ADVERTISEMENT

ഫിക്ഷനെ പുരാണങ്ങളുടെ പുനർവ്യാഖ്യാന രൂപത്തിൽ പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടിയ പ്രമുഖ ഇന്ത്യൻ എഴുത്തുകാരനാണ് ആനന്ദ് നീലകണ്ഠൻ. പുരാണ ഘടകങ്ങൾ നിറഞ്ഞ കഥയിൽ ചരിത്രപരമായ കൃത്യത നിലനിർത്തി സമകാലിക കാലത്തെ പ്രതിനിധീകരിക്കുന്ന കൃതികളിലാണ്  അദ്ദേഹത്തിന്റേത്. അസുര: ടെയിൽ ഓഫ് ദ് വാൻക്വിഷ്ഡ് (2012), അജയ: റോൾ ഓഫ് ദ് ഡൈസ് (2013), അജയ: റൈസ് ഓഫ് കാളി (2015), ദ് റൈസ് ഓഫ് ശിവഗാമി (2017), വാനര: ദ് ലെജൻഡ് ഓഫ് ബാലി, സുഗ്രീവ ആൻഡ് താര (2018) തുടങ്ങിയവയാണ് പ്രധാന രചനകൾ.

തൃപ്പൂണിത്തുറയിൽ ജനിച്ച ആനന്ദിന്റെ ജീവിതത്തെ സ്വാധീനിച്ചത് ഇന്ത്യൻ പുരാണങ്ങളോടും നാടോടിക്കഥകളോടും ഉള്ള സമ്പർക്കമാണ്. ബാല്യത്തിൽ കേട്ട പുരാതന കഥകളോടുള്ള  ആകർഷണം അദ്ദേഹത്തിന്റെ പിൽക്കാല സാഹിത്യാന്വേഷണങ്ങൾക്ക് അടിത്തറയിട്ടു. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 1999 മുതൽ 2020 വരെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി ചെയ്തു. പിന്നീട് എഴുത്തിലേക്ക് തന്റെ മുഴുവൻ ശ്രദ്ധയും തിരിയുന്നതിനായി ജോലി ഉപേക്ഷിച്ചു.

anand-neelakandan-lit-larag

പുരാണ കഥാപാത്രങ്ങളെയും കഥകളെയും പുനർവിചിന്തനം ചെയ്യുന്ന ആനന്ദ്, അവയ്ക്ക് സമകാലിക പ്രസക്തി നൽകി. രാമായണം, മഹാഭാരതം തുടങ്ങിയ ഹൈന്ദവ ഇതിഹാസങ്ങളിലേക്ക്  ഒരു പുതിയ കാഴ്ചപ്പാടോടെയാണ് അദ്ദേഹം ആഴ്ന്നിറങ്ങിയത്. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുവാൻ ചരിത്രപരവും പൗരാണികവുമായ സന്ദർഭങ്ങൾ പശ്ചാത്തലമാക്കി.

അസുര: ടെയിൽ ഓഫ് ദ് വാൻക്വിഷ്ഡ് എന്ന ആദ്യ നോവൽ രാവണന്റെ വീക്ഷണകോണിൽ നിന്നാണ് പറയുന്നത്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് പുസ്തകം. ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുന്ന ഒരു സാധാരണ മനുഷ്യനായിട്ടാണ് രാവണനെ ഇവിടെ കാണിക്കുന്നത്. ദരിദ്രനായ ഭദ്രയാണ് കഥയിലെ മറ്റൊരു പ്രധാന കഥാപാത്രം. ഭരണാധികാരികളുടെ നടുവിൽ കുടുങ്ങിയ സാധാരണക്കാരുടെ ശബ്ദമാണ് ഭദ്ര. ഈ രണ്ട് മനുഷ്യരെയും അവരുടെ ജീവിതം, വംശം, സംസ്കാരം, രാജ്യം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും കേന്ദ്രീകരിച്ചാണ് നോവൽ മുന്നോട്ട് പോകുന്നത്. 

ആനന്ദ് നീലകണ്ഠൻ, Image Credit: facebook/anandneelakandan
ആനന്ദ് നീലകണ്ഠൻ, Image Credit: facebook/anandneelakandan

അജയ: റോൾ ഓഫ് ദ് ഡൈസ് (2013), അജയ: റൈസ് ഓഫ് കാളി (2015) മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ നോവലുകൾ ദുര്യോധനന്റെ ജീവിതത്തെ കേന്ദ്രീകരിക്കുന്നു. ദുര്യോധനൻ എന്ന പേരിനു പകരം അദ്ദേഹത്തിന്റെ ഗുണത്തെ സൂചിപ്പിക്കാനായി സുയോധനൻ എന്ന പേരിലാണ് കഥാപാത്രം വരുന്നത്. നോവലിലെ ആഖ്യാനത്തിലൂടെ ശ്രദ്ധിക്കപ്പെടാത്ത സമൂഹത്തിന്റെ പ്രതിനിധാനമായി സുയോധനൻ മാറി.

ബാഹുഹലി ചലച്ചിത്രത്തിന്റെ മുൻകഥകളെ അവതരിപ്പിക്കുന്ന ആനന്ദ് നീലകണ്ഠന്റെ ശിവഗാമി നോവൽത്രയത്തില്‍ രാജമാതാ എന്ന നിലയിലേക്കുള്ള ശിവഗാമിയുടെ വളർച്ചയെ കാട്ടുന്നു. ഒരു സാധാരണ പെണ്‍കുട്ടി എങ്ങനെ മഹിഷ്മതിയുടെ രാജ്ഞി എന്നത് വിശദമായി ഈ കൃതികളിലുണ്ട്. വാനര: ദ് ലെജൻഡ് ഓഫ് ബാലി, സുഗ്രീവ ആൻഡ് താര (2018) രാമായണത്തിന്റെ പുനരാഖ്യാനമാണ്. ബാലി, സുഗ്രീവൻ, താര എന്നീ കഥാപാത്രങ്ങളുടെ ജീവിതമാണ് വാനരയുടെ കേന്ദ്ര ഇതിവൃത്തം. 

anand-neelakandan-lits-l

കഥപറച്ചിലിലെ നൂതനമായ സമീപനവും ചരിത്രപരമായ പ്രമേയവും കാരണം ആനന്ദ് നീലകണ്ഠന്റെ കൃതികൾ പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നോവലുകൾ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഗുജറാത്തി, ആസാമീസ്, ജാപ്പനീസ്, ഇന്തോനേഷ്യൻ അടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമയ്ക്കും ടെലിവിഷനുമുള്ള അഡാപ്റ്റേഷനുകൾക്ക് അവ പ്രചോദനം നൽകിയിട്ടുമുണ്ട്. ഹിന്ദി ടെലിവിഷൻ സീരിയലുകൾക്ക് തിരക്കഥ എഴുതിട്ടുള്ള ആനന്ദ് കുട്ടികള്‍ക്കായും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

English Summary:

Anand Neelakantan: Reimagining Indian Mythology for a New Generation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com