ക്ലൈമാക്സ് എഴുതിയത് ചാറ്റ് ജിപിറ്റി, അതും 5 എണ്ണം; ഡ്രീം മെഷീൻ എന്ന അപൂർവ പുസ്തകം
Mail This Article
മനുഷ്യർക്കു മാത്രമല്ല, യന്ത്രങ്ങൾക്കും വായിക്കാൻ ഒരു പുസ്തകം. ഡ്രീം മെഷീൻ എന്ന സ്വപ്ന പുസ്തകത്തെ ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണം അതിന്റെ സൃഷ്ടിയിലുള്ള യന്ത്ര സാന്നിധ്യം തന്നെയാണ്. സാക്ഷാൽ ചാറ്റ് ജിപിറ്റിയുടെ സാഹിത്യ അവതാരം. ജീവിതത്തിന്റെ സമസ്ത മേഖലയെയും കീഴടക്കുന്ന ചാറ്റ് ജിപിറ്റിക്കു മുമ്പിൽ അക്ഷര ലോകത്തിനു മാത്രമായി മാറിനിൽക്കാനാവില്ല. ക്ലൈമാക്സിന് തൊട്ടുമുമ്പ് കഥ പറഞ്ഞുകൊടുത്തതിനു ശേഷം ചോദ്യം ഉന്നയിച്ചു:
20 വരിയിൽ താഴെ പത്താമത്തെ ചാപ്റ്റർ എഴുതുക.
വിഷയം: ഉത്തരവാദിത്തമുള്ള നിർമിത ബുദ്ധി എന്ന ലോകം ശ്രദ്ധിച്ച ഹ്യൂഗോയുടെ സ്വപ്ന പദ്ധതി വിജയമാകുന്നതിനെക്കുറിച്ച് എഴുതൂ.
ഒരു നിമിഷം പോലും വൈകാതെ ഉത്തരമെത്തി.
രണ്ടാം ചോദ്യത്തിൽ കുറച്ചുകൂടി സാധ്യതകൾ തുറന്നിട്ടിരുന്നു. എന്നാൽ 10 വരിയിൽ താഴെ ഉത്തരം വേണമെന്ന് പ്രത്യേകം നിഷ്കർഷിച്ചിരുന്നു.
വിഷയം: ഹ്യൂഗോ മനസ്സ് മാറ്റി സാങ്കേതിക വിദ്യ വിൽക്കാൻ തീരുമാനിക്കുന്നു. ധാർമിക പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാതെ സാങ്കേതിക വിദ്യ വിറ്റ് പണം നേടുന്നു. എന്നാൽ, കാമുകി അന്ന അയാളെ ഉപേക്ഷിക്കുന്നു.
മൂന്നാം ചോദ്യം ഹ്യൂഗോയുടെ പദ്ധതികൾ പരാജയപ്പെടുന്നതിനെക്കുറിച്ചാണ്. ഒട്ടേറെ അപകടങ്ങൾ വന്ന് നിർമിത ബുദ്ധി ശാപമാകുന്നതിനെക്കുറിച്ചും.
ചാറ്റ് ജിപിറ്റി അഞ്ച് ഉത്തരങ്ങളും നൽകുന്നതോടെ 10–ാം അധ്യായം പൂർത്തിയായി. എന്നാൽ ഡ്രീം മെഷീൻ പൂർണമല്ല.
ഹ്യൂഗോ, നമ്മൾ വെറും കഥാപാത്രങ്ങളാണോ?
അന്നാ, എനിക്കറിയില്ല.
ജോലി, വ്യക്തിത്വം, ആത്മാവ് എല്ലാം നഷ്ടപ്പെട്ടേക്കാം. എന്നാലും ഒരു തമാശയല്ലേ?
ജീവിതത്തിനുമപ്പുറം എന്ന ശുഭാശംസയിൽ നോവൽ തീരുമ്പോൾ സംശയം ഉയരുന്നു: വായിക്കുകയായിരുന്നോ നമ്മൾ. അതോ ജീവിക്കുകയായിരുന്നോ. യാഥാർഥ്യമാണോ. അതോ മിഥ്യയോ?
ചാറ്റ് ജിപിറ്റിയുടെ ഉത്തരം എന്തായിരിക്കും എന്ന് ചിന്തിക്കാവുന്നതാണ്.
നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സാങ്കേതിക വിദ്യകൾ മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറത്തേക്കു സഞ്ചരിക്കുകയും ലോകത്തിനു തന്നെ അപകടമാകുകയും ചെയ്യുമോ എന്ന ആശങ്ക ഡ്രീം മെഷീൻ എന്ന ഗ്രാഫിക് നോവലിന്റെ കേന്ദ്രത്തിലുണ്ട്. കുറ്റകൃത്യങ്ങൾ കൂടുകയും ഭീകരവാദത്തിനു സമാനമായി സമാധാന ജീവിതം നഷ്ടപ്പെടുകയും ലോകം കുരുതിക്കളമായി മാറുകയും ചെയ്യുമോ എന്ന ആശങ്ക വെറുതെയല്ല. എന്നാൽ, ഉത്തരവാദിത്തമുള്ള നിർമിത ബുദ്ധി എന്ന ആശയത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് പുസ്തകം പങ്കുവയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ഇന്നു ലോകം നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനും കൂറേക്കൂടി മികച്ചൊരു ലോകത്തിനും സമാധാനവും സന്തോഷവും പുനഃസ്ഥാപിക്കാനും കഴിഞ്ഞാൽ എന്ന പ്രതീക്ഷ. അത് ആശ്രയിച്ചിരിക്കുന്നത് ചാറ്റ് ജിപിറ്റിയെ അല്ല, മനുഷ്യനെത്തന്നെയാണ് എന്നതാണ് ഏറ്റവും വലിയ വൈരുധ്യം അഥവാ പ്രതീക്ഷ. ബുദ്ധി ഉപയോഗിക്കുകയും മനഃസാക്ഷി പണയം വയ്ക്കാതിരിക്കുകയും ചെയ്താൽ പ്രതീക്ഷയ്ക്കു വകയുണ്ട് എന്നുതന്നെ ഉറപ്പിക്കാം.
മനുഷ്യനും യന്ത്രവും ചേർന്നെഴുതിയ ഡ്രീം മെഷീൻ വാക്കുകളില്ലാതെ തന്നെ സംസാരിക്കാൻ പര്യാപ്തമാണ്. മിഴിവുള്ള ചിത്രീകരണമാണ് എടുത്തുപറയേണ്ട സവിശേഷത. കുട്ടിക്കാലത്ത് എന്നോ നഷ്ടപ്പെട്ട കഴിവ് തിരിച്ചുപിടിക്കുന്ന അനുഭൂതി കൂടി ഈ ഗ്രാഫിക്സുകൾ പ്രദാനം ചെയ്യുന്നു. എന്നാൽ, വിഷയത്തിന്റെ ഗൗരവം ചോർത്തിക്കളയുന്നുമില്ല.
ജയിച്ചാലും തോറ്റാലും കളി തുടർന്നേ പറ്റൂ എന്നതുപോലെ ഡ്രീം മെഷീൻ വാഗ്ദാനം ചെയ്യുന്ന സാധ്യതയും പരിഗണിച്ചേ പറ്റൂ; യാഥാർഥ്യമായാലും ഇല്ലെങ്കിലും.
Dream Machine
Appupen, Laurent Daudet
Context, Westland Publications
Price Rs 599