ADVERTISEMENT

നഷ്ടമായ നിങ്ങളുടെ കുതിര എന്ന ഒരു ഉപമ മസ്നവിയിൽ ഉണ്ട്.  കുതിരയെ കാണാതായി എന്ന് ഒരാൾ കുതിരപ്പുറത്തിരുന്നു തെരുവിലുള്ളവരോടു പറയുന്നു, കുതിരയെ എവിടെയെങ്കിലും കണ്ടോ? മുന്നോട്ടു കുതിക്കുന്ന അമ്പ് എയ്ത്തുകാരനെ കാണാത്തതുപോലെ, മനഃസാക്ഷിയുടെ ദാതാവിനെ ഹൃദയം അറിയാത്തതുപോലെ, അത്രമാത്രം ഇരുട്ടിലാണ്ടുപോയവർ മാത്രമാണു കുതിരയെ നഷ്ടമായി എന്നു കരുതുന്നത്. അങ്ങ് ആരുടെ പുറത്താണ് ഇരിക്കുന്നത് എന്ന് ഒരാൾ അയാളോടു ചോദിക്കുന്നു. ഇതൊരു കുതിരയാണ്, അയാൾ സമ്മതിക്കുന്നു, പക്ഷേ എവിടെയാണു കുതിര? അയാൾ പിന്നെയും തിരയുന്നു.

അതിനാൽ കുതിരയെ തിരയുന്നവരേ, സ്വയം അറിയുക എന്നാണു മസ്നവി മൊഴിയുന്നത്. വാക്കുകൾ മന്ദമാകുന്ന നേരത്ത് ചില എഴുത്തുകാർ ഏതാണ്ട് ഇതേ അവസ്ഥയിലാണ്. ഭാഷയിലാണ് അയാൾ ഇരിക്കുന്നത്. താനെഴുതിയ പുസ്തകങ്ങൾ മുന്നിലുണ്ട്. എന്നിട്ടും അയാൾ ചോദിക്കുന്നു, എവിടെയാണ് എന്റെ ഭാഷ? താൻ അതിനു മുകളിലിരുന്നാണു മുന്നോട്ടുപോകുന്നതെന്ന് അറിയാമെങ്കിലും ചിലനേരം അത് ഇല്ലാത്തതുപോലെ തോന്നും. ആരെങ്കിലും ഭാഷ കട്ടുകൊണ്ടുപോയെന്നു പേടിക്കും. തനിക്ക്‌ ഒരു സിദ്ധിയും ഇല്ലല്ലോ എന്നു വിലപിക്കും.

ജീവിതമത്രയും പുസ്തകങ്ങൾക്കൊപ്പം ജീവിക്കുന്ന മനുഷ്യരുടെ സ്ഥിതി കഷ്ടമാണ്‌. വായനയുടെ ഓരോ വർഷം കടന്നുപോകുമ്പോഴും അവർക്കു മരിച്ചവരുമായി സമ്പർക്കം ഏറുകയാണു ചെയ്യുന്നത്‌.

വായിച്ചത്‌ അയാൾ മറക്കുകയും അനുഭൂതി മാത്രം ബാക്കിയാവുകയും ചെയ്യും. നിങ്ങളുടെ കയ്യിൽ നൂറുപുസ്തകം ഉണ്ടെങ്കിൽ അതിൽ തൊണ്ണൂറും മരിച്ചവരുടേതാണ്‌. മരിച്ചവർക്ക്‌ നിങ്ങളെ ആവശ്യമില്ല. എന്നാൽ നിങ്ങൾക്ക്‌ അവരെ ആവശ്യമുണ്ട്‌. അവരുടെ പ്രീതിയാണു നിങ്ങളുടെ ആനന്ദം. അതിനാൽ മരിച്ചവരുടെ വരവുകൾ ആണ്‌ ഓരോ രാവും എന്നു സങ്കൽപിക്കും. അവരുടെ കയ്യിലാണു ഭാഷ ഇരിക്കുന്നത്‌. അതാകട്ടെ ഓരോ രാവും  അകന്നകന്നുപോകുന്നു.ആ വിദ്യ പാതിയായി ശേഷിക്കുന്നു.

Representative image. Photo Credit: devy/Shutterstock.com
Representative image. Photo Credit: devy/Shutterstock.com

പള്ളിവാസലിലെ വീട്ടിൽ സംസാരത്തിനിടെ, താനൊരു എഴുത്തുകാരനായിരുന്നു എന്ന് ഇമാമലി ഒരിക്കലും പറഞ്ഞില്ല. സാധാരണനിലയിൽ എഴുത്തുകാർക്കു തങ്ങളുടെ സ്വത്വം മറച്ചുവയ്ക്കാൻ പ്രയാസമാണ്. കവിയോടു സംസാരിച്ചിട്ടുണ്ടോ, അയാൾ കോഴി മൂന്നുവട്ടം കൂവും മുൻപേ താനൊരു കവിയാണെന്നു വിളിച്ചുപറയും. ഒരു നോവലിസ്റ്റ് തന്റെ പുസ്തകത്തെ എങ്ങനെയും സംഭാഷത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരും. ഹാംലെറ്റിലെ അവസാന അങ്കം പോലെ, നിറയെ ശവങ്ങൾ വീണു കിടക്കുന്ന അരങ്ങാണത്‌. താനെഴുതിയ നോവലുകൾക്കു നടുവിൽ നിന്ന് അയാൾ, ഇതാ ഈ ശവങ്ങൾ കാണൂ എന്നു പറയും പോലെ, സ്വന്തം പുസ്തകങ്ങൾ ഓരോന്നായി ചൂണ്ടിക്കാണിക്കും. 

ഇമാമലി അങ്ങനെ ചെയ്യാതിരുന്നത് എന്നെ അമ്പരിപ്പിച്ചു. എന്തുകൊണ്ടായിരിക്കും തന്റെ ഇരുപത്തിരണ്ടു വയസ്സുവരെയുള്ള കാലം അയാൾ അവഗണിച്ചത്? 

എഴുത്ത് ഉപേക്ഷിക്കുന്ന ഒരാൾ അതു ചെയ്യും, അവൾ പറഞ്ഞു, സ്വന്തം എഴുത്തിൽ അപാരമായ ആത്മവിശ്വാസമുള്ള ആളും അങ്ങനെതന്നെ ചെയ്യും, അവൾകൂട്ടിച്ചേർത്തു.  

എങ്ങനെ? 

സ്വന്തം കൃതി അദൃശ്യമാണെന്ന പോലെ അയാൾ ജീവിക്കും, അവൾ പറഞ്ഞു.

എഴുത്ത്‌ ഉപേക്ഷിച്ച ആളുടെ കാര്യം ശരിയാണെന്നു വയ്ക്കാം. എഴുത്തിൽ ആത്മവിശ്വാസമുള്ള ആൾ എന്തിനാണ്‌ അതു ചെയ്യുന്നത്?

Representative image. Photo Credit: Bhanu-Piumal/Shutterstock.com
Representative image. Photo Credit: Bhanu-Piumal/Shutterstock.com

എഴുതിയത്‌ താൻ പോയാലും ഒരു സെമിത്തേരിയായി ശേഷിക്കും എന്ന് ആൾക്ക്‌ അറിയാം. അയാൾ അദൃശ്യമായ സൗഹൃദങ്ങൾക്കു പിന്നാലെ പോകുന്നു, ഇന്നലെ വരെ താനില്ലായിരുന്നുവെന്ന് വിചാരിച്ച്‌... അവൾ പറഞ്ഞു.

താനില്ല എന്നു വിചാരിച്ച് ഒരാൾ ജീവിക്കുന്നതു ഞാൻ സങ്കൽപിച്ചു നോക്കി. അന്നേരം അദൃശ്യമായ സൗഹൃദമായി ആ അനുഭവം എന്നിലേക്കു വരാൻ തുടങ്ങി. യഥാർഥ ജീവിതത്തിൽ ഒരിക്കലും നിങ്ങൾ കാണാത്തവരാണ്‌ അദൃശ്യരായ കൂട്ടുകാർ; നമ്മുടെ ഭാവനയിൽനിന്ന് ഭൂമിയിലേക്കു വരുകയാണവർ. 

എന്റെ നേരെ നോക്കാതിരിക്കൂ, ഞാൻ അവളോടു പറഞ്ഞു. എന്തുകൊണ്ട്? അവൾ എന്റെ മുഖത്തിന് അടുത്തേക്കു വന്നു. പോകൂ, ഞാൻ ആലോചിക്കട്ടെ. അവൾക്കതു ജിജ്ഞാസയായി. എന്താണു നീയാലോചിക്കുന്നത്? ഞാൻ ഉടുപ്പഴിച്ച്‌ അടുത്തിരിക്കുമ്പോൾ നീ അവനെയോ ഇമാമലിയെയോ, ആരെയാണു വിചാരിക്കുന്നത്?

ഇമാമലിയെ! ഞാൻ പെട്ടെന്ന് പറഞ്ഞു.  നിലത്തുവിരിച്ച പുൽപായയിൽ ഞാൻ ഇരിക്കുകയായിരുന്നു. അവൾ സോഫയിൽനിന്ന് എണീറ്റുവന്ന് എനിക്കെതിരെ മുട്ടുകുത്തി ഇരുന്നു.

ഞാൻ പറഞ്ഞു: നിന്റെ ഉടൽ ഇതുവരെ എനിക്ക്‌ നഷ്ടമായ നിമിഷങ്ങൾ വാർത്തെടുത്തതാണ്‌,അല്ലെങ്കിൽ നിന്റെ ഉടൽ വിട്ടു ഞാൻ എവിടേക്ക്‌ ഓടിപ്പോകാനാണ്‌? ഉടൽ ഇല്ലാതെ നാമെവിടെയാണിരിക്കുക? 

ഇരുപത്തിരണ്ടു വയസ്സു വരെയുള്ള ഇമാമലിയുടെ ജീവിതം, കലാപത്തിനുശേഷം അവനുമായി അയാൾ കാണും വരെയുള്ള ജീവിതം, കണ്ടുപിടിക്കാനായി ഞാൻ കുറേനാൾ അയാൾ എഴുതിയതും വിസ്‌മരിക്കപ്പെട്ടതുമായ താളുകളിലൂടെ പോയി. യൗവനം ഒരു ഭാവനാചിത്രമായി,അക്കാലത്തെ ഒരുജനപ്രിയ ഗാനത്തിന്റെ ഈണം ഉണർത്തുന്ന നിഗൂഡമായ സ്വകാര്യ അനുഭൂതിയായി അതിൽ ശേഷിച്ചു.  ഒരു കൂട്ടുകാരനെകാണാൻ പോയതിന്റെ അനുഭവം അയാളുടെ നോവലിൽ ഒരു കഥാപാത്രം വിവരിക്കുന്നുണ്ടായിരുന്നു, ബാലിശമായ വിഷാദത്തോടെയായിരുന്നു അത്‌. സ്വന്തം ഭാവനയുമായി പ്രേമത്തിലാകുകയും ആ പ്രേമത്തിനകത്തുനിന്ന് മറ്റനേകം പ്രേമങ്ങളെ പിന്നെയും സങ്കൽപിക്കുന്ന ഒരു എഴുത്താളായിരുന്നു ഇമാമലി.

rumi-book

പൂർവ്വനിശ്ചിതമാണു തന്റെ എഴുത്ത്‌ എന്ന അയാളുടെ വിശ്വാസം എനിക്ക്‌ പിടികിട്ടിയില്ല. തന്റെ പ്രതിഭയോ കഠിനാദ്ധ്വാനമോ അല്ല, മുൻ കൂട്ടി തീരുമാനിച്ച ഒരു വിധിയാണു താൻ എഴുത്തിൽ കുറച്ചുകാലം ജീവിച്ചതിനുകാരണമെന്നും ആ വിധി നിറവേറ്റുകഴിഞ്ഞുവെന്നും അയാൾ വിശ്വസിച്ചു. അതിനാൽ തന്നെപ്പറ്റി അക്കാലത്തു മറ്റുള്ളവർ പറഞ്ഞ നല്ല വർത്തമാനമോ ചീത്ത വർത്തമാനോ അയാൾ കേട്ടില്ല. അഹന്തയുടെ നായയെ മെരുക്കി, സ്വന്തം മോഹത്തിനുമേൽ ചവിട്ടിനിന്ന്, താനൊരു ബലിയാണെന്ന് വിചാരിച്ച്‌ വാക്കുകളെ കടന്നുപോകാൻ അനുവദിച്ചു. തന്റെ അവസാനത്തെ കൂട്ടുകാരനെ എന്നപോലെ അയാൾ വാക്കുകളെ അനുതാപത്തോടെ പരിഗണിച്ചു.

ആ കൂട്ടുകാരന്റെ അച്ഛൻ ഒരു തയ്യൽക്കാരൻ ആയിരുന്നു. ഒരു രാത്രി കട അടയ്ക്കും മുൻപേ ഒരു യുവാവ്‌ വന്നു. തനിക്ക്‌ മെഷിൻ റിപ്പയറിംഗ്‌ അറിയാം, പണി വല്ലതുമുണ്ടോ എന്നു ചോദിച്ചു. അദ്ദേഹം മെഷിൻ നന്നാക്കാൻ കുറച്ചുദിവസമായി ഒരാളെ നോക്കിയിരിക്കുകയായിരുന്നു.  യുവാവ്‌ വേഗത്തിൽ തയ്യൽ മെഷിൻ അഴിച്ചു. ഓരോ പാർട്ടും വെവ്വേറെയാക്കി പണി തുടങ്ങി. ഒരു നായ തന്റെ പിന്നാലെ വന്നു പേടിപ്പിച്ച കഥ ഇതിനിടെ അയാൾ വിവരിച്ചു. പണി തീർത്ത്‌ അയാൾ മെഷിൻ തിരിച്ചു സെറ്റ്‌ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സമയം കടന്നുപോയി. ഒരു മൗനം വളർന്നുവന്ന്. എന്തോ പ്രശ്നം ഉണ്ടെന്നു തയ്യൽക്കാരനു തോന്നി. യുവാവിന്റെ മുഖം വിഷണ്ണമായിരുന്നു. എനിക്കിത്‌ തിരികെ സെറ്റ്‌ ചെയ്യാൻ അറിയില്ല, അയാൾ പറഞ്ഞു. കൂട്ടുകാരന്റെ അച്ഛൻ ഞെട്ടിപ്പോയി.

പിന്നെന്തിനാണ്‌ ഈ പണി ചെയ്തത്‌? എനിക്കോർമ്മ വരുന്നില്ല, പക്ഷേ നോക്കൂ, മെഷിന്റെ തകരാർ ഞാൻ പരിഹരിച്ചിട്ടുണ്ട്‌, യുവാവ്‌ പറഞ്ഞു. എന്തു ചതിയാണിത്‌! ഞാൻ എങ്ങനെ പണിയെടുക്കുമെന്ന് അദ്ദേഹം വിലപിച്ചു. ‘നിങ്ങൾ എത്രയോ വർഷമായി ഈ മെഷിൻ ചവിട്ടുന്നല്ലേ.. നിങ്ങൾക്ക്‌ ഇത്‌ അനായാസമായി തിരിച്ചു സെറ്റ്‌ ചെയ്യാനാകും’, യുവാവ്‌ പെട്ടെന്ന് പറഞ്ഞു. തയ്യൽക്കാരനു വല്ലാതെ കോപംവന്നു.. നീ വേഗം സ്ഥലം കാലിയാക്കൂ, അദ്ദേഹം പറഞ്ഞു. യുവാവ് വിഷാദത്തോടെ ഇറങ്ങിപ്പോയി. പത്തു പതിനഞ്ച്‌ വർഷമായി ഉപയോഗിക്കുന്ന മെഷിനാണ്‌. പക്ഷേ ഇനി എന്തുചെയ്യും എന്നോർത്ത്‌ ശങ്കിച്ച്‌ അദ്ദേഹം പാതി സെറ്റ്‌ ചെയ്ത മെഷിനിലേക്ക് ഉറ്റുനോക്കി.

Photo Credit: Representative image credited using Perchance AI Image Generator
Photo Credit: Representative image credited using Perchance AI Image Generator

എന്നിട്ട്‌ ശേഷിക്കുന്ന ആ പാർട്സുകൾ എടുത്ത്‌ വയ്ക്കാൻ തുടങ്ങി. നിമിഷങ്ങൾക്കകം അത്‌ പ്രവർത്തനക്ഷമായി. അതിന്റെ പ്രശ്നം പരിഹരിച്ചുവെന്ന് ആ യുവാവ്‌ പറഞ്ഞതു സത്യമാണെന്നും ബോധ്യമായി. അയാളെ വല്ലാതെ ചീത്ത പറഞ്ഞ്‌ ഓടിച്ചല്ലേ എന്നോർത്ത്‌ തയ്യൽക്കാരനു വിഷമമായി, ഞാൻ കൂട്ടുകാരന്റെ വീട്ടിൽ പോയ ദിവസമാണ്‌ ഈ സംഭവമുണ്ടായത്‌. അദ്ദേഹം വന്നുകയറുമ്പോൾ കൂട്ടുകാരനും അമ്മയും ഞാനും വഴിയിലേക്കു നോക്കി തിണ്ണയിൽ ഇരിക്കുകയായിരുന്നു. ഈ സംഭവത്തിൽ എന്തോ പ്രശ്നം ഉണ്ടല്ലോ. ശരിക്കും ആ യുവാവ്‌ പണിയറിയാത്ത ആളായിരുന്നോ?

അതാണ് എന്നെയും അലട്ടുന്നത്‌, കൂട്ടുകാരന്റെ അച്ഛൻ പറഞ്ഞു, അയാൾ എല്ലാ പണിയും വേഗം ചെയ്തു. അവസാനത്തെ ഒരിത്തിരി മാത്രം 

ബാക്കിവച്ചു. അത്‌ അനായാസമായിരുന്നു. എന്നിട്ടും..! 

മസ്നവിയിലെ ഉപമയിൽ കുതിരയുടെ സ്ഥാനത്ത്‌ ഭാഷയെ വച്ചുനോക്കൂ, മറ്റൊരു ചിത്രം കിട്ടുമെന്ന് എന്നോടു പറഞ്ഞത്‌ ഇമാമലിയാണ്‌. അന്ന് അത്‌ എനിക്ക്‌ വ്യക്തമായില്ല. അയാൾ എഴുതിയ തയ്യൽക്കാരന്റെ കഥയിൽ വരുന്ന ആ യുവാവിന്റെ മുഖത്തെ വിഷാദം എന്നെ പിന്തുടരാൻ തുടങ്ങിയപ്പോൾ മസ്നവിയിലെ ആ ഉപമയിൽ പിന്നെയും ചെന്നു കുരുങ്ങി. ഒരുപക്ഷേ എഴുതുമ്പോൾ  ഞാൻ അയാളെ പൂരിപ്പിക്കാൻ നോക്കുകയാവും. തയ്യൽക്കാരൻ ചിരപരിചയത്താൽ തന്നിലുണ്ടായി വന്നതും എന്നാൽ മറഞ്ഞിരുന്നതുമായ ഒരു കഴിവിനെ ആ പാതിരാവിൽ  പുറത്തെടുക്കുകയായിരുന്നു. അതു പക്ഷേ ആ മനുഷ്യന്‌ അപ്പോൾ മനസ്സിലായതുമില്ല. 

English Summary:

Ezhuthumesha column by Ajay P Mangatt about Rumi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com