ജനലിലൂടെ പ്രവേശിച്ച് കൊലപാതകം, ചുരുളഴിക്കാൻ ഡ്യൂപിൻ: ഡിറ്റക്ടീവുകളുടെ പിതാവ് ‘പോ’യുടെ ജീവിതം!
Mail This Article
ശ്രദ്ധേയങ്ങളായ കവിതകളും ചെറുകഥകളും എഴുതിയിട്ടുണ്ടെങ്കിലും എഡ്ഗർ അലൻ പോ പേരുകേട്ടത് ആധുനിക കുറ്റാന്വേഷണ സാഹിത്യത്തിന്റെ പിതാവ് എന്ന നിലയിലാണ്. സി. അഗസ്റ്റെ ഡ്യൂപിൻ എന്ന വിചിത്ര കുറ്റാന്വേഷകനെ അവതരിപ്പിച്ച പോയുടെ മൂന്ന് കഥകൾ ഈ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ചു.
അദ്ദേഹത്തിന്റെ മൂന്ന് ഡിറ്റക്ടീവ് കഥകൾ, 'ദ് മർഡേഴ്സ് ഇൻ ദ് റൂ മോർഗ്' (1841), 'ദ് മിസ്റ്ററി ഓഫ് മേരി റോഗറ്റ്' (1842), 'ദ് പർലോയിൻഡ് ലെറ്റർ' (1845) എന്നിവ ലോകത്തെ ആദ്യത്തെ സാങ്കൽപിക ഡിറ്റക്ടീവായ സി. അഗസ്റ്റെ ഡ്യൂപിനെ പരിചയപ്പെടുത്തി. പൊലീസിനെ കുഴക്കിയ കുറ്റകൃത്യങ്ങൾ പരിഹരിക്കാനെത്തുന്ന ഡ്യൂപിൻ, അസാധ്യമെന്നു തോന്നുന്ന ആ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്നു. അതിനു സാക്ഷ്യം വഹിച്ച അദ്ദേഹത്തിന്റെ യുവ ചങ്ങാതിയാണ് കഥകളുടെ ആഖ്യാതാവ്. ആധുനിക ഫിക്‌ഷൻ ഡിറ്റക്ടീവിന്റെ പ്രോട്ടോടൈപ്പായി ഡ്യൂപിൻ മാറുകയും ഷെർലക് ഹോംസ്, ഹെർക്കുൾ പൊയ്‌റോട്ട് തുടങ്ങിയ കഥാപാത്രങ്ങൾക്കു മാതൃകയാകുകയും ചെയ്തു. പോയുടെ കഥകൾ ഡിറ്റക്ടീവ് ഫിക്‌ഷന് പുതിയ മാനം നൽകി.
'ദ് മർഡേഴ്സ് ഇൻ ദ് റൂ മോർഗിൽ', ഒരു അമ്മയുടെയും മകളുടെയും ദാരുണമായ കൊലപാതകങ്ങൾ അന്വേഷിക്കാൻ ഡ്യൂപിൻ വിളിക്കപ്പെടുന്നു. കുറ്റകൃത്യത്തിന് ഡ്യൂപ്പിന്റെ സുഹൃത്ത് മോൺസിയൂർ ജിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ ജി നിരപരാധിയാണെന്ന് ബോധ്യപ്പെട്ട ഡ്യൂപിന്‍, കുറ്റകൃത്യം നടന്ന സ്ഥലം സൂക്ഷ്മമായി പരിശോധിച്ച ശേഷം, കൊലപാതകങ്ങൾ നടത്തിയത് ഒരു ഒറാങ് ഉട്ടാൻ ആണെന്ന നിഗമനത്തിലെത്തുന്നു.
ഒറാങ് ഉട്ടാന്റെ ശരീരഘടനയെയും പെരുമാറ്റത്തെയും കുറിച്ചുള്ള തന്റെ അറിവ് ഉപയോഗിച്ച്, ആ മൃഗം ഒരു ജനലിലൂടെ വീട്ടിൽ പ്രവേശിച്ച് സ്ത്രീകളെ കൊന്ന് അതേ ജാലകത്തിലൂടെ രക്ഷപ്പെട്ടുവെന്ന് അനുമാനിക്കുന്ന ഡ്യൂപ്പിന്റെ സിദ്ധാന്തം പിന്നീട് ശരിയാണെന്ന് തെളിയിക്കപ്പെടുകയും ജി. രക്ഷപ്പെടുകയും ചെയ്യുന്നു. പ്രധാന കഥാപാത്രത്തിന്റെ നിരീക്ഷമപാടവമാണ് ഈ കഥ മുന്നോട്ട് വെയ്ക്കുന്നത്.
'ദ് മിസ്റ്ററി ഓഫ് മേരി റോഗറ്റിൽ' മേരി എന്ന യുവതിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന ഡ്യൂപിൻ, തെളിവുകൾ സൂക്ഷ്മമായി വിശകലനം ചെയ്ത് മേരിയെ അവളുടെ കാമുകനാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുന്നു. തുടർന്ന് അവളുടെ ശരീരം ഛിന്നഭിന്നമാക്കി സീൻ നദിയിൽ തള്ളിയെന്ന ഡ്യൂപ്പിന്റെ കണ്ടെത്തലോടെയാണ് കഥ അവസാനിക്കുന്നത്.
'ദ് പർലോയിൻഡ് ലെറ്ററി’ൽ, ഒരു ഉന്നത ഉദ്യോഗസ്ഥനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുന്ന കത്ത് മോഷ്ടിക്കപ്പെടുന്നു. കത്തിന് വേണ്ടി പോലീസ് എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുറ്റവാളിയെ കണ്ടെത്താൻ കത്ത് നിർണയകമാണെന്നതിനാൽ പൊലീസിനെ സഹായിക്കാൻ ഡ്യൂപിൻ വിളിപ്പിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ കത്ത് വീണ്ടെടുക്കുക മാത്രമല്ല മനുഷ്യ മനഃശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ അറിവ് ഉപയോഗിച്ച് പ്രതിയെയും അദ്ദേഹം പിടികൂടുന്നു. സാഹിത്യത്തിലെ ഡിറ്റക്ടീവ് യുക്തിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി ഡ്യൂപ്പിന്റെ ഈ കേസിന്റെ പരിഹാരം കണക്കാക്കപ്പെടുന്നു.
പോയുടെ ഡിറ്റക്ടീവ് കഥകൾ അവയുടെ പ്ലോട്ടുകൾക്കും മികച്ച പരിഹാരങ്ങൾക്കും മാത്രമല്ല, സങ്കീർണ്ണമായ കഥാപാത്രങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. സാഹിത്യത്തിലെ ഏറ്റവും മികച്ച ഡിറ്റക്ടീവുകളിൽ ഒരാളാണ് ഡ്യൂപിൻ, അദ്ദേഹത്തിന്റെ സാഹസികത തലമുറകളായി വായനക്കാർ ആസ്വദിക്കുന്നു. സസ്പെൻസും ഭയാശങ്കയും സൃഷ്ടിക്കുന്നതിൽ പോ ഒരു മാസ്റ്ററായിരുന്നു. സങ്കീർണ്ണമായ പ്ലോട്ടുകൾ, ഉജ്ജ്വലമായ പരിഹാരങ്ങൾ, ഇരുണ്ട അന്തരീക്ഷം എന്നിവയുടെ സംയോജനം പോയുടെ ഡിറ്റക്ടീവ് കഥകളെ ഡിറ്റക്ടീവ് ഫിക്‌ഷനിലെ ഏറ്റവും ആസ്വാദ്യമായ സൃഷ്ടികളാക്കി മാറ്റുന്നു