ഗ്രാഫിക് നോവൽ എഴുതുന്ന മലയാളി 'അപ്പൂപ്പൻ'; പ്രസിദ്ധ ഇന്ത്യൻ നോവലിസ്റ്റ് പഠിച്ചത് കോട്ടയത്ത്
Mail This Article
അപ്പൂപ്പൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടാൻ ഇഷ്ടപ്പെടുന്ന പ്രശസ്ത ഇന്ത്യൻ ഗ്രാഫിക് നോവലിസ്റ്റും കോമിക്സ് കലാകാരനും സംഗീതജ്ഞനുമാണ് ജോർജ് മാത്തൻ. കഥ പറയുന്ന മുത്തച്ഛൻ എന്ന അർഥം വരുന്നതിനാലാണ് 'അപ്പൂപ്പൻ' തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഗ്രാഫിക് നോവലിസ്റ്റുകളിൽ ഒരാളായിട്ടാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്.
കേരളത്തിൽ ജനിച്ച അപ്പൂപ്പൻ, കോട്ടയത്തെ ഇന്ന് പള്ളിക്കൂടം എന്ന് വിളിക്കുന്ന കോർപ്പസ് ക്രിസ്റ്റി ഹൈസ്കൂളിലാണ് പഠിച്ചത്. മുംബൈയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ ത്രീഡി ആനിമേഷനിലും ഗ്രാഫിക് ഡിസൈനിലും ഡിപ്ലോമ പഠിച്ചശേഷം നിരവധി പരസ്യ ഏജൻസികളില്‍ ജോലി ചെയ്തു. 2005-ഓടെ ഇന്റർനെറ്റിൽ തന്റെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനു ശേഷമാണ് അപ്പൂപ്പന്റെ കോമിക് ആർട്ട് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
ഹലാഹല എന്ന സാങ്കൽപിക ലോകത്തിന്റെ സ്രഷ്ടാവാണ് അപ്പൂപ്പൻ. തന്റെ പുസ്തകങ്ങളിൽ ഈ സാങ്കൽപിക ലോകത്തെ ഉപയോഗിക്കുന്ന അപ്പൂപ്പന്‍ ആക്ഷേപഹാസ്യപരമായ കോമിക്‌സിനാണ് പ്രാധാന്യം നൽകുന്നത്. തനതായ ശൈലിക്കും കഥപറച്ചിലിനും പ്രശംസിക്കപ്പെട്ട ഈ കൃതികള്‍ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. 2009ൽ ബ്ലാഫ്റ്റ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ ഗ്രാഫിക് നോവലാണ് 'മൂൺവാർഡ്'. 2011ൽ ഫ്രാൻസിലെ അംഗൗലെം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ സയൻസ് ഫിക്ഷൻ ഗ്രാഫിക് നോവൽ, ഹലാഹല എന്ന പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ലോകത്തെക്കുറിച്ച് വിശദീകരിക്കുന്നു.
അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗ്രാഫിക് നോവൽ, 'ലെജൻഡ്‌സ് ഓഫ് ഹലാഹല' 2013 ജനുവരിയിൽ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ചു. ഹലാഹലയിലെ അഞ്ച് പ്രണയകഥകൾ വിശദീകരിക്കുന്ന ഈ കൃതി, സംഭാഷണങ്ങളില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ നിശബ്ദ ഗ്രാഫിക് നോവലായി കണക്കാക്കപ്പെടുന്നു. ഹലാഹല പ്രപഞ്ചത്തിന്റെ പുരാണങ്ങളും നാടോടിക്കഥകളും വിവരിക്കുന്ന ഈ നോവൽ, യുവാക്കൾക്കിടയിൽ വലിയ വിജയമായി മാറി.
അപ്പൂപ്പന്റെ മൂന്നാമത്തെ ഗ്രാഫിക് നോവൽ 'ആസ്പൈറസ്' 2014ൽ ഹാർപ്പർകോളിൻസാണ് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരണത്തിന് തൊട്ടുപിന്നാലെ ആസ്പൈറസ് ട്രെൻഡിംഗായി മാറി. തന്റെ ശക്തികൾ കണ്ടെത്തുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചുള്ള കഥയാണ് ഈ ഗ്രാഫിക് നോവൽ. നാലാമത്തെ പുസ്തകമായ 'ദി സ്നേക്ക് ആൻഡ് ദി ലോട്ടസ്' 2018 ഫെബ്രുവരിയിലാണ് പ്രസിദ്ധീകരിച്ചത്. എഐ മെഷീനുകൾ ഹലാഹലയിലെ ജീവിതത്തിനു ഭീഷണിയാകുന്ന സന്ദർഭമാണ് പുസ്തകത്തിന്റെ കഥാതന്തു. എഐ സംരംഭകനായി മാറിയ ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍ ലോറന്റ് ഡൗഡുമായി സഹകരിച്ച് അപ്പൂപ്പൻ എഴുതിയ പുസ്തകമാണ് 'ഡ്രീം മെഷീൻ'. എൽഎൽഎം എന്ന വലിയ ഭാഷാ മോഡലുകള്‍ മനുഷ്യരാശിക്ക് നൽകാൻ പോകുന്ന പ്രത്യാഘാതങ്ങളാണ് ഈ ഗ്രാഫിക് നോവലിന്റെ വിഷയം.
അപ്പൂപ്പന്റെ കോമിക് സ്ട്രിപ്പുകളും ഗ്രാഫിക് ആർട്ടും ദ് ഹിന്ദു, ആർട്ട്‌സ് ഇല്ലസ്‌ട്രേറ്റഡ്, മിന്റ് ലോഞ്ച്, തെഹൽക, ജിക്യു, എല്ലെ ഇന്ത്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്. 2014ലെ കൊച്ചി-മുസിരിസ് ബിനാലെയിലും ബെംഗളൂരുവിലെ ഇൻഡി കോമിക്സ് ഫെസ്റ്റ്, ഗാലറി എസ്കെഇ, ഗാലറി 545 എന്നിവയിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ ബാൻഡുകളിൽ ഡ്രമ്മറായി പ്രവർത്തിച്ച അദ്ദേഹം ഒരു സംഗീതജ്ഞനെന്ന നിലയിലും പ്രസിദ്ധനാണ്. 2021ൽ അംഗൂലേമിൽ ആർട്ടിസ്റ്റ്-ഇൻ-റെസിഡൻസായ അദ്ദേഹം ബാംഗ്ലൂരിലാണ് താമസം.