പോളിഷ് എഴുത്തുകാര് മരെക്ക് ബെയിൻസിക്കും ദൊറോത്ത മസ്ലോസ്കയും ഹോർത്തൂസിൽ എത്തുന്നു
Mail This Article
ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാഹിത്യത്തിന്റെയും കലയുടെയും തിരമാലകൾ വന്ന് തഴുകിയുണർത്താൻ ഇനി രണ്ടാഴ്‌ച മാത്രം. നവംബർ 1 മുതൽ 3 വരെ മലയാള മനോരമ ഒരുക്കുന്ന 'ഹോർത്തൂസ്' സാഹിത്യ സാംസ്കാരികോത്സവത്തിന് ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. രാജ്യാന്തര പ്രശസ്‌തരായ എഴുത്തുകാരും ചിന്തകരും കലാകാരൻമാരുമാണ് ഹോർത്തൂസിൽ പങ്കെടുക്കാൻ എത്തുന്നത്.
പോളണ്ടിൽ നിന്നും ഹോർത്തൂസിൽ പങ്കെടുക്കുന്നത് പോളിഷ് എഴുത്തുകാരനും വിവർത്തകനും ചരിത്രകാരനുമായ മരെക്ക് ബെയിൻസിക്കും പോളിഷ് എഴുത്തുകാരിയും നാടകകൃത്തും കോളമിസ്റ്റും പത്രപ്രവർത്തകയുമാണ് ദൊറോത്ത മസ്ലോസ്കയുമാണ്. ഓർമ്മ, വിഷാദം, അസ്തിത്വം എന്നീ വിഷയങ്ങളാണ് മരെക്ക് ബെയിൻസിക്കിന്റെ എഴുത്തുകൾ വ്യത്യസ്തമാക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ നോവലായ ടെർമിനൽ 1994ലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. തത്വചിന്താപരമായ രചശൈലി ആദ്യ നോവലോടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഥകൾക്കൊപ്പം അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രശംസ നേടി, 2012ൽ അദ്ദേഹത്തിന്റെ ബുക്ക് ഓഫ് ഫേസസ് എന്ന കൃതിക്ക് പോളണ്ടിലെ ഏറ്റവും മികച്ച സാഹിത്യ ബഹുമതിയായ നൈക്ക് അവാർഡ് ലഭിച്ചിരുന്നു. മിലൻ കുന്ദേര, റോളണ്ട് ബാർത്ത്സ് എന്നിവരുടെ കൃതികളുടെ വിവർത്തനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. ട്വർക്കി (1999), മെലൻകൊളി (2002), ട്രാൻസ്പെരൻസി (2007) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികൾ. അദ്ദേഹത്തിന്റെ കൃതികൾ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, റഷ്യൻ, ബൾഗേറിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
നൂതനമായ എഴുത്തുരീതി കൊണ്ടും ഭാഷാശൈലി കൊണ്ടും നിരൂപക ശ്രദ്ധ നേടിയ പോളിഷ് എഴുത്തുകാരിയും നാടകകൃത്തും കോളമിസ്റ്റും പത്രപ്രവർത്തകയുമാണ് ദൊറോത്ത മസ്ലോസ്ക. 2002ൽ വെറും 19 വയസ് മാത്രം പ്രായമുള്ളപ്പോൾ എഴുതിയ ആദ്യ നോവലായ സ്നോ വൈറ്റ്, റഷ്യൻ റെഡ് എന്ന നോവലിലൂടെയാണ് ദൊറോത്ത ശ്രദ്ധിക്കപ്പെടുന്നത്. ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, ഇറ്റാലിയൻ, ഡച്ച്, റഷ്യൻ, ഇംഗ്ലീഷ്, ഹംഗേറിയൻ, ചെക്ക് എന്നിവയുൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടു. രണ്ടാമത്തെ നോവലായ ദി ക്വീൻസ് പീക്കോക്ക് പോളണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സമ്മാനമായ 2006ലെ നൈക്ക് അവാർഡ് നേടി. ഹണി, ഐ കിൽഡ് അവർ കാറ്റ്സ്, നോ മാറ്റർ ഹൗ ഹാർഡ് വീ ട്രൈഡ്, എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. എഴുത്തിന് പുറമെ അസംബന്ധ നാടകങ്ങൾ, സംഗീതം എന്നീ മേഖലകളിലും ദൊറോത്ത കഴിവ് തെളിയിച്ചിട്ടുണ്ട്.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്‌കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്‌സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.