ADVERTISEMENT

പുലർച്ചെ നാലരയോടുകൂടി ഉറക്കം ഉണർന്ന് പുതപ്പു മാറ്റി കണ്ണ്തിരുമ്മി കോട്ടുവായിട്ട് തന്റെ ഫോൺ കട്ടിലിൽ തിരഞ്ഞെങ്കിലും കിട്ടാത്തത് കൊണ്ട് എഴുന്നേൽക്കാതെ തന്നെ കട്ടിലിന് താഴേക്ക് നോക്കി. അപ്പോഴാണ് ആ കാഴ്ച കണ്ടത്...! അലാറം അടിക്കാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്...! നേരത്തെ കിടന്നുറങ്ങിയാൽ ഇതാണ് കുഴപ്പമെന്ന് പറഞ്ഞ് കട്ടിലിനോട് ചേർന്ന് കിടന്ന ടേബിളിന് മുകളിൽ ഫോൺ വെച്ച് ബാത്റൂം ലക്ഷ്യമാക്കി നടന്നു. അധികം വൈകാതെ തന്നെ തിരിച്ചെത്തി ഫോൺ എടുത്തു തന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളെ വിളിച്ചു. 'ഡാ... കിടന്നുറങ്ങല്ലേ...! വെളുപ്പിനെ തന്നെ പോകേണ്ടതാണ്, നീ അവനെ കൂടി ഒന്ന് വിളിക്ക്...!' എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത്. സമയങ്ങൾ കടന്നുപോയി...! തന്റെ  ബാല്യകാലം തൊട്ടേയുള്ള സുഹൃത്തുക്കളായിരുന്നു മറ്റ് രണ്ട് പേരും. തന്റെ സൗഹൃദത്തിന്റെ വളർച്ചയിലെ പ്രധാനഘടകം അച്ഛന്റെ സൗഹൃദം തന്നെയായിരുന്നു. അച്ഛന്റെ അടുത്ത സുഹൃത്തുക്കളിലെ മക്കളാണ് ഇരുവരും...!

അങ്ങനെ അവരെ പോലെ തന്നെ ചെറിയ ബിസിനസ് ഒക്കെ തുടങ്ങി വളർന്നുവരുന്ന കാലം. ഒരു ബിസിനസ് കാര്യത്തിനായി ഗോവയിലേക്ക് മൂന്നു പേരും യാത്രയായി. ബാംഗ്ലൂർ വഴി പോകുമ്പോൾ വീട്ടിൽനിന്നും തനിക്കൊരു കോൾ...? കാർ റോഡ് സൈഡിൽ ഒതുക്കിനിർത്തി തന്റെ ഫോൺ എടുത്ത് സംസാരിച്ചു. മറുഭാഗത്ത് അമ്മയായിരുന്നു. "അച്ഛന് തീരെ സുഖമില്ല" "നീ എത്രയും പെട്ടെന്ന് ഇവിടെ എത്തണം" ശരി എന്ന് പറഞ്ഞു തന്റെ ഫോൺ കട്ട് ചെയ്തു. എന്നിട്ട് സുഹൃത്തുക്കളോടു കാര്യം പറഞ്ഞു. വിഷമത്തോടെയാണെങ്കിലും അവർ കേട്ടിട്ട് തന്നോട് പറഞ്ഞു. "നീ വീട്ടിലോട്ടു പൊയ്ക്കോ ഞങ്ങൾ ഇവിടത്തെ കാര്യം നോക്കിക്കോളാമെന്ന്...!" അവരെ തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം താൻ വീട്ടിലേക്ക് മടങ്ങി.

തമിഴ്നാട് ബോർഡർ ആയപ്പോൾ പ്രകൃതിക്ക് വല്ലാത്ത ഒരു മാറ്റം നല്ലൊരു മഴയുടെ അന്തരീക്ഷം. പെട്ടെന്ന് അതിശക്തമായ കാറ്റും, മഴയും പെയ്യാൻ തുടങ്ങി. നേരം ഇരുട്ടി തുടങ്ങി. ശക്തമായ കാറ്റ് ആയതുകൊണ്ടാകാം പോസ്റ്റിലെ ലൈറ്റുകൾ കത്തുകയും അണയുകയും ചെയ്തുകൊണ്ടിരുന്നു. കാർ സൈഡിലേക്ക് ഒതുക്കി GPS' സിഗ്നൽ കിട്ടാത്തതിനാൽ ഇടയ്ക്ക് എവിടെയോ വഴി തെറ്റിയെന്ന് മനസ്സിലായി എന്തായാലും കുറേക്കൂടി മുന്നോട്ടു സഞ്ചരിച്ചു. നീണ്ടു കിടക്കുന്ന റോഡ്, റോഡിന് ഇരുവശങ്ങളിലും പടു കൂറ്റൻ മരങ്ങൾ. വിജനമായ പ്രദേശം ഞാൻ അല്ലാതെ ആരെയും കണ്ടില്ല മനുഷ്യവാസം തീരെയും കുറവുള്ള സ്ഥലമാണെന്ന് തോന്നുന്നു. കുറെ മുന്നോട്ടു പോയപ്പോൾ മഴയുടെ ശക്തി കുറഞ്ഞു വന്നു. വണ്ടിയിൽ ആവശ്യത്തിന് എണ്ണയുണ്ട് ആ ഒരൊറ്റ ഉറപ്പിൽ താൻ മുന്നോട്ടു തന്നെ നീങ്ങി.

ദൂരെ ഒരു വെട്ടത്തിൽ ഒരു ബോർഡ് കണ്ടു. ബോർഡ് ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങി. വണ്ടി സൈഡിൽ ഒതുക്കി പാർക്ക് ചെയ്തു. ചെറിയൊരു ഇറക്കം ആയതിനാൽ  ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം കാറിൽ നിന്ന് ഇറങ്ങി. തമിഴിലാണ് ബോർഡ് തനിക്കൊന്നും മനസ്സിലായില്ല. ബോർഡിനോട് ചേർന്നുനിൽക്കുന്ന പഴയ കെട്ടിടം, വണ്ടിയിലെ ബോട്ടിലിൽ വെള്ളം കുറവായതിനാൽ കെട്ടിടത്തിന് അരികിലുള്ള പൈപ്പ് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. പോസ്റ്റിലെ മങ്ങിയ വെളിച്ചത്തിൽ കൈയ്യും മുഖവും കഴുകി. ഇടയ്ക്ക് എന്തോ വല്ലാത്തൊരു ദുർഗന്ധം അനുഭവപ്പെട്ടു. ചുറ്റും തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. കെട്ടിടത്തിന് അരികിലെ ചായ്പ്പിൽ വാടിയ പൂക്കളാൽ അലങ്കരിക്കപ്പെട്ട ഒരു വണ്ടി, തിരികെ കാറിന് അരികിലേക്ക് നീങ്ങി, നല്ല ക്ഷീണം ആയതിനാൽ കുറച്ചു വിശ്രമിക്കാം എന്ന് കരുതി വണ്ടിയിലെ സീറ്റ് നിവർത്തിയിട്ട് കിടന്നു അധികം വൈകാതെ തന്നെ മയങ്ങുകയും ചെയ്തു.

ഏതാനും മണിക്കൂറുകൾക്ക് ശേഷം ഉറക്കമുണർന്നു. തൊണ്ട വരണ്ടതിനാൽ ബോട്ടിലിലെ വെള്ളത്തിനായി പരതിയെങ്കിലും കിട്ടിയില്ല. അധികം വൈകാതെ തന്നെ കാറിൽ നിന്ന് ഇറങ്ങി കൈയ്യിലെ വാച്ചിലേക്ക് നോക്കി സമയം പുലർച്ചെ രണ്ട് ആകാറായി, ഉറക്ക ക്ഷീണവും വരൾച്ചയും തനിക്കു അനുഭവപ്പെട്ട് താൻ ക്ഷീണിതൻ ആണെന്ന് സ്വയം തോന്നി. കണ്ണുകൾ തിരുമ്മി ചുറ്റുപാടും നോക്കി, മറ്റെവിടെയോ ആണെന്ന് മനസ്സിലായി. മങ്ങിയ വെളിച്ചത്തിൽ കണ്ട ബോർഡും തൊട്ടടുത്തുള്ള കെട്ടിടവും കാണുവാനില്ല...! ഉടനെ തന്നെ ഫോൺ എടുത്തു. സിഗ്നൽ ഒട്ടും ഇല്ലാത്തതിനാൽ ആരെയും വിളിക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കി. ഫോണിലെ ഫ്ലാഷ് തെളിച്ചു മുന്നോട്ട് നടന്നു. ഏതാനും നിമിഷങ്ങൾക്കകം തനിക്ക് വീണ്ടും ദുർഗന്ധം അനുഭവപ്പെട്ടു, ഫോണിലെ മങ്ങിയവെളിച്ചത്തിൽ മനസ്സിലാക്കി താനൊരു ശ്മശാനത്തിൽ അകപ്പെട്ടിരിക്കുകയാണ്. തന്നിലെ ഭയം കൂടി വന്നു. അവിടെ ഏതാനും മൃതശരീരങ്ങൾ പുകയുന്നുണ്ട്. അതിന്റെ ദുർഗന്ധമാണ് അനുഭവപ്പെട്ടത്.

തന്റെ പുറകിലെ കാർ ലക്ഷ്യമാക്കി തിരിഞ്ഞുനടന്നു. കാറിന് അരികിലെത്തിയെങ്കിലും പേടിയോടെ ചുറ്റും നോക്കി കാറിലേക്ക് പ്രവേശിച്ചു. വൈകാതെ കാർ സ്റ്റാർട്ട് ചെയ്തു. വണ്ടിയിലെ നേരിയ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ ആ കാഴ്ച കണ്ടൂ.. ദൂരെ നിന്നും ഒരു വികൃത രൂപം തന്നെ ലക്ഷ്യമാക്കി മുന്നോട്ടുവരുന്നു. ഇത് കണ്ട് പേടിയോടെ കാർ പിന്നിലേക്ക് എടുക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടു മരത്തിൽ തട്ടി. അടുത്തുള്ള കുഴിയിലേക്ക് മറിഞ്ഞു. താൻ ബോധരഹിതനായി. ഏതാനും സമയങ്ങൾക്ക് ശേഷം ശരീരമാസകലം വേദനയാൽ മയക്കത്തിൽ നിന്നും ഉണർന്നു. ഇടതുകൈ മുട്ടിനും കാലിനും നല്ല ക്ഷതം ഉണ്ട്. ശരീരത്തിലെ പല ഭാഗങ്ങളും മുറിവുകളുണ്ട്.. ഒന്ന് രണ്ട് ഭാഗങ്ങളിൽ അത് ആഴത്തിൽ തന്നെ മുറിഞ്ഞിരിക്കുന്നു. നെറ്റിയിൽ ഉണ്ടായ മുറിവിൽ കൺപോളകൾക്ക് മുകളിലൂടെ ചോരത്തുള്ളികൾ താഴേക്ക് അലക്ഷ്യമായി ഒഴുകിയിറങ്ങി. തന്റെ മനസിലെ ആ വികൃതരൂപവും വീട്ടിലെ കാര്യങ്ങളും തന്നേ വല്ലാതെ അസ്വസ്ഥനാക്കി.

മുറിവേറ്റ കൈകളാൽ കൺപോളകൾക്ക് മുകളിലൂടെ ഒഴുകി ഇറങ്ങിയ ചോര തുള്ളികൾ തുടച്ചുമാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു. 'പറ്റുന്നില്ല' താൻ തീരെ അവശനാണ്. എന്താണ് തനിക്ക് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല.! പതിയെ തൊട്ടടുത്തുള്ള വേരിൽ ചാരിയിരുന്നു അറിയാതെ തന്നെ മയങ്ങുകയും ചെയ്തു... നന്നേ ക്ഷീണിതനാണ്. പെട്ടെന്ന് ആരോ തന്റെ അരികിലേക്ക് വരുന്നുണ്ടെന്ന് മനസ്സിലായി. അവശത കൊണ്ടാകാം പാതി ഉറക്കത്തിൽ കണ്ണുകൾ തുറന്നു. നിലാവിന്റെ നേരിയ വെളിച്ചത്തിൽ ആ കാഴ്ച കണ്ടു ആ വികൃത രൂപം തന്റെ മുമ്പിൽ...! "പേടിയോടുകൂടി പിന്നിലേക്ക് ഇഴഞ്ഞു നീങ്ങാൻ ശ്രമിച്ചെങ്കിലും അസാധ്യമായിരുന്നു. കാറിൽ നിന്നും തെറിച്ചുവീണത് കൊണ്ടാകാം ഇടതു കയ്യിലെയും കാൽമുട്ടിന്റെയും ക്ഷതം തീരെ അവശനാക്കിയിരിക്കുന്നു. തന്റെ മുന്നിലെ എല്ലാ വഴികളും അടഞ്ഞ പോലെ...! കണ്ണിൽ ആകെ ഇരുട്ട് കയറുന്ന പോലെ...! എന്ത് ചെയ്യണം എന്ന് പോലും അറിയാതെ പകച്ച് നിന്ന ആ നിമിഷം...? ഒരു വശത്ത് തന്റെ മുന്നിൽ ആ വികൃത രൂപം...! മറുവശത്ത് തീരെ അവശ നിലയിൽ ഒരു അടി ഇനി പിന്നിലേക്ക് പോകാൻ കഴിയാതെ നിസ്സഹായനായി താനും...!

പെട്ടെന്നാണ് തന്റെ ശ്രദ്ധയിൽപ്പെട്ടത് തൊട്ടടുത്ത് നിന്നും തുടർച്ചയായി ഒരു ശബ്ദം കേൾക്കുന്നു...! എന്താണെന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് മനസ്സിലായത്. "നാശം വെളുപ്പിനെ കണ്ട സ്വപ്നം, ഇന്നത്തെ ദിവസം പോയി " എന്ന് പിറുപിറുത്ത് ഫോണിലെ അലാറം ഓഫ് ചെയ്തു. പോകാൻ റെഡിയാകാൻ തയാറായി. ടവ്വലും എടുത്ത് ബാത്റൂം ലക്ഷ്യമായി നടന്നു. കുളിക്കുമ്പോഴും തന്റെ മനസ്സിൽ സ്വപ്നത്തിലെ കാര്യങ്ങൾ ഓർത്തിട്ട് ഭയം അനുഭവപ്പെട്ടെങ്കിലും അത് അത്ര തന്നെ കാര്യമാക്കാതെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടർന്നു. പോകുന്ന വഴിക്ക് തന്റെ സുഹൃത്തുക്കളുമായി ഈ കാര്യങ്ങൾ പങ്കുവെച്ച് യാത്ര തുടർന്നു. എന്നാൽ സാഹചര്യങ്ങൾ എല്ലാം ഏകദേശം അതുപോലെ തന്നെയായിരുന്നു...!

English Summary:

Malayalam Short Story ' Chudukattil Akappettavan ' Written by Sajin Sasi