എംടിയുടെ കഥേതരസാഹിത്യം വായിക്കുമ്പോൾ
Mail This Article
എം.ടി.വാസുദേവൻ നായരുടെ കഥാസാഹിത്യത്തെപ്പോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് അദ്ദേഹത്തിന്റെ കഥേതരസാഹിത്യവും. അദ്ദേഹം എഴുതിയ ആമുഖങ്ങളാകട്ടെ, അവതാരികകളാകട്ടെ, പ്രഭാഷണങ്ങളാകട്ടെ, ‘കിളിവാതിലിലൂടെ’ എന്ന പംക്തിയിലെഴുതിയ ലേഖനങ്ങളാകട്ടെ, പൊതുലേഖനങ്ങളാകട്ടെ, ഇവയിലെല്ലാം എംടിയുടെ സ്പർശമുണ്ട്. മാത്രമല്ല, മലയാളഗദ്യം അതിന്റെ ഏറ്റവും സൗന്ദര്യാത്മകമായ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരിടം കൂടിയായി മാറുന്നു ആ ലേഖനങ്ങൾ. അതുകൊണ്ടുതന്നെ എംടിയുടെ കഥേതര സാഹിത്യത്തിന് കഥാസാഹിത്യം പോലെ തന്നെ പ്രാധാന്യമുണ്ട്.
1950 കൾക്കു ശേഷം മലയാള ചെറുകഥയിലും നോവലിലും വികസിച്ചു വന്ന സവിശേഷമായ മിനിമലിസ്റ്റ് ശൈലിയുണ്ട്. എംടിയും ടി.പത്മനാഭനും ഉൾപ്പെടെയുള്ളവരായിരുന്നു അതിന്റെ പതാകാവാഹകർ. എംടി അതിൽ കൊണ്ടുവന്ന ഏറ്റവും വലിയ സവിശേഷത അനാവശ്യമായ പരപ്പും വിവരണാത്മകതയും അലങ്കാരങ്ങളും ഒഴിവാക്കി, വെട്ടിയൊരുക്കിയ വാക്യങ്ങൾ മാത്രം എഴുതുക എന്നതാണ്. പത്തു വാക്കുകൾ പറയേണ്ടിടത്ത് നാലു വാക്കുകൾ മാത്രം പറയുക. അതിലൂടെ ആശയവിനിമയം സുഖകരമാക്കുക, വായനക്കാരന്റെ മനസ്സിൽ ആഞ്ഞുപതിക്കുന്ന ഹൃദ്യമായ ചിത്രങ്ങൾ നിർമിക്കുക. ഈ സവിശേഷ ഗദ്യശൈലിയാണ് എംടി ജീവിതത്തിലുടനീളവും പിന്തുടർന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ കഥേതര സാഹിത്യത്തിൽ, അതായത് ലേഖനങ്ങളിൽ മുഴുവൻ ബിംബാത്മക ശൈലി നമുക്കു കാണാനാകും. അവ വായനക്കാരുടെ ഹൃദയവുമായി നേരിട്ട് സംസാരിക്കുന്നു.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണൻ മലയാളത്തിൽ പ്രസിദ്ധീകരിച്ച കാലത്ത്, അതുണ്ടാക്കിയ ചലനത്തെക്കുറിച്ച് ഒരു ലേഖനം എം.ടി. വാസുദേവൻനായർ എഴുതിയിട്ടുണ്ട്. രമണീയം ഒരു കാലം എന്നാണ് ആ ലേഖനത്തിന്റേയും അതുൾപ്പെടുന്ന പുസ്തകത്തിന്റെയും പേര്. അതിൽ എംടി പറയുന്നുണ്ട്, ‘എന്റെ മലയാളഭാഷയ്ക്ക് ഇത്ര രമണീയകത്വം ഉണ്ടോ, അതിനു നൃത്തം ചെയ്യാൻ കഴിയുമോ, എന്നെല്ലാം തെളിഞ്ഞത് ചങ്ങമ്പുഴയുടെ കാവ്യഭാഷ വന്നപ്പോഴാണ്’ എന്ന്. അത് എംടിയുടെ കാര്യത്തിലും വളരെ ശരിയാണ്. എംടിയുടെ ഗദ്യം വായിക്കുമ്പോൾ രമണീയമായ ഒരു കാലത്തെ, രമണീയമായ മലയാളത്തെ നാം കണ്ടുമുട്ടുന്നു. നമ്മുടെ മലയാളം ഇത്രമേൽ സുന്ദരമായി ശോഭിക്കും എന്നു നമുക്ക് ഉറപ്പാകുന്നു.
∙ എംടിയുടെ കഥേതരസാഹിത്യം സമ്പൂർണമായി മനോരമബുക്സ് പ്രസിദ്ധീകരിക്കുന്നു. കാഥികന്റെ പണിപ്പുര, കാഥികന്റെ കല, അമ്മയ്ക്ക്, രമണീയം ഒരു കാലം, സ്നേഹാദരങ്ങളോടെ, കണ്ണാന്തളിപ്പൂക്കളുടെ കാലം, കിളിവാതിലിലൂടെ തുടങ്ങി എം.ടി രചിച്ച മുഴുവൻ ലേഖനങ്ങൾ, യാത്രകൾ, സംഭാഷണങ്ങൾ ഇവയെല്ലാം ഉൾപ്പെടുന്ന സമ്പൂർണ സമാഹാരം. മൂന്നു വാല്യങ്ങൾ, 1500 ലധികം പേജുകൾ, ഹാർഡ്ബൗണ്ട് ബയന്റിങ്. 2300 രൂപ മുഖവിലയുള്ള ഈ പുസ്തകം 1600 രൂപയ്ക്ക് സ്വന്തമാക്കാം. ബുക്കിങ്ങിന് വിളിക്കൂ - 7902941983, 8281765432. ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാം.