ADVERTISEMENT

ണിം.. ണിം.. ണിം.. ഉന്തുവണ്ടിയിൽ പഞ്ഞിമിഠായി കൊണ്ട്പോകുന്ന ശബ്ദം കേട്ട് ബാൽക്കണിയിൽ നിന്ന ജാനു റോഡിലേക്ക് നോക്കി. ദീർഘമായ ഒരു ശ്വാസം എടുത്തു അവൾ മെല്ലെ കണ്ണുകൾ പൂട്ടിയതും അറിയാതെ കണ്ണീർകണങ്ങൾ കവിളിലൂടെ ഒഴുകി. ആ ഉന്തുവണ്ടിയുടെ ശബ്ദം തിരക്കേറിയ ആ പട്ടണത്തിൽ നിന്നും അവളെ നാട്ടിൻപുറത്തിന്റെ ശാന്തതയിലേക്ക് കൊണ്ടുപോയി.

കടത്ത് കരക്ക് അടുക്കാറായപ്പോള്‍ അപ്പുവേട്ടാ... എന്ന് നീട്ടി വിളിച്ചുകൊണ്ട് ഇരുവശവും പിന്നിയിട്ട മുടിയും പുള്ളി പാവാടയും ബ്ലൗസും ഒരു കൈയ്യിൽ ചോറ്റുപാത്രവും മറു കൈയ്യിൽ ബുക്കും പിടിച്ച നേർത്തു മെലിഞ്ഞ ഒരു ആറാം ക്ലാസ്സുകാരി. കടത്തിറങ്ങി അവൾ ഓടിച്ചെന്ന് കൈയ്യിലെ ബുക്കും ചോറ്റുപാത്രവും അപ്പുവേട്ടന്റെ കൈയ്യിൽ കൊടുത്തു. "അപ്പുവേട്ടാ" "ഉം.." "അപ്പുവേട്ടാ.." "പറയൂ ജാനു" "അപ്പുവേട്ടാ ഇന്ന് ക്ലാസ്സിലെ കുട്ടിയോളില്ലേ ഒരു കൂട്ടം പറഞ്ഞു." "എന്ത്" "പട്ടണത്തിൽ ഒരു കൂട്ടം കിട്ടുമത്രേ" "എന്തു കിട്ടുമെന്ന്" "പഞ്ഞിമിഠായി. അതിന് നല്ല മധുരമാ.. നാവിൽ വെച്ചാൽ അലിഞ്ഞു പോകും പോലും. അപ്പുവേട്ടൻ കഴിച്ചിട്ടുണ്ടോ പഞ്ഞിമിഠായി." "മ് പണ്ട് എപ്പോഴോ" "അതിനു നല്ല മധുരമാണോ?" "എന്റെ ജാനു സ്കൂൾകുട്ടിയോള് ചുമ്മാ പറയണതാ. പഞ്ഞിമിഠായിക്ക് മധുരമില്ല." "പിന്നെ" "അതിനു കയ്പ്പാ ജാനു" "കയ്പ്പോ" "മ്, നമ്മടെ കയ്പ്പക്ക ഇല്ലേ അതിന്റേത് പോലെ." "അപ്പുവേട്ടൻ വെറുതെ പറയുവാ, അവരു പറഞ്ഞല്ലോ നല്ല മധുരമാന്ന്. എനിക്ക് ഒരെണ്ണം വാങ്ങി തരുമോ? അപ്പുവേട്ടൻ നാളെ പട്ടണത്തിൽ പോകും എന്ന് പറഞ്ഞിരുന്നല്ലോ. ഒരെണ്ണം വാങ്ങി വരുമോ?" "ഏട്ടന്റെ കൈയ്യിൽ അതിനുള്ള പൈസ ഒന്നും ഇല്ല മോളെ." "ഒന്ന് മതി അതിന്റെ രുചി അറിയാൻ മാത്രം." ഒന്നും മിണ്ടാൻ കഴിയാതെ ജാനുവിന്റെ കൈ പിടിച്ചു അപ്പു വേഗം നടക്കാൻ ശ്രമിച്ചു. നിസ്സഹായമായ അവളുടെ ആ നോട്ടം അവന് സഹിക്കാൻ കഴിഞ്ഞില്ല. അവള്‍ പിന്നെയും പറഞ്ഞുകൊണ്ടേ ഇരുന്നു..

പിറ്റേന്നു രാവിലെ അപ്പു പട്ടണത്തിലേക്ക് പോകും മുന്നേ ജാനു ഉണർന്ന് ഉമ്മറത്ത് വന്ന് പുറപ്പെടാൻ നിൽക്കുന്ന അപ്പുവിനെ നോക്കി പറഞ്ഞു "അപ്പുവേട്ടാ വരുമ്പോൾ ഞാൻ പറഞ്ഞ കാര്യം മറക്കരുത്." അപ്പു അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു "ഇല്ല മോളെ" "ഞാൻ കാത്തിരിക്കും, പഞ്ഞിമിഠായി കഴിച്ചിട്ടുവേണം സ്കൂൾ കുട്ടിയോളോട് എല്ലാരോടും പറയാൻ." അവളുടെ കണ്ണിലെ ആകാംക്ഷയും, മുഖത്തെ സന്തോഷവും അവനെ വ്യാകുലപ്പെടുത്തി. ജാനുവിനെ േനരെ കൈനീട്ടി യാത്ര പറഞ്ഞ് അവൻ നടന്നു നീങ്ങി.

പതിവിലും നേരത്തെ സ്കൂള്‍ വിട്ടു വീട്ടിൽ എത്തിയ ഉടനെ ഉമ്മറപ്പടിയിൽ അപ്പുവിനെയും കാത്തു ജാനു നിൽപ്പ് തുടങ്ങി. മുറിക്കുള്ളിലെ റേഡിയോയിൽ ഉച്ചവാർത്തയിൽ പറഞ്ഞു പട്ടണത്തിൽ നിന്നും പുറപ്പെട്ട ബസ് ചുരം കയറി വന്നപ്പോൾ കൊക്കയിലേക്ക് മറിഞ്ഞു എന്ന്. ഇതൊന്നും ശ്രദ്ധിക്കാതെ ജാനു വഴിയിലേക്ക് നോക്കി ഇരുന്നു. ആ കാത്തിരിപ്പിനൊടുവിൽ ആ വീട്ടുമുറ്റത്തേക്ക് ഒരു ആംബുലൻസ് വന്നു നിന്നു വെള്ള പുതപ്പിച്ച അപ്പുവിനെ കണ്ട അമ്മ കരഞ്ഞുകൊണ്ട് ഓടിച്ചെന്നു. ചലനമില്ലാതെ കിടക്കുന്ന അപ്പുവേട്ടനെ കണ്ട് എന്ത് ചെയ്യണം എന്ന് ആ ആറാംക്ലാസുകാരിക്ക് അറിയില്ലായിരുന്നു. ആംബുലൻസിനുള്ളിൽ നിന്നും ഇറങ്ങി വന്ന ഒരാൾ അവളുടെ കൈകളിലേക്ക് ഒരു കവര്‍ കൊടുത്തു. അവൾ അത് തുറന്നു നോക്കി. അപ്പുവിന്റെ വസ്ത്രങ്ങൾ ആയിരുന്നു അത്. കവറിനുള്ളിലായ് ചെറിയ ഒരു പേപ്പർ പൊതിയും അവൾ അത് തുറന്ന് നോക്കി അപ്പുവേട്ടൻ അവൾക്കായ് വാങ്ങിയ പഞ്ഞിമിഠായി.. അവളുടെ കണ്ണീർ തുള്ളികളാൽ ആ പഞ്ഞിമിഠായി പേപ്പറിലേക്ക് അലിഞ്ഞു ചേർന്നു.

കീ.. കീ.. കീ.. കാറിന്റെ ഹോൺ അടി കേട്ട് ഞെട്ടിയുണർന്ന ജാനു കുട്ടികളുടെ അച്ഛൻ വന്നതറിഞ്ഞ് ബാൽക്കണിയിൽ നിന്നും കോണിപ്പടിയിറങ്ങി താഴേക്ക് പോയി.. നാളിതുവരെ പഞ്ഞിമിഠായിയുടെ മധുരം അറിയാൻ അവൾ ശ്രമിച്ചിട്ടില്ല. അതിന് കയ്പ്പാണ് അപ്പുവേട്ടൻ പറഞ്ഞ കയ്പ്പക്കയുടെ കയ്പ്പ്.

English Summary:

Malayalam Short Story ' Panjimidayi ' Written by Ardram