അഭാജ്യസംഖ്യകളുടെ അത്ഭുതലോകം; കൈപ്പുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി
Mail This Article
അഭാജ്യസംഖ്യകളെ പരിചയപ്പെടുത്തുന്ന ഒരു കൈപ്പുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി ഐഎഎസ്. വിവിധ ഒളിംപ്യാഡ് പരീക്ഷകളിൽ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രൈം നമ്പര്‍ തിയറിയുടെ അടിസ്ഥാനമായ പാലിൻഡ്രോമിക് അഭാജ്യസംഖ്യകൾ മുതൽ സയാമീസ് പ്രൈമുകൾ വരെയുള്ള സംജ്ഞകളെക്കുറിച്ചുള്ള ലഘുവിവരണവും ഗ്രന്ഥത്തിലുണ്ട്.
രാജു നാരായണ സ്വാമിയുടെ മുപ്പത്തിനാലാമത്തെ പുസ്തകമാണിത്. ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികൾക്കു വേണ്ടിയുള്ള രണ്ടാമത്തെ പുസ്തകവും. സാഹിത്യ അക്കാദമി അവാർഡ് നേടിയ 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയിൽ' മുതൽ സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിനർഹമായ 'നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം' വരെയുള്ള കൃതികൾ സ്വാമി ഇതിനുമുൻപെഴുതിയ പുസ്തകങ്ങളിൽപ്പെടും. അഞ്ചു ജില്ലകളിൽ കലക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എംഡി, കാർഷികോൽപാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയര്‍മാൻ തുടങ്ങിയ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐഐടി കാൻപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൻ യൂണിവേഴ്സിറ്റി നല്‍കുന്ന അംഗീകാരമായ ലിയനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് 2021 ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്. നിയമത്തിലും ടെക്നോളജിയിലും ആയി 270ലേറെ ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിയെട്ട് തവണ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകനായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ റെക്കോർഡും സ്വാമിയുടെ പേരിലുണ്ട്.