ADVERTISEMENT

ഡിസംബർ 2011, സീനായ്, ഈജിപ്ത്.

കേരളത്തിൽ നിന്നും പുറപ്പെട്ട ഒരു തീർഥാടക സംഘത്തിൽ അംഗമാണ് ഞാൻ. ജോർദാനിലും ഇസ്രയേലിലും പലസ്തീനിലുമായി ഒരാഴ്ചയിലേറെ നീണ്ട പര്യടനത്തിനു ശേഷം ഞങ്ങൾ ജറുസലേമിൽ നിന്നും കെയ്റോ നഗരത്തിലേക്ക് പുറപ്പെട്ടു. മരുഭൂമിയിലൂടെ ആയിരം കിലോമീറ്റർ നീളുന്ന യാത്ര. സീനായ് ഉപദ്വീപിലൂടെ സഞ്ചരിച്ച് ഒരു പകൽ തീരുമ്പോൾ കെയ്റോയിലെത്തും. മരുഭൂവിന്റെ വിവിധ അവസ്ഥാന്തരങ്ങൾ വഴിയിൽ കാണാം. പൊടിയാൻ തുടങ്ങുന്ന, പൊടിഞ്ഞു കൊണ്ടിരിക്കുന്ന, പൊടിഞ്ഞു തീർന്ന മലകൾ. പ്രകൃതിശക്തികൾ ഒരുക്കുന്ന ശിൽപവേല. മരുഭൂമിയിലെ പിതാക്കന്മാരുടെ പാതയിലൂടെ നടന്ന് ഞങ്ങൾ സീനായ് മലയിൽ ചെന്നെത്തി. അവിടെ സെയിന്റ് കാതറിന്റെ പേരിലുള്ള ഒരു സന്യാസാശ്രമം കാണാം. പതിനേഴ് നൂറ്റാണ്ടുകളുടെ പാരമ്പര്യം. അലക്സാൻഡ്രിയയിലെ വിശുദ്ധ കാതറിന്റെ തിരുശേഷിപ്പുകൾ ഇവിടെ സൂക്ഷിക്കുന്നതിനു വളരെ മുമ്പ് മോശയും ഏലിയയും കാലുറപ്പിച്ചു നിന്ന ഇടം. പൂർവപിതാവായ അബ്രഹാമിന്റെ പാരമ്പര്യം പിന്തുടരുന്ന മൂന്ന് മതങ്ങളും മാനിക്കുന്ന ഈ മന്ദിരത്തിൽ ഒട്ടേറെ പുരാതന ഗ്രന്ഥങ്ങളും കയ്യെഴുത്തു പ്രതികളും, അപൂർവമായ ആദ്യകാല ഐക്കൺ ചിത്രങ്ങളും ശേഖരിച്ചു വച്ചിരിക്കുന്നു. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് മോചനം നേടിയ ഇസ്രയേൽ ജനത്തെ നയിക്കുന്ന മോശ, മലമുകളിൽ നിന്ന് ലഭിച്ച പത്തു കൽപനകൾ, കത്തുന്ന മുൾപടർപ്പ്, വാഗ്ദത്ത പേടകം - പഴയ നിയമത്തിലെ മായാത്ത മുദ്രകൾ പതിഞ്ഞ ഇവിടെ നിൽക്കുമ്പോൾ ഹൃദയമിടിപ്പ് ഉയരുന്നുണ്ട്. അന്നാണ് മരുഭൂവിലെ അന്തോണീസിന്റെ കഥ ആദ്യമായി കേട്ടത്.

പാദുവയിലെ അന്തോണീസ് പുണ്യാളൻ ഏറെ പ്രശസ്തനാണ്. അതേ പേരിൽ മറ്റൊരു പുണ്യാളനുമുണ്ട്. മഹാനായ ആന്തണി, ഈജിപ്തിലെ ആന്തണി, താപസനായ ആന്തണി എന്നെല്ലാം അദ്ദേഹം അറിയപ്പെടുന്നു. ഈജിപ്തിലെ വടക്കൻ മരുഭൂ പ്രദേശം മൂന്നാം നൂറ്റാണ്ടിൽ ഒരു റോമൻ പ്രവിശ്യയായിരുന്നു. ക്രിസ്തുമതത്തിന്റെ വളർച്ചയ്ക്ക് വഴിപാകിയ മരുഭൂമിയിലെ പിതാക്കന്മാരുടെ ഉറവിടം അവിടെയാണ്. ആ പാരമ്പര്യത്തിൽ മറ്റനേകം സന്യാസിവര്യന്മാർ ഉണ്ടെങ്കിലും ആദ്യമായി മരുഭൂമിയിൽ പോയി ഗുഹയിൽ വസിച്ച ആന്തണി മരണശേഷം വിശുദ്ധനായി 'സകല സന്യാസികളുടേയും പിതാവ്' എന്ന പേരിൽ അറിയപ്പെട്ടു. ക്രിസ്ത്യൻ സന്യാസ പാരമ്പര്യത്തിലെ പ്രമുഖരിൽ ഒരാളെന്ന് നിസ്സംശയം പറയാം. മരുഭൂമി അപകടരമായ ഒരിടമാണ്, വിശുദ്ധിയിലേക്ക് നീങ്ങുന്ന ഒരാൾക്ക്‌ പ്രത്യേകിച്ചും. വിശുദ്ധ ആന്തണി നേരിട്ട പ്രലോഭനം കഴിഞ്ഞ പത്തു നൂറ്റാണ്ടുകളായി യുറോപ്പിലെ ചിത്രകലയിലും സാഹിത്യത്തിലും ഏറെ പ്രചാരമുള്ള വിഷയമാണ്. മരുഭൂ ജീവിതകാലത്ത് വിശുദ്ധൻ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രലോഭനങ്ങൾ, അവയുണ്ടാക്കുന്ന സംഘർഷം, വിഭ്രമം എന്നിവയാണ് പ്രമേയം. ഇന്ദ്രിയങ്ങൾക്കു മേൽ നിയന്ത്രണം നേടി തന്റെ വിശ്വാസ തീക്ഷ്ണതയാൽ മനസ്സിനെ ജയിക്കുന്ന മനുഷ്യന്റെ കഥ ചിത്രങ്ങളിൽ തെളിഞ്ഞു. താപസനും ചെകുത്താന്മാരും തമ്മിലുള്ള കിടമൽസരം വിവിധ തലമുറകളിലെ ചിത്രലേഖകരെ ഉണർത്തി; മൈക്കലാഞ്ചലോയും സാൽവദോർ ദാലിയും അവരിൽ ഉൾപ്പെടും. 

Santa

ഫ്രഞ്ച് സാഹിത്യകാരൻ ഗുസ്താവ് ഫ്ലോബേർ രചിച്ച ഗദ്യകവിതയിലും വിഷയം ഇതുതന്നെ (The temptation of Saint Anthony, 1874). തനിക്കു മുമ്പേ നടന്ന ചിത്രകാരന്മാർ ഫ്ലൊബേറിനെ പ്രചോദിപ്പിച്ചു. ഫ്ലോബേറിന്റെ സമകാലികനും നാട്ടുകാരനുമായ കവി പോൾ ആരീൻ രചിച്ച ചെറുകഥയിൽ പുണ്യാളനും പിശാചുക്കളും കടന്നു വരുന്നു (St Anthony and his Pig). ആ കഥയാണ് നമ്മുടെ വിഷയം.

ഒരു ദിവസം പുറത്തു പോയി തിരിച്ചു വന്ന സെയിന്റ് ആന്തണി തന്റെ കുടിലിന്റെ വാതിൽ തുറന്നപ്പോൾ ഒരു കൂട്ടം കുട്ടികൾ അകത്ത് ഇരിക്കുന്നതു കണ്ടു. അവർ ഗ്രാമത്തിൽ നിന്നും മഞ്ഞുകാറ്റിനെ അവഗണിച്ച് ആഹാരവുമായി വന്നിരിക്കുന്നു - തേൻ, അണ്ടിപ്പരിപ്പ് ഇത്യാദി - വയോധികനായ താപസൻ വർഷത്തിൽ ഒരിക്കൽ ക്രിസ്മസ് ദിനത്തിൽ ഭക്ഷിക്കുന്ന ആഢംബര വിഭവങ്ങൾ. ആഗതർ നെരിപ്പോടിനു ചുറ്റും വട്ടമിട്ട് ഇരുന്നു. വിശുദ്ധൻ വളർത്തുന്ന ഒരു പന്നി - ബറബാസ് - മുരണ്ടും തണുത്തു മരവിക്കുന്ന വാൽ ചാരത്തിൽ പൂഴ്ത്തിയും അവിടെയുണ്ട്. സെയിന്റ് ആന്തണി തന്റെ ശിരോവസ്ത്രം പിന്നിലേക്ക് മാറ്റി തോളിൽ വീണ മഞ്ഞ് കുടഞ്ഞു കളഞ്ഞു. നീണ്ടു വളർന്ന നരച്ച താടിയിലൂടെ വിരലോടിച്ചു. അവയിൽ ഹിമകണങ്ങൾ പറ്റിപ്പിടിച്ചിരുന്നു. "നിങ്ങൾക്ക് എന്റെ പ്രലോഭനത്തിന്റെ കഥ കേൾക്കണം എന്നാണോ?" "അതെ, പുണ്യാളാ", കുട്ടികൾ ഏകസ്വരത്തിൽ പറഞ്ഞു..

antony-christmas-one

"എന്റെ പ്രലോഭനം - എനിക്കറിയാവുന്ന പോലെ അത് നിങ്ങൾക്കും അറിയാം. ഒരായിരം തവണ അത് ചിത്രമായി വന്നു കഴിഞ്ഞു. നിങ്ങളുടെ അമ്മമാർ ലക്സംബർഗിലെ മരിയോണെ തിയേറ്ററിൽ എന്റെ കുടിലിന്റെ മാതൃക കണ്ടിട്ടുണ്ടാകും. ബറബാസിനെ പീഡിപ്പിക്കുന്ന പിശാചുക്കളേയും പ്രാർഥനാനിരതനായ എന്നേയും നിങ്ങൾ കണ്ടു കാണും. നിങ്ങൾ വായിക്കാൻ പഠിക്കുമ്പോൾ അച്ഛന്റെ ഗ്രന്ഥശേഖരത്തിൽ ഇങ്ങനെയൊന്ന് കണ്ടെത്താം: സെയിന്റ് ആന്തണിയുടെ പ്രലോഭനം - ഗുസ്താവ് ഫ്ലോബേർ. സ്വർണലിപികളിൽ ആലേഖനം ചെയ്ത മനോഹരമായ പുസ്തകം. ഫ്ലോബേർ ആള് മിടുക്കനാണ്, അയാൾ വരച്ചു വച്ചിരിക്കുന്നതെല്ലാം സത്യം തന്നെ. പല തവണ എന്നെ വീഴ്ത്താൻ വന്ന പിശാചുക്കളിൽ ഒന്നിനേയും അയാൾ വിട്ടു കളഞ്ഞില്ലെന്ന് മാത്രമല്ല, പുതുതായി ചിലതിനെ ചേർക്കുകയും ചെയ്തു." ഈ കഥയെല്ലാം എല്ലാവർക്കും അറിയാമെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയ വിശുദ്ധനെ കുട്ടികൾ വീണ്ടും നിർബന്ധിക്കുന്നു. അവസാനം വിശുദ്ധൻ സമ്മതിച്ചു. 

xmas-candle-ai
Photo Credit: Representative image created using AI Image Generator

"ഞാൻ പറയാൻ പോകുന്ന കഥ ഒരു കുഞ്ഞിനുമറിയില്ല. ഫ്ലോബേർ ഉൾപ്പെടെയുള്ള കലാകാരന്മാർക്ക് അതേപ്പറ്റി യാതൊരു രൂപവുമില്ല." തണുത്തു വിറയ്ക്കുന്ന കുട്ടികൾ കുടിലിൽ തീകാഞ്ഞ് ഇരുന്നു. പന്നിയായ ബറബാസ് അവരോടൊപ്പം കാതു കൂർപ്പിച്ചു. "ഒട്ടേറെ പരീക്ഷണങ്ങൾക്കു ശേഷം സാത്താന്മാർ എന്നെ വിട്ടു പോയിരുന്നു. പ്രാർഥനയും തോട്ടപ്പണിയും വീട്ടുജോലികളുമായി ആറു മാസം കഴിഞ്ഞു പോയി. ശാന്തസുന്ദരമായ, ഏകാന്തമായ ആറുമാസം. ശരത്ക്കാലമായപ്പോൾ ഒരു നാൾ എന്റെ വാതിൽക്കൽ ഒരു കച്ചവടക്കാരൻ വന്നെത്തി. "കോർമ്പ വേണോ, പുണ്യാളാ? ഇറച്ചി തീയിൽ വേവിക്കാൻ?" "പോ മനുഷ്യാ, പച്ചക്കറിയും വെള്ളവും കഴിച്ചു ജീവിക്കുന്ന എനിക്കെന്തിനാ അത്?" "വേണ്ടങ്കിൽ വേണ്ട. അതിരിക്കട്ടെ, ഇത് താങ്കളുടെ പന്നിയാണോ? അവനങ്ങു കൊഴുത്ത് ഉരുണ്ടിരിക്കുകയാണല്ലോ. അങ്ങനെ പറ, താങ്കൾ അവനെ ക്രിസ്മസിന് തലേന്നത്തെ അത്താഴത്തിനു വേണ്ടി കാത്തു വച്ചിരിക്കുകയാണല്ലേ?" അത്രയും പറഞ്ഞ് വ്യാപാരി സ്ഥലം വിട്ടു. ഞാനാദ്യം അയാളുടെ വാക്കുകൾ ചിരിച്ചു തള്ളിയെങ്കിലും ദിനങ്ങൾ കഴിയവേ മെല്ലെ മെല്ലെ ആ ചിന്ത എന്റെയുള്ളിൽ വളരാൻ തുടങ്ങി. ബറബാസിനെ കൊന്നു തിന്നുക! വ്യാപാരിയുടെ വേഷത്തിൽ വന്നത് ഒരു പിശാചാണെന്ന് എനിക്ക് മനസ്സിലായി. അവർ ഏതു രൂപത്തിലും വരാം, തീർത്തും നിർദോഷമായ ഒരു ചിന്ത നിങ്ങളുടെ തലയിൽ കയറ്റി വിടാം. തിന്മ നിങ്ങളെ കീഴടക്കാൻ പിന്നെ അധികനേരം വേണ്ട. കൂടുതൽ പ്രാർഥിച്ച് ആശ്വാസം കണ്ടെത്താൻ ഞാൻ ശ്രമിച്ചു. 

ആശ്രമത്തിന്റെ അരികിൽ ചെറിയൊരു വനപ്രദേശമുണ്ട്. നല്ലവരായ ഉടമകൾ അവിടെ പ്രവേശിക്കാൻ എന്നേയും ബറബാസിനേയും അനുവദിച്ചിരുന്നു. പന്നിക്കുട്ടന് ഓക്കുമരക്കായ തിന്നാൻ ഇഷ്ടമാണ്. സൂര്യാസ്തമയ നേരത്ത് ആ മരത്തിന്റെ ഇലകൾക്ക് സവിശേഷ ഗന്ധമുണ്ട്. അന്നേരം കാട്ടിലൂടെ നടക്കാൻ എനിക്കേറെ ഇഷ്ടം. കായ തിരയുന്ന ബറബാസ് കുതിർന്നു ചീയുന്ന ഇലകളുടെ അടിയിൽ മാന്തി കറുത്ത കൂണു പോലുള്ള എന്തോ പുറത്തെടുത്തു. അവൻ ആർത്തിയോടെ അതു തിന്നാൻ തുടങ്ങി. "അത് ട്രഫിൾ അല്ലേ പുണ്യാളാ?" കഥ രസിച്ചു കേൾക്കുന്ന കുട്ടികൾ ചോദിച്ചു. അതേ മക്കളേ, ട്രഫിൾ. ഞാൻ അന്നേ വരെ കണ്ട ഭാവം നടിക്കാത്ത സാധനം. പക്ഷേ ഇന്ന് അതിന്റെ ഗന്ധം! വായിൽ വെള്ളമൂറുന്നു. പിന്നെ ഓരോ തവണ ബറബാസ് ട്രഫിൾ കുഴിച്ചെടുക്കുമ്പോഴും ഞാനവന്റെ നീണ്ടു നിൽക്കുന്ന മൂക്കിൽ ഒരു വടി കൊണ്ട് ചെറുതായി അടിച്ചു; അവൻ ട്രഫിൾ താഴെയിടുമ്പോൾ ഞാൻ പെറുക്കിയെടുക്കും. പകരം ഞാനവന് ഒന്നോ രണ്ടോ ചെസ്നട്ട് എറിഞ്ഞു കൊടുക്കും. മഹാപാപിയാണ് ഞാൻ! "പുണ്യാളാ!", കുട്ടികൾക്ക് ആശ്ചര്യം.

ട്രഫിൾ തിന്നു തിന്നു എന്റെ തടി കൂടി. ഒരു ദിവസം കാറ്റ് എന്റെ തോട്ടത്തിൽ കൊണ്ടു വന്നിട്ട ഒരു വിത്ത് പൊട്ടി മുളച്ച് ചെടിയായി വളർന്നു, അതിൽ ചാരനിറം കലർന്ന പച്ചിലകൾ നിറഞ്ഞു. ഞാനത് പരിപാലിച്ചു. അതെനിക്കു വേണ്ടി മാത്രം വളരുന്ന പോലെ തോന്നി. ഒരു നാൾ അതിന്റെ തണ്ടൊടിഞ്ഞു. ഞാൻ മണത്തു നോക്കിയപ്പോൾ കണ്ടത്... സ്വാദിഷ്ടമായ പോർക്കിറച്ചി മൊരിയുന്ന ദൃശ്യം. അതിന്റെ സ്വർണ നിറമുള്ള ചാറ്. സുഗന്ധസസ്യം അരികിൽ വച്ച് അലങ്കരിച്ച ഇറച്ചി അഗ്നിജ്വാലകളിൽ കറങ്ങുന്നു, രസമുകുളങ്ങളെ ഉണർത്തുന്നു. പാചകക്കാരുടെ ഇഷ്ട ചേരുവയായ എന്റെ ചെടി എന്നിൽ നിറയ്ക്കുന്നത് പന്നിയുടെ വിവിധ വിഭവങ്ങൾ. ലജ്ജ തോന്നിയ ഞാൻ ചെടി പിഴുതെറിഞ്ഞ് ശേഷിച്ച ട്രഫിൾ ബറബാസിന് തിന്നാൻ കൊടുത്തു. അവന് സന്തോഷമായി. പക്ഷേ അതുകൊണ്ടൊന്നും തീർന്നില്ല. പ്രലോഭന ചിന്തകൾ വർധിച്ചു, ക്രിസ്മസ് ഇങ്ങെത്തിയപ്പോൾ അവ കൂടിവന്നു.

antony-christmas-two-JPG
സിനായ് മരുഭൂമി, ഈജിപ്ത് 2011

"നിങ്ങൾ എന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കൂ." പുണ്യാളൻ പറഞ്ഞു. "ഇക്കണ്ട വർഷമത്രയും വെറും വെള്ളവും കാട്ടുകിഴങ്ങും തിന്നു ജീവിച്ച ഞാൻ - എന്റെ കുടിൽ ഇരിക്കുന്ന പാറയുടെ താഴെ നഗരത്തിലേക്ക് പോകുന്ന വഴിയിൽ കണ്ടതെന്താണ്? വിശുദ്ധനായ ഒരാളെ നശിപ്പിക്കാൻ അതുമതി. എന്തൊരു ഘോഷയാത്ര ആയിരുന്നു അത്! സത്യക്രിസ്ത്യാനികളായ ഗ്രാമീണർ ക്രിസ്മസ് രാവിന് ഒരാഴ്ച മുമ്പേ തയാറെടുപ്പ് തുടങ്ങി. രാവിലെ മുതൽ രാത്രി വരെ ഈ വഴിയേ കടന്നു പോയത് ഭക്ഷ്യവസ്തുക്കളല്ലാതെ മറ്റൊന്നുമല്ല. മാനും കാട്ടുപന്നിയും കുമിഞ്ഞു കൂടിയ മരവണ്ടികൾ. വല നിറയെ കൊഞ്ച്. കൂടയിൽ നിറയെ മീനും കക്കയും. പൂവൻ കോഴിയും പിടയും കാലുകൾ കെട്ടപ്പെട്ട് തൂങ്ങിക്കിടക്കുന്ന വണ്ടികൾ. അറവുശാലയിലേക്ക് പോകുന്ന കൊഴുത്ത ചെമ്മരിയാടുകൾ. താറാവ്, കാട്ടുകോഴി, ചിലയ്ക്കുന്ന വാത്തകൾ. തലയിലെ ചെങ്കിരീടം താളത്തിൽ ആട്ടുന്ന ടർക്കികൾ. കുട്ട നിറയെ പാകമായ പഴങ്ങൾ നിറച്ച ഗ്രാമീണ സ്ത്രീകളുടെ കാര്യം പറയേണ്ടതില്ല. കുട്ടകളിൽ മുന്തിരിക്കുലകൾ, വെളുത്ത മത്തങ്ങ, പാൽക്കുപ്പികൾ, തേൻ തുളുമ്പുന്ന ഭരണികൾ, പാൽക്കട്ടി, ഉണങ്ങിയ അത്തിപ്പഴം. എന്നാൽ ഏറ്റവും വലിയ പ്രലോഭനം ഇതൊന്നുമല്ല. കാലുകൾ കെട്ടി അറവുശാലയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്ന ഒരു പാവം പന്നിയുടെ അലമുറയിട്ട കരച്ചിൽ!"

അങ്ങനെ ക്രിസ്മസ് സായാഹ്‌നമായി. പാതിരാ കുർബാന കഴിഞ്ഞു എല്ലാവരും പിരിഞ്ഞ ശേഷം, ഞാൻ ചാപ്പൽ അടച്ചു കുടിലിൽ കയറി വാതിലടച്ചു. മരം കോച്ചുന്ന തണുപ്പ്. പുറത്താരോ സംസാരിക്കുന്നതും പാട്ട് പാടുന്നതും ഞാൻ കേട്ടു. എന്റെ ഇടവകക്കാർ ക്രിസ്മസ് സദ്യക്കായി വീട്ടിൽ പോകുകയാണ്. ജനലിലൂടെ ഞാൻ പുറത്തേക്ക് നോക്കി. വെളുത്ത സമതലത്തിൽ അവിടവിടെയായി കൃഷിപ്പുരകളുടെ ജാലകങ്ങളിലൂടെ പ്രകാശിക്കുന്ന തീജ്വാലകൾ. താഴെ പ്രകാശം തൂകുന്ന പട്ടണത്തിൽ നിന്നും സ്വർഗത്തിലേക്ക്  ശോഭയുയർന്നു - വലിയൊരു നെരിപ്പോടിൽ നിന്നുള്ള പ്രതിഫലനം പോലെ. അപ്പോൾ ഞാൻ കുട്ടിക്കാലം ഓർത്തു. മുത്തച്ഛനോടൊപ്പം ആഘോഷിച്ച ക്രിസ്മസ് രാവുകൾ - എത്ര സുന്ദരമായിരുന്നു അത്! എന്നാൽ ഇവിടെ ലോകം മുഴുവൻ ആനന്ദത്തിൽ മുഴുകുമ്പോൾ ഞാനും ബറബാസും ഈ ലക്ഷണം കെട്ട തീക്കുണ്ഡത്തിനു ചാരെ ഒരു പാത്രം വെള്ളവും കുറച്ചു കിഴങ്ങുമായി... പെട്ടെന്ന് എന്റെ മനസ്സ് മാനം മൂടി, കണ്ണീർ ഉതിർന്നു വീണു. 

antony-christmas-four-JPG
സെന്റ് കാതറിൻ ആശ്രമം

ആ നിമിഷത്തിനു വേണ്ടിയാണ് പ്രലോഭകൻ കാത്തിരുന്നത്. രാത്രിയുടെ നിശബ്ദതയെ മുറിച്ച് അദൃശ്യമായ ചിറകടി ശബ്ദം കേൾക്കുന്നു. പിന്നാലെ അട്ടഹാസവും ചിരിയും; വാതിലിൽ, ജനലിൽ തട്ടലും മുട്ടലും. "പിശാചുക്കൾ!" ഞാൻ വിളിച്ചു പറഞ്ഞു." ബറബാസ് എവിടെയോ പോയൊളിച്ചു. മേൽക്കൂരയിലെ ഓടുകൾ ആലിപ്പഴം വീഴുന്ന പോലെ വിറച്ചു. എന്റെ തല പെരുക്കുന്നു. പക്ഷേ ഇത്തവണ പൈശാചിക സ്വരങ്ങളില്ല. ആദ്യം നിശാചാരികളായ പക്ഷികളുടെ ശബ്ദം. പിന്നെ ആണാടിന്റെ ചിനയ്ക്കൽ. ചങ്ങലയുടെ കിലുക്കം. ആദ്യമാദ്യം അവ്യക്തമായി, പിന്നെപ്പിന്നെ വ്യക്തമായി. ഇപ്പോൾ പാത്രങ്ങളുടെ തട്ടും മുട്ടും. ഗ്ലാസുകൾ കിലുങ്ങുന്നു. കുപ്പിയിലെ വീഞ്ഞ് കാലിയാവുന്ന ശബ്ദം. പാത്രത്തിൽ കത്തിയും മുള്ളും ചിത്രം വരയ്ക്കുന്നു. പെട്ടെന്ന് സംഗീതം നിലച്ചു, കുടിലിന്റെ ചുവരുകൾ വിറച്ചു. വാതിൽ തുറന്നടഞ്ഞു, മുറിയിൽ കടന്നു കൂടിയ കാറ്റ് വിളക്കണച്ചു. ഇതാ, അവർ വരുന്നു! പ്രലോഭനം മറികടക്കാനുള്ള കരുത്തിനായി ഞാൻ പ്രാർഥിച്ചു. വിളക്ക് മെല്ലെ പ്രകാശിച്ചപ്പോൾ ഞാൻ കണ്ട കാഴ്ച! വെളുത്ത പിശാചുക്കൾ ബറബാസിനെ വളഞ്ഞിരിക്കുന്നു. "വെളുത്ത പിശാചുക്കളോ, പുണ്യാളാ?" - കഥ കേൾക്കുന്ന കുട്ടികൾക്ക് സംശയം. അതെ വെളുത്തത്, പുണ്യാളൻ ഉറപ്പിച്ചു പറഞ്ഞു.

സാത്താന്മാർ ബറബാസിനെ പൊക്കിയെടുത്ത് ഒരു മരപ്പലകയിൽ വച്ചു. അവൻ അലറിക്കരഞ്ഞു. അവർ അവന്റെ കഴുത്ത് കണ്ടിക്കാൻ പോകുന്നു. ആത്മാവിനെ തകർക്കുന്ന പാപമാണ് ആർത്തി! ബറബാസിന്റെ ചോരയൊഴുകി അവൻ പിടയുമ്പോൾ ഞാൻ ആ പാതകത്തോട് പൊരുത്തപ്പെട്ടു. ഇനിയെന്ത് എന്നാണ് എന്റെ ചിന്ത. അവന്റെ കൊലയാളികളെ ഞാൻ പ്രതീക്ഷയോടെ നോക്കി. ബറബാസിന്റെ ശരീരം അവർ പല കഷണങ്ങളാക്കി വിവിധ വിഭവങ്ങളാക്കി കലാപരമായി അലങ്കരിച്ചു. കൊതിയൂറുന്ന ഗന്ധം കുടിലിൽ നിറഞ്ഞു. ആഹ്, കുടിൽ ഇപ്പോൾ ഒരു കൊട്ടാരം പോലെ! ദാരിദ്ര്യത്തിൽ കഴിയുമ്പോൾ ഈ ആഢംബരം ഞാൻ കൊതിച്ചിരുന്നോ? ഭക്ഷണമേശ തയാറായി. എന്റെ വായിൽ വെള്ളമൂറി. ഹേയ്, എന്താ ഞാനീ പറയുന്നത്? അവിടെ ഇല്ലാത്തതൊന്നുമില്ല. ഹാം, റിബ്, സോസിജ്, ട്രഫിൾ, പിസ്തേഷ്യോ, പുഡ്ഡിംഗ്, റോസ്റ്റ്, സോസ്. ഒരു പാവം മൃഗത്തിന്റെ ശരീരം കൊണ്ട് ഇത്രയധികം വിഭവങ്ങളോ? ബറബാസിനെ ഓർത്ത് എന്റെ ഹൃദയം തേങ്ങി.

"എന്നിട്ട് പുണ്യാളൻ അതിലെന്തെങ്കിലും തിന്നോ?" ആകാംക്ഷയോടെ കുട്ടികൾ. "കഷ്ടിച്ച്", പുണ്യാളൻ തുടർന്നു. ഭവ്യതയുള്ള ഒരു കുട്ടിച്ചെകുത്താൻ വച്ചുനീട്ടിയ പൊരിച്ച മാംസത്തിൽ ഞാൻ ഫോർക്ക് കുത്തി ഇറക്കിയതാണ്. അവന്റെ ചിരി എന്നെ ഉണർത്തി, ചോർന്നു പോയിരുന്ന എന്റെ ഉൾക്കരുത്ത് ആ നിമിഷം ഉണർന്നു. രണ്ടു മാസം മുമ്പ് എന്റെ വാതിൽക്കൽ വന്ന് ഈ പരീക്ഷണം തുടങ്ങി വച്ച വ്യാപാരി - അത് ഇവനാണ്. മാറിപ്പോ പിശാചേ! ഞാൻ അലറി. മാറിപ്പോ... ആ മായക്കാഴ്ച മെല്ലെ മറഞ്ഞു പോയി. നേരം പുലർന്നു. നെരിപ്പോടിലെ തീ അണഞ്ഞു പോയിരുന്നു. ബറബാസ് കഴുത്തിലെ മണിയും കിലുക്കി ചുറുചുറുക്കോടെ ഓടി നടക്കുന്നു. കാറ്റ് തള്ളിത്തുറന്ന ജാലകത്തിലൂടെ, വെളുത്ത പിശാചുക്കൾക്കു പകരം വലിയ ഹിമകണങ്ങൾ മുറിയിൽ പാറി വീഴുന്നു. "എന്നിട്ട്?" കുട്ടികളുടെ ആകാംക്ഷ. "ഞാൻ പശ്ചാത്താപത്തോടെ അൽപം കിഴങ്ങ് ബറബാസുമായി പങ്കിട്ട് പ്രഭാത ഭക്ഷണം കഴിച്ചു. അതിനു ശേഷം ക്രിസ്മസ് രാവിൽ പ്രലോഭനവുമായി മറ്റൊരു ചെകുത്താനും വന്നു ചേർന്നില്ല."

അവലംബം: 

The Penguin Book of Christmas Stories -

From Hans Christian Andersen to Angela Carter,

Edited by Jessica Harrison, 2019.

English Summary:

Saint Anthony and the Christmas Pig: A Tale of Temptation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com