ADVERTISEMENT

റൂത്ത് എന്ന ഹിബ്രു നാമത്തിന്റെ അർഥം സുഹൃത്ത് എന്നാണ്. എന്നാൽ സൗമ്യസ്വരൂപിയായ ഒരു സുഹൃത്തിനെയല്ല, നാം ലാജോ ജോസിന്റെ 'റൂത്തിന്റെ ലോക'ത്തിൽ കാണുന്നത്. ഓർമ്മയ്ക്കും മറവികൾക്കും ഇടയിലൂടെ നിരന്തരം സഞ്ചരിച്ച്, തന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന അസ്വസ്ഥയായ സ്ത്രീയാണ് ഇവിടെ റൂത്ത്.

മലയാള സാഹിത്യലോകത്ത് നിരവധി ചർച്ചകൾക്ക് വഴി തുറന്ന ഒരു കൃതിയാണ് ലാജോ ജോസിന്റെ 'റൂത്തിന്റെ ലോകം'. നോവലിലെ ഏറ്റവും ശ്രദ്ധേയമായ വശം അതിന്റെ സൈക്കളോജിക്കൽ ത്രില്ലർ സ്വഭാവമാണ്. ഒരു അപകടത്തിലൂടെ റെട്രോഗ്രേഡ് അമ്നീഷ്യ എന്ന മറവിരോഗം ബാധിച്ച റൂത്ത് എന്ന സ്ത്രീയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. 

interview-with-writer-lajo-jose-on-his-new-book-kanya-mariya1
ലാജോ ജോസ്

ഓർമ്മയ്ക്കും മറവികൾക്കും ഇടയിലുള്ള ഒരു ലോകത്താണ് റൂത്ത് ജീവിക്കുന്നത്. അതിന്റെ പരിമിതികൾ അവൾക്കുണ്ട്. എന്നാൽ ഭർത്താവായ റൊണാൾഡ് തോമസിന്റെ നയത്തിലുള്ള ഇടപെടലുകൾ ആ ബുദ്ധിമുട്ടുകളെ ലഘൂകരിക്കുന്നുണ്ട്. ഡയറിക്കുറിപ്പുകളും വോയ്സ് റെക്കോർഡിങ്ങുകളും ഉപയോഗിച്ച് ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുകയാണ് അവള്‍. അപകടത്തിനു മുമ്പും ശേഷവുമുണ്ടായ കാര്യങ്ങളെക്കുറിച്ച് സങ്കോചപ്പെടാതിരിക്കുവാന്‍ ശ്രമിക്കുമ്പോഴും റൂത്തിന് അത് പലപ്പോഴും സാധിക്കുന്നില്ല. 

അനാഥയായ റൂത്ത് കോളേജിൽ പഠിക്കുന്ന കാലഘട്ടത്താണ് റൊണാൾഡിനെ ആദ്യമായി കാണുന്നത്. മുറിവ് പറ്റിയ കാലുമായി ആശുപത്രിയിൽ എത്തുന്ന അവളെ ഡോക്ടറായ റൊണാൾഡിന് ഇഷ്ടപ്പെടുന്നു. എന്നാൽ നിരന്തര പരിശ്രമത്തിന് ഒടുവിലാണ് അവൾ വിവാഹത്തിന് സമ്മതിക്കുന്നത്. പിന്നീട് റൊണാൾഡിന്റെ മാതാപിതാക്കളെ കണ്ട് വിവാഹത്തിന് സമ്മതം വാങ്ങി വരുന്ന വഴി നടക്കുന്ന അപകടം അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.

പഴയതും അന്നന്നു നടക്കുന്നതുമായ ഒരു കാര്യങ്ങളും റൂത്തിന് ഓർമ്മ നിൽക്കാറില്ല. വിവാഹം കഴിഞ്ഞതും വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്നതും എല്ലാം ഓരോ തവണയും ഓർമ്മപ്പെടുത്തണം. സ്വന്തം പേര്, വീട്, മറവിക്കുള്ള കാരണം തുടങ്ങി ഭർത്താവ് ഉൾപ്പെടെ തനിക്ക് ചുറ്റും നിൽക്കുന്ന എല്ലാവരെക്കുറിച്ചും അവൾ മനസ്സിലാക്കുന്നത് തന്റെ ഡയറിക്കുറിപ്പുകൾ വായിച്ചിട്ടാണ്. ഓർത്തുവയ്ക്കണം എന്ന് കരുതുന്ന കാര്യങ്ങൾ വോയിസ് റെക്കോർഡിംഗുകളായും ചിത്രങ്ങളായും ഫോണിൽ സൂക്ഷിക്കുന്നു. എല്ലാ ദിവസവും ഇത് എടുത്ത് വായിക്കുന്നുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും ഇവ മറന്നു പോകാം. മണിക്കൂറുകളോ കൂടിപ്പോയാൽ കുറച്ചു ദിവസങ്ങളോ മാത്രമാണ് എന്ത് കാര്യവും റൂത്തിന്റെ ഓർമ്മയിൽ നിൽക്കുകയുള്ളൂ. 12 വർഷങ്ങളായി ഇതാണ് റൂത്തിന്റെ ലോകം. 

ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ റൂത്തിനെ സഹായിക്കുന്നത് ഭർത്താവായ റൊണാൾഡും വീട്ടുജോലിക്ക് നിൽക്കുന്ന അശ്വിനി എന്ന പെൺകുട്ടിയുമാണ്. ചിത്രം വരയ്ക്കാൻ പ്രോൽസാഹിപ്പിച്ചും പാർക്കിൽ കൊണ്ടു പോയും മറ്റും റൂത്തിനെ സന്തോഷവതിയായി നിലനിർത്താൻ വേണ്ടതെല്ലാം അവർ ചെയ്യുന്നുണ്ട്. മറവി അധികരിക്കുന്ന സമയം റൂത്ത് നൽകുന്ന ദേഹോപദ്രങ്ങളോ മനപ്രയാസങ്ങളോ പരാതി കൂടാതെ അവർ സഹിക്കുന്നുണ്ട്. സ്നേഹത്തിന്റെ നടുവിലാണ് റൂത്തിന്റെ ജീവിതം. 

woman-shadow-mm-ai
Photo Credit: Representative image created using AI Image Generator

അങ്ങനെയിരിക്കെ യാദൃശ്ചികമായി കാണുന്ന ഒരു വാർത്ത റൂത്തിനെ അസ്വസ്ഥയാക്കുന്നു. ഒരു പെൺകുട്ടിയെ കാണാതെ പോയിരിക്കുന്നു, സൂര്യകാന്തി പൂവിന്റെ ചിത്രമുള്ള വസ്ത്രമാണ് കാണാതെയാകുമ്പോൾ അവൾ അണിഞ്ഞിരുന്നത്. ആ പെണ്‍കുട്ടിയുമായി തനിക്ക് എന്തോ ബന്ധമുണ്ടെന്ന് റൂത്തിന് തോന്നുന്നു. പിന്നീട് അവളുടെ മൃതദേഹം കണ്ടെത്തി എന്ന വാർത്ത കണ്ട നിമിഷം മുതൽ റൂത്തിന്റെ പെരുമാറ്റത്തിൽ വലിയ വ്യത്യാസങ്ങളാണ് സംഭവിക്കുന്നത്.

അതൊരു കൊലപാതകമാണ്...! ആരാണ് കൊലപാതകി? മറവിക്കിടയിൽ ഒളിച്ചിരിക്കുന്ന കൊലപാതകി റൂത്ത് തന്നെയാണോ? 

മറവിയുടെ ലോകത്തുണ്ടായ ആ കൊലപാതകത്തിന്റെ രഹസ്യം തേടിയുള്ള റൂത്തിന്റെ യാത്രയാണ് നോവൽ പറയുന്നത്. സത്യവും മിഥ്യയും വേർതിരിച്ചറിയാന്‍ കഴിയാത്ത തന്റെ ലോകത്തിൽ നിന്നുകൊണ്ട് ആ സംഭവത്തിന്റെ യാഥാർഥ്യം തിരിച്ചറിയാനുള്ള റൂത്തിന്റെ പരിശ്രമമാണ് നോവലിന്റെ പ്രമേയം. ആ യാത്ര അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശജനകമായ യാത്രയായി മാറുന്നു. പൊലീസ് അന്വേഷണം തുടങ്ങുമ്പോൾ, റൂത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ദുരൂഹതകൾ പുറത്തുവരുന്നു. സത്യം എന്താണെന്ന് കണ്ടെത്തുന്നത് റൂത്തിന് അത്ര എളുപ്പമല്ല. അവളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് കടക്കുമ്പോൾ, വായനക്കാരെ ഞെട്ടിപ്പിക്കുന്ന അപ്രതീക്ഷിത വെളിപ്പെടുത്തലുകള്‍ നോവലില്‍ ഉടനീളമുണ്ട്. 

'റൂത്തിന്റെ ലോകം' ഒരു സാധാരണ ക്രൈം ത്രില്ലറിനപ്പുറം മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്കുള്ള ഒരു യാത്രയാണ്. സത്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ മങ്ങിയ ഒരു ലോകത്തെയാണ് നോവൽ അവതരിപ്പിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങളെ സങ്കൽപ്പിച്ചു കൂട്ടാൻ വെമ്പുന്ന മനസ്സുമായിട്ടാണ് റൂത്ത് ജീവിക്കുന്നത്. അതിനാൽ ഇടക്കിടെ തെളിഞ്ഞു വരുന്ന ഓർമകൾ ശരിയാണോ എന്നു പോലുമവൾക്കറിയില്ല. ആ പ്രതിസന്ധിയിൽ നിന്നു കൊണ്ടാണ് കൊലപാതകത്തെക്കുറിച്ച് റൂത്ത് അന്വേഷിക്കുന്നത്. 

റൂത്തിന്റെ ഓർമ്മകളുടെ വിശ്വസ്തതയെ ചോദ്യം ചെയ്യുന്നതോടൊപ്പം, മറവി എങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും നോവൽ ചിത്രീകരിക്കുന്നു. സ്ത്രീകളെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളും കുറ്റവാളികളോടുള്ള മനോഭാവവും പുസ്തകത്തിൽ ലാജോ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. റൂത്തിന്റെ അനുഭവങ്ങളിലൂടെ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സങ്കീർണതകളെ ചിത്രീകരിക്കുന്ന നോവൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിയൊരുക്കുന്നു.

പരമ്പരാഗതമായ സാഹിത്യത്തിന്റെ തൊങ്ങലുകളെല്ലാം വെട്ടിമാറ്റി, ചടുലമായ ഭാഷയിൽ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുകയാണ് ലാജോ ജോസ് റൂത്തിന്റെ ലോകത്തിലൂടെ. ലാജോയുടെ  ലളിതവും വ്യക്തവുമായ ഭാഷ നോവലിന്റെ വായനാനുഭവം മികച്ചതാക്കുന്നു.

മലയാളി വായനക്കാരിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് 'റൂത്തിന്റെ ലോകം' നേടിയത്. ആരാണ് കുറ്റവാളിയെന്ന ചോദ്യം നോവലിന്റെ അവസാന നിമിഷം വരെ വായനക്കാരെ അലട്ടുന്നു. ആവേശകരമായ കഥാതന്തു, സസ്പെൻസ്, അപ്രതീക്ഷിത വഴിത്തിരിവുകൾ എന്നിവ വായനക്കാരെ ആകർഷിച്ചു. സൈക്കളോജിക്കൽ ത്രില്ലറിന്റെ മേഖലയിൽ മലയാള സാഹിത്യത്തിന് പുതിയൊരു മാനം നൽകിയ ഈ നോവൽ, എല്ലാത്തരം വായനക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്.

English Summary:

Can You Trust Your Own Mind? Lajo Jose's "Roothinte Lokam" - A Must-Read Malayalam Thriller

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com