'കുഞ്ഞ് ജനിച്ചിട്ട് പതിനാറ് ദിവസമായി, ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ തന്നെയാണ്...'
Mail This Article
എത്ര ലാഘവത്തോടെയാണ് ചുവരിലെ ഇളം നീല നിറത്തിലുള്ള ആ വലിയ ക്ലോക്കിന്‍റെ രണ്ടാം സൂചി അതിന്‍റെ യാത്ര തുടരുന്നത്. ശാന്തമായൊഴുകുന്ന പുഴയിലെ തെളിനീരു പോലെ തടസ്സങ്ങളേതുമില്ലാതെ, ആഴമറ്റ നിശബ്ദതയില്‍ അത് കറങ്ങിക്കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ പ്രാവശ്യം ഇതേ വാര്‍ഡില്‍ കിടന്നപ്പോള്‍ തടിയില്‍ തീര്‍ത്ത ഒരു പഴയ ക്ലോക്കായിരുന്നു. പകല്‍ സമയത്തെ കോലാഹലങ്ങള്‍ക്കിടയില്‍ ചെവിടോര്‍ത്താല്‍ മാത്രം മൂര്‍ദ്ധാവില്‍ പെരുമ്പറ മുഴക്കം സൃഷ്ടിച്ചിരുന്ന അതിന്‍റെ രണ്ടാം സൂചി രാത്രികാലങ്ങളില്‍ ചീവീടുകളുടെ കൂര്‍ത്ത ശബ്ദങ്ങള്‍ക്ക് അകമ്പടിയെന്നോണം ഭീകരത ജനിപ്പിച്ചിരുന്നു. അനേകവട്ടം തിരുമ്പിയുണക്കി നര കയറിയ നേരിയ വെളുത്ത ബോര്‍ഡറുള്ള കടുംപച്ച പുതപ്പിനടിയിലൂടെ സരിക അടിവയറ്റില്‍ കയ്യോടിച്ചു നോക്കി. ചെറിയൊരു തരിപ്പ് മാത്രം ബാക്കിയുണ്ട്. സുഷുമ്നനാഡിയുടെയറ്റത്ത് തലേന്നെടുത്ത കുത്തിവയ്പ്പിന്‍റെ കെട്ടിറങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതു നാലാം വട്ടമാണ് അടിവയറ്റില്‍ കീറികെട്ടി തുന്നലിട്ടിരിക്കുന്നത്. കൂട്ടിരിപ്പിനായി എത്തിയ ഭര്‍ത്താവിന്‍റെ അമ്മയെ രണ്ട് കട്ടിലിനപ്പുറം സുഖപ്രസവം കഴിഞ്ഞ ഇരുപതുകാരിയുടെ കിടക്കയ്ക്കരികില്‍ കണ്ടു. നേരത്തോട് നേരം കിട്ടിയാല്‍ അമ്മ ആ വാര്‍ഡാകെ റോന്തുചുറ്റുക പതിവാണ്. ആദ്യ ഗര്‍ഭം പേറി വരുന്നവരോട് മരുമകളുടെ നാലാം പേറിന്‍റെ വീരകഥ എടുത്തിടും. മുലയൂട്ടുന്ന അമ്മമാരോട് മാസം തികയാതെ പെറ്റ മരുമകളുടെ സമയദോഷത്തെക്കുറിച്ച് ആവലാതിയെടുക്കും. "പേറ് കയിഞ്ഞ പാടെ കുഞ്ഞീനെയോര് ഓളെ ഒരന്തി കാണിച്ചിരിക്കണ്. പൊക്ക്ക്കൊടി കഴ്ത്ത്മ്മേ ചുറ്റി ആകങ്ങട്ട് നീലിച്ചിട്ടേ... അതേ നേരത്തേ എട്ത്തൂ. എട്ട് തെകഞ്ഞിരിന്നില്ല്യേ." സിസേറിയന്‍ കഴിഞ്ഞ് കുഞ്ഞിനെ പുറത്തെടുത്തതെല്ലാം നേരില്‍ കണ്ടത് പോലെയാണ് അമ്മയുടെ വിവരണം.
അവള്‍ ചുറ്റും നോക്കി. തൊട്ടടുത്ത കട്ടിലില്‍ നിറവയറോടെ രണ്ട് സ്ത്രീകള്‍ പേറ്റുനോവിന്‍റെ ഊഴവും കാത്ത് ഇടതും വലതുമായി തിരിഞ്ഞു കിടക്കുന്നു. പ്രസവ വാര്‍ഡില്‍ സ്ഥലം തികയാതെ ഇങ്ങോട്ടു മാറ്റിയതാണ്. ഔദാര്യം പറ്റിയുള്ള ആ കിടപ്പ് അവരെ അലോസരപ്പെടുത്തുന്നതായി തോന്നി. പൊട്ടിപ്പൊളിഞ്ഞ ഈ സര്‍ക്കാരാശുപത്രിയില്‍ തന്നെയാണ് സരിക നാല് വട്ടവും പെറ്റത്. മൂത്തവളെ പ്രസവിച്ചെഴുന്നേറ്റ നേരം ആകെയുള്ള കക്കൂസിനു മുന്നിലെ തിക്കിലും തിരക്കിലും ആകെയുലഞ്ഞപ്പോള്‍ തല മൂത്ത മാലാഖ ശോശക്കുട്ടി സിസ്റ്റര്‍ ആശ്വസിപ്പിച്ചു. ആശുപത്രി വളപ്പിനപ്പുറം കാണുന്ന നഗരസഭയുടെ ഒന്നരയേക്കര്‍ സ്ഥലം പുതിയ ആശുപത്രി കെട്ടിടം പണിയാനായി അനുവദിച്ചിട്ടുണ്ട്. അടുത്ത വട്ടം സരികയ്ക്ക് അവിടെ പ്രസവിക്കാം. മൂത്തവള്‍ക്കിന്നു വയസ്സ് ഒന്‍പതായി. മൂന്നാമത്തവളെ പ്രസവിച്ചു കിടക്കുമ്പോള്‍ സിസ്റ്റര്‍ പെന്‍ഷന്‍ പറ്റിപ്പോയതായറിഞ്ഞു. പാതി പണിഞ്ഞു നിര്‍ത്തിയ കെട്ടിടം പിരിഞ്ഞു പോകാന്‍ നേരം സിസ്റ്ററെ നോക്കി പല്ലിളിച്ചു കാണിച്ചിരിക്കണം. ശരീരമനക്കാതെ തല മാത്രം അര്‍ദ്ധവൃത്താകൃതിയില്‍ ചെരിച്ച് തന്‍റെ കിടക്കയ്ക്കു പിന്നിലെ ജനാലയിലൂടെ സരിക പുറത്തേക്ക് നോക്കി. ഒന്നാം നിലയിലെ വാര്‍ഡില്‍ നിന്ന് ആശുപത്രി വളപ്പില്‍ നടക്കുന്നതറിയാന്‍ ചെവിടോര്‍ക്കുക മാത്രമേ നിവൃത്തിയുള്ളൂ. ആംബുലന്‍സിന്‍റെ സൈറണ്‍ കുറച്ചകലെ നിന്നേ കേട്ടിരുന്നു. ആക്സിഡന്‍റ് കേസാകണം. പരുക്കേറ്റ രോഗിയുടെ മൂളലുകളും കൂടെയുള്ളവരുടെ വാക്കുകളിലെ ധൃതിയും ശ്രദ്ധിച്ചപ്പോള്‍ സരിക മനസ്സില്‍ പറഞ്ഞു. സൈറണിന്‍റെ ഒച്ചയോടൊപ്പം അകമ്പടിയായെത്തുന്ന നിലവിളികളില്‍ നിന്നും രോഗിയുടെ നിലയെക്കുറിച്ച് ഒരേകദേശരൂപം വരച്ചെടുക്കാന്‍ അവള്‍ ശ്രമം നടത്താറുണ്ട്. സരികയുടെ ദൃഷ്ടി വീണ്ടും ക്ലോക്കിലെ സെക്കന്‍ഡ് സൂചിയില്‍ പതിഞ്ഞു.
ഇന്നലെ സന്ധ്യയ്ക്കാണ് മകന്‍ ജനിച്ചത്. ഒന്നേ കാണിച്ചുള്ളൂ. കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് ഒരു മാലാഖ പുറത്തേക്കോടി. ഒന്നും ചെയ്യാനില്ലാഞ്ഞതിനാല്‍ പാതിയടഞ്ഞു കൊണ്ടിരുന്ന കണ്ണുകള്‍ക്ക് അവള്‍ പൂര്‍ണ്ണ വിശ്രമമേകി തളര്‍ന്നുറങ്ങി. വാര്‍ഡില്‍ നിന്നും നിലവിളികള്‍ ഉയരുന്നതനുസരിച്ച് പ്രസവമുറിയില്‍ മനുഷ്യമുഖങ്ങള്‍ മാറി മാറി പ്രത്യക്ഷപ്പെട്ടു. സരികയെ രാവിലെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. മാറാകെ കല്ലിച്ചു തുടങ്ങിയിരുന്നു. ഒരു മാത്ര കണ്ട മകന്‍റെ മുഖം ഓര്‍ത്തെടുക്കാന്‍ അവള്‍ വെറുതെയൊരു ശ്രമം നടത്തി. പാതി പണിഞ്ഞ കെട്ടിടത്തില്‍ താൽക്കാലിക എന്‍ഐസിയുവില്‍ മകന്‍ സുരക്ഷിതനാണെന്ന് പറഞ്ഞത് രാവിലെ മരുന്നെടുത്തു തന്ന കുട്ടിമാലാഖയാണ്. "ചേച്ചിക്കിത് നാലാം വട്ടമല്ലേ സിസേറിയന്‍. ഡോക്ടറ് ചീത്ത വിളിക്കാതെയിരിക്കാന്‍ പ്രാര്‍ഥിക്കൂ." അടുപ്പിച്ചുള്ള കീറിമുറിക്കലുകള്‍ മാംസപേശികളിലുണ്ടാക്കുന്ന ബലക്ഷയം, മുറിവുകളുണങ്ങാനെടുക്കുന്ന കാലതാമസം, നട്ടെല്ലിലെ കുത്തിവയ്പ്പിന്‍റെ പരിണിതഫലമാകുന്ന നടുവേദന എന്നിങ്ങനെ അവള്‍ തലേ വര്‍ഷം നഴ്സിംഗിന് പഠിച്ചത് അതേപടി സരികയോട് വിവരിച്ചു. "ചേച്ചി പോകുന്നതിനു മുന്‍പ് പ്രസവം നിര്‍ത്താനുള്ള ഏര്‍പ്പാട് ചെയ്യൂ. വൈറ്റല്‍സ് നോക്കുമ്പോള്‍ ചേച്ചി ഒട്ടും ആരോഗ്യവതിയല്ല." മാലാഖമാര്‍ക്കു വേണ്ട ആര്‍ദ്രത അവളുടെ വാക്കുകളില്‍ നിഴലിച്ചിരുന്നു. നെഞ്ചിലെ ഭാരം കലശലായപ്പോള്‍ സരിക കണ്ണുകള്‍ ഇറുക്കിയടച്ചു. പകുതി മാത്രം അടച്ചിരുന്ന ദ്രവിച്ചു തീരാറായ കതകിന്‍റെ ഒരു പാളി തള്ളിത്തുറന്ന് സ്വതവേ ഗൗരവക്കാരിയായ കറുത്തുരുണ്ട മാലാഖ മുഖം ഒന്നു കൂടി വലിച്ചു മുറുക്കി ചീവീട് ചിലയ്ക്കുന്ന ശബ്ദത്തില്‍ കൂട്ടിരിപ്പിനു വന്ന സകല തള്ളാരേയും വാര്‍ഡില്‍ നിന്നോടിച്ചു. ഡോക്ടറ് റൗണ്ട്സിന് വരുന്നുണ്ട്. വാര്‍ഡില് പേഷ്യന്‍റ്സ് മാത്രമേ പാടുള്ളൂയെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്. ശുണ്ഠിയെടുക്കുമ്പോള്‍ അവരുടെ നാസികത്തുമ്പ് പതിവിലും ഉയര്‍ന്നു നിന്നു.
ജയലക്ഷ്മി ഡോക്ടറോടൊപ്പം വന്ന ജൂനിയര്‍ ഡോക്ടറ് പയ്യന്‍ അമ്മമാരുടെ ആധികളും വേവലാതികളും വളരെ ശ്രദ്ധയോടു കൂടി ചോദിച്ചു മനസ്സിലാക്കുന്നുണ്ട്. ഇടയ്ക്കെപ്പഴോ ജയലക്ഷ്മി ഡോക്ടര്‍ തന്‍റെ കട്ടിലിനു നേര്‍ക്ക് നോട്ടമെറിയുന്നത് കണ്ടു. ഡോക്ടറെ അഭിമുഖീകരിക്കേണ്ടി വരുന്ന ഈ നിമിഷം പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് അവള്‍ ആശുപത്രിയില്‍ ഇതു വരെ കഴിഞ്ഞത്. "ഇത്തവണ കൂടെയാരുമില്ലേ?" റിപ്പോര്‍ട്ട് ചാര്‍ട്ട് നോക്കുന്നതിനിടയില്‍ തന്നെ ഡോക്ടര്‍ ചോദ്യമെറിഞ്ഞു. "പൊറത്ത് ന്‍റെ ഭര്‍ത്താവിന്‍റെ അമ്മണ്ട്" കൂട് തുറന്നു കൊടുത്തിട്ടും പോകാന്‍ കൂട്ടാക്കാത്ത കിളികളെ പോലെ വാക്കുകള്‍ തൊണ്ടയില്‍ ചിക്കിച്ചിനച്ചു. "അവരോടൊന്ന് വരാന്‍ പറയൂ" ഡോക്ടര്‍ കൂടെയുള്ള മാലാഖയ്ക്ക് നിര്‍ദേശം നൽകിയതിനു ശേഷം അവള്‍ക്കു നേരെ തിരിഞ്ഞു. "മുപ്പത്തൊന്നു വയസ്സിനുള്ളില്‍ നാലാമത്തെ സി സെക്ഷന്‍. സരികയ്ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലാവായ്കയാണോ?" ശരീരത്തില്‍ തറഞ്ഞു നിന്ന അനേകം നോട്ടങ്ങളില്‍ അവള്‍ പിടഞ്ഞു."പ്രസവിക്കുന്നതിനല്ല, പ്രസവിക്കാനുള്ള ആരോഗ്യമാണാദ്യം വേണ്ടത്. അടുപ്പിച്ചുള്ള ഈ പ്രസവം യൂട്രസ്സിനു ബലക്ഷയമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വട്ടം അണുബാധയുണ്ടായത് മറന്നു പോയോ, ഇത്തവണയും അതുണ്ടാകാനുള്ള സാധ്യതയേറെയാണ്." നോട്ടങ്ങളെ അതിജീവിക്കാനാവാതെ അവള്‍ കണ്ണുകള്‍ താഴ്ത്തി. "ന്‍റെ കുഞ്ഞി..." നനുത്ത സ്വരം ഒരു നേര്‍ത്ത തേങ്ങലോടെ അവളുടെയുള്ളില്‍ നിന്ന് പുറത്തേക്ക് ചാടി.
"ഡോകിട്ടരേ..." വാക്കുകള്‍ മുഴുമിക്കുന്നതിനു മുന്‍പേ അമ്മയുടെ ശബ്ദം കേട്ടു. "നിങ്ങളുടെ മകനെവിടെ? എനിക്കയാളെയാണ് ആദ്യം കാണേണ്ടത്" "ഓനെപ്പളും വരലില്ല്യ. ഓന് കൂപ്പിലേ പണി. ഒഴിവില്ല്യേ." "അയാള്‍ക്ക് മകനെ കാണണ്ടേ? ഒഴിവുണ്ടാക്കി എന്നെ വന്നു കാണാനും പറയൂ" "ഓ! കുഞ്ഞീന്‍റെ കാര്യാണോ ഡോകിട്ടരേ?" "കുഞ്ഞിന്‍റെ മാത്രമല്ല അതിന്‍റെ തള്ളേടെ കാര്യവും കൂടി ഇടയ്ക്ക് കണക്കിലെടുക്കണം." ഡോക്ടറുടെ മുഖത്ത് കോപം പ്രകടമായി. "ഇവളുടെ പ്രസവം നിര്‍ത്തിക്കുന്നതിന്‍റെ പേപ്പറുകള്‍ ഒപ്പിടീക്കുന്നതിനായാണ് അയാളോട് വരാന്‍ പറഞ്ഞത്. അല്ലെങ്കില്‍ നിങ്ങളുടെ മകന്‍റെ കുഞ്ഞുങ്ങള്‍ അമ്മയില്ലാതെ വളരേണ്ടി വരുമെന്ന് പറഞ്ഞേക്കൂ." അമ്മയുടെ കണ്ണുകളില്‍ ദൈന്യത നിഴലിച്ചു. പതിയെ തലയുയര്‍ത്തിയപ്പോള്‍ ഡോക്ടറ് പയ്യന്‍ കുറെയേറെ നേരമായി തന്നെതന്നെ നോക്കിയിരിക്കുകയായിരുന്നുവെന്ന് സരികയ്ക്ക് തോന്നി. "സരികയ്ക്ക് പാല് വന്നു തുടങ്ങിയില്ലേ?" സ്ത്രൈണതയുള്ള നേരിയ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു. അവള്‍ തലയാട്ടുക മാത്രം ചെയ്തു. അയാള്‍ മൃദുലമായ കൈത്തലം കൊണ്ട് മാറിലമര്‍ത്തി. "കല്ലിച്ചിട്ടുണ്ട് മാഡം" അയാള്‍ ജയലക്ഷ്മി ഡോക്ടറോടായി പറഞ്ഞു. "മോന് പാല് കൊടുക്കണം. പാല് ശേഖരിക്കാനായി ഒരു ബ്രെസ്റ്റ് പമ്പും അന്‍പത് മില്ലി വീതം കൊള്ളുന്ന കുപ്പികളും തരാം. ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് പാലെടുക്കണം. എടുക്കേണ്ട വിധം നഴ്സ് കാണിച്ചുതരും. പിന്നീട് സരികയ്ക്കു തന്നെ എടുക്കാവുന്നതേയുള്ളൂ." അടുത്ത കട്ടിലിലേക്ക് ധൃതിയില്‍ നീങ്ങുന്നതിനിടെ നഴ്സുമാരെ ചിലത് ശട്ടംകെട്ടി ഡോക്ടറും പരിവാരങ്ങളും നടന്നകന്നു.
"ഓള്‍ടെ പറച്ചില് കേട്ടാ പെണ്ണ്ങ്ങളിന്നേ വരെ പെറ്റിട്ടില്ല്യാന്ന് നിരീക്ക്യും. ന്‍റെ പയിനഞ്ചിലാ വേലൂനെ ഞാമ്പെറണത്. നാൽപ്പത്തൊന്നില് പത്താമനായി ദിനേശനേം. ങ്ഹാ ന്നീപ്പോ അന്‍റെ പേറ് നിര്‍ത്തേ നിര്‍ത്താതിരിക്ക്യേ എന്താച്ചാ ആയിക്കള. ആണൊന്നിനെ തന്നല്ലോ ന്‍റെ ഭഗോതീ" അവര്‍ കിടക്കയുടെ ഓരത്തിരുന്ന് പിറുപിറുത്തുകൊണ്ട് കാല്‍മുട്ടുകള്‍ അമര്‍ത്തി തിരുമ്മാന്‍ തുടങ്ങി. അമ്മയുടെ കണ്ണുകളില്‍ നേരത്തെ പ്രതിഫലിച്ച ദൈന്യത മാറിനിന്നിരുന്നു. 'അഞ്ചാം ദിനം സ്റ്റിച്ചെടുത്താല്‍ പിറ്റേ ദിവസം ഡിസ്ചാര്‍ജ്.' മുന്‍പരിചയം കണക്കാക്കിയുള്ള ദിനേശന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് ഡോക്ടറാണ്. ആറാംനാള്‍ ഭാര്യയേയും അമ്മയേയും കൂട്ടിക്കൊണ്ടു പോവാനായാണയാള്‍ നേരത്തെ പറഞ്ഞുറപ്പിച്ച ലീവെടുത്ത് വന്നത്. കൂപ്പില് പിടിപ്പത് പണിയുണ്ട്. ആഴ്ച്ചയിലൊരിക്കലാണ് വീട്ടിലൊന്ന് പോയിവരുന്നത് തന്നെ. വീടെന്നൊന്നും പറയാനാവില്ല. പുറമ്പോക്കില്‍ ഒന്നര സെന്‍റില്‍ പൊളിഞ്ഞു വീഴാറായി നിൽക്കുന്ന, പഴയ ടാര്‍പ്പായ ഷീറ്റു കൊണ്ട് തല മറച്ച ഒരു ചെറിയ കൂര. ആഴ്ച്ചയിലൊരിക്കലുള്ള അയാളുടെ വരവിന്‍റെയന്നാണ് അവിടെയുള്ള അഞ്ചു വയറുകള്‍ മൂന്ന് നേരം അന്നം കാണുന്നത്. വയസ്സായി കണ്ണും കാതും തിരിയില്ലെങ്കിലും അമ്മ കൂടെയുള്ളത് ഒരാശ്വാസമാണ്. അത് കണ്ടറിഞ്ഞു തന്നെയാണ് സരികയ്ക്കും പറക്കമുറ്റാത്ത മൂന്ന് കിടാങ്ങള്‍ക്കും തുണയായി അമ്മ തന്‍റെയൊപ്പം വന്നു നിൽക്കാന്‍ തീരുമാനമെടുത്തതും. "ബ്ടള്ള വയറോള് നെറയാന്‍ ഓനെക്കൊണ്ട് ഒറ്റയ്ക്ക് കൂട്ട്യാ കൂടില്ല്യ. ഓളും പണിയ്ക്ക് പോട്ടെ. കുടീലെ കാര്യം ഇയ്ക്ക് നോക്കാന്ള്ളതേള്ള്വേ."
രണ്ടാമത്തെ മോളുണ്ടായതിനു പിറകേ അമ്മയത് പറഞ്ഞപ്പോളുണ്ടായ ആശ്വാസം ചെറുതല്ല. അകംപണിയും പുറംപണിയുമായി നാലഞ്ചു വീടുകളില്‍ നിന്നു കിട്ടിയിരുന്ന വരുമാനം സരിക ഉറുമ്പ് കൂട്ടിവയ്ക്കുന്നതുപോലെ തന്‍റെ തകരപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്നത് അടച്ചുറപ്പുള്ള ചോര്‍ന്നൊലിക്കാത്ത ഒരു കൂരയ്ക്ക് വേണ്ടിയായിരുന്നു. തുലാവര്‍ഷത്തിലെ മലവെള്ളപ്പാച്ചിലില്‍ മുച്ചോടും നക്കിയെടുത്ത് പ്രകൃതി താണ്ഡവമാടിയപ്പോള്‍ നാല് ജീവനുകള്‍ മാത്രമാണ് ആ ഒന്നര സെന്‍റില്‍ ശേഷിച്ചത്. ബ്ടള്ള നാല് പെണ്ണുങ്ങളും കൂടി എന്താച്ച്ട്ടാ? ആണൊരുത്തന്‍ ണ്ടായിരുന്നൂച്ചാ... നനഞ്ഞു കുതിര്‍ന്നു വിണ്ടുകീറിയ ഇറയത്തിരുന്ന് അമ്മ നെടുവീര്‍പ്പിട്ടു. "ആങ്കുട്ടിണ്ട്ച്ചാല് എല്ലാര്‍ക്കും അതൊരു തൊണയന്നയാണ്" കീറിയ പഴയ സാരി വലിച്ചു കെട്ടിയെടുത്ത മുറിയിലെ പുല്‍പ്പായയില്‍ തന്‍റെ ശരീരത്തിന്‍റെ ചൂട് നുകര്‍ന്ന് കിടക്കുമ്പോള്‍ സരിക ആത്മഗതമെന്നോണം പറഞ്ഞു. പിറ്റേ കൊല്ലം തുലാത്തില്‍ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് മൂന്നാമത്തവള്‍ പിറന്നു. മകളെ കൈയ്യില്‍ വച്ചു തന്നതിനു ശേഷമുള്ള ഡോക്ടറുടെ കത്തുന്ന നോട്ടം മനസ്സില്‍ നിന്ന് മാഞ്ഞിരുന്നില്ല. അവള്‍ക്കു വയ്യാതായിരിക്കുന്നു. വാര്‍ഡിലെ മറ്റ് അമ്മമാരെ അപേക്ഷിച്ച് സരിക ഏറെ ക്ഷീണിതയായിരുന്നു. പോഷകസമൃദ്ധമായ ഭക്ഷണം അവള്‍ കഴിക്കേണ്ടുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് ഡോക്ടര്‍ ക്ലാസ്സെടുത്തപ്പോള്‍ കുനിഞ്ഞ ശിരസ്സോടെയാണ് കേട്ടിരുന്നത്. ഭാര്യയ്ക്ക് മൂന്ന് നേരം വയറു നിറച്ച് ആഹാരം കൊടുക്കാന്‍ ത്രാണിയില്ലാത്ത ഭര്‍ത്താവാണ് താനെന്ന് പറയാന്‍ ലജ്ജ തോന്നി.
"ചെലവ് കൂടാ... വയ്ക്കുംച്ചിട്ടല്ല, ന്നാലും ആങ്കുട്ടി വേണച്ചാ നോക്കന്നെ." താനതു പറയുമ്പോള്‍ അവള്‍ മൗനിയായിരുന്നു. കലശലായ കുറ്റബോധത്തോടെ തന്നെയാണ് നാലാം വട്ടം സരികയെ ആശുപത്രിയിലാക്കിയത്. അത്താഴം കഴിഞ്ഞ് പിന്നാമ്പുറത്തിരുന്ന് പാത്രം തേച്ചുകഴുകുമ്പോള്‍ തന്‍റെ തൊട്ടു പിന്നിലായാണ് അവള്‍ തല ചുറ്റി വീണത്. കാലിടുക്കിലൂടെ കുതിച്ചു ചാടിയ രക്തം മണ്ണിലും തന്‍റെ ദേഹത്തുമായി തെറിച്ചു കിടന്നു. അവളേയും കുട്ടികളേയും ആ രാത്രി ആശുപത്രിയില്‍ അമ്മയെ ഏൽപ്പിച്ച് നാല് കാശിനായി കൂപ്പിലേക്കോടിയതാണ്. മോനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനിയും നാളുകളെടുക്കുമെന്നറിഞ്ഞു. വായിലൂടെ ചെറിയ ട്യൂബ് കയറ്റിയുള്ള അവന്‍റെ കിടപ്പ് സഹിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ താന്‍ എത്തിയ വിവരമറിഞ്ഞ് ഡോക്ടറ് വിളിപ്പിക്കുകയാണുണ്ടായത്. പ്രസവം നിര്‍ത്തണമത്രേ. മോനൊരുത്തനെ വളര്‍ത്തി വലുതാക്കണം. ചെലവുകളേറെയുണ്ടാവും. വയസ്സാംകാലത്ത് അവനേ ഉപകരിക്കൂ. ഡോക്ടര്‍ കാണിച്ചു കൊടുത്ത പേപ്പറുകളില്‍ ദിനേശന്‍ നല്ല മനസ്സോടെ തന്നെ ഒപ്പിട്ടു കൊടുത്തു. കുട്ടിയില്ലാതെ തള്ള മാത്രം തിരിച്ചെത്തിയതിന്‍റെ ചോദ്യശരങ്ങള്‍ അയല്‍ക്കാരില്‍ നിന്നുമുയര്‍ന്നതിനെ നേരിടാന്‍ അമ്മയുണ്ടായിരുന്നു. "തേച്ചുകുളിക്കാന്‍ മാത്രൊന്നൂല്ല്യ. ഓള്‍ക്ക്ത്പ്പോ ശീലായീലോ. ആസ്പത്രീലിനീം ചെലവ്ണ്ടേ." വേലിക്കിപ്പുറം നിന്ന് അമ്മ വഴിയില്‍ നിന്നവരാരോടോ പറയുന്നത് കേട്ടുകൊണ്ട് സരിക വിരലില്‍ കണക്കു കൂട്ടി.
ഇന്നേക്ക് ദിവസം പതിനാറായി. മകന് ന്യൂമോണിയ കലശലായിട്ട് കുറച്ചു ദിവസമായി. രണ്ടു നേരവും വിളക്ക് വച്ച് അവള്‍ ഭഗവതിയോട് പ്രാർഥിക്കുന്നുണ്ട്. കത്തിക്കൊണ്ടിരുന്ന ചെറിയ വിളക്കിലേക്ക് എണ്ണ രണ്ടു തുള്ളി കൂടിയൊഴിച്ചു കൊടുത്ത് അവള്‍ തിരി നീട്ടി വച്ചു. രാവിലത്തെ പണിയൊഴിച്ച് കുട്ടികള്‍ക്കും അമ്മയ്ക്കുമുള്ള ആഹാരവും തയാറാക്കി കുളിയും ജപവും കഴിഞ്ഞിരിക്കുന്നു. ഇനി പ്രാതല്‍ കഴിക്കാനുള്ള നേരമുണ്ടാവാന്‍ തരമില്ല. ആശുപത്രിയില്‍ പാലെത്തിക്കേണ്ടതുണ്ട്. വിളക്കില്‍ എണ്ണ പാര്‍ന്നെഴുന്നേറ്റപ്പോള്‍ പെറ്റ വയറിന്‍റെ നോവ് അവള്‍ ശരിക്കറിഞ്ഞു. വേദനയുള്ള കാര്യം ഡോക്ടറോട് മിണ്ടിയിട്ടില്ല. അതിനുള്ള ചീത്ത കൂടി കേള്‍ക്കാന്‍ വയ്യ. ദിവസവും രണ്ടും മൂന്നും മണിക്കൂര്‍ ഇടവിട്ട് പാല് പിഴിഞ്ഞ് ആശുപത്രിയില്‍ അവള്‍ തന്നെയാണ് എത്തിക്കുന്നത്. മിക്കവാറും ദിവസങ്ങളില്‍ അവിടെ തന്നെ ഇരിപ്പാണ്. സന്ധ്യക്കേ തിരിച്ചു വരലുള്ളൂ. ചില്ലുവാതിലിലൂടെ മകന്‍റെ മുഖം കാണുന്നത് മാത്രമാണ് ഒരാശ്വാസം. മൂന്നാമത്തവള്‍ക്ക് മുലകുടി മാറാത്ത പ്രായം തന്നെയാണ്. അമ്മയുടെ നിര്‍ദേശപ്രകാരം ചെന്നിനായകം മുലഞെട്ടില്‍ തേച്ചാണ് ഒരു വിധത്തില്‍ അവളുടെ കുടി നിര്‍ത്തിച്ചത്. വായില്‍ കടന്നു കൂടിയ കയ്പ്പില്‍ അവള്‍ മുഖം വെട്ടിച്ചു കരഞ്ഞു തളര്‍ന്നപ്പോഴൊക്കെ അമ്മ വന്നെടുത്തു കൊണ്ടു പോയി. "ആ പാലിനി നെനക്ക്ള്ളതല്ലാ ഓന്ള്ളതാട്ട്വോ." നിറഞ്ഞ പീലിയില്‍ നിന്നു വീഴാന്‍ കൂട്ടാക്കാത്ത കണ്ണുനീര്‍തുള്ളികള്‍ക്കിടയിലൂടെ അവള്‍ അച്ഛമ്മയെ നോക്കും. കുഞ്ഞനിയനായി കുപ്പിയില്‍ പിഴിഞ്ഞെടുത്ത പാലിലേക്ക് അവള്‍ നനവൂറുന്ന ചുണ്ടുകളോടെ നോക്കുന്നത് പലപ്പോഴും കണ്ടില്ലെന്നു വയ്ക്കാറാണ് പതിവ്.
സരിക ധൃതിയില്‍ സാരി മാറിത്തുടങ്ങി. അലമാരയിലെ കണ്ണാടിയില്‍ പതിഞ്ഞ തന്‍റെ പ്രതിബിംബത്തില്‍ സരിക അലസതയോടെ ഒന്നു നോക്കി. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്‍റെ രൂപമാകെ മാറിയിരിക്കുന്നു. ചെറുതായി വീര്‍ത്ത വയറില്‍ അവള്‍ കയ്യോടിച്ചു. ചുളിവുകളും പാടുകളും തുന്നികെട്ടലുകളുമായി നായ്ക്കള്‍ കടിച്ചു പറിച്ചതു പോലെയാണ് അടിവയറിരിക്കുന്നത്. "ങ്ഹാ, ദുരിതം കുറച്ചനുഭവിച്ചെങ്കിലും നീയൊരു ആങ്കുട്ടിയെ തന്നല്ലൊ. ന്‍റെ കുഞ്ഞിക്കൊരാപത്തും ണ്ടാക്കല്ലേ ന്‍റെ ഭഗോതീ" അവളില്‍ നിന്നുമൊരു നെടുവീര്‍പ്പുയര്‍ന്നു. ഈര്‍പ്പം തങ്ങി പൊട്ടിപ്പൊളിഞ്ഞ ഭിത്തിയില്‍ തൂങ്ങിനിന്ന നിറം മങ്ങിയ ക്ലോക്കിലേക്ക് അവള്‍ ആവലാതിയോടെ കണ്ണുകള്‍ പായിച്ചു. ആശുപത്രില്‍ ചെല്ലേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അളുക്കിലിട്ടു വച്ചിരുന്ന ഏതാനും നാണയത്തുട്ടുകള്‍ പഴ്സിലാക്കി അവള്‍ മേശപ്പുറത്തിരുന്ന പാല്‍കുപ്പികളിലൊന്ന് കൈയ്യിലെടുത്തു. കൈപ്പിടിയിലൊതുങ്ങാന്‍ കൂട്ടാക്കാതെ ഊര്‍ന്നിറങ്ങിയ കുപ്പി അടുത്ത നിമിഷം നിലത്തുവീണു ചിതറിത്തെറിച്ചു. കൈവെള്ളയ്ക്കുള്ളില്‍ ബാക്കിയായ മുറുകാതിരുന്ന അടപ്പിലേക്ക് അവള്‍ അവിശ്വസനീയതയോടെ നോക്കി. നിലവിളിക്കാന്‍ തുടങ്ങിയ റബ്ബര്‍ ബാന്‍ഡിട്ടു കെട്ടി ഭദ്രമാക്കിയ പഴയ മൊബൈല്‍ ഫോണിലെ സ്ക്രീനില്‍ ആശുപത്രിയിലെ നമ്പര്‍ തെളിഞ്ഞതോടൊപ്പം അവള്‍ തിരി മങ്ങി കെട്ടുപോയ വിളക്കിന്‍റെ പ്രതിബിംബം കണ്ണാടിയില്‍ കണ്ടു.