയും അവളെ സ്വന്തം ഗോത്രത്തിനു തന്നെ തിരിച്ചുകൊടുക്കുകയും ചെയ്യുന്ന ബുദ്ധിശൂന്യൻ. 

ഒട്ടേറെ ശിക്ഷകളുണ്ട് ഗന്ധർവന്. ആയിരം വർഷം ആഗ്നേയ കങ്കണം അണിയണം. ചുട്ടുപൊള്ളിക്കുന്ന കാൽത്തള അണിഞ്ഞു മാത്രം നടക്കുക. മായാഗ്നിയിൽ ചുട്ട നഗ്നാപ്സരസ്സിന്റെ ആയസ വിഗ്രഹം കെട്ടിപ്പുണരുക. എങ്കിലും സങ്കടം തെല്ലുമില്ലെ...

പെൺകുട്ടിയെ ഗോത്രത്തിനു തിരികെ കൊടുത്തതിന്റെയും അതിർത്തി ലംഘിച്ചു യാത്ര ചെയ്തതിന്റെയും ഗോത്രവർഗവുമായി ഗൂഢാലോചന നടത്തിയതിന്റെയും പേരിൽ അധികാരം നഷ്‌ടപ്പെടുന്നു. തടവുകാരനാക്കപ്പെടുന്നു. ആഹാരവും വെള്ളവും പോലും നിഷേധിക്കപ്പെട്ട്, കൊടിയ പീഡനങ്ങൾക്കു വിധേയനാവുന്നു. പിന്നീട്, സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാൻ അയാൾക്ക് സാഹചര്യം സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും എന്തോ ഒന്നിന്റെ അഭാവം അയാളെ മഥിക്കുന്നുണ്ട്. അസ്വസ്ഥനാക്കുന്നുണ്ട്. മാസങ്ങളായി താൻ ഒറ്റയ്ക്കാണെന്നു തിരിച്ചറിയുമ്പോൾ മുൻപരിചയക്കാരിയെ അയാൾ തേടിപ്പോകുന്നുണ്ട്. നിരാശനായി തിരിച്ചുവരുന്നുണ്ട്. സ്വശരീരം വാർധക്യ ചക്രത്തിനു കീഴിൽ ജീവനില്ലാതാകുന്നതറിഞ്ഞിട്ടും ആസക്തിയുടെ അവസാന തുടിപ്പും ഇല്ലാതാക്കാൻ വേണ്ടി മരുന്നു കഴിക്കുന്നുണ്ട്. എന്നാൽ, ആ സ്വപ്നം അയാളെ വിട്ടുപോകുന്നില്ല. സ്വപ്നത്തിൽ അയാൾ കൗമാരത്തിലോ യൗവ്വനത്തിലോ മധ്യവയസ്സിലോ എന്നറിയില്ല. എന്നാൽ അവളുണ്ട്. നിഴലു പോലെ കൂടെയുള്ള പെൺകുട്ടി. ഭാര്യയല്ല. കാമുകിയല്ല. എന്നോ കണ്ടതോ എന്നെങ്കിലും കാണാനിരിക്കുന്നതോ ആണോയെന്നുമറിയില്ല. മറ്റുള്ളവർക്ക് അദൃശ്യയും അയാൾക്കു മാത്രം ദൃശ്യയുമായ അവൾ...

ഏതൊരു മനുഷ്യനെയും പോലെ എനിക്കും ജീവിക്കണം. ഇനിയും ഇനിയും ഇനിയും ജീവിക്കണം. എവിടെ, എങ്ങനെ എന്നല്ല. എനിക്കിനിയും ജീവിക്കണം എന്നാണ് മർദനങ്ങളും പീഡനങ്ങളും ഏറ്റു പിടയുമ്പോൾ മജിസ്ട്രേറ്റ് പറയുന്നത്. അയാൾ തന്നെ അവസാനം പറയുന്നുണ്ട‌്: ഞാൻ സ്വപ്നം കണ്ട രംഗം ഇതായിരുന്നോ. മറ്റു പലതും പോലെ ഈയിടെയായി എല്ലാം നിസ്സാരമാണെന്ന് എനിക്കു തോന്നുന്നു. നേരത്തേ തന്നെ ദിശ നഷ്ടപ്പെട്ടിട്ടും എങ്ങോട്ടുമല്ലാത്ത വഴിയിലൂടെ ഇനിയും നടന്നുകൊണ്ടേയിരിക്കുക മാത്രം! 

English Summary:

The Labyrinth of Love: J.M. Coetzee's 'Waiting for the Barbarians' and Padmarajan's Gandharvan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com