ADVERTISEMENT

പ്രിയ സുഹൃത്തേ, 

'അച്ഛനും മക്കളും' എന്ന ആന്തോളജിയുടെ ആമുഖത്തിൽ ആൽബർട്ടോ മാംഗ്വൽ എഴുതുന്നു: എന്റെ ജീവിതത്തിലെ ആനന്ദത്തിന്റെ ഏറ്റവും മനോഹരമായ നിമിഷമെന്നാൽ അതെന്റെ മകൻ ജനിച്ച സമയമാണ്. ഒരിക്കൽ പാരീസിൽ വെച്ച്, അവന്റെ  ജനനത്തിന് പതിമൂന്ന് വർഷങ്ങൾക്കുശേഷം ഒരു പിതാവിന്റെ ചില ആകുലതകൾ പങ്കിടുമ്പോൾ ഞാൻ റിച്ചാർഡ് ഫോർഡിനോട് ചോദിച്ചു 'ഒരച്ഛന് മകനുവേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം എന്താണ്?' ഫോർഡ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു 'മരിക്കുക'.

എസ്.ഗോപാലകൃഷ്ണൻ
എസ്.ഗോപാലകൃഷ്ണൻ

റിച്ചാർഡ് ഫോർഡിന്റെ ഈ ഉത്തരം നമ്മളെ തീർച്ചയായും അത്ഭുതപ്പെടുത്തിയെക്കാം. അച്ഛന്മാർ കേരളീയസമൂഹത്തിൽ എങ്ങനെയാണ് അവരുടെ സ്വഭാവം നാട്ടിയതെന്ന് അറിയാമല്ലോ. പിതൃകേന്ദ്രീകൃതമായ ആ അധികാരത്തിനു കീഴിൽ സ്ത്രീകൾ അടിമകളാവുകയും മക്കൾ ഭയഭക്തിയോടെ ജീവിക്കേണ്ട ചെറു അടിമകളാവുകയും ചെയ്തു. ഇതിൽ യയാതിയുടെ യൗവ്വന ആർത്തി മുതൽ പെരുംതച്ചന്റെ അസൂയ വരെ കലർന്നു കിടക്കുന്നു.അച്ഛൻ മകൻ ദ്വന്ദ്വം എല്ലാക്കാലത്തേയും അപരിഹാര്യമായ ഒരു പ്രശ്നം തന്നെയാണ്. മകൻ അച്ഛന്റെ വേഷം അണിയുവോളം ആ വൈരുദ്ധ്യം നിലനിൽക്കുന്നു. ചേർച്ചയില്ലായ്മയിൽ തുടങ്ങുകയും ഒടുവിൽ അച്ഛന്റെ പിൻമടക്കത്തോടെ പിതൃരൂപത്തിലെ ചേർച്ചയിൽ മകൻ അച്ഛനായി പകർന്നാടാൻ തുടങ്ങുകയും ചെയ്യുന്നു.

നിരഞ്ജൻ ആർ.ഭാരതി
നിരഞ്ജൻ ആർ.ഭാരതി

ഇതാണ് നാളിതുവരേയും കേരളീയ സമൂഹത്തിൽ പൊതുവായി കണ്ടുവന്നിരുന്ന അച്ഛൻ മകൻ ബന്ധം. അച്ഛൻ മുന്നിൽ നടക്കുകയും മറ്റുള്ളവർ പിന്നാലെ വരികയും ചെയ്യുന്ന ആ കാഴ്ച മെല്ലെ മായുകയാണോ? അതോ അച്ഛന്റെ ഇഷ്ടത്തെ വകവെയ്ക്കാതെ പിന്നിൽ നിന്നിരുന്ന മകൻ നടന്നെത്തി കൂടെ നടക്കുകയാണോ? ഇങ്ങനെയൊരു സംശയത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോവുന്നു എസ്.ഗോപാലകൃഷ്ണൻ ആശയം നിർവ്വഹിച്ച് നിരഞ്ജൻ ആർ.ഭാരതി ചിത്രീകരണം നടത്തിയ ഗ്രാഫിക് കഥകൾ 'വിചിത്രസൂത്രം' (മാതൃഭൂമി ബുക്സ്). 

ഇതൊരു അച്ഛൻ മകൻ നടത്തമാണ്. ഒന്നിച്ചുള്ള നടത്തത്തിനിടയിൽ അവർ നടത്തുന്ന സംഭാഷണമാണ് കഥയെന്ന് വിളിക്കാമെങ്കിൽ ഈ ഗ്രാഫിക് കഥയുടെ ജീവനാഡി.സംഭാഷണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ നടത്തം എങ്ങനെയായിരിക്കും? അതൊരു മറ്റ് കഥയാകുമായിരുന്നോ? തീർച്ചയായും അത് മറ്റൊരു കഥയാകും. സംഭാഷണങ്ങളുടെ ചിലനേരത്തെ ഘനം കാഴ്ചകളുടെ നിശ്ശബ്ദതയെ മുറിവേൽപ്പിക്കുന്നുണ്ട്. കാതുകളടച്ച് ലോകത്തെ കാണുംപോലെ സംഭാഷണങ്ങൾ എല്ലാം ഒഴിവാക്കി ഇതിലെ അച്ഛൻ മകൻ നടത്തത്തെ ഒന്നു നോക്കൂ മറ്റൊരു ദൃശ്യലോകം വെളിപ്പെടും.

vichithrasoothram

ഇവിടെയാണ് അച്ഛൻ മകനിൽ നിന്നും വേറിടുന്നത്. അച്ഛൻ അനലോഗ് കാലത്ത് ജനിക്കുകയും ഡിജിറ്റലിലേക്ക് പരിണമിക്കുകയും ചെയ്ത തലമുറയുടെ പ്രതിനിധിയാണ്. മകനോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടുകാരൻ. അടിമുടി ഡിജിറ്റൽ കോശത്താൽ രൂപപ്പെട്ട മസ്തിഷ്ക്കക്കാരനും. വാക്കുകളേക്കാൾ അവനിൽ വഴങ്ങുക ദൃശ്യമാണ്. ഇമേജുകളാണ് അവന്റെ ആഹാരം. നടത്തത്തിൽ അച്ഛന്റെ റട്ടറിക്കുകളോടുള്ള അവന്റെ മറുപടികൾ പലപ്പോഴും ഒറ്റ വരിയിൽ ആണ്. ചില നേരങ്ങളിൽ അവൻ അച്ഛനെ അനുകരിക്കുന്നുമുണ്ട്. മുതിർന്നവരുടെ ചെരിപ്പുകൾ ഇട്ട് നടക്കാനുള്ള, കരികൊണ്ട് മുഖത്ത് മീശ എഴുതുന്ന കൗതുകം പോലൊന്നാണത്. എങ്കിലും തന്റെ ചെറുപ്പത്തിന്റെ (കാലത്തിന്റെ) നിഷേധങ്ങളെ വിട്ടുകളയുന്നുമില്ല. 

book-bum-feb-one

കെ റയിൽ ചർച്ചയായിരുന്ന കാലത്താണ് 'വിചിത്രസൂത്രം' മലയാളം വാരികയിൽ തുടങ്ങുന്നത്. വേഗത്തെക്കുറിച്ച് നടന്നുകൊണ്ട് സംസാരിക്കുന്ന രണ്ടുപേർ! അതും ഒരു അച്ഛനും മകനും. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോക'വുമാണ് മലയാളത്തിലെ പല ഗ്രാഫിക് നോവലുകളും മാതൃകയായി സ്വീകരിച്ചിട്ടുള്ളത്. പലരിലും അരവിന്ദൻ ഛായ വീണുകിടക്കുന്നുമുണ്ട്. മലയാളത്തിൽ എന്തുകൊണ്ടോ ഗ്രാഫിക് നോവലുകൾ ഇന്നും വേണ്ടത്ര പ്രചരിച്ചിട്ടില്ല. ബോബനും മോളിയുമാണ് ജനപ്രിയമായ കാർട്ടൂൺ പരമ്പര.

ബുദ്ധിജീവികൾ അതിനെ ഒരു ഗ്രാഫിക് കഥാപരമ്പരയായി അംഗീകരിക്കുന്നുണ്ടോ എന്ന് അറിയില്ല.എന്തു തന്നെയായാലും അമ്മട്ടിലുള്ള ഗ്രാഫിക് കഥകളുടെ സ്വഭാവത്തിന് നേർ വിപരീതമാണ് 'വിചിത്രസൂത്രം'. തത്വചിന്താപരമായ സംസാരമാണ് ഈ കഥകളിലുടനീളം ഉള്ളത്.ഇങ്ങനെ ഒരച്ഛൻ മകൻ സംഭാഷണമോ? ആദിമധ്യാന്തങ്ങൾ ഇല്ലാത്ത കഥകളോ? ഇതെല്ലാം ഇത് വായിച്ചു തോന്നാവുന്ന സ്വാഭാവിക സംശയങ്ങൾ മാത്രമാണ്.എന്തുകൊണ്ട് ഇങ്ങനെ സംസാരിച്ചുകൂടാ? ആദിമധ്യാന്തങ്ങൾ വേണമെന്ന് എന്ത് നിർബന്ധം? അതുകൊണ്ടുതന്നെ ഈ കഥാപരമ്പരയ്ക്ക് 'വിചിത്രസൂത്ര'മെന്ന പേര് അന്വർത്ഥമാവുകയും ചെയ്യുന്നു.

book-bum-feb-three

നിരഞ്ജൻ ആർ.ഭാരതിയെന്ന ചെറുപ്പക്കാരൻ ഗോപാലകൃഷ്ണന്റെ ആശയങ്ങളെ എങ്ങനെ ചിത്രീകരിക്കുന്നു എന്നതാണ് മറ്റെന്തിനേക്കാളും സവിശേഷമായ കാര്യം. സിനിമയിൽ ലെൻസിംഗ് എന്നത് ഏറെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അതുപോലെയാണ് ഗ്രാഫിക് നോവലുകളിലും. ഒരു ലെൻസ് മാറിപ്പോയിൽ ആ സന്ദർഭത്തിന്റെ ഇമോഷൻ തകിടം മറിഞ്ഞുപോകും.ഇതിൽ നിരഞ്ജൻ അതിസൂക്ഷ്മമായാണ് ഓരോ പാനലിലും ദൃശ്യങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. ഷോപ്പനവർ രാത്രിയിൽ ഗാന്ധിയെ കാണുന്ന സന്ദർഭത്തിലെ ലോആങ്കിൾ,നീത്ചേ വരുമ്പോൾ കറുപ്പും (ഇരുട്ട്) വസ്ത്രത്തിലെ ചുവപ്പും ഓർമയിലെ ക്രിസ്തുമസ് ജനലിനു പുറത്തു നിന്ന് ക്ലോസപ്പിൽ വീടിനുള്ളിലേക്ക് (ഭൂതകാലത്തിലേക്ക്) നോക്കുന്ന അച്ഛനും മകനും, ഇവിടെ വീടിനുള്ളിലെ നിറം അതിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത് ഒരു ആർച്ചീസ് ക്രിസ്തുമസ് കാർഡ് സ്വഭാവത്തിലും! ഒരേസമയം സംവിധായകനും ക്യാമറാമാനും കോസ്റ്റ്യൂം ഡിസൈനറുമായി നിരഞ്ജൻ മാറുന്നു. അഗംബൻ എന്ന തത്വചിന്തകനോട് മകൻ സംസാരിക്കുന്ന ഒരു സന്ദർഭമുണ്ട്.ഒരു കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് രണ്ടുപേരും നിൽക്കുന്നത്. എന്നാൽ മുന്നിലെ കാഴ്ച രണ്ടായി പകുത്തിരിക്കുന്നു. ഇരുവരും അവരവരുടെ രാജ്യത്താണ് നിൽക്കുന്നത്! ഇങ്ങനെ ഒരേ സമയം വർത്തമാനത്തിൽ (രണ്ടർത്ഥത്തിലും) നിൽക്കുകയും അതേസമയം മറ്റൊരു രാജ്യത്താവുകയും ചെയ്യുന്ന വിചിത്ര സൂത്രങ്ങൾ ഈ ഗ്രാഫിക് കഥകളിൽ പലയിടങ്ങളിൽ സമർത്ഥമായി നിരഞ്ജൻ പരീക്ഷിച്ചിട്ടുണ്ട്.

book-bum-feb-two

കോട്ടയം ഭാഗത്ത് വാശിപിടിച്ച് കരയുന്ന കുട്ടികളെക്കുറിച്ച് അമ്മമാർ പറയാറുണ്ട് ഇവൻ വെല്യ സിദ്ധാന്തക്കാരൻ ആണെന്ന്. എങ്ങനെ ആ പ്രയോഗം ഉണ്ടായി എന്നറിയില്ല.ഇതിലെ അച്ഛൻ അങ്ങനെയൊരു സിദ്ധാന്തക്കാരൻ ആണ്. അയാളിലെ സംശയാലു ഇടയ്ക്ക് തന്റെയുള്ളിലെ യഥാർത്ഥ അച്ഛനായി മാറിക്കൊണ്ട് സങ്കടപ്പെടുന്നുണ്ട്, എനിക്ക് നിന്നെ ഇതുവരെ മനസിലായിട്ടില്ലല്ലോ എന്ന്. ഗൗരവ സംഭാഷണങ്ങൾക്കിടയിലൂടെ നമുക്ക് മനസിലാവും ഈ അച്ഛനിലെ ആ ശരിയായ മലയാളി പുരുഷനെ. ഇതിൽ അച്ഛനും മകനുമിടയിൽ മൂന്നാമത്തെ വ്യക്തി രണ്ട് തവണ മാത്രമാണ് വരുന്നത്. വരുമ്പോഴാവട്ടെ ആ സ്ത്രീയുടെ ക്രൂരമായ പരിഹാസം തത്വചിന്തകളാൽ 'ഉദ്ധരി'ക്കപ്പെടുന്ന പുരുഷനോട് യാതൊരു മറയുമില്ലാതെ പ്രകടിപ്പിക്കുന്നുമുണ്ട്. അവർ പറയുന്നു: നിന്റെ അച്ഛന് വിതുമ്പലൊക്കെ വരുമെന്നറിഞ്ഞതാണ് എനിക്ക് ഈ വർഷത്തെ ഏറ്റവും പ്രധാനകാര്യം!

book-bum-feb-five

ബോദ്ലേർ ആത്മഹത്യ ചെയ്തു എന്ന് മകൻ പറയുന്നുണ്ട്. അതവൻ പറഞ്ഞ തെറ്റുകളിലൊന്നാണ്. ബോദ്‌ലേർ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മരിച്ചില്ല. അവന്റെ പ്രായത്തിൽ തെറ്റുകൾ വരുന്നത് തെറ്റല്ല.ഇനിയഥവാ വന്നാലോ? അതും മനുഷ്യസഹജം.

നിന്നെ മൃത്യുവിന് കൊടുക്കാൻ പോകുന്നു എന്നുകേട്ട് മൃത്യുവിനെ തേടിപ്പുറപ്പെട്ടവനാണ് നചികേതസ്. ദേഹത്തിൽ ആത്മാവുണ്ടോ? അത് ദേഹത്തിൽ നിന്ന് ഭിന്നമാണോ? മരണാനന്തരവും ആത്മാവുണ്ടായിരിക്കുമോ?ദേഹം നശിക്കുന്നതോടെ ആത്മാവും നശിക്കുമോ?നശിക്കുന്നില്ലെങ്കിൽ? ഈ ചോദ്യങ്ങളാണ് കാലരൂപിയായ യമനോട് നചികേതസ് ചോദിക്കുന്നത്. അതിനാൽ ഈ വിചിത്രസൂത്രത്തിലെ അച്ഛൻ മകൻ സംവാദത്തിന് ഇങ്ങനെയൊരു പശ്ചാത്തലവും കൂടി ഓർത്താൽ, മൃത്യുവിനോട് ചോദ്യങ്ങൾ ചോദിച്ച ഒരു കുട്ടിയെ കാണാം. വിചിത്രസൂത്രങ്ങളുടെ മഹാപരമ്പര ലോകത്തുണ്ട്. അത് പരസ്പര ബന്ധമില്ലാത്ത ചോദ്യങ്ങളാവാം. എല്ലാത്തിനും ഉത്തരം കിട്ടണമെന്ന വാശിയില്ലാതെ, ആദിമധ്യാന്തപ്പൊരുത്തമില്ലാതെ കൽപ്പിതകഥകളെ കാണാൻ കഴിഞ്ഞാൽ ജീവിതമെന്ന സൂത്രം എത്ര സുന്ദരമായിരിക്കും.

സ്നേഹപൂർവ്വം 

UiR

English Summary:

Bookbum column written by Unni R Vichithrasoothram Graphic stories