ADVERTISEMENT

ജാപ്പനീസ് നോവലിസ്റ്റും വിവർത്തകനുമായ ഹാരുകി മുറാകാമി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച സാഹിത്യകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. റിയലിസത്തിന്റെയും സർറിയലിസത്തിന്റെയും സമന്വയത്തിന് പേരുകേട്ട അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടുമുള്ള വായനക്കാരെ ആകർഷിച്ചു. അദ്ദേഹത്തിന്റെ നോവലുകൾ, ലേഖനങ്ങൾ, ചെറുകഥകൾ എന്നിവ ബെസ്റ്റ് സെല്ലറുകളാണ്. മുറാകാമിയുടെ കൃതികൾ അമ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടിട്ടുണ്ട്.

Haruki-Murakami-books

ഫ്രാൻസ് കാഫ്ക പ്രൈസ്, ഫിക്ഷനുള്ള കിരിയാമ പ്രൈസ്, മികച്ച ഫിക്ഷനുള്ള ഗുഡ്‌റെഡ്‌സ് ചോയ്‌സ് അവാർഡുകൾ, ജെറുസലേം പ്രൈസ്, പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡുകൾ തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 'ഹിയർ ദ് വിൻഡ് സിങ്' (1979), 'നോർവീജിയൻ വുഡ്' (1987), 'ദ് വിൻഡ്-അപ്പ് ബേർഡ് ക്രോണിക്കിൾ' (1994–95), 'കാഫ്ക ഓൺ ദ് ഷോർ' (2002), 1Q84 (2010), 'മെന്‍ വിത്തൗട്ട് വിമൻ' (2014), 'കില്ലിംഗ് കമൻഡാറ്റോർ' (2018) എന്നിവ മുറാകാമിയുടെ പ്രശസ്ത കൃതികളാണ്.

1949ൽ ജപ്പാനിലെ ക്യോട്ടോയിലാണ് മുറാകാമി ജനിച്ചത്. തന്റെ ബാല്യകാലം ശാന്തമായ ഒരു സാഹചര്യത്തിലാണ് അദ്ദേഹം ചെലവഴിച്ചത്. പാശ്ചാത്യ സംഗീതത്തോട്, പ്രത്യേകിച്ച് ജാസിനോട് പ്രിയമുണ്ടായിരുന്ന മുറാകാമി, സംഗീതത്തോടുള്ള ഈ അഭിനിവേശം പിന്നീട് അദ്ദേഹത്തിന്റെ നോവലുകളിൽ ആവർത്തിച്ചുള്ള പ്രമേയമാക്കി. സംഗീതം പലപ്പോഴും മനുഷ്യ അസ്തിത്വത്തിന്റെ സങ്കീർണ്ണതകളുടെ രൂപകമായി ആ പുസ്തകങ്ങള്‍ വർത്തിച്ചു. വസേഡ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയശേഷം മുറാകാമി ടോക്കിയോയിൽ ഒരു ചെറിയ ജാസ് ബാർ തുറന്നു. ഈ സമയത്താണ് അദ്ദേഹം ഗൗരവമായി എഴുതാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ ആദ്യ നോവൽ 'ഹിയർ ദ് വിൻഡ് സിങ്' 1979ൽ പ്രസിദ്ധീകരിക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്തു.

ഹാരുകി മുറാകാമി, Image Credit: Miguel Riopa/AFP
ഹാരുകി മുറാകാമി, Image Credit: Miguel Riopa/AFP

മുറാകാമിയുടെ രചനാശൈലി ലാളിത്യവും വ്യക്തതയും ചേർന്നതാണ്. അസാധാരണമായ സാഹചര്യങ്ങളിൽ കുടുങ്ങിയ സാധാരണ കഥാപാത്രങ്ങളെയാണ് അദ്ദേഹത്തിന്റെ ആഖ്യാനങ്ങൾ പിന്തുടരുന്നത്. അവയിൽ യാഥാർഥ്യവും ഭാവനയും തമ്മിലുള്ള അതിരുകൾ മങ്ങുന്നു. മനുഷ്യ മനസ്സിന്റെ ആഴങ്ങൾ തിരയാൻ മുറാകാമി വായനക്കാരനെ ക്ഷണിക്കുന്നു. അർഥം തേടൽ പ്രമേയമായ മുറാകാമിയുടെ രചനകൾ പലപ്പോഴും ഫ്രാൻസ് കാഫ്കയുടെ കൃതികളുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്.

മുറാകാമിയുടെ പല കഥാപാത്രങ്ങളും മറ്റുള്ളവരുമായി സംഭാഷണത്തിലേർപ്പെടാനും ലോകത്ത് തങ്ങളുടെ സ്ഥാനം കണ്ടെത്താനും പാടുപെടുന്ന ഏകാന്ത വ്യക്തികളാണ്. അദ്ദേഹത്തിന്റെ ആദ്യകാല നോവലുകളായ 'നോർവീജിയൻ വുഡ്, 'ദ് വിൻഡ്-അപ്പ് ബേർഡ് ക്രോണിക്കിൾ' എന്നിവയിൽ ഈ വിഷയം വ്യക്തമായി പ്രകടമാണ്. ഈ വ്യക്തികളിലൂടെ നഷ്ടം, ആഘാതം, അസ്തിത്വശൂന്യത എന്നിവയെ നേരിടാനുള്ള വഴികൾ മുറാകാമി പരിശോധിക്കുന്നു. മുറാകാമിയുടെ ഫിക്ഷനിലെ മറ്റൊരു ആവർത്തന പ്രമേയം അമാനുഷികതയും നിഗൂഢതയുമാണ്. പ്രേതങ്ങൾ, സ്വപ്നങ്ങൾ, സമാന്തര പ്രപഞ്ചങ്ങൾ തുടങ്ങിയ ഘടകങ്ങൾ പലപ്പോഴും അദ്ദേഹത്തിന്റെ കഥകളിൽ കാര്യമായ പങ്കുവഹിക്കുന്നു. അവ മനുഷ്യമനസ്സിന്റെ മറഞ്ഞിരിക്കുന്ന ആഴങ്ങളുടെയും പ്രപഞ്ചരഹസ്യങ്ങളുടെയും സൂചകങ്ങളാണ്.

ഉദാഹരണത്തിന്, 'കാഫ്ക ഓൺ ദ് ഷോർ' എന്ന പുസ്തകത്തിലെ നായകൻ കാഫ്ക, സ്വയം കണ്ടെത്താനായിട്ടാണ് ഒരു യാത്ര ആരംഭിക്കുന്നത്. അതിനിടയിൽ ഒരു സംസാരിക്കുന്ന പൂച്ചയെയും നിഗൂഢ സ്ത്രീയെയും സമയഘടനയ്ക്കു പുറത്ത് നിലനിൽക്കുന്ന ഒരു ലൈബ്രറിയും കാണുന്നു. ഈ സർറിയൽ ഘടകങ്ങൾ കാഫ്കയുടെ ആന്തരിക സംഘട്ടനങ്ങളുടെയും അർഥത്തിനായുള്ള തിരയലിന്റെയും പ്രതിഫലനമാണ്.

Haruki-Murakami-books-d

മുറാകാമിയുടെ നോവലുകൾ ആധുനിക ജപ്പാന്റെ ആത്മാവിനെ പകർത്തുന്നതിൽ മികവ് പുലർത്താറുണ്ട്. സാംസ്കാരിക പൈതൃകവും സമകാലിക ജീവിതത്തിലെ ഉപഭോക്തൃത്വം, ഭൗതികവാദം, പരമ്പരാഗത മൂല്യങ്ങളുടെ നഷ്ടം എന്നിവയും തമ്മിലുള്ള സംഘർഷം അവയിൽ കാണാം. കൂടാതെ മുറകാമിയുടെ കൃതികൾ, ദ്രുതഗതിയിലുള്ള ആധുനികവൽക്കരണവും ആഗോളവൽക്കരണവും നേരിടുന്ന യുദ്ധാനന്തര തലമുറയുടെ ഉത്കണ്ഠകളും അനിശ്ചിതത്വങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. പലപ്പോഴും അസ്തിത്വപരമായ ചോദ്യങ്ങളുമായി പൊരുതുന്ന ഒറ്റപ്പെട്ട വ്യക്തികൾ, അതിയഥാർഥമോ അതിശയിപ്പിക്കുന്നതോ ആയ സംഭവങ്ങളിൽ തങ്ങളെത്തന്നെ തളച്ചിടുന്നുവെന്ന് അവിടെ നമുക്ക് വായിച്ചെടുക്കാം. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങാനും യാഥാർഥ്യത്തിന്റെ സ്വഭാവത്തെ തന്നെ ചോദ്യം ചെയ്യാനും മുറാകാമിയുടെ കൃതികൾ വായനക്കാരെ ക്ഷണിക്കുന്നു.

English Summary:

Haruki Murakami: The Master of Magical Realism and Modern Japanese Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com