വിറകു പെറുക്കാൻ മലയിലേക്കുപോയ പെണ്ണുങ്ങൾ
Mail This Article
കരകൗശലവസ്തുക്കളും പരുത്തിവസ്ത്രങ്ങളും വനവിഭവങ്ങളും വിൽക്കുന്ന കടകൾ ഇരുവശവുമുള്ള ഒരു തെരുവിലൂടെ നടന്നു ഞങ്ങൾ പോയി. ഓടുമേഞ്ഞ് മൺചുമരുകളുള്ള മേൽക്കൂര താഴ്‌ന്ന പഴയ കടമുറികളായിരുന്നു അവ. തേനീച്ചകളുടെ മൂളക്കം കേൾക്കുന്നുണ്ടെന്നാണ് ആദ്യം തോന്നിയത്. കടമുറികൾക്കു പിന്നിൽ ഉയർന്നുനിന്ന മരങ്ങൾക്കിടയിൽ കാറ്റു ചുറ്റിക്കളിക്കുന്നതാണെന്ന് പിന്നീട് അറിഞ്ഞു. തെരുവിന്റെ അറ്റത്ത് കുത്തനെയുള്ള പടവുകൾ കയറി അവനു പിന്നാലെ ഞാൻ പോയി. പടവുകൾക്കു മുകളിൽ വലിയ മുറ്റമുള്ള ഒരു രണ്ടുനില കെട്ടിടത്തിനു മുന്നിൽ ഞങ്ങൾ നിന്നു. അതൊരു ഹോട്ടലായിരുന്നു. മുൻവശത്തെ ചില്ലുവാതിൽ തുറന്ന് അവൾ ഇറങ്ങിവന്നു. വെയിൽ താണു. ഇളംചൂട് അന്തരീഷത്തിൽ നിറഞ്ഞു.
ഞാൻ ഒരു മണിക്കൂറായി കാത്തിരിക്കുന്നു, അവൾ പറഞ്ഞു. കയ്യിലിരുന്ന പുസ്തകം ഉയർത്തി അത് കുറെ വായിച്ചെന്ന് കാട്ടി. ഞങ്ങളുടെ വാഹനം തെരുവിന്റെ പ്രവേശനകവാടത്തിനടുത്തു നിർത്തിയിട്ടിരിക്കുകയായിരുന്നു. ഹോട്ടലിനു മുന്നിലേക്ക് വണ്ടി കൊണ്ടുവരാൻ മറ്റൊരു വഴിയുണ്ടെന്നു ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. ഞങ്ങൾ ചെക് ഇൻ ചെയ്യുമ്പോൾ അവൻ വാഹനം അവിടേക്കു കൊണ്ടുവരാനായി പടവുകൾ ഇറങ്ങി താഴേക്കുപോയി.
പെട്ടെന്ന് അവൾ എന്റെ കൈപിടിച്ചമർത്തി. നിനക്കു ഞാൻ ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്, അവൾ പറഞ്ഞു. ചില്ലുജാലകത്തിലൂടെ നിലത്ത് വെയിൽ തണുത്തു നീണ്ടുകിടക്കുന്ന പൂമുഖത്ത് ഞങ്ങൾ പരസ്പരം നോക്കി. നിനക്ക് പറയാമോ, അത് എന്താണെന്ന്? അവൾ എന്റെ കൈവിരലുകൾ അമർത്തിക്കൊണ്ടു ചോദിച്ചു. എന്തായാലും അതെനിക്ക് ഇഷ്ടമാകും, ഞാൻ പറഞ്ഞു.
ഒരാൾക്ക് എത്ര വാക്കുകൾ സ്വന്തമായി ഉണ്ടാവും, പരമാവധി എത്ര കഥകൾ ഒരു ജീവിതത്തിൽ പറയും? നൂറോ ഇരുന്നൂറോ ആയിരമോ കഥകൾ? ആയിരത്തൊന്ന് എന്നത് അനന്തതയെ കുറിക്കുന്ന അക്കമാണ്. എല്ലാക്കാലത്തേക്കും എന്നു പറഞ്ഞിട്ട് അതിലേക്ക് ഒരു അക്കം കൂടി ചേർത്ത് അത് എണ്ണമറ്റതാക്കിമാറ്റുന്നു. അമേയമായ കഥകളുടെ മെറ്റഫറാണു ഷെഹ്റാസാദ്. തന്റെ ലൈബ്രറിയിൽനിന്ന് വായിച്ച കഥകൾ മാത്രമല്ല അവർ ഓരോ ഇണചേരലിനും ശേഷം പറഞ്ഞത്, താൻ വായിച്ച മുഴുവൻ കഥകളെയും അനുകരിച്ച് പുതിയ കഥകളും നിർമ്മിച്ചു. ആ കഥകൾക്കിടയിൽ അറുനൂറ്റി രണ്ടാം രാവിൽ ഒരു പുതിയ കഥ, ഓരോ രാത്രിയും ഓരോ കന്യകയെ പ്രാപിച്ച് പുലരിയോടെ അവളെ കൊന്നുകളയുന്ന ഒരു രാജാവിന്റെ കഥയും പറഞ്ഞു.
അതൊരു അപകടകരമായ നീക്കമായിരുന്നു. ചിലപ്പോൾ ആ രാത്രിയോടെ ഷെഹ്‌റാസാദിന്റെ കഥ കഴിഞ്ഞേനെ. പക്ഷേ സ്വന്തം ജീവിതം ഒരു കഥയായി കേട്ട അമ്പരപ്പിലും ജിജ്ഞാസയിലും രാജാവ് അറുനൂറ്റിമൂന്നാം രാവിനായി കാത്തിരുന്നു. ആയിരത്തൊന്നു രാവുകളിലെ ഒരു കഥ, ആയിരത്തൊന്നു രാവുകളെക്കുറിച്ചു തന്നെയാണെന്നും പുസ്തക ഓർമ്മയുടെയും അതിൽ നിന്നുണ്ടാകുന്ന ഭാവനയുടെയും ഒരു രൂപകമാണു ഷെഹ്‌റാസാദ് എന്നും ബോർഹെസ് എഴുതിയത് ഞാൻ വായിക്കണം എന്ന് പറഞ്ഞുകൊണ്ടാണു അവൾ ആ പുസ്തകങ്ങൾ എനിക്ക് തന്നത്.
കറുപ്പിൽ സ്വർണ്ണക്കെട്ടുള്ള ഒരു പേനയും അതിനൊപ്പമുണ്ടായിരുന്നു. നീണ്ടു മെലിഞ്ഞ നിബുള്ള ആ പേനയിൽ കറുത്തമഷി താൻ ഒഴിച്ചിരിക്കുന്നു, നിനക്ക് അതുകൊണ്ട് ഈ ആദ്യതാളിൽ നിന്റെ പേരെഴുതാം, അവൾ പറഞ്ഞു. ഷെഹ്‌റാസാദ് അവളുടെ സ്മരണയെ മാത്രം ആശ്രയിച്ച്, ഒരു രാവിൽപ്പോലും തന്റെ വാക്കുകൾ വിരസമാകില്ലെന്ന് ഉറപ്പിച്ച്, ഓരോ സംഭോഗത്തെയും അടുത്ത കഥയിലേക്കുള്ള ഒഴുക്കായിക്കണ്ട് ഒരു കഥയും അവസാനിപ്പിക്കില്ലെന്ന് തീരുമാനിച്ച് മുന്നോട്ടുപോയി. ഷെഹ്റാസാദിന്റെ ഉടലും ഉടലിനകത്തെ ഭാവനയും പോലെ ശക്തമായ മറ്റൊരു മെറ്റഫർ പുസ്തകത്തിനു വേറെ എവിടെയാണുള്ളത്? കിഴക്ക്നിന്ന് ഉണ്ടായ എല്ലാം ഇങ്ങനെയാണ്, അവിടെ ദൈവം നർത്തകനാകുന്നു, നാദരൂപനാകുന്നു, യോദ്ധാവാകുന്നു, എഴുത്തുകാരനുമാകുന്നു..
ഞാൻ പേനയെടുത്ത് ആദ്യതാളിൽ പേരെഴുതി, ഒരു പെണ്ണ് നോക്കിനിൽക്കെ എഴുതുമ്പോൾ തെറ്റിപ്പോകുമല്ലോ എന്ന് ഭയന്ന് എഴുതി. അപ്പോൾ അവളുടെ ദേഹത്ത് പുരട്ടിയ ക്രീമിന്റെ ഗന്ധം, ആ പേനയിലേക്കും പടർന്നിരിക്കണം, ഞാൻ മണക്കാൻ തുടങ്ങി. അവൾ മൂന്ന് പുസ്തകത്തിലും പല താളുകളിൽ അടയാളങ്ങളായി മണക്കുന്ന കടലാസുതുണ്ടുകൾ വച്ചിരുന്നു. നീ ഇതൊന്നു വായിക്കൂ എന്ന് പറഞ്ഞ് അവർ ഒരിടത്ത് വിരൽ വച്ചു.
“അക്കാലത്തു വെള്ളത്തിനു മാത്രമല്ല അടുപ്പിൽ വയ്ക്കാനുള്ള വിറകിനും ക്ഷാമമായിരുന്നു. രണ്ടുപറമ്പിനപ്പുറം ഒരു കിണറുണ്ട്. അവിടെനിന്ന് വെള്ളം ചുമന്നുകൊണ്ടുവരണം. അതിരാവിലെ എണീറ്റ് അടുത്തടുത്ത വീടുകളിലെ മൂന്നു പെണ്ണുങ്ങൾ വെള്ളമെടുക്കാൻ പോകും. വെള്ളമെടുത്തു വന്നു കഴിഞ്ഞാൽ കൂട്ടത്തിൽ ഇളയവളെ,സഫിയയെ കുട്ടികളെ നോക്കാൻ ഏൽപിച്ചിട്ട് മറ്റു രണ്ടുപേർ വിറകു പെറുക്കാൻ മലമുകളിലേക്ക് പോകും. കുത്തനെയുള്ള പാറക്കെട്ടിലൂടെ വലിഞ്ഞുകയറി പോകണം. ചെരിപ്പൊന്നുമില്ല. ഉച്ചയോടെ തലയിൽ വിറകുമായി തിരികെ ഇറങ്ങിവരുമ്പോൾ പാറക്കെട്ടിൽ കാലുകൾ ഉറയ്ക്കില്ല, ചിലയിടത്ത് ഇരുന്ന് നിരങ്ങിയാണു താഴേക്കിറങ്ങുക."
"ബിൽക്കീസിന്റെ കാൽപാദങ്ങൾ ആണി പോലെയാണ്. അവർ അത് ഉറപ്പിച്ചുനിർത്തിയിട്ട് കൂടെയുളള ആളിനെ കൈപിടിച്ചു ഇറങ്ങാൻ സഹായിക്കും. ഉച്ചസൂര്യനു താഴെ പൊള്ളുന്ന പാറക്കല്ലുകൾ ചവിട്ടി വിറകുമായിപോകുന്ന പെണ്ണുങ്ങളെ സങ്കൽപിച്ചുനോക്കൂ. അവർ വിയർത്തു കിതച്ചു വീടെത്തുമ്പോൾ സഫിയ മൂന്നു കുട്ടികൾക്കിടയിൽ കിടന്നുറങ്ങുന്നുണ്ടാകും."
അമ്മ പറഞ്ഞു, "നീ സഫിയയെ പോയിക്കാണണം, വയ്യാതെ കിടക്കുകയാണ്, അവർക്ക് നിന്നെ കാണണമെന്നുണ്ട്. എന്നെ കൊണ്ടുപോകുമെങ്കിൽ നമുക്ക് ഒരുമിച്ചു പോകാം."
സഫിയാത്ത കുറേ ദൂരെ ഒരിടത്ത്, ഒരു തീരപട്ടണത്തിൽ മകനൊപ്പം താമസിക്കുകയായിരുന്നു. ഞാൻ അമ്മയെയും കൂടി പോയി. നമുക്ക് ഒരു ഹോട്ടലിൽ താമസിച്ചാലോ, അമ്മ പറഞ്ഞു, എനിക്കു വേറെ മുറിയെടുത്തുതരണം. ഞാൻ ഇതേവരെ ഒറ്റയ്ക്ക് ഒരു ഹോട്ടൽമുറിയിൽ താമസിച്ചിട്ടില്ല. ട്രെയിനിൽ യാത്ര ചെയ്തിട്ടില്ല.
ഞാൻ ജോലിക്കു പോകണം, പുസ്തകം വായിക്കാനും എഴുതാനും ഉറക്കം കളയരുത് എന്നെല്ലാം എന്നും പറയുന്നതല്ലാതെ അവർക്ക് മറ്റെന്തെങ്കിലുമൊരു ആവശ്യം എന്നോടു പറയാനുണ്ടാകുമെന്ന് ഞാൻ കരുതിയില്ല. ഈ ലോകത്ത് ഒരു കാഴ്ചയിലും കൗതുകമില്ലാത്ത ഒരു സ്ത്രീ എന്നാണു ഞാൻ അമ്മയെപ്പറ്റി വിചാരിച്ചിരുന്നത്.
സഫിയാത്ത താമസിക്കുന്ന പട്ടണത്തിൽ ഹോട്ടൽമുറി ഞാൻ ബുക് ചെയ്തു. ട്രെയിനിൽ അവിടേക്കുപോയി. അമ്മ നല്ല നിറമുള്ള സാരിയുടുത്താണു യാത്രയ്ക്കു വന്നത്. യാത്രയ്ക്കായി കണ്ണെഴുതുകയും കമ്മലുകൾ ധരിക്കുകയും പുതിയ ചെരിപ്പിടുകയും ചെയ്തു. അൻപതുകൾ പിന്നിടാത്ത സ്ത്രീയാണവർ എന്ന് ഞാൻ കണ്ടു. ട്രെയിനിൽ കയറി കുറച്ചുകഴിഞ്ഞപ്പോൾ അമ്മ ഉറങ്ങാൻതുടങ്ങി. പാടങ്ങൾക്കും പുഴകൾക്കും നടുവിലൂടെ ട്രെയിൻ അഞ്ചു മണിക്കൂറോളം ഓടി.
ഇടയ്ക്ക് അവർ ഉണർന്നു. വിശാലമായ സമതലം ജനാലയിലൂടെ നോക്കി അമ്പരന്നപോലെ എന്റെ കണ്ണിൽനോക്കി. അവർ സമതലത്തിലൂടെ ആദ്യമായി യാത്ര ചെയ്യുകയാണെന്നത് ഞാൻ ഓർത്തു. പക്ഷേ താൻ ആദ്യമായി ട്രെയിനിൽ കയറുന്നു, വലിയ പട്ടണത്തിലൂടെ ആദ്യമായി നടക്കുന്നു, ഒരു ഹോട്ടലിൽ ആദ്യമായി താമസിക്കുന്നു എന്ന് ഒരാളും സംശയിക്കാത്തവിധം, ഇതെല്ലാം ചിരപരിചിതയായ ഒരു സ്ത്രീയെപ്പോലെ അവർ അസ്സലായി നടിച്ചു. ട്രെയിനിലിരുന്ന് ഉറങ്ങുന്ന അമ്മയെ നോക്കിയപ്പോൾ എനിക്കു തോന്നി, അവർ ഒരു എഴുത്തുകാരിയായിരുന്നുവെങ്കിൽ മകനൊപ്പം തന്റെ ബാല്യകാലകൂട്ടുകാരിയെ കാണാൻ പോയതു വരുന്ന ആഴ്ച വാരികയിൽ എഴുതിയേനെ.
ചെറുപ്പത്തിൽ അവർ വിറകുപെറുക്കാൻ മലയ്ക്കു മുകളിൽ പോയി വരും വരെ തന്റെ മകനെ നോക്കിയ, അവനു മുല കൊടുത്ത കൂട്ടുകാരിയെ കാണാൻ പോയതിന്റെ അനുഭവം അവർ ഭംഗിയായി വിവരിച്ചേനെ.
എനിക്ക് സഫിയാത്തയുടെ മുഖം ഓർമയുണ്ടായിരുന്നില്ല. മുപ്പതു വർഷത്തിനുശേഷം മരണക്കിടക്കയിൽ ഞാൻ അവരെക്കാണുകയാണ്. അവർ കണ്ണുതുറന്ന് എന്നെ തുറിച്ച് നോക്കി നീയാരാണെന്ന് ചോദിച്ചു. അമ്മ ഉറക്കെച്ചിരിച്ച് ഇതെന്റെ മകനാണെന്നു പറഞ്ഞു. നീയെന്റെ മുല കുടിച്ചിട്ടുണ്ട്, നിനക്കത് ഓർമ്മയുണ്ടോ എന്ന് ചോദിച്ച് അവർ ഇടത്തേ മുലയ്ക്കു മീതേ കൈവച്ചു. നീയെന്നെ ഓർക്കാറുണ്ടോ?, ഞാൻ അതിനു മറുപടി ആലോചിക്കും മുൻപേ എന്റെ കൈ പിടിച്ച് നിനക്കെത്ര വയസ്സായി എന്നു ചോദിച്ചു. നാൽപത് എന്നു ഞാൻ പറഞ്ഞു. നിന്റെ ഭാര്യയും മക്കളും എവിടെ?
അമ്മയുടെ മുഖം വാടി. ഇത്താ, ഞാൻ പറഞ്ഞു, ഞാൻ അടുത്ത വർഷമാണു കല്യാണം കഴിക്കുന്നത്. അക്കാര്യം പറയാൻ കൂടിയാണു വന്നത്. സഫിയാത്ത എന്റെ കഴുത്തിൽ കൈ ചുറ്റിയിട്ട് എന്നെ വലിച്ചടുപ്പിച്ചു. അവരെ മൂത്രം മണത്തു. ലോകത്തിലെ ഏറ്റവും അസഹ്യമായ ഒരു ഗന്ധം അവരുടെ വായിൽനിന്നു പുറത്തുവന്നു. ഞാൻ മുഖം ചെരിച്ചപ്പോൾ അവർ കാതിൽപ്പറഞ്ഞു, നീ കെട്ടിയാലും ഇല്ലെങ്കിലും ഞാനാണു നിന്നെ മുലതന്നു വളർത്തിയത്. എന്നെ നീ എന്നും ഓർക്കണം. നീ എഴുത്തുകാരനല്ലേ. എന്റെ മോൻ പറഞ്ഞു, നീ ഏതോ പെണ്ണുങ്ങളുടെ കഥ എഴുതിയെന്ന്. നീയെന്തിനാണു വേറെ പെണ്ണുങ്ങളെപ്പറ്റി എഴുതുന്നത്? എന്റെ കഥ എഴുതൂ, അറിയാൻ പാടില്ലെങ്കിൽ എന്നോടു ചോദിക്ക്.. എടാ, എന്റെ ജീവിതം പോലെ മറ്റൊരു പെണ്ണിന്റെ കഥ നിനക്കു കിട്ടുമോ?’’
മൂന്ന് പെണ്ണുങ്ങളിൽ ഏറ്റവുമധികം സംസാരിച്ചിരുന്നത് അവരായിരുന്നുവെന്ന് അമ്മ ട്രെയിനിലിരുന്ന് പറയുന്നുണ്ടായിരുന്നു. ഒരാൾക്കും അവരുടെ വാക്കുകളെ ഭേദിക്കാനായില്ല.
അവൾ ബോർഹെസിന്റെ കഥകളുടെയും കവിതകളുടെയും രണ്ടു പുസ്തകമാണ് എനിക്ക് സമ്മാനിച്ചത്. കിടക്കയിലെ വെള്ളവിരിക്കുമീതെ വച്ച അവയുടെ കുഴമണ്ണിന്റെ നിറമുള്ള കട്ടിപ്പുറംചട്ടയിൽ ഭീക്ഷണമായ ശിഖരങ്ങളുള്ള ഇലകളില്ലാത്ത ഒരു മരം കണ്ടു. കാഴ്ച നഷ്ടമായ വർഷങ്ങളിലാണു ബോർഹെസ് യുഎസിലെ സർവകലാശാലകളിൽ പ്രസംഗിക്കാൻ പോയത്. അമ്മയായിരുന്നു ആ യാത്രയിൽ എഴുത്തുകാരന്റെ സഹായി. ഓർമയെ മാത്രം ആശ്രയിച്ച്, ഓർമയിൽനിന്നു മാത്രം ഉദ്ധരണികൾ പറഞ്ഞ് ബോർഹെസ് വിദ്യാർഥികളോടു സംസാരിച്ചു. പ്രഫസർ ആയിത്തീർന്ന ബോർഹെസിനെ അമ്മ കൈ പിടിച്ചു നടത്തി. ഞങ്ങൾക്കിടയിൽ മഷിനിറച്ച പേനയും ആ പുസ്തകങ്ങളും ഇരുന്നു.
ഞാൻ കണ്ണുകളടച്ചു. പുസ്തകം മാഞ്ഞു. അവളുടെ ഗന്ധമറിഞ്ഞു. മൂത്രഗന്ധത്തിലേക്ക് സഫിയാത്ത എന്നെ ആലിംഗനം ചെയ്തത് ഞാൻ ഓർത്തു. ഒരു കഥയിൽ ഒരു നായകകഥാപാത്രമുണ്ടാകും. ഓരോ പുതിയ റീഡറും അതിലേക്കു പുതിയ നായകരെക്കൊണ്ടുവരും. ഞാൻ ഈ കഥയിലേക്ക് ആരെയെല്ലാം കൊണ്ടുവരും? ഞാൻ കണ്ണുതുറന്നു. പേന തുറന്ന് അവളുടെ കൈത്തണ്ടയിൽ നിബ് മുട്ടിച്ചു. മഷി പൊടിഞ്ഞു. നിബ് അമർത്തിയപ്പോൾ അവൾ എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് എന്നെ ഉമ്മ വയ്ക്കാൻ തുടങ്ങി. ചുണ്ടുകൾ തൊടുന്നിടമെല്ലാം അവൾ നനയ്ക്കുന്നു. കാതിന്റെ തുമ്പ്, കാതിനുതാഴെ ചെരിവിലുടെ നെഞ്ചിലേക്ക് ഇറങ്ങുന്ന വഴി, കാതിൽനിന്ന് കവിളിനു കുറുകെ ചുണ്ടിന്റെ വക്കിലേക്കു വഴുതുന്ന വഴി, എല്ലായിടവും നാവു നനയ്ക്കുന്നു. എല്ലായിടവും തുപ്പൽ മണക്കുന്നു..
അവൻ മുറിയിലേക്ക് കവിയെയും കൂട്ടിയാണു വന്നത്. ഇതെന്തു സംഭവിച്ചു എന്ന് അവർ അമ്പരന്നു. കറുത്ത മഷി പടർന്ന വെള്ളവിരിപ്പ് എന്തു ചെയ്യുമെന്നറിയാതെ ഞങ്ങൾ അതിലേക്കു നോക്കിനിൽക്കുകയായിരുന്നു. പേന തുറന്നുവച്ചതാണ്, അവൾ പറഞ്ഞു. മഷിക്കുപ്പി മറിഞ്ഞതുപോലെയുണ്ട്, കവി കൈകൾ പിറകിൽകെട്ടി ഗൗരവത്തോടെ പറഞ്ഞു. മഷി തുടയ്ക്കാൻ നോക്കിയപ്പോൾ അതു പടർന്നതാണ്, ഞാൻ പറഞ്ഞു. കവി എന്നെ സൂക്ഷിച്ചുനോക്കി. പെട്ടെന്ന് അവൻ പറഞ്ഞു, നമുക്ക് നടക്കാൻ പോകാം, ആ തെരുവിൽ ഒന്നാന്തരം കാഴ്ചയാണ്. ഇടയാഴത്തെ രാത്രിയിലേക്ക് മഷി പടർന്ന എന്റെ കൈത്തലം കവർന്ന് കവി നടന്നു. ഇത് വെനീസിലെ രാത്രിയെക്കാൾ മനോഹരമാണ്, കവി വിവശനായി, അല്ലെങ്കിൽ എന്നോടു തർക്കിക്കൂ…
പലതരം വിളക്കുകൾ തെളിഞ്ഞ ആ തെരുവിലെ രാത്രിയെപ്പറ്റി, പലജാതി പ്രാണികൾ ഓളം വെട്ടുന്ന ആ വിളക്കുകളെപ്പറ്റി, ഒച്ചതാഴ്ത്തി മാത്രം സംസാരിക്കുന്ന മനുഷ്യരുള്ള ആ തെരുവിന്റെ അസാധാരണമായ ശാന്തതയെപ്പറ്റി ഞാൻ ഭാവിയിൽ എവിടെയോ ഇരുന്ന് ഓർക്കും. ഒരുപക്ഷേ അത് വെനീസിലായിരിക്കാം. അല്ലെങ്കിൽ ഭൂട്ടാനിലെ പർവ്വതതടത്തിലെ ഒരു നാടൻ ലോഡ്ജിലെ ഭക്ഷണശാലയിൽ ഇരുന്നാവും. കവിയോ, അവളോ, അവനോ, നിങ്ങളാരും, അപ്പോൾ എന്റെ കൂടെയുണ്ടാവില്ലെന്നത് എന്നെ ഞെട്ടിക്കുന്നു. ഞാൻ ദുഖിക്കുന്നു.
ഞാൻ അവളെ നോക്കി. അവളുടെ മുഖത്തേക്കാണ് ഈ വിളക്കുകളിലെ കിരണങ്ങളെല്ലാം സഞ്ചരിക്കുന്നത്. അപ്പോൾ ആ പ്രകാശത്തിൽ തെരുവിൽ നിന്ന് അവൾ വിഷാദം പ്രാപിക്കാൻ തുടങ്ങി. കാരണം ഭാവിയിലെവിടെയോ സ്ഥിതി ചെയ്യുന്ന ആ രാത്രിയിൽ ഒരു വിദൂരദേശത്ത്, മിക്കവാറും വെനീസിലോ ഭൂട്ടാനിലോ ഉള്ള ഇതേപോലൊരു തെരുവിൽ അവളാണു പോയിനിൽക്കുന്നത്, ഞാനില്ലാതെ, അവനോ കവിയോ ഇല്ലാതെ. കാരണം ആമാശയ കാൻസർ ബാധിച്ചു രണ്ടു വർഷത്തിനകം കവി മരിച്ചുപോകും. ദേശസുരക്ഷാപ്രകാരം അറസ്റ്റിലാകുന്ന അവൻ ജാമ്യം കിട്ടാതെ വർഷങ്ങളോളം ജയിലിൽ ആയിരിക്കും.
ഞാൻ എവിടെയാണ് ഒളിച്ചതെന്ന് അറിയാതെ, ഒരു കഥ പോലും മുഴുവനായും വായിക്കാനാകാതെ, ഒരു പേനയോ കടലാസോ കൊണ്ടുനടക്കാതെ തന്റെ ചുറ്റുമുള്ള അപരിചിതരായ മനുഷ്യരെ ദയനീയമായി നോക്കിയിരുന്ന് പണ്ടെന്നോ സുഗന്ധമുള്ള കടലാസ് അടയാളം വച്ച താളിലെ ഏതാനും വരികൾ അവൾ തന്നോടുതന്നെ അന്നേരം ഓർമ്മയിൽനിന്ന് പറയും: നിന്റെ ഉടൽ എന്നത് ഇതുവരെ വാർന്നുപോയ എന്റെ നിമിഷങ്ങൾ എടുത്ത് കൊത്തിവച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്. അല്ലെങ്കിൽ എന്തിനാണ് ഞാൻ അതിലേക്കു വീണ്ടും വീണ്ടും പോകുന്നത്. ദിവസവും രണ്ടോ മൂന്നോ മണിക്കൂർ ഞാൻ നീയുമായി കടുത്ത പ്രേമത്തിലാകുന്നു, ശേഷമുള്ള സമയം അതെപ്പറ്റി മാത്രം വിചാരിച്ചു കഴിയുന്നു.