ADVERTISEMENT

പാരിസിലെ ലൂവ്രെ മ്യൂസിയത്തിലേക്ക് പ്രതി വർഷം ലക്ഷക്കണക്കിന് സന്ദർശകർ വരുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന്, ലോകത്തിലെ ഏറ്റവും പ്രശസ്ത കലാസൃഷ്ടിയായ മോണ ലീസയാണ്. 2022 ലെ കണക്കനുസരിച്ച് 7.7 ദശലക്ഷം സന്ദർശകരാണ് പ്രതിവർഷം മ്യൂസിയം കാണാനെത്തുന്നത്. 1503 മുതൽ 1517 വരെ നീണ്ട കാലാവധിയെടുത്തതാണ് ലിയനാർഡോ ഡാവിഞ്ചി, മോണ ലീസ പൂർത്തിയാക്കിയത്. എന്നാൽ ഈ പ്രസിദ്ധ ചിത്രം ഒരിക്കൽ മോഷ്ടിക്കപ്പെട്ടിരുന്നുവെന്ന സത്യം പലർക്കുമറിയില്ല. 1911 ഓഗസ്റ്റ് 21ന് നടന്ന ആ സംഭവം കലാചരിത്രത്തിലെ ഏറ്റവും കൗതുകം നിറഞ്ഞ കവർച്ചകളിൽ ഒന്നായി കരുതപ്പെടുന്നു. മ്യൂസിയം ജീവനക്കാരനായ വിൻസെൻസോ പെറുഗ്ഗിയയാണ് പെയിന്റിംഗ് മോഷ്ടിച്ചത്. രണ്ട് വർഷത്തിനുശേഷം അത് ഫ്ലോറൻസിലെ ആൽഫ്രെഡോ ഗെറി എന്ന പുരാവസ്തു കച്ചവടക്കാരന് വിൽക്കാൻ ശ്രമിച്ചപ്പോൾ അയാളെ പിടികൂടി, ചിത്രം വീണ്ടെടുത്തു.

ഇറ്റാലിയൻ വംശജനായ പെറുഗ്ഗിയ, ചിത്രം തന്റെ രാജ്യത്തിന് അവകാശപ്പെട്ടതാണ് എന്ന തോന്നലിലാണ് അത് മോഷ്ടിച്ചതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്ന കഥ. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്ന് മോഷണത്തിനു പിന്നിലെ സത്യങ്ങൾ തിരയുകയാണ് കലാചരിത്രകാരനായ നോഹ ചാർണി, തന്റെ പുതിയ പുസ്തകമായ 'ദ് തെഫ്റ്റ്സ് ഓഫ് ദി മൊണാലിസ: ദി കംപ്ലീറ്റ് സ്റ്റോറി ഓഫ് ദി വേൾഡ്സ് മോസ്റ്റ് ഫേയ്മസ് ആർട്ട്‌വർക്ക്'. മോണ ലീസയെ ചുറ്റിപ്പറ്റിയുള്ള കുറ്റകൃത്യങ്ങളെയും നിഗൂഢതകളെയും കുറിച്ചുള്ള ഒരു നിർണായക പുസ്തകമാണിത്.

monalisa-art-theft-book-cover

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രങ്ങളിലൊന്നാണ് മോണ ലീസ. 1962ൽ 100 മില്യൺ യുഎസ് ഡോളറിന് ഇൻഷുറൻസ് ചെയ്യപ്പെട്ട ചിത്രം, ഏറ്റവും കൂടിയ ആർട്ട് ഇൻഷുറൻസ് തുകയ്ക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. 2023 ലെ കണക്കനുസരിച്ച് ഇത് 1 ബില്യൺ ഡോളറിന് തുല്യമാണ്. മോഷണത്തിനു ശേഷമാണ് ഇത് നടന്നതെങ്കിലും ചിത്രത്തിന്റെ മൂല്യം പെറുഗ്ഗിയ നേരത്തെ മനസ്സിലാക്കിയിരുന്നുവെന്നാണ് നോഹ ചാർണിയുടെ വാദം. 

പ്രൊട്ടക്റ്റീവ് കേസുകൾ തയാറാക്കാൻ ലൂവ്രെ സബ് കോൺട്രാക്റ്റ് ചെയ്ത ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന പെറുഗ്ഗിയ, നെപ്പോളിയന്റെ ഇറ്റാലിയൻ തേരോട്ടത്തിനിടെ, ഇറ്റലിയിൽ നിന്ന് മോണ ലീസ കൊള്ളയടിക്കപ്പെട്ടുവെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ രാജ്യസ്‌നേഹവും ചരിത്രപരമായ ഒരു തെറ്റാണ് താൻ ശരിയാക്കുന്നത് എന്ന ആശയവുമാണ് കവർച്ചയ്ക്ക് കാരണമായതെന്ന് അവകാശപ്പെടുന്ന പെറുഗ്ഗിയയുടെ ഉദ്ദേശ്യങ്ങളെ ചാർണി ചോദ്യം ചെയ്യുന്നു. “പെറുഗ്ഗിയ പണം സമ്പാദിക്കാൻ നോക്കിയെന്നതിന് ധാരാളം തെളിവുകളുണ്ട്. പെറുഗ്ഗിയ തന്റെ മാതാപിതാക്കൾക്കും ആൽഫ്രെഡോ ഗെറിക്കും സ്വന്തം ജില്ലയിലെ ഒരു രാഷ്ട്രീയക്കാരനും റോമിലെ മറ്റൊരു ആർട്ട് ഡീലർക്കും എഴുതിയ കത്തുകളിലെ വാക്കുകളിൽ നിന്നാണ് ഇത് വ്യക്തമാണ്,” ചാർണി പറയുന്നു. മോണ ലീസയെ ഇറ്റലിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആദ്യമായി ഡീലറെ സമീപിച്ചപ്പോൾ പെറുഗ്ഗിയ ജെറിയോട് 500,000 ഇറ്റാലിയൻ ലിയറാണ് (ഏകദേശം 650,000 ഡോളർ) ആവശ്യപ്പെട്ടത്.

monalisa-art-theft-book-noah
നോഹ ചാർണി, Photo Credit: Urska Charneyss

മോണ ലീസയുമായി ബന്ധപ്പെട്ട മറ്റു പല ദുരൂഹതകളെക്കുറിച്ച് ചാർണി പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഷണത്തിന് മുമ്പുള്ള മ്യൂസിയത്തിലെ സുരക്ഷാസംവിധാനത്തെക്കുറിച്ചുള്ള അവിശ്വസനീയമായ വിശദാംശങ്ങളും ഇവിടെ ചർച്ചയാകുന്നുണ്ട്. ശരിയായ കാവലോ ബുള്ളറ്റ് പ്രൂഫ് ഗ്ലാസോ ഒന്നുമില്ലാതെയാണ് മോണ ലീസ കാഴ്ച്ചക്കാർക്കായി പ്രദർശിപ്പിച്ചിരുന്നത്. ലിയനാർഡോ ഡാവിഞ്ചിയുടെ വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായ ചിത്രം ഇത്ര ശ്രദ്ധയില്ലാതെ സൂക്ഷിച്ചിരുന്ന ലൂവ്രെ മ്യൂസിയത്തിൽ നിന്ന് പലപ്പോഴും കലാസൃഷ്ടികൾ മോഷ്ടിക്കപ്പെട്ടിരുന്നുവെന്നും അവ വിൽക്കപ്പെട്ടിരുന്നുവെന്നും സ്പാനിഷ് കലാകാരനായ പാബ്ലോ പിക്കാസോ ഉൾപ്പെടെയുള്ള പ്രമുഖർ ഈ അഴിമതിയിൽ ഉൾപ്പെട്ടിരുന്നുവെന്നും ചാർണി പറയുന്നു. ഈ വിഷയം പരാമർശിക്കുന്ന കത്തുകള്‍ കണ്ടെത്തുകയും നഷ്ടപ്പെട്ട പല കലാസൃഷ്ടികളും പ്രമുഖരുടെ സ്വകാര്യശേഖരത്തിൽ നിന്നും വീണ്ടെടുക്കുകയും ചെയ്തതോടെയാണ് രഹസ്യങ്ങൾ പുറത്തായതെന്നും അതിലൊന്നാകാം മോണ ലീസ മോഷണമെന്നും ചാർണി അവകാശപ്പെടുന്നു.

മാത്രമല്ല, ഒരു ഇറ്റാലിയൻ ഗാലറി ഉടമയുടെ സഹായത്തോടെ 1913ൽ മോണ ലീസ വീണ്ടെടുത്തശേഷം, രണ്ടാം ലോകമഹായുദ്ധസമയത്ത് ഫ്രഞ്ച് ക്യൂറേറ്റർമാർ കലാസൃഷ്ടികൾ ഒളിപ്പിച്ചിരുന്നു. പക്ഷേ പിന്നീട് ഏകദേശം മൂന്ന് വർഷക്കാലം മൊണാലിസ എവിടെയായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും ചാർണി ചൂണ്ടിക്കാട്ടുന്നുണ്ട്.

പതിനാല് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഇരുപതിലധികം പുസ്തകങ്ങളുടെ രചയിതാവാണ് നോഹ ചാർണി. ആർട്ട് ക്രൈമിൽ വൈദഗ്ധ്യം നേടിയ ആർട്ട് ഹിസ്റ്ററി പ്രഫസറായ അദ്ദേഹം യേൽ യൂണിവേഴ്സിറ്റി, ബ്രൗൺ യൂണിവേഴ്സിറ്റി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റോം, യൂണിവേഴ്സിറ്റി ഓഫ് ലുബ്ലിയാന എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്. അസോസിയേഷൻ ഫോർ റിസർച്ച് ഇൻ ക്രൈംസ് എഗൻറ്റ് ആർട്ട് എന്ന ഗവേഷണ ഗ്രൂപ്പിന്റെ സ്ഥാപകനുമാണ് അദ്ദേഹം.

English Summary:

Noah Charney's Latest Book Reveals Shocking Insights about the Mona Lisa Theft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com