ആരാധകർ ആഘോഷിക്കുന്നു, ഹെമിങ്‌വേ ആനന്ദിച്ച ദ്വീപ്
Mail This Article
യുഎസിൽ ഫ്ലോറിഡയിലെ കീ വെസ്റ്റ് ദ്വീപുനഗരത്തിൽ ഹെമിങ്‌വേ ആരാധനയുടെ കടലാരവം. ‘ദി ഓൾഡ് മാൻ ആൻഡ് ദ് സീ’ യുടെ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്‌വേയുടെ 125-ാം ജന്മവാർഷികത്തിലാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്ന കീ വെസ്റ്റിൽ ആഘോഷം. ഒപ്പം, ഹെമിങ്‌വേ പ്രച്ഛന്നവേഷമത്സരവും.
1899 ജൂലൈ 21നു ജനിച്ച ഹെമിങ്‌വേയുടെ എഴുത്തും അതിനൊപ്പം രസിപ്പിക്കുന്ന സാഹസിക ജീവിതവും കീ വെസ്റ്റുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. പാരിസിലുൾപ്പെടെ താമസിച്ച ശേഷം 1928ലാണ് അദ്ദേഹം ആദ്യമായി ഇവിടെയെത്തുന്നത്. ‘എ ഫെയർവെൽ ടു ആംസ് ’ എഴുതിത്തീർന്നത് ഇക്കാലത്താണ്.
മീൻപിടിച്ച് ഉപജീവനം നയിക്കുന്ന കീ വെസ്റ്റ് ഗ്രാമീണർക്കൊപ്പം ഹെമിങ്‌വേയും കൂടി. മൂന്നു വർഷം കഴിഞ്ഞ് ഇവിടെയൊരു ബംഗ്ലാവും പിന്നാലെ ബോട്ടും വാങ്ങി. ഇഷ്ടം പോലെ പൂച്ചകളെയും വളർത്തിയിരുന്നു. 1961ലായിരുന്നു ഹെമിങ്‌വേയുടെ മരണം. വിയോഗത്തിന് ആറു പതിറ്റാണ്ടുശേഷവും കീ വെസ്റ്റ് ദ്വീപിന്റെ ഓർമകളിൽ എഴുത്തുകാരൻ നീന്തിത്തുടിക്കുന്നു.