കനേഡിയൻ കഥകളുടെ തമ്പുരാട്ടി; അച്ഛന് സാധിക്കാതെ പോയത് നേടിയെടുത്ത മകൾ
Mail This Article
1931ൽ കാനഡയിലെ ഒന്റാറിയോയിലെ വിങ്ഹാമിൽ വെച്ച് തനിക്കൊരു മകൾ ജനിച്ചപ്പോൾ താൻ കീഴടക്കാതെ പോയ അക്ഷരലോകം അവൾ അടക്കി വാഴുമെന്ന് റോബർട്ട് എറിക് ലെയ്‌ഡ്‌ലോ ഒരിക്കലും കരുതിയിരുന്നില്ല. ഫാം നടത്തി ജീവിച്ചിരുന്ന റോബർട്ടിന് സാഹിത്യത്തിനോടുള്ള അഭിനിവേശമാണ് മരിക്കും മുൻപ് 'ദി മക്ഗ്രെഗോർസ്' എന്ന പേരിൽ ഒരു നോവൽ എഴുതുവാൻ കാരണമായത്. തന്റെ പുസ്തകസ്നേഹം പകർന്നു കിട്ടിയ മകൾ ഒരു എഴുത്തുകാരിയായതിൽ ഏറ്റവുമധികം സന്തോഷിച്ചതും അദ്ദേഹം തന്നെയായിരുന്നു.
ഹുറോൺ തടാകത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ ഫാം നടത്തിയും രാത്രി കാവൽക്കാരനായി ജോലി ചെയ്തും കുടുംബ വരുമാനം കണ്ടെത്താന്‍ ശ്രമിച്ച കർഷകനായിരുന്നു റോബർട്ട്. ഭാര്യ ആൻ ചാംനി ലെയ്‌ഡ്‌ലോ വിവാഹത്തിന് മുമ്പ് ഒരു സ്കൂൾ അധ്യാപികയായിരുന്നു. എന്നാൽ തൊഴിലില്ലായ്മ നിറഞ്ഞ നാട്ടിൽ പിന്നീട് അവർക്ക് ജോലി നേടാനായില്ല. കുടുംബത്തിന്റെ ഈ അവസ്ഥ മൂലം ആലിസ് ആൻ ലെയ്‌ഡ്‌ലോ എന്ന പേരിൽ ജനിച്ച ആലിസ് മൺറോ കുട്ടിക്കാലം ചെലവഴിച്ചത് ദരിദ്രമായ സാഹചര്യത്തിലാണ്.
രണ്ട് വർഷത്തെ സ്കോളർഷിപ്പിൽ വെസ്റ്റേൺ ഒന്റാറിയോ സർവകലാശാലയിൽ ഇംഗ്ലിഷും ജേണലിസവും പഠിക്കുമ്പോൾ 1950ലാണ് മൺറോ തന്റെ ആദ്യ കഥയായ 'ഡൈമൻഷൻസ് ഓഫ് എ ഷാഡോ' പ്രസിദ്ധീകരിച്ചത്. കൗമാരപ്രായത്തിൽ തന്നെ എഴുതാൻ തുടങ്ങിയ മൺറോ, അമ്മ പാർക്കിൻസൺസ് രോഗവുമായി ദീർഘവും വേദനാജനകവുമായ പോരാട്ടം നടത്തി, 1959-ൽ മരണത്തിന് കീഴടങ്ങിയശേഷമാണ് എഴുത്തിൽ ശ്രദ്ധയൂന്നിയത്. മൺറോയ്ക്ക് ഏകദേശം 13 വയസ്സുള്ളപ്പോൾ മുതൽ അമ്മ പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിരുന്നു. മൂത്ത കുട്ടി എന്ന നിലയിൽ, വീട്ടുജോലികളിൽ ഭൂരിഭാഗവും അതുകൊണ്ടു തന്നെ മൺറോയ്ക്ക് ഏറ്റെടുക്കേണ്ടിവന്നു.
തന്റെ എഴുത്തിൽ തിരസ്‌കരണങ്ങൾ നേരിടേണ്ടി വന്ന മൺറോ അതിൽ ഉറച്ചുനിന്നുവെന്ന് മാത്രമല്ല തന്റെ അഭിനിവേശത്തോടൊപ്പം കുടുംബപ്രശ്നങ്ങളെയും നന്നായി കൈകാര്യം ചെയ്തു. 1951-ൽ തന്റെ സഹപാഠിയായിരുന്ന ജെയിംസ് മൺറോയെ വിവാഹം കഴിച്ചു. 1963-ൽ മൺറോയും ഭർത്താവും ചേർന്ന് ആരംഭിച്ച മൺറോസ് ബുക്സ് എന്ന പുസ്തകശാല, കാനഡയിലെ വിക്ടോറിയയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
1968ൽ പ്രസിദ്ധീകരിച്ച ആദ്യ കഥാസമാഹരമായ 'ഡാൻസ് ഓഫ് ദി ഹാപ്പി ഷേഡ്സ്' സമൃദ്ധമായ ഒരു കരിയറിന്റെ തുടക്കമായി. 1980 മുതൽ 2012 വരെ, മൺറോ നാല് വർഷത്തിലൊരിക്കല്‍ ഒരു ചെറുകഥാ സമാഹാരം എന്ന രീതിയിൽ പ്രസിദ്ധീകരിച്ചു. മൺറോയുടെ കഥകളുടെ ആദ്യ പതിപ്പുകൾ ദി അറ്റ്ലാന്റിക്, ദ ന്യൂയോർക്കർ, ദ പാരീസ് റിവ്യൂ തുടങ്ങിയ ജേണലുകളിൽ പ്രത്യക്ഷപ്പെട്ടു. അവ പിന്നീട് പുസ്തകങ്ങളായി 13 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.
പ്രശസ്തയായ കനേഡിയൻ ചെറുകഥാകൃത്ത് എന്ന നിലയിൽ സാഹിത്യ ലോകത്ത് അതുല്യമായ ഇടം നേടിയ മൺറോ, ചെറിയ പട്ടണങ്ങളിലെ സാധാരണക്കാരുടെ ജീവിതം, അവരുടെ ബന്ധങ്ങൾ, പശ്ചാത്താപങ്ങൾ, വെളിപാടിന്റെ ശാന്തമായ നിമിഷങ്ങൾ എന്നിവയായിരുന്നു വിഷയമായി തിരഞ്ഞെടുത്തത്. ഈ പരിമിതമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മനുഷ്യാവസ്ഥയെക്കുറിച്ചുള്ള സാർവത്രിക സത്യങ്ങള്‍ പ്രതിധ്വനിക്കുന്ന കഥകൾ മൺറോ മെനഞ്ഞെടുത്തു.
ഗീതാത്മകവും എന്നാൽ തീവ്രവുമായ ആഖ്യാന ശൈലി 'സമകാലിക ചെറുകഥയുടെ മാസ്റ്റർ' എന്ന പേര് അവർക്ക് നേടിക്കൊടുത്തു. സാഹിത്യത്തിനുള്ള നോബൽ സമ്മാനം (2013), മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ്, ഗില്ലർ സമ്മാനം, നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് എന്നീ പുരസ്കാരങ്ങൾ അവരുടെ മാറ്റു കൂട്ടി. 'ലൈവ്സ് ഓഫ് ഗേൾസ് ആൻഡ് വിമൻ', 'റൺവേ', 'ഡിയർ ലൈഫ്' എന്നിവയുൾപ്പെടെയുള്ള ചെറുകഥാ സമാഹാരങ്ങൾ ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ടതായി.
ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾ മറികടക്കുന്ന കഥകൾ ദൈർഘ്യമുള്ളവയാണ്. 'സംതിംഗ് ഐ ഹാവ് ബീൻ മിനിങ്ങ് ടു ടെൽ യു' (1974), 'ദി ബെഗ്ഗർ മെയ്ഡ്' (1980), 'ദി മൂൺസ് ഇൻ ജൂപ്പിറ്റർ' (1982), 'ദ പ്രോഗ്രസ് ഓഫ് ലവ്' (1986), 'ദി വ്യൂ ഫ്രം ദി കാസിൽ റോക്ക്' (2006), 'ടൂ മച്ച് ഹാപ്പിനസ്' (2009) എന്നിവയാണ് മൺറോയുടെ പ്രധാന കൃതികൾ. ഇവയിൽ മിക്കതിലും വ്യത്യസ്ത പ്രായത്തിലും സാഹചര്യത്തിലും ഉള്ള സ്ത്രീകളാണ് കേന്ദ്ര കഥാപാത്രമായിട്ടുള്ളത്. അവരുടെ ആശങ്കകൾ, തെറ്റുകൾ, സങ്കീർണ്ണതകൾ പങ്കുവെക്കുന്ന കഥകളിൽ അവർ അനുഭവിച്ച അധിക്ഷേപങ്ങളുടെയും അതിക്രമങ്ങളുടെയും നേർമുഖം കാണാം. പുരുഷ മേധാവിത്വ സമൂഹത്തിലെ ലിംഗാധികാരത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വത്തെ അപലപിക്കുന്ന അവർ നിഷ്ക്രിയ വേഷങ്ങൾ ഉപേക്ഷിക്കാനും അന്തസ്സോടെ ജീവിക്കാനും തങ്ങളെ ഇകഴ്ത്തുന്ന ശക്തികൾക്കെതിരെ പോരാടാനും തീരുമാനിക്കുന്നു.
നിസ്സാരമെന്ന് തോന്നുന്ന വിശദാംശങ്ങളാണ് കഥാപാത്രങ്ങളുടെ ആന്തരിക ജീവിതത്തിലേക്കുള്ള കവാടങ്ങളായി മാറുന്നത്. നമ്മുടെ ഭൂതകാലത്തിന്റെ പ്രതിധ്വനികൾ വർത്തമാനത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും വർത്തമാനം ഭൂതകാലത്തെ പുനർവ്യാഖ്യാനം ചെയ്യാൻ നമ്മെ എങ്ങനെ അനുവദിക്കുന്നുവെന്നും അവ പ്രതിഫലിപ്പിക്കുന്നു. അതിനായി മൺറോ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഓരോ വാക്കും വൈകാരിക ഭാരം വഹിക്കുന്നു.
സമകാലിക സാഹിത്യത്തിൽ ആലിസ് മൺറോയുടെ സ്വാധീനം നിഷേധിക്കാനാവാത്തതാണ്. ചെറുകഥകളിലൂടെ മനസ്സു കവർന്ന എഴുത്തുകാരി 92–ാം വയസ്സിൽ വിട പറഞ്ഞപ്പോൾ സ്നേഹത്തിനും ബന്ധത്തിനും വേണ്ടിയുള്ള തിരച്ചിൽ നടത്തിയ കഥാപാത്രങ്ങളെപ്പോലെ വായനക്കാരും മൺറോയുടെ അക്ഷരങ്ങൾ തിരയുന്നു. 20-ാം നൂറ്റാണ്ടിലെ മികച്ച ചെറുകഥാകൃത്തുക്കളായ ജോയ്‌സ്, ആൻഡേഴ്‌സൺ, ഹെമിംഗ്‌വേ എന്നിവരെപ്പോലെ ദാർശനികവും മാനസികവും വൈകാരികവുമായ അസാധാരണമായ പാതയിലൂടെ സഞ്ചരിച്ച എഴുത്തുകാരിയാണ് മൺറോ. ഒന്റാറിയോയിലെ പോർട്ട് ഹോപ്പിലെ വീട്ടിൽ 2024 മേയ് 13ന് അന്തരിച്ച മൺറോ 12 വർഷമായി ഡിമെൻഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു.