ഹിന്ദു സ്വത്വത്തിന്റെ ചരിത്രം പറഞ്ഞ് മനു എസ് പിള്ള; ചർച്ചയായി പുതിയ പുസ്തകം
Mail This Article
നിരൂപക പ്രശംസ നേടിയ 'ദി ഐവറി ത്രോൺ' (2015), 'റെബൽ സുൽത്താൻസ്' (2018), 'ദ് കോർട്ടസൻ', 'ദ് മഹാത്മാ ആൻഡ് ഇറ്റാലിയൻ ബ്രാഹ്മിൻ' (2019), 'ഫോൾസ് അലൈസ്' (2021) എന്നിവയുടെ രചയിതാവാണ് മനു എസ്. പിള്ള. ശശി തരൂർ എംപിയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫായി ജോലി ചെയ്തിരുന്ന മനു, ദി ഐവറി ത്രോൺ എന്ന ആദ്യ പുസ്തകത്തോടെ ഇന്ത്യൻ ചരിത്രഗവേഷകരിൽ ഒരാളായി പേരെടുത്തു. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാർ (2017) ജേതാവ് കൂടിയായ മനു, ലണ്ടനിലെ കിങ്സ് കോളേജിൽ നിന്ന് ചരിത്രത്തിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും രചനകളും വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കാറുണ്ട്.
മനു എസ്. പിള്ളയുടെ അഞ്ചാമത്തെ പുസ്തകമാണ് 'ഗോഡ്‌സ്, ഗൺസ് ആൻഡ് മിഷനറികൾ: ദ മേക്കിംഗ് ഓഫ് ദി മോഡേൺ ഹിന്ദു ഐഡന്റിറ്റി'. 664 പേജുള്ള പുസ്തകം 2024 നവംബർ 21ന് പെൻഗ്വിൻ അലൻ ലെയ്നാണ് പ്രസിദ്ധീകരിച്ചത്. അധികാരം, രാഷ്ട്രീയം, ആഗോള ശക്തികൾ എന്നിവ എങ്ങനെ ഹിന്ദുമതത്തിന്റെ പരിണാമത്തിനു കാരണമായി എന്നതാണ് പുസ്തകം ചർച്ച ചെയ്യുന്ന വിഷയം.
ആധുനിക ഹിന്ദു സ്വത്വത്തെ രൂപപ്പെടുത്തിയ സങ്കീർണ്ണമായ ചരിത്ര പ്രക്രിയകളിലേക്ക് ആഴ്ന്നിറങ്ങുന്ന ചിന്തോദ്ദീപകമായ കൃതിയാണ് 'ഗോഡ്‌സ്, ഗൺസ് ആൻഡ് മിഷനറികൾ: ദി മേക്കിംഗ് ഓഫ് ദി മോഡേൺ ഹിന്ദു ഐഡന്റിറ്റി'. ഹിന്ദു സ്വത്വത്തിന്റെയും ദേശീയതയുടെയും വികാസത്തിൽ ബ്രിട്ടിഷ് കൊളോണിയലിസത്തിന്റെയും ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തിന്റെയും സ്വാധീനത്തെക്കുറിച്ച് വിശദമായ പഠനമാണ് മനു അവതരിപ്പിക്കുന്നത്.
പാശ്ചാത്യ ആശയങ്ങളുമായും സ്ഥാപനങ്ങളുമായും ഏറ്റുമുട്ടിയത് ഹിന്ദു സ്വത്വത്തെ മതപരമായ വിശ്വാസങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർനിർവചിക്കുന്നതിന് കാരണമായി എന്ന് പുസ്തകം വാദിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഹിന്ദു ദേശീയതയുടെ പങ്കും ഇന്ത്യൻ രാഷ്ട്രീയത്തിലും സമൂഹത്തിലും അതിന്റെ തുടർച്ചയായ സ്വാധീനവും മനു പരിശോധിക്കുന്നുണ്ട്. ഹിന്ദു-ക്രിസ്ത്യൻ ബന്ധങ്ങളുടെയും ഹിന്ദു ദേശീയതയുടെയും ഗതി രൂപപ്പെടുത്തിയ മഹാരാജാക്കന്മാർ, കവികൾ, വിപ്ലവകാരികൾ, രാഷ്ട്രീയക്കാർ, മത നേതാക്കൾ എന്നിവരുൾപ്പെടെ ഉൾപ്പെട്ടിരിക്കുന്ന വൈവിധ്യമാർന്ന വ്യക്തിളെയും പുസ്തകം പരിചയപ്പെടുത്തു.
ഇന്ത്യയിലെ ഹിന്ദുമതത്തിന്റെ സങ്കീർണ്ണവും ബഹുമുഖവുമായ ചരിത്രത്തിന്റെ സമഗ്രമായ വിശകലനമാണ് ഈ പുസ്തകം. ഹിന്ദു സ്വത്വത്തിന്റെ ഉത്ഭവവും പരിണാമവും സമകാലിക ഇന്ത്യൻ സമൂഹത്തിൽ അതിന്റെ പങ്കും മനസ്സിലാക്കാൻ താൽപ്പര്യമുള്ള ഏതൊരാളും വായിച്ചിരിക്കേണ്ട കൃതി.