ADVERTISEMENT

കുടിയേറിയവരില്‍ ഒരാളാണ് കെ.ജെ.ബേബിയും. നാട്ടില്‍ നിന്ന് കാട്ടിലേക്ക്. അതുപക്ഷേ കാടിനെ നാടാക്കാനായിരുന്നില്ല. കാടിനെ കാടായിത്തന്നെ നിലനിര്‍ത്താന്‍. നാടിന്റെ മക്കളെന്നഭിമാനിക്കുന്നവരെപ്പോലെ കാടിന്റെ മക്കളെയും മനുഷ്യരായി പരിഗണിച്ചും അംഗീകരിച്ചും അവരുടെ സ്വാഭാവിക ജീവിതപരസരത്തില്‍ തന്നെ സന്തോഷത്തോടെ നിലനിര്‍ത്താന്‍. അവരുടെ ഭാഷയില്‍ അവരോടു സംവദിക്കാന്‍. അവരുടെ ഭാഷയില്‍ പാട്ടുപാടാന്‍. കഥയും കവിതയും നോവലുമെഴുതി അവരോടൊത്ത് ആടാനും പാടാനും സന്തോഷത്തോടെ ജീവിക്കാനും. നാട്ടില്‍നിന്നു പഠിച്ചതിലുമേറെ കാട്ടില്‍നിന്നു പഠിച്ച ബേബി കേരളത്തിനു സമ്മാനിച്ചത് ബദല്‍ ജീവിതരീതി. സംസ്കാരം. വിദ്യാഭ്യാസം. എഴുത്തും വായനയും. കിനാവു പോലെ സുന്ദരമായ കനവും. 

വയനാട്ടിലേക്കുള്ള രണ്ടാം കുടിയേറ്റക്കാലത്താണ് ബേബിയുടെ യാത്രയും തുടങ്ങുന്നത്. കണ്ണൂരിലെ പേരാവൂരില്‍നിന്ന് വയനാട്ടിലെ വള്ളിയൂര്‍ക്കാവിനടുത്തുള്ള താന്നിക്കലിലേക്ക്. മഞ്ഞും മലകളും പാടങ്ങളും തുടികൊട്ടിപ്പാട്ടും നിറഞ്ഞുനിന്ന വിസ്മയ പ്രകൃതിയിലേക്ക്. കാട്ടിലേക്കുള്ള യാത്രകളില്‍ അടിയോര്‍ക്ക് സ്വന്തമായൊരു ഭാഷയും ആചാരക്രമങ്ങളുമുണ്ടെന്നും മനുഷ്യരെ പ്രകൃതിയോടു ചേര്‍ത്തുനിര്‍ത്തുന്ന പാട്ടുകളും തുടിത്താളങ്ങളുമുണ്ടെന്നും മനസ്സിലാക്കി. കാട്ടിലെ ഓരോ പുല്‍ക്കൊടിക്കും ജീവനുണ്ടെന്ന് അവര്‍ പാടിക്കൊണ്ടിരുന്നു. ജീവിതത്തിലെ ഓരോ നിമിഷങ്ങളും അമൂല്യമാണെന്നും ദേവഭാഷയില്‍ അവര്‍ പാടി. അവരുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായിനിന്നുകൊണ്ട് അവരോട് അവരുടെ ഭാഷയില്‍ത്തന്നെ സംസാരിച്ചാണ് ബേബി കനവ് സൃഷ്ടിക്കുന്നത്. 

വസന്തത്തിന്റെ ഇടിമുഴക്കമായി വിപ്ലവത്തിന്റെ ആഹ്വാനം കേട്ട നാളുകളിലാണ് ബേബിയും കാട്ടില്‍ എത്തുന്നത്. പക്ഷേ, മനുഷ്യമനസ്സില്‍ നടക്കുന്ന വിപ്ളവത്തിലായിരുന്നു അദ്ദേഹത്തിന്റെ ഊന്നല്‍. വിപ്ലത്തിലേക്കുള്ള പാതയാകട്ടെ കലയും സാഹിത്യവും. കലയിലൂടെ സൗഹൃദങ്ങള്‍ സൃഷ്ടിച്ചു. സാമൂഹികവിപ്ലവത്തിലേക്ക് കനവ് ഉണര്‍ന്നു. കൂട്ടിന് നാട്ടിലെ അധ്യാപക ജോലി ഉപേക്ഷിച്ച് കൂടെക്കൂടിയ ഷേര്‍ലിയും. കുട്ടികളുടെ നിഷ്കളങ്കമായ കൗതുകത്തിന്റെ കഴുത്തു ഞെരിക്കുന്നതിനുപകരം പാട്ടുകളിലൂടെയും നാടകങ്ങളിലൂടെയും നോവലുകളിലൂടെയും  അവര്‍ പഠിച്ചു. സര്‍ഗാത്മകതയ്ക്ക് ഊന്നല്‍ കൊടുക്കുന്ന, കൊളോണിയല്‍ ഭരണാധികാരികള്‍ അടിച്ചേല്‍പിച്ചതിനുപകരമുള്ള ജൈവികത നിറഞ്ഞ വിദ്യാഭ്യാസം. പുസ്തകങ്ങള്‍ക്കു പകരം പ്രകൃതിയെത്തന്നെ പാഠപുസ്തകമാക്കിയാണ് പഠിച്ചതും പഠിപ്പിച്ചതും. പഠിച്ചതൊന്നും മറന്നുപോകാതെ അവര്‍ വളര്‍ന്നു. സാംസ്കാരികമായി വേറിട്ടുനില്‍ക്കുന്ന ഒരു ജനതയെ അവരുടെ ജീവിതത്തിന്റെ തനതുതാളത്തില്‍ത്തന്നെ വളര്‍ത്തിക്കൊണ്ടുവന്നു. 

ബേബി എഴുതിയ മാവേലിമന്റം, നാടുഗദ്ദിക ബസ്പുര്‍ക്കാന എന്നീ കൃതികള്‍ കാടു കടന്ന് നാട്ടിലുമെത്തി ഓളം തീര്‍ത്തു. പക്ഷേ, അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ബേബി. രണ്ടു നൂറ്റാണ്ടിന്റെ കഥയായിരുന്നു നാടുഗദ്ദിക. രാജാക്കന്‍മാര്‍, വെള്ളക്കാര്‍, സ്വാതന്ത്ര്യസമരം, വിമോചനസമരം, കമ്മ്യൂണിസ്റ്റുകാര്‍... എന്നിങ്ങനെയുള്ള തുടര്‍ച്ച. പരിഷ്കൃതരെന്ന് അഭിമാനിക്കുന്നവര്‍ കാടിനെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് ഓര്‍മിപ്പിച്ച ഗദ്ദിക നിരോധിക്കപ്പെട്ടു. മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും ആളുകളെ വഴിതെറ്റിച്ചുവെന്ന കുറ്റം ചുമത്തി ബേബി അറസ്റ്റ് ചെയ്യപ്പെട്ടു. മൂന്നു മാസം ജയിലിലും. അതൊന്നും ആ മനുഷ്യനെ താന്‍ ഏറ്റെടുത്ത ഐതിഹാസികമായ ദൗത്യത്തില്‍നിന്നു പിന്തിരിപ്പിച്ചില്ല. മുഖ്യധാരാ സമൂഹം എന്തു ചിന്തിക്കുന്നു എന്ന് ആലോചിക്കാതെ അപൂര്‍വമായി കിട്ടിയ പിന്തുണയും ആത്മാവിന്റെ ധൈര്യവും കരുത്താക്കി അദ്ദേഹം മുന്നോട്ടുപോയി. 

കെ.ജെ.ബേബി, ചിത്രം: മനോരമ
കെ.ജെ.ബേബി, ചിത്രം: മനോരമ

കനവ് കള്ളത്തരമാണെന്നും വിദേശ ഫണ്ട് കൈപ്പറ്റുന്നവരാണ് ബേബിയും കൂട്ടരുമെന്നൊക്കെയുള്ള ആരോപണങ്ങള്‍ വര്‍ധിച്ചുവന്നപ്പോള്‍ 2003ല്‍ ഒരു ട്രസ്റ്റുണ്ടാക്കി മാറിനിന്നിട്ടുപോലുമുണ്ട് ബേബിയും കുടുംബവും. പാട്ടുപാടിയും കൂലിപ്പണി ചെയ്തും ജീവിച്ചുകാണിച്ചുകൊടുത്തിട്ടുമുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ കപനനാട്യം ഒടുവില്‍ ജനത്തിനു ബോധ്യമായി. ബേബിയുടെ സത്യസന്ധത അംഗീകരിക്കേണ്ടിവരികയും ചെയ്തു. ജീവിതത്തില്‍ വ്യത്യസ്തമായി തനിക്കു പലതും ചെയ്യാന്‍ കഴിഞ്ഞതിന്റെ കാരണം ഷേര്‍ലിയെപ്പോലെ ഒരു ജീവിതങ്കാളിയെ കിട്ടിയതുകൊണ്ടാണെന്ന് ബേബി പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. കനവിന്റെ ഊര്‍ജസ്രോതസ്സ് തന്നെ ഷേര്‍ലിയാണെന്ന് അംഗീകരിച്ചിട്ടുമുണ്ട്. തന്നേക്കാള്‍ കൂടുതല്‍ സമയം കനവിനുവേണ്ടി സ്വയം സമര്‍പ്പിച്ചതും ഷേര്‍ലിയാണെന്നും ബേബി പറഞ്ഞിട്ടുണ്ട്. മക്കള്‍ ശാന്തിയും ഗീതയും വ്യവസ്ഥാപിത വിദ്യാഭ്യാസം പോലും നേടാതെതന്നെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തിയവരും. 

രമണ മഹര്‍ഷിയുടെ ആശ്രമത്തില്‍ ധ്യാനിക്കുകയും നാരായണ ഗുരുദേവന്റെ ചിന്തയില്‍ വെളിച്ചം കണ്ടെത്തുകയും ചെയ്ത ബേബി ബദല്‍ ജീവിതരീതിയിലൂടെ കേരളത്തില്‍ അത്യപൂര്‍വമായ മാതൃക സൃഷ്ടിച്ചയാളാണ്. വ്യത്യസ്തമായി പഠിക്കുകയും ജീവിക്കുകയും ചെയ്ത്, സന്തോഷത്തോടെ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും സ്വന്തം ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത അപൂര്‍വം ധിഷണാശാലികളില്‍ ഒരാള്‍. 

കനവില്‍ ഒരാളും മറ്റൊരാളെക്കൊണ്ട് പണിയെടുപ്പിക്കില്ല. ഓരോരുത്തരും അവരവരുടെ ജോലി ചെയ്യും. കടമ നിറവേറ്റും. ലോകത്തും അങ്ങനെയൊരു സമ്പ്രദായം വന്നാല്‍ ഇന്നത്തേക്കാളും മനോഹരമായ സ്ഥലമായി ഭൂമി മാറും. കൂടെയുള്ളവരുടെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുകയും ജീവിതം നൃത്തം പോലെ ചടുലവും താളാത്മകവുമാകും. ആ സ്വപ്നം അസാധ്യമല്ലെന്നും അങ്ങനെയൊന്ന് സഫലീകരിക്കാന്‍ കഴിയുമെന്നും ജീവിതത്തിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചതാണ് ബേബിയുടെ ജീവിതത്തിന്റെ ധന്യത.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com