കടൽത്തീരത്തെ കച്ചവടത്തിരക്കിനിടയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു; വർഷങ്ങൾക്ക് ശേഷവും തിരിച്ചുവരവ് പ്രതീക്ഷിച്ചു ജീവിക്കുന്നു
Mail This Article
ഏകാന്തത പലർക്കും അസ്വസ്ഥതയുടെ കരിനിഴൽ ആണ്. എന്നാൽ അതിനു പിന്നാലെ പായുന്ന ചിലരുണ്ട്. ഏകാന്തതയിൽ ഒരു പ്രത്യേക സന്തോഷം കണ്ടെത്തുന്ന ചിലർ... അവരെ ക്കുറിച്ച് നാം പഠിക്കേണ്ടിയിരിക്കുന്നു. പക്ഷെ ഏകാന്തത വേറെ ചിലരിൽ ഉളവാക്കുന്നത് ഭീതിയാണോ അതോ ഇഷ്ടമല്ലാത്ത ചില ഓർമ്മകളോ?
കുറച്ചു നാൾ മുൻപ് ഒരാളെ ഞാൻ പാർക്കിൽ വച്ച് പരിചയപ്പെടാൻ ഇടയായി. അയാളെ മാത്രം പ്രത്യേകം എന്തിനു ശ്രദ്ധിച്ചു എന്ന സംശയത്തിന് എനിക്ക് വ്യക്തമായ ഒരു മറുപടി ഇല്ല. അത് തികച്ചും യാദൃശ്ചികം മാത്രം. എന്റെ എതിരെയുള്ള മരച്ചുവട്ടിൽ തനിച്ചിരുന്നു കൊണ്ട് എന്തെല്ലാമോ അയാൾ പിറുപിറുക്കുന്നു. വളരെ ദൈന്യത നിറഞ്ഞ മുഖം. ഏകദേശം നാല്പത്തഞ്ച് വയസ്സ് പ്രായം കാണും. മാന്യമായ രീതിയിൽ ഉള്ള വസ്ത്രധാരണം. പക്ഷെ എവിടെയോ ഒരു താളപ്പിഴ തോന്നി. ആരെയും ശ്രദ്ധിക്കുന്നില്ല. തിരക്കുകൾ അറിയുന്നില്ല. എന്തോ ചിലത് ആ മനസ്സിനെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നത് പോലെ... ഞാൻ അയാളെ വെറുതെ നോക്കി. ആ ഇരുപ്പും ഭാവവും എന്നിൽ ഒരു അനുകമ്പ നിറച്ചു.
ഓരോ മൂലയിലും കാണാം പ്രണയ ജോടികൾ, പരസ്പരം മത്സരിച്ചു പ്രണയം വാരി എറിയുന്നു. അവരുടെ പെരുമാറ്റം കണ്ടാൽ ഈ ഭൂമിയിൽ ആകെ അവർ മാത്രം ആണ് പ്രണയജോഡികളായി ഉള്ളതെന്ന് തോന്നും. അവർ ആരെയും കാണുന്നുമില്ല, ശ്രദ്ധിക്കുന്നുമില്ല. അങ്ങോട്ടുമിങ്ങോട്ടും യാതൊരു ലക്ഷ്യബോധവുമില്ലാതെ കുറച്ചു പേർ നടക്കുന്നു. അതിനിടയിലാണ് ഇങ്ങനെ ഒരാൾ തനിച്ചിരിക്കുന്നത്. അയാളുടെ അസ്വസ്ഥത കണ്ടപ്പോൾ അതിനുള്ള കാരണം അറിയാൻ ഒരു ആകാംക്ഷ തോന്നി. എങ്ങനെ അയാൾ തിരിച്ചു പെരുമാറും എന്ന് അപ്പോൾ ഞാൻ ആലോചിച്ചില്ല. ഞാൻ എന്റെ സുഹൃത്തിന്റെ അരികിൽ നിന്നും അയാളുടെ അടുത്തേക്ക് നടന്നു. അവധി ദിവസം അൽപ്പം സൗഹൃദം നുണയാൻ എത്തിയ എന്റെ പാവം സുഹൃത്ത് എന്നെ തടഞ്ഞുവെങ്കിലും ഞാൻ അത് ഗൗനിച്ചില്ല.
ഒന്നും മിണ്ടാതെ ഞാൻ നമ്മുടെ കഥാനായകന്റെ എതിർവശത്ത് കുറച്ചു മാറി ഇരുന്നു. എന്നിട്ട് ഒന്നും അറിയാത്ത പോലെ എന്റെ ഫോണിൽ വെറുതെ എന്തൊക്കെയോ നോക്കിയിരുന്നു. കായലിന്റെ കുറച്ചു നല്ല ഫോട്ടോസ് കൂടെ ഇതിനിടയിൽ എടുത്തു. സൂര്യൻ പതിയെ മറഞ്ഞു തുടങ്ങി. അധികം വൈകാതെ ഇരുട്ട് വന്നു മൂടും. ചെറുതോണികൾ, ബോട്ടുകൾ കായലിൽ അങ്ങുമിങ്ങും നീങ്ങുന്നു. അല്പനേരം ആ ഭംഗി ആസ്വദിച്ചു.
എന്റെ ഇരിപ്പിൽ എന്തോ പന്തികേട് തോന്നിയ അയാൾ ഇടക്ക് എന്നെ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ അയാളെ നോക്കി വെറുതെയൊന്ന് പുഞ്ചിരിച്ചു. അയാളുടെ കൈയിൽ ഒരു പുസ്തകം ഇരിക്കുന്നു. കൈയിൽ ഒരു പേനയും ഉണ്ട്. എന്തൊക്കെയോ എഴുതുന്നുണ്ട്. ഇടക്ക് വീണ്ടു പിറുപിറുക്കുന്നുണ്ട്. ഞാൻ പതിയെ എഴുന്നേറ്റു അയാൾ എഴുതുന്നത് നോക്കി. എന്റെ സാന്നിധ്യം അറിഞ്ഞ ഉടനെ അയാൾ പുസ്തകം അടച്ചു വച്ചു. അല്പം ജാള്യതയോടെ, അത് ശ്രദ്ധിക്കാത്ത മട്ടിൽ ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. പക്ഷെ തിരിച്ചൊരു പരിചയപ്പെടുത്തൽ ഉണ്ടായില്ല. എഴുതിയ പുസ്തകം തോളിൽ ഉണ്ടായിരുന്ന സഞ്ചിയിൽ അയാൾ ഒളിപ്പിച്ചു.
എന്റെ നിൽപ്പും ഇടക്ക് ചെറുതായി മുള പൊട്ടിയ ചമ്മലും കണ്ടിട്ടാവാം അയാൾ എന്നെ തറച്ചു നോക്കി. സ്വന്തം സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകാൻ മുതിർന്ന എന്നെ നോക്കി അയാൾ ഒരു പുഞ്ചിരി എറിഞ്ഞു. പിന്നെ വീണ്ടും മൗനം. എന്നോടെന്തെങ്കിലും പറയാനുണ്ടോ സുഹൃത്തേ. ഞാനും നിങ്ങളെ പോലെ ഒരു മാനസിക രോഗിയാണ്. എന്റെ സംസാരം അയാൾക്ക് ഇഷ്ടമായി. അയാൾ ചെറുചിരിയോടെ എന്നോട് സംസാരിക്കാൻ തുടങ്ങി.
എനിക്ക് പറയാൻ വലിയ കഥകൾ ഒന്നും ഇല്ല. ഞാൻ ഒരു എഴുത്തുകാരൻ അല്ല. തെരുവ് ഗായകൻ അല്ല. പക്ഷെ നീറി പുകയുന്ന ഒരു മനസ് കൂടെയുണ്ട്. അതിന്റെ കാവൽക്കാരൻ ആണ്. കഥകൾ എത്ര ചെറുത് ആയാലും എനിക്ക് ഇഷ്ടമാണെന്ന് ഞാൻ തമാശ മട്ടിൽ അയാളോട് പറഞ്ഞു.
എങ്കിൽ എന്നെക്കുറിച്ച് ഞാൻ പറയാം നിങ്ങൾ കേൾക്കാൻ തയ്യാർ ആണെങ്കിൽ.. ഞാൻ എന്റെ സമ്മതം ഒരു പുഞ്ചിരിയിൽ ഒതുക്കി. അയാൾ പറഞ്ഞു തുടങ്ങി. എന്റെ പേര് അബു, വീട് തിരുവല്ലയിൽ ആണ്. ഇവിടെ ജോലിയുടെ ഒരു ആവശ്യവുമായി വന്നതാണ്. അപ്പോൾ വെറുതെ ഈ പാർക്ക് വരെ നടന്നുവെന്നു മാത്രം. കാണാതെ പോയ ചിലത് ഇവിടെയെങ്കിലും കണ്ടു കിട്ടിയാലോ. പിന്നെ ഇരുപത് വർഷമായുള്ള എന്റെ ഏകാന്തത... അത് ഇവിടെ വിവരിക്കാൻ ഏറെ നേരം വേണ്ടി വരും.
ഏകാന്തത ഒരു പക്ഷെ മനുഷ്യ മനസുകളെ ഒരുപാട് മാറ്റി മറിച്ചേക്കും. അയാൾ പറഞ്ഞത് എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് അങ്ങനെ തോന്നി. അത്ര തീവ്രമായ ദുഃഖത്തിൽ അയാൾ അകപ്പെട്ടു പോയിരിക്കുന്നു സ്വന്ത ബന്ധങ്ങൾ ഒന്നുമില്ലാതെ ജീവിതം മുൻപോട്ടു കൊണ്ട് പോകാൻ ആ മനുഷ്യൻ ആഗ്രഹിച്ചിട്ടില്ല. പക്ഷെ അതൊരു നീണ്ട കാത്തിരിപ്പ് തന്നെയാണ്. ഗർഭിണിയായ ഒരു സ്ത്രീക്ക് വലിയൊരു പ്രതീക്ഷ ഉണ്ട്. അധികം വൈകാതെ സ്വന്തം കുഞ്ഞിനെ കാണാമെന്ന വലിയ പ്രതീക്ഷ. ആ കുഞ്ഞിന് വേണ്ടി അച്ഛൻ കരുതുന്ന വാല്സല്യവും വേറെയൊരു പ്രതീക്ഷയാണ്. പ്രതീക്ഷകൾ ആണ് നമ്മുടെ ജീവിതം.
കപ്പലണ്ടി കച്ചവടക്കാരനായ അബുവിന് ഒരിക്കൽ കടൽക്കരയിൽ വച്ചു കച്ചവടത്തിരക്കിനിടയിൽ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നു. ഈ ലോകത്തിൽ സ്വന്തം എന്ന് പറയാൻ ആ മനുഷ്യന് ആകെ ഉണ്ടായ മൂന്നു വയസുകാരൻ അലി. കൊച്ചിനെ തിരക്കി കടൽക്കര മുഴുവൻ മണിക്കൂറുകൾ ഓടി നടന്നു. ഒരു ഫലവും ഉണ്ടായില്ല. അതോടെ കപ്പലണ്ടി കച്ചവടവും നിലച്ചു. കുറെ നാൾ എവിടെയൊക്കെയോ അലഞ്ഞു ഒരു ഭ്രാന്തനെ പോലെ. വർഷങ്ങൾക്ക് ശേഷവും മകന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചു മാത്രം അയാൾ ജീവിക്കുന്നു. കുഞ്ഞിന് രണ്ടു വയസ്സുള്ളപ്പോൾ ക്യാൻസർ രോഗിയായ ഭാര്യ മരിച്ചു. മകന്റെ വേർപാട് കൂടെ താങ്ങാൻ കഴിയാതെ എവിടെയൊക്കെയോ അവനെ തിരയുകയായിരുന്നു. കേറിയിറങ്ങാത്ത സ്ഥലങ്ങൾ ഇല്ല.
ഇപ്പോൾ അബുവിന്റെ കൊച്ചുവീടിനടുത്തുള്ള ചായക്കടയിൽ ജോലി ചെയ്തു ജീവിതം കഴിഞ്ഞു പോകുന്നു. ഒരിക്കൽ പോലും അയാൾ ഏകാന്തത ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഏകനാണ്. ഒരാളെ അറിയാതെ നമ്മൾ ഒരിക്കലും വിലയിരുത്തരുത് എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. ചിലപ്പോൾ അയാൾക്ക് പറയാൻ വലിയൊരു കഥ ഉണ്ടായിരിക്കും. ആഗ്രഹിച്ചു കിട്ടുന്നതല്ല പലപ്പോഴും കൂടെയുള്ള പലതും എന്നതിന്റെ വേറൊരു തെളിവാണ് ഈ മനുഷ്യന്റെ ജീവിതം.
അയാളോട് യാത്ര പറയുമ്പോൾ ആശ്വാസ വാക്കുകൾ പറയാൻ ഞാൻ മറന്നില്ല. ഉടനെ സ്വന്തം മകനെ കാണാൻ കഴിയട്ടെ എന്ന് ആശംസിച്ചു ഞാൻ തിരിച്ചു നടന്നു. എന്നാലും അലി ഇന്ന് ആരുടെ കൂടെ ആയിരിക്കും. അവനെ എങ്ങനെ കണ്ടു പിടിക്കും. എനിക്ക് അതിയായ ദുഃഖം തോന്നി. അപ്പോൾ അവന്റെ പിതാവ് എത്ര മാത്രം ദുഃഖിതനായിരിക്കും?.
അബു നടന്നു നീങ്ങുന്നു. ആ തോൾ സഞ്ചിയിലെ പുസ്തകം വിജയിച്ച മട്ടിൽ അപ്പോൾ ഒന്ന് ചിരിച്ചുവോ. എനിക്ക് കാണാൻ കഴിയാതെ പോയ ആ ഡയറിയിലെ അക്ഷരങ്ങൾ പറഞ്ഞ കഥകൾ എന്തായിരിക്കും ? എങ്കിലും മനസ് എന്ന ആ പുസ്തകം വായിച്ചു കഴിഞ്ഞല്ലോ. അബുവിന്റെ കാത്തിരിപ്പ് സഫലമാകട്ടെ... എല്ലാം കാലത്തിന്റെ കരങ്ങളിൽ ഭദ്രം ആണ്. നമ്മൾ നാളെയുടെ വെറും ഓർമ്മകൾ മാത്രമാണ്... എന്നാലും മരണംവരെ ചേർത്ത് നിർത്തുന്നത് നമ്മുടെ വിലപ്പെട്ട ബന്ധങ്ങൾ ആണ്.