ഹേമ കമ്മിഷൻ റിപ്പോർട്ട്: പ്രേക്ഷകനും മാധ്യമങ്ങളും മൃഗീയമായ ആനന്ദം അനുഭവിക്കുന്നോ? ലാൽ ജോസ് പറയുന്നു
Mail This Article
ഹേമ കമ്മിഷൻ റിപ്പോർട്ട് കിട്ടുമ്പോൾ മൃഗീയമായ ആനന്ദം പ്രേക്ഷകനും മാധ്യമങ്ങളും അനുഭവിക്കുന്നുണ്ടോ എന്ന് തനിക്ക് തോന്നിയെന്ന് സംവിധായകൻ ലാൽ ജോസ്. മലയാള മനോരമ ഹോർത്തൂസ് വായന സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള സാഹചര്യം സ്ത്രീ വിരുദ്ധം കൂടിയാണ്. നല്ലനിലയിൽ പ്രസിദ്ധരായ നടിമാർ മുഴുവൻ മോശക്കാരാണെന്ന ധ്വനിയിലാണ് എല്ലാവരും സംസാരിക്കുന്നത്. ഡോക്ടർമാരുടെയും അധ്യാപകരുടെയും പൊലീസുകാരുടെയും മാധ്യമങ്ങളുടെയും ഇടയിലുമുള്ള സ്ത്രീ വിരുദ്ധരും ക്രിമിനലുകളുമായ അത്രയും ആളുകളേ സിനിമയിലുമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
‘സിനിമാക്കാരെ കുറിച്ചുള്ള അപവാദം കേൾക്കാൻ കൂടി ആഗ്രഹിച്ചാണ് ആളുകൾ സിനിമാക്കാരെ സ്നേഹിക്കുന്നത്. അത് സിനിമാക്കാരുടെ ‘വിസിബിലിറ്റി’യുടെ പ്രശ്നമാണ്. എന്തു രസമായാണ് ഇയാൾ സിനിമ ചെയ്യുന്നത് എന്ന് പറയുമ്പോൾ തന്നെ, ഇയാൾ കുഴപ്പക്കാരനല്ലേ എന്ന ചിന്ത ഉള്ളിലുണ്ട്. ആ കുഴപ്പം കയ്യോടെ പിടികൂടാൻ ആഗ്രഹിച്ചുകൊണ്ടാണ് ഇയാളെ സ്നേഹിക്കുന്നത്. സ്ത്രീയും പുരുഷനും ഇടപഴകുന്ന എല്ലായിടത്തും ലൈംഗികത സംബന്ധിച്ച പ്രീണനങ്ങളും പ്രലോഭനങ്ങളും ശ്രമങ്ങളും ഉണ്ടാകും. അത് ജനറ്റിക്കൽ പ്രശ്നമാണ്.'
ഹേമ കമ്മിഷൻ റിപ്പോർട്ട് ആവശ്യമുള്ളതു തന്നെയായിരുന്നു. എന്നാൽ അതുകിട്ടുമ്പോൾ മൃഗീയമായ ആനന്ദം പ്രേക്ഷകനും മാധ്യമങ്ങളും അനുഭവിക്കുന്നുണ്ടോ എന്നെനിക്ക് തോന്നി. ഇന്നലെ എനിക്ക് 250ലേറെ ആളുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് അയച്ചു തന്നത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ സിനിമാക്കാരെ കുറിച്ച് കേൾക്കുമ്പോൾ മൃഗീയമായ ആനന്ദം ഭൂരിപക്ഷം ആസ്വദിക്കുന്നുണ്ട്. അത് ന്യൂനപക്ഷത്തിന് കൂടുതൽ മികച്ച പണവും ജീവിത സൗകര്യങ്ങളും ലഭിക്കുന്നു എന്ന തെറ്റിദ്ധാരണ കൊണ്ട് ഉണ്ടാകുന്നതാണ്.
ഒരു സെറ്റിൽ 200ലേറെ ആളുകളുണ്ടാകും. അതിൽ പല സംസ്കാരത്തിൽ നിന്നുള്ളവരുണ്ടാകും. സംസ്കാരമേ ഇല്ലാത്തവരുണ്ടാകും. എന്നാൽ ഇവരെയൊക്കെ സിനിമയ്ക്ക് ആവശ്യമുണ്ടാകും. ഇതിൽ ക്രിമിനലുകളും ക്രിമിനൽ പ്രവർത്തനങ്ങളും നടന്നിട്ടുണ്ടാകാം. എന്നാൽ അതിന്റെ പേരിൽ സിനിമാ മേഖലയെത്തന്നെ താറടിച്ച് സിനിമയിലുള്ള ആളുകൾ മുഴുവൻ കുഴപ്പക്കാരാണെന്ന മനോഭാവം സാധാരണക്കാർക്ക് ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്, സങ്കടകരമാണ്. ഇത് സ്ത്രീ വിരുദ്ധം കൂടിയാണ്. നല്ലനിലയിൽ പ്രസിദ്ധരായ നടിമാർ മുഴുവൻ മോശക്കാരാണ് എന്ന ധ്വനിയിലാണ് എല്ലാവരും സംസാരിക്കുന്നത്. ഡോക്ടർമാരുടെയും അധ്യാപരുടെയും പൊലീസുകാരുടെയും മാധ്യമങ്ങളുടെയും ഇടയിലുമുള്ള സ്ത്രീ വിരുദ്ധരും ക്രിമിനലുകളുമായ അത്രയും ആളുകൾ സിനിമാക്കാർക്കിടയിലുമുണ്ട്.- ലാൽ ജോസ് പറഞ്ഞു.
5,500 ലധികം പേജുവരുന്ന റിപ്പോർട്ടിലെ 279 പേജുകൾ മാത്രമാണ് പുറത്തുവിട്ടത്. അതിൽ തന്നെ ഞെട്ടിപ്പിക്കുന്ന ഇത്രയും കാര്യങ്ങളുണ്ടെങ്കിൽ മറ്റുപേജുകളിൽ എന്തായിരിക്കും?. റിപ്പോർട്ടിൽ പരാമർശിക്കപ്പടുന്ന കുറ്റകൃത്യങ്ങൾ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. അതിൽ അന്വേഷണത്തിന് നടപടികൾ ഉണ്ടാകണം. കുറ്റം ചെയ്തവർ ആരൊക്കെയാണ്?. ചിലർ ചെയ്യുമ്പോൾ രഹസ്യാത്മകവും സാധാരണക്കാർ ചെയ്യുമ്പോൾ കുറ്റകരവുമാകുന്നത് എങ്ങനെയെന്ന ചോദ്യവും ഹേമ കമ്മിറ്റി റിപ്പോർട്ട് ഉയർത്തുന്നുണ്ട്. അതിനാൽ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കണം. – സി.വി.ബാലകൃഷ്ണൻ
മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.