ADVERTISEMENT

‘‘ഒരു ഫാക്ടറിയെ തകർത്തെറിഞ്ഞാലും അതിനെ സൃഷ്ടിച്ച യുക്തി നിലനിൽക്കുന്നുണ്ടെങ്കിൽ, ആ യുക്തി മറ്റൊരു ഫാക്ടറി ഉണ്ടാക്കുക തന്നെ ചെയ്യും. ഒരു വിപ്ലവം സർക്കാരിനെ നശിപ്പിച്ചാലും, ആ സർക്കാരിനെ സൃഷ്ടിച്ച ചിന്തയുടെ വ്യവസ്ഥാക്രമങ്ങൾ കൃത്യമായിത്തന്നെ ശേഷിക്കുന്നുണ്ടെങ്കിൽ, ആ ക്രമം സ്വയം ആവർത്തിക്കുക തന്നെ ചെയ്യും….വ്യവസ്ഥയെക്കുറിച്ച് ഒരുപാടു സംസാരമുണ്ട്, എന്നാൽ വളരെക്കുറച്ചു ധാരണയേയുള്ളൂ.’’

– റോബർട്ട് പിർസിഗ്, ‘സെൻ ആൻഡ് ദ് ആർട്ട് ഓഫ് മോട്ടർസൈക്കിൾ മെയിന്റനൻസ്’.

യാത്രികർക്കു മാത്രമല്ല കവികൾക്കും ദാർശനികർക്കും പ്രിയപ്പെട്ടതാണ് മോട്ടർസൈക്കിൾ. വ്യവസ്ഥകൾക്കു മെരുങ്ങാത്ത അന്വേഷണവും സ്വാതന്ത്ര്യപ്രഖ്യാപനവുമാണ് അവർക്ക് ആ രൂപകം. തോം ഗണ്ണിന്റെയും ടെഡ് ഹ്യൂസിന്റെയും യെലീനെക്കിന്റെയും കവിതകളിൽ അതിന്റെ ആഘോഷമുണ്ട്. വിപ്ലവവഴിയേ ചെ ഗവാര മോട്ടർസൈക്കിൾ ഓടിച്ചു. സംവിധായകൻ ജോൺ ഏബ്രഹാമിനെയും പിന്നിലിരുത്തി സൗഹൃദവഴിയേ സഞ്ചരിച്ചതിനെക്കുറിച്ച് ശോഭീന്ദ്രൻ മാഷിന്റെ ‘മോട്ടർസൈക്കിൾ ഡയറീസു’ണ്ട്. ന്യൂറോ സയന്റിസ്റ്റും ശാസ്ത്ര എഴുത്തുകാരനുമായ ഒലിവർ സാക്സിന്റെ ആത്മകഥയുടെ മുഖചിത്രം തന്നെ മോട്ടർസൈക്കിളിൽ ഇരിക്കുന്ന യൗവ്വനകാല ചിത്രമാണ്. ‘ഓൺ ദ് മൂവ്’ എന്ന ആത്മകഥാ ശീർഷകമാകട്ടെ തോംഗണ്ണിന്റെ മോട്ടർസൈക്കിൾ കവിതയുടെ പേരുമാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു മോട്ടർസൈക്കിളാണു റോബർട്ട് പിർസിഗിനുണ്ടായിരുന്നത്; അതിനു സെൻ ചക്രങ്ങളുണ്ടായിരുന്നു!

വഴിതെളിച്ച മോട്ടർസൈക്കിൾ

ഓരോ കാലവും അതിന്റേതായൊരു പുസ്തകത്തെ തീവ്രമായി ആഗ്രഹിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്യും. അശാന്തവും അരാജകവും അവ്യവസ്ഥാപിതവുമായ കാലത്തെയും അതിന്റെ മൂല്യബോധങ്ങളെയും നിർദയം വിചാരണ ചെയ്യുകയും കടുംകുരുക്കുകളിൽ നിന്നു പുറത്തേക്കൊരു വഴി കണ്ടെത്തുകയോ അല്ലെങ്കിൽ തേടുകയെങ്കിലുമോ ചെയ്യുന്ന അത്തരം പുസ്തകങ്ങൾ ഒരു കൾട്ട് തന്നെയായി മാറുന്നു. അങ്ങനെയൊരു പുസ്തകമായിരുന്നു റോബർട്ട് പിർസിഗ് എഴുതിയ ‘സെൻ ആൻഡ് ദ് ആർട്ട് ഓഫ് മോട്ടർസൈക്കിൾ മെയിന്റനൻസ്’. വായനയിലും വിൽപനയിലും അത്ഭുതം സൃഷ്ടിച്ച ആ പുസ്തകം പുറത്തിറങ്ങിയിട്ട് അൻ‌പതു വർഷമാകുന്നു. ലോകം പ്രത്യേകിച്ചും യുവതലമുറ  ‘ഡിസ്റ്റോപ്യൻ’ ആയി മാറിയ കാലം. വിയറ്റ്നാം യുദ്ധവും ശാക്തികചേരിപ്പോരും ആണവഭീഷണിയും അന്തരീക്ഷത്തിലുണ്ടായിരുന്നു. വേരുകളില്ലാത്ത മരങ്ങളെപ്പോലെ ആടിയാടിയലഞ്ഞ ഹിപ്പികൾ അപ്പോഴേക്കും വീടുകളിലേക്കു തിരിച്ചുപോയിത്തുടങ്ങിയിരുന്നു. മനസ്സിനെ മാന്ത്രികമായ പറക്കുംതളികകളിലേറ്റുമെന്ന വാഗ്ദാനവുമായെത്തിയ ലഹരിമരുന്നുകളുടെ കാന്തികശക്തി കുറഞ്ഞുതുടങ്ങിയിരുന്നു. 

ഒരു കാലത്തിന്റെ ആത്മകഥ

ചിന്താകുലരായ ചെറുപ്പക്കാർക്ക് തോൾസഞ്ചിയിൽ കൂടെക്കൊണ്ടു നടക്കാനും ഇടയ്ക്കെടുത്തു പകുത്തു വായിക്കാനും ഒരു പുസ്തകം വേണമായിരുന്നു; ‘ഇതെന്റെയും ആത്മകഥയാണെ’ന്നു തോന്നിപ്പിക്കുന്ന പുസ്തകം. ‘മൂല്യങ്ങളിലേക്കുള്ള അന്വേഷണം’ എന്ന ഉപശീർഷകത്തോടെയെത്തിയ പിർസിഗിന്റെ പുസ്തകത്തിനായി കാലം കരുതിവച്ചത് ആ നിയോഗമായിരുന്നു. ലോകത്തെയും ജീവിതത്തെയും എങ്ങനെ സമീപിക്കണം, അതിനു നമ്മെ പ്രാപ്തമാക്കുന്ന വഴിയേത്, യുക്തിയോ വൈകാരികതയോ തുണയ്ക്കുക തുടങ്ങിയ തത്വചിന്തയുടെ എക്കാലത്തെയും വലിയ ചോദ്യങ്ങളെത്തന്നെയാണ് പിർസിഗും നേരിടുന്നത്. പൂർണതയ്ക്കുവേണ്ടിയുള്ള ഭ്രാന്തോളമോ ബോധോദയത്തോളമോ എത്തുന്ന പിടച്ചിൽ പിർസിഗിലുണ്ട്. എഴുപതുകളിലെ അശരണാത്മാക്കളുടെ അദ്വൈതമായിരുന്നു അത്; എങ്കിലും എല്ലാക്കാലത്തേക്കും പ്രസക്തമായതും. യുട്യൂബ് ഗുരുക്കൻമാരെപ്പോലെ എളുപ്പവഴികളോ കപടപ്രചോദനമോ ഒന്നും അദ്ദേഹം നിർദേശിക്കുന്നില്ല. ‘അസ്തിത്വദർശനം ഇഷ്ടമാണെല്ലാർക്കും, അസ്ഥിയിൽ കൊണ്ടിടാത്തോളം’ എന്നു കവി എഴുതിയല്ലോ. അതുപോലൊരു വ്യാജദാർശനികനായിരുന്നില്ല പിർസിഗ്. അസ്ഥിയിൽ കൊണ്ടതു തന്നെയാണ് അദ്ദേഹം ആവിഷ്കരിച്ചത്. ഉത്തരം ലഭിക്കുന്നതിനേക്കാളും ചോദ്യങ്ങൾ നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുകയാണു പ്രസക്തമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നിരിക്കണം. തന്റെ പുസ്തകം വ്യവസ്ഥാപിതമായ സെൻ ബുദ്ധിസത്തെക്കുറിച്ചോ മോട്ടർസൈക്കിളുകളെക്കുറിച്ചോ ഉള്ള വസ്തുതാ വിവരണമല്ലെന്നു പിർസിഗ് പറഞ്ഞിട്ടുണ്ട്. 

zen-and-the-art-of-motorcycle-maintenance-author
Picture Courtesy: Robert Pirsig

കിഴക്കു നിന്നൊരു വെളിച്ചം

അസാധാരണമായ ബുദ്ധിശക്തിയുണ്ടായിരുന്നു റോബർട്ട് പിർസിഗിന്. ഒൻപതാംവയസ്സിൽ 170 ആയിരുന്നു ഐക്യു. സാധാരണ കുട്ടികളെപ്പോലെ എല്ലാം കുത്തിയിരുന്നു പഠിക്കേണ്ട കാര്യമില്ലായിരുന്നു. തന്റെ പ്രായത്തിനും മുൻപേയായിരുന്നു അവന്റെ ധിഷണ സഞ്ചരിച്ചിരുന്നത്. ക്ലാസുകൾ ചാടിക്കടന്ന് കോളജിലേക്ക് എത്തുമ്പോൾ വെറും പതിനഞ്ചു വയസ്സേ ആയിരുന്നുള്ളൂ. അക്കാലത്തെ പൊതുരീതിയനുസരിച്ചു സൈനികസേവനത്തിനു നിയുക്തനായി. സൈനികനായി കൊറിയയിലെത്തിയ കാലത്തെക്കുറിച്ചു പിർസിഗ് പറഞ്ഞിട്ടുണ്ട്. തന്റെ കീഴിലുണ്ടായിരുന്ന കൊറിയൻ തൊഴിലാളികളെ ഇംഗ്ലിഷ് പഠിപ്പിക്കേണ്ടിയിരുന്നു. ഇംഗ്ലിഷ് പഠിക്കാൻ താൽപര്യമൊന്നും കാട്ടാതിരുന്ന അവരോടു പിർസിഗ് പറഞ്ഞു: ‘ഈ ഇരുപത്തിയാറ് അക്ഷരങ്ങൾ കൊണ്ട് നിങ്ങൾക്കു പ്രപഞ്ചത്തെ വിവരിക്കാം’. ആ മോഹനവാഗ്ദാനത്തിനു ‘വേണ്ട’ എന്ന ഉറച്ച മറുപടിയാണു തൊഴിലാളികൾ നൽകിയത്. ആ മറുപടി പിർസിഗിനെ ഇരുത്തിച്ചിന്തിപ്പിച്ചു. പടിഞ്ഞാറിന്റെ വഴികളല്ല കിഴക്കിന്റേതെന്നു കൊറിയൻ അനുഭവങ്ങൾ പറഞ്ഞുകൊടുത്തു. കിഴക്കിന്റെ അനുഭവങ്ങളെ ഉൾക്കൊള്ളാനും ആവിഷ്കരിക്കാനും തന്റെ ഭാഷയും ചിന്തയും അപര്യാപ്തമാണെന്ന് ആ ചെറുപ്പക്കാരൻ മനസ്സിലാക്കി. വെളിപാടിന്റേതു പോലൊരു നിമിഷമായിരുന്നു അത്. ഇടുങ്ങിയ ഒരു ഇടനാഴിയിൽ കുടുങ്ങിയ ഒരാൾക്കു മുന്നിൽ പെട്ടെന്നൊരു വാതിൽ തുറന്നുകിട്ടിയതുപോലുള്ള അനുഭവം. സെൻ ബുദ്ധിസത്തെ അറിയാനും ആ വഴിയേ സഞ്ചരിക്കാനും തുടങ്ങി. സെൻ അനുരാഗം പിർസിഗിനെ ജപ്പാനിലാണ് എത്തിച്ചത്. അതിന്റെ ആന്തരശ്രുതികൾക്കു കാതോർക്കുകയും ആഴത്തിൽ അനുഭവിക്കുകയും ചെയ്തു യുഎസിലെത്തിയ അദ്ദേഹം തത്വചിന്തയിൽ ബിരുദം നേടി. പഠനകാലത്താണ് പൗരസ്ത്യദർശനങ്ങൾ പിടികൂടിയത്. ബൗദ്ധദർശനങ്ങളും വേദാന്തവുമെല്ലാം ആഴത്തിൽ വായിച്ചു. ആ തീവ്രാന്വേഷണങ്ങൾ പിർസിഗിനെയെത്തിച്ചതു ബനാറസിലാണ്. അവിടെവച്ചു ഭാരതീയദർശനങ്ങളെ കൂടുതൽ ഇഴവിടർത്തി അറിഞ്ഞു. പാശ്ചാത്യതത്വചിന്ത പരിചിതമായിരുന്ന ആ വിദ്യാർഥി പൗരസ്ത്യദർശനങ്ങളെ അതിനോടു ചേർത്തുവച്ചു വായിച്ചു. 

zen-and-the-art-of-motorcycle-maintenance-book

ചിത്തരോഗാശുപത്രിയിൽ ഒരു വർഷമാണ് ബനാറസിൽ പഠിച്ചത്. പിന്നെ നാട്ടിലേക്കു മടങ്ങുകയും പത്രപ്രവർത്തനം പഠിക്കുകയും ചെയ്തു. പല പല ജോലികളെടുത്തു. ഒരിടത്തും ഉറച്ചുനിൽക്കാതെ ഒഴുകി നടന്നു. തത്വചിന്താപഠനങ്ങളും ആത്മീയാന്വേഷണങ്ങളുമെല്ലാം ഉണ്ടായിട്ടും മനസ്സ് പിർസിഗിൽ നിന്നു കുതറിക്കൊണ്ടിരുന്നു. പട കണ്ട കുതിര പന്തിയിലടങ്ങാത്തതുപോലെ. ഒരു സാന്ത്വനത്തിനും ശമിപ്പിക്കാനാകാത്ത വിധ്വംസകോർജത്തിന്റെ വിസ്ഫോടനം. വ്യവസ്ഥയ്ക്കു മെരുങ്ങാൻ മനസ്സില്ലാത്തൊരാളുടെ വിധിയാണത്. മനസ്സിനെ നിയന്ത്രിക്കാനാകാതായതോടെ തീർത്തും അപ്രവചനീയമായി പെരുമാറ്റം. ഒടുവിൽ അദ്ദേഹം മാനസികരോഗാശുപത്രിയിൽ സ്വയം അഭയം തേടി. പ്രാകൃതമായ മാനസികചികിത്സാമുറകളുടെ ആ കാലത്ത് തുടരെ വൈദ്യുതാഘാതങ്ങളേറ്റു. മനസ്സിന്റെ കുതി കെടുത്തുവാൻ അതുകൊണ്ടൊന്നും ആയില്ലെങ്കിലും പിർസിഗ് സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ കൊതിച്ചു. സ്ഥിരമായൊരു ജോലിയായിരുന്നു ആവശ്യം. അതിനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. അൻപതോളം ജോലികൾക്ക് അപേക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ‘അവയെല്ലാം സമൂഹത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു. എന്റെ മാനദണ്ഡങ്ങൾ അനുസരിച്ചല്ലെ’ന്ന് പിർസിഗ് എഴുതിയിട്ടുണ്ട്. 

ആർക്കും വേണ്ടാത്ത പുസ്തകം

‘സെൻ ആൻ ഡ് ദ് ആർട്ട് ഓഫ് മോട്ടർസൈക്കിൾ മെയിന്റനൻസ്’ എന്ന പുസ്തകത്തിന്റെ ആശയം മനസ്സിലുണർന്നപ്പോൾ അതിന്റെ രത്നച്ചുരുക്കം  പ്രസാധകർക്ക് അയച്ചുകൊടുത്തു. ഓരോരുത്തരായി അതു തള്ളിക്കളഞ്ഞു. പിർസിഗ് മടുക്കാതെ അതു തുടർന്നുകൊണ്ടിരുന്നു. 122–ാമത്തെ പ്രസാധകനായ ജയിംസ് ലാൻഡിസ് മാത്രമാണ് അതു പുസ്തകമാക്കാമെന്നു സമ്മതിച്ചത്. ജയിംസിനു തന്നെ പുസ്തകത്തെക്കുറിച്ചു വലിയ മതിപ്പൊന്നുമില്ലായിരുന്നു. വലിയ വിൽപനയൊന്നും പ്രതീക്ഷിക്കരുതെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞുവച്ചു; മുൻകൂറായി തുകയൊന്നും തരാനാവില്ലെന്നും. പണത്തിലോ വിൽപനയിലോ ഒന്നും വലിയ താൽപര്യം വയ്ക്കാതിരുന്ന പിർസിഗ് തന്റെ 1966 മോഡൽ ഹോണ്ട സൂപ്പർ ഹോക്ക് മോട്ടർ സൈക്കിൾ റോഡിലേക്ക് ഇറക്കി. ഇളയ മകൻ ക്രിസും ഒപ്പം കൂടി. സുഹൃത്തുക്കളായ ജോണും സിൽവിയ സതർലാൻഡും മറ്റൊരു ബൈക്കിൽ അവരെ അനുഗമിച്ചു. മിനിയപ്പലിസിൽ നിന്നു സാൻഫ്രാൻസിസ്കോ വരെ പതിനേഴുദിവസം നീണ്ട ആ യാത്രയുടെ ഫലശ്രുതിയായിരുന്നു ‘സെൻ ആൻഡ് ദ് ആർട്ട് ഓഫ് മോട്ടർ സൈക്കിൾ മെയിന്റനൻസ്’. 

zen-and-the-art-of-motorcycle-maintenance-picture
റോബർട്ട് പിർസിഗ് 1968-ൽ തന്റെ മകൻ ക്രിസ്, സുഹൃത്ത് ജോൺ സതർലാൻഡ് എന്നിവരോടൊപ്പം. Picture Courtesy: Robert Pirsig

ഇപ്പോഴും ഇരമ്പുന്നു ആ മോട്ടർസൈക്കിൾ

പലതരം കച്ചവട എഴുത്തുപണികൾ ചെയ്യുന്നതിനിടെ പുലർച്ചെ രണ്ടുമണിക്ക് എഴുന്നേറ്റാണ് അദ്ദേഹം ‘സെൻ ആൻഡ് ദ് ആർട്ട് ഓഫ് മോട്ടർ സൈക്കിൾ മെയിന്റനൻസ്’ എഴുതിയത്. എട്ടുലക്ഷത്തോളം വാക്കുകളുള്ള വലിയ കയ്യെഴുത്തുപ്രതിയായിരുന്നു അത്. തന്റെ പ്രസാധകനായ ജയിംസ് ലാൻഡിസിന്റെ സഹായത്തോടെ അതു വെട്ടിച്ചുരുക്കി രണ്ടുലക്ഷത്തോളം വാക്കുകളാക്കുകയായിരുന്നു. ബദലെഴുപതുകളും പിൻദശകങ്ങളും ആവേശത്തോടെ ആ യാത്രയിൽ പങ്കുചേർന്നു. ആദ്യവർഷം തന്നെ പത്തുലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. കൊള്ളിയാൻ പോലെ മിന്നിപ്പൊലിഞ്ഞില്ല പിർസിഗിന്റെ പുസ്തകമെന്നതു തന്നെയാണ് അതിന്റെ കാതലുറപ്പിന്റെ ആദ്യസാക്ഷ്യം. അതിശയകരമായി അത് അതിജീവിക്കുകയും പല തലമുറകളുടെ ആകുലതകളെ അഭിസംബോധന ചെയ്യുകയും ചെയ്തു. വായിക്കേണ്ട പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികകളിലേക്കെല്ലാം പിർസിഗിന്റെ മോട്ടർസൈക്കിൾ ഓടിച്ചുകയറി.

പുസ്തകം വായിച്ചവർ മിനിയപ്പലിസിലെ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചുകൂടുമായിരുന്നു, ദാർശനികദർശനം കാത്ത്. അതു സംഭവിക്കാതെ വരുമ്പോഴും പിരിഞ്ഞുപോകാതെ വീടിനു സമീപത്തു തമ്പടിച്ചു രാത്രി കഴിച്ചുകൂട്ടി, രാവിലെയെങ്കിലും പ്രിയപ്പെട്ട തത്വചിന്തകനെ കാണാനും തങ്ങളുടെ ചോദ്യങ്ങൾ ഉന്നയിക്കാനും കഴിയുമെന്ന പ്രതീക്ഷയിൽ. ജനക്കൂട്ടങ്ങളിൽ അഭിരമിക്കാത്ത പിർസിഗ് ആകട്ടെ ആരാധകരുടെ പിടിയിൽ നിന്നു വഴുതിമാറി. ‘ലീല: ആൻ ഇൻക്വയറി ഇൻടു മോറൽസ്’ എന്ന പുസ്തകവും ശ്രദ്ധപിടിച്ചുപറ്റി. തുരുമ്പുപിടിക്കാത്ത ആത്മാന്വേഷണങ്ങളുടെ മോട്ടർസൈക്കിൾ ഇന്നും ലോകത്തിന്റെ വിദൂരകോണുകളിൽ പോലും വായനക്കാരുടെ മനസ്സിൽ ഇരമ്പിപ്പായുന്നു; അതിനിപ്പോഴും അൻപതുവയസ്സിന്റെ നിറയൗവ്വനം.

English Summary:

Sen motorcycle Book anniversary