ADVERTISEMENT

നിങ്ങൾ ഇണയുമായുള്ള ആദ്യ ചുംബനം ഓർക്കുംനേരം ഞാൻ നിങ്ങളുടെ കൈകളെവിടെയായിരുന്നെന്ന് തിരയും. 

ആദ്യ സംഭോഗ സുഖം ഓർക്കുമ്പോൾ നിങ്ങളുടെ ശരീരമെവിടെയായിരുന്നെന്നും..? 

ഇനി വായിക്കൂ എന്നു പറഞ്ഞാണ് അജിജേഷ് പച്ചാട്ട് ‘തീർപ്പടിച്ചോല’ എന്ന കഥ തുടങ്ങുന്നത്. വിവാഹം കഴിഞ്ഞ് അധിക നാളുകൾ ആകുംമുമ്പ് തന്നെ ബന്ധം വേർപിരിയാൻ ആഗ്രഹിക്കുന്ന രണ്ടു കുടുംബങ്ങളുടെയും വധൂവരൻമാരുടെയും കഥയാണിത്. ബന്ധം തുടർന്നു കൊണ്ടുപോകാൻ ഇരുവരും ആഗ്രഹിക്കുന്നില്ല. എന്നാൽ, പെൺകുട്ടിയുടെ പിതാവ് കാരണം അറിയാൻ ആഗ്രഹിക്കുന്നു. വരന്റെയും കുടുംബത്തിന്റെയും ആരോപണങ്ങൾ മാത്രം പരിഗണിച്ച് തീരുമാനമെടുക്കുന്നത് അനീതിയാകുമെന്ന് അധ്യാപകൻ കൂടിയായ അദ്ദേഹം പറയുന്നു. ആരോപണം ഉന്നയിക്കുന്നവർക്ക് തെളിയിക്കാനും ബാധ്യതയുണ്ട്. ആരോപണ വിധേയരുടെ വിശദീകരണവും കേൾക്കേണ്ടതുണ്ട്.

സംശയത്തിന്റെ പുകമറ നീങ്ങിയാൽ നാളെ ഒരു പക്ഷേ രണ്ടുപേരും വീണ്ടും തമ്മിൽ കണ്ടാലും കാലുഷ്യമില്ലാതെ, വെറുപ്പും വിദ്വേഷവുമില്ലാതെ പിരിയാം എന്ന സാധ്യതയും അദ്ദേഹം പരിഗണിക്കുന്നു. വധുവിന്റെ പിതാവിന്റെ മുൻ വിദ്യാർഥി കൂടിയാണ് വരൻ. നന്നായി പഠിച്ച, മികച്ച ജോലിക്ക് എല്ലാ അർഹതയുമുള്ള മാതൃകാ വിദ്യാർഥി. എന്നാൽ അയാൾ തന്നെ മാഷിന്റെ മകളെക്കുറിച്ച് അപവാദം പറയുന്നു. സാധാരണ പരാതിയോ പരിഭവമോ അല്ല. അമിത കാമാസക്തിയാണെന്ന ഗുരുതര ആരോപണം. എന്നാൽ പെൺകുട്ടിക്ക് പറയാനുള്ളത് മറ്റൊരു കാരണമാണ്. ആദ്യരാത്രിയിൽ തന്നെ ബലമായി ചുംബിച്ചതും ബലാൽസംഗം ചെയ്യാൻ ശ്രമിച്ചതിന്റെയും ക്രൂരത. 

പെണ്ണിന്റെ കൈകൾ പിടിച്ചുവച്ച് അവൾക്ക് അനങ്ങാൻപോലും പറ്റാത്തവിധത്തിലല്ല ഉമ്മ വയ്ക്കേണ്ടത് എന്നാണവൾ പറയുന്നത്. അതിന് ആദ്യം ഉമ്മയെന്താണെന്നറിയണം എന്നു കൂടി അവൾ വ്യക്തമാക്കുന്നു. ആരോപണവും പ്രത്യാരോപണവും കൊഴുക്കുകയല്ല, എങ്ങനെയും ബന്ധം അവസാനിപ്പിച്ച് രംഗം വിടാൻ വരൻ ആഗ്രഹിക്കുന്നതോടെ യഥാർഥ കാരണം പുറത്തുവരുന്നു. അതിനെക്കുറിച്ച് നേരത്തേ പറഞ്ഞതാണെന്നും എന്നാൽ തമാശയായിട്ടു മാത്രമാണ് വരൻ ഉൾക്കൊണ്ടതെന്നും പെൺകുട്ടി വിശദീകരിക്കുന്നു. അതു കേൾക്കെ, മാഷ് കൂടിയായ അച്ഛൻ സ്വന്തം ജീവിതം വിചാരണ ചെയ്യുന്നു. കാമഭ്രാന്തെന്ന് തോന്നുന്ന സ്വഭാവമുള്ള ഭാര്യയ്ക്കൊപ്പം ഒരു ജീവിതകാലം സന്തോഷത്തോടെ ജീവിച്ചുവെന്ന സാക്ഷ്യവും. 

book-kaippalarahasyam-by-ajijesh-pachattu

പുതിയ കാലത്തിന്റെ പ്രമേയങ്ങളെ ധീരമായി കഥയിൽ ആവിഷ്കരിക്കുന്നു എന്നതാണ് അജിജേഷ് പച്ചാട്ട് എന്ന കഥാകാരനെ ശ്രദ്ധേയനാക്കുന്നത്. ചെറിയ അങ്ങാടി മാത്രമുള്ള ഗ്രാമക്കവലകളുടെ കഥകൾ അദ്ദേഹം ഒഴിവാക്കുന്നില്ല. ഗ്രാമത്തിലെ കേട്ടറിവുകളുടെയും തലമുറകളിലൂടെ പകരുന്ന ഐതിഹ്യ സമാന കഥകളെയും അവഗണിക്കുന്നുമില്ല. പ്രമേയത്തിലെന്നപോലെ ശൈലിയിലും പുതിയ കാലത്തോട് ചേർന്നുനിൽക്കാനുള്ള ബോധപൂർവമായ ശ്രമമുണ്ട് ഈ കഥകളിൽ.

എന്നാൽ, പ്രമേയവും ശൈലിയും പുതിയതായി എന്നതുകൊണ്ടു മാത്രം കഥകൾ നല്ല വായനക്കാരെ തൃപ്തിപ്പെടുത്തുകയില്ല. കഥാസാഹിത്യത്തിൽ ഭാവുകത്വ പരിണാമവും ഉണ്ടാകില്ല. ഒറ്റ വായനയ്ക്ക് തീർക്കാമെങ്കിലും മനസ്സിനെ പിടിച്ചുലയ്ക്കുന്ന അനുഭവങ്ങൾ ഈ സമാഹാരത്തിലില്ല. ഓർത്തിരിക്കുന്ന കഥാ സന്ദർഭങ്ങളും അദ്ഭുതപ്പെടുത്തുന്ന നിമിഷങ്ങളുമില്ല. 

സംഭവ ബഹുലമായ കഥകളാണെങ്കിലും മനസ്സിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല. പതിവു വഴികളിലൂടെ സഞ്ചരിക്കുന്ന കഥകൾക്ക് പ്രത്യേകിച്ചൊരു ആഘാതവും സൃഷ്ടിക്കാനുള്ള കരുത്തുമില്ല. 

കൈപ്പല രഹസ്യം 

അജിജേഷ് പച്ചാട്ട് 

നാഷനൽ ബുക്ക് സ്റ്റാൾ

വില 200 രൂപ 

English Summary:

Book Review of Kaippala Rashyam By Ajeesh Pachattu