ADVERTISEMENT

എനിക്ക് നിന്നിലൂടെയേ എന്നെ കാണാൻ കഴിയുന്നുള്ളൂ. തീർച്ചയായും അത് എന്റെ തെറ്റായ ധാരണകൾ തന്നെയാകാം. അതല്ലെങ്കിൽ ജീവിതഭ്രാന്തിന്റെ ആകാംക്ഷകൾ ആകാം. എനിക്ക് കുറ്റപ്പെടുത്താനും ദേഷ്യപ്പെടാനും നീ മാത്രമല്ലെ ഉള്ളൂ. തനിയെയുള്ള ആ നീണ്ടയാത്രയിൽ ഞാൻ നിന്റെ ഫോൺവിളികൾ വരും അല്ലെങ്കിൽ ഒരു സന്ദേശം വരും എന്ന് ആത്മാർഥമായി കൊതിച്ചു. മൂന്നുമണിക്കൂർ ഒരു വശത്തേക്ക് മാത്രം നീണ്ട ഒരു യാത്ര. ജോലിയുടെ ഭാഗമല്ലേ, പോകാതെ  പറ്റില്ലല്ലോ. മാത്രമല്ല മറ്റുള്ളവർ ചെയ്യാത്ത അല്ലെങ്കിൽ ഏറ്റെടുക്കാത്ത ജോലികൾ തന്നിലേക്ക് മാറ്റിവെക്കപ്പെടുകയാണല്ലോ പതിവ്. നേരിട്ടുപോയി ആ പ്രശ്നത്തിന് പരിഹാരം കാണുമ്പോൾ മേലധികാരി പുകഴ്ത്താറുണ്ട്, സരോജത്തെ കണ്ട് പഠിക്കണം. ഇതാണ് ജോലിയോടുള്ള സമർപ്പണം. ആ പുകഴ്ത്തലുകൾ തന്നെ ബാധിക്കാറേയില്ല, തന്റെ ആ പ്രവർത്തികൊണ്ട് ഒരു വ്യക്തിക്ക് അയാളുടെ കുടുംബത്തിന് സന്തോഷമുണ്ടാകുന്നതാണ് തന്റെ സന്തോഷം. അറിയാത്ത ആ മുഖങ്ങളിൽ വിടരുന്ന പുഞ്ചിരിക്ക് താനൊരു കാരണം ആയല്ലോ എന്ന സന്തോഷം.

ജോലിയിൽ വരുന്ന വെല്ലുവിളികൾ തനിക്ക് സന്തോഷം തന്നെയാണ്, പ്രശ്നങ്ങളുടെ കുരുക്കഴിയുമ്പോൾ താൻ തന്റെ ജീവിത കുരുക്കുകൾ മറന്നുപോകും, തന്നെ മറക്കുകയും എന്നാൽ തന്റെ പ്രവർത്തികൾക്കൊണ്ട് മറ്റുള്ളവർക്ക് സന്തോഷമുണ്ടാക്കുകയുമാണല്ലോ ദൈവം തന്നെ ഏൽപ്പിച്ചിരിക്കുന്ന ജീവിതചര്യ. സ്വയം മറക്കാൻ ആണ് ഞാൻ നിന്നെ ഓർക്കുന്നത്. നദികളെല്ലാം നിറഞ്ഞൊഴുകുന്നു, നീ കൂടെയുണ്ടായിരുന്നെങ്കിൽ, നീ ഒന്ന് വിളിച്ചിരുന്നെങ്കിൽ, ഈ നദിപോലെ ഞാൻ നിറഞ്ഞൊഴുകുമായിരുന്നു. തിരക്ക് നിറഞ്ഞ ഈ ഭൂമിയിൽ അനാഥയല്ല, സനാഥയാണ് എന്ന് തോന്നുന്നത് നീ കൂടെയുള്ളപ്പോഴാണ്. പേരിന് ആരാണ് ഇല്ലാത്തത്, എല്ലാവരുമുണ്ട്, എന്നാൽ തനിക്കൊപ്പം, തന്നെയറിയുന്ന ഒരാൾ ആരാണുള്ളത്? ആരും തന്നെയില്ല, നീയല്ലാതെ. അതിനാലായിരിക്കാം, ഞാൻ നിന്റെ ഒരു ഫോൺ വിളി, ഒരു സന്ദേശം അതിയായി ആഗ്രഹിച്ചത്. 

പതിവുപോലെ വൈകിയിട്ട് ഓഫീസിൽ നിന്നിറങ്ങി, കാറിൽ കയറിയപ്പോൾ തന്നെ നീ വിളിച്ചു. ഇന്നലെ ചുമയുണ്ടായിരുന്നു എന്ന് രാവിലെ പറഞ്ഞതിനാൽ, നിന്റെ ശബ്ദ വ്യതിയാനം എനിക്ക് മനസ്സിലായില്ല. ശുഭ സായാഹ്നം എന്ന് ഞാൻ പറഞ്ഞപ്പോൾ നീ ഒന്ന് ഇരുത്തി മൂളിയതേയുള്ളു. ഞാൻ എന്റെ പരാതിപെട്ടി നേരെ നിന്നിലേക്ക്‌ തുറന്നു, "ഒന്ന് വിളിക്കാമായിരുന്നു, ആ നീണ്ട യാത്രയിൽ നീയും കൂടെയുണ്ടാകുമെന്ന് ഞാൻ കരുതി, ഞാൻ ഒറ്റയ്ക്ക് അത്രയും ദൂരം, ബോറടിച്ചപ്പോൾ കുറച്ചുറങ്ങി, അവിടെ ചെന്നപ്പോൾ ആ പ്രദേശത്ത് ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടൽ പോലുമില്ല. പോയ കാര്യം നടന്നു, പരാതിക്കാരിയെ കണ്ടുപിടിച്ചു. ഭർത്താവ് ജോലിയിൽ ഇരിക്കെ മരിച്ച സ്ത്രീ, രണ്ട് പെൺകുട്ടികൾ, രണ്ടും പഠിക്കുന്നു. രേഖകളെല്ലാം ഒപ്പിട്ടു വാങ്ങിച്ചു. ഒറ്റപ്പെട്ട പ്രദേശമാണെന്ന് പറഞ്ഞപ്പോൾ കുട്ടികൾ തിരിച്ചു ബസ്‌സ്റ്റോപ്പിൽ കൊണ്ട് ചെന്നാക്കാൻ കൂടെ വന്നു. പഠനം, യാത്ര, ഫീസ് - അവർ അവരുടെ ജീവിതം പറഞ്ഞുകൊണ്ടിരുന്നു. "എല്ലാം വേഗം ശരിയാകില്ലേ മാഡം, ഫീസ് കൊടുക്കാൻ അധികനാളില്ല". "വേഗം ശരിയാകും" ഞാൻ പറഞ്ഞു. വണ്ടി വരുന്നത് കണ്ടപ്പോൾ, കുറച്ച്  കാശെടുത്ത് അവളുടെ കൈകളിൽ വെച്ചുകൊടുത്തു. വേണ്ടെന്ന് പറഞ്ഞു. സാരമില്ല, ഒരു ആന്റി തരുന്നതായി കണ്ടാൽ മതിയെന്ന് ഞാനും. അവളുടെ കണ്ണുകൾ  നിറഞ്ഞു. ഞാൻ തൂവാലകൊണ്ട് അവളുടെ കണ്ണീരൊപ്പി ധൈര്യമായിരിക്കാൻ പറഞ്ഞു. ബസ്സിൽ കയറി ഇരുന്നപ്പോൾ ഞാൻ കരഞ്ഞു. നമുക്കുമില്ലേ മക്കൾ. 

ഇതൊക്കെ പറയാനാണ്, നീ വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ കരുതിയത്. മുമ്പൊക്കെ ഞാൻ തനിച്ചാണ് യാത്ര ചെയ്യുന്നത് എന്നറിഞ്ഞാൽ നീ ഇടയ്ക്ക് വിളിക്കുമായിരുന്നു, എവിടെയെത്തി എന്ന് സന്ദേശം അയക്കുമായിരുന്നു. എന്തേ താത്പര്യമില്ലാതെയായോ? "കുറ്റപ്പെടുത്താൻ മാത്രമാണോ എന്നെ വിളിക്കുന്നത്" എന്ന നിന്റെ പൊട്ടിത്തെറി ഞാൻ പ്രതീക്ഷിച്ചില്ല. "ഓഫീസിൽ ഇന്ന് മുഴുവൻ തുടർയോഗങ്ങളായിരുന്നു, ജീവനക്കാർക്കായി ഞാൻ ഞങ്ങൾ കോൺട്രാക്ടർമാരായി പണിയെടുക്കുന്ന കമ്പനിയിൽ നിന്ന് ചെറിയ ഒരു തുക നേടിയെടുത്തിരുന്നു. എന്നാൽ ഞങ്ങൾ ജോലിയെടുക്കുന്ന കമ്പനി അത് ഞങ്ങളുടെ ജോലിക്കാർക്ക് കൊടുക്കാൻ തയ്യാറല്ല. പാവപ്പെട്ട മനുഷ്യരാണ്. അത് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പും വെറുപ്പും തോന്നി. എനിക്കൊന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന കുറ്റബോധവും. നീ മറ്റുള്ളവരെ സഹായിച്ചു സന്തോഷവും സമാധാനവും അഭിമാനവും നേടുന്നു. ഞാൻ ചർച്ചനടത്തി നേടിയെടുത്ത തുക പാവപ്പെട്ട ജീവനക്കാർക്ക് കൊടുക്കാനാകാതെ ഞാൻ പുകഞ്ഞു നീറുന്നു. അതിന്നിടയിൽ ഞാൻ നിന്നെ വിളിക്കാൻ മറന്നു എന്നത് ശരിതന്നെയാണ്. എന്റെ സഹനശക്തി കൈവിട്ടുപോയ ദിവസമായിരുന്നു ഇന്ന്. എന്നോട് ക്ഷമിക്കുക" "എന്നോട് ക്ഷമിക്കുക മാത്രമല്ല, എന്നെ വെറുക്കുക കൂടി ചെയ്യുക" നീ തുടർന്നു.

ഞാൻ പെട്ടെന്ന് തിരുത്തി. "എനിക്കെന്തും തുറന്നുപറയാവുന്ന ഒരേയൊരാൾ നീ മാത്രമാണ്, അതാണ് ഞാൻ പെട്ടെന്ന് എന്റെ ഭാഗം മാത്രം പറഞ്ഞത്, നീ ഏത് അവസ്ഥയിലാണെന്ന് ആദ്യം ഞാൻ അന്വേഷിക്കണമായിരുന്നു. പരസ്പരം മറ്റുള്ളവരുടെ അവസ്ഥകൾ തിരിച്ചറിയാതെയുള്ള പ്രകോപനം ആയിപ്പോയി അത്". ജോലികഴിഞ്ഞു തിരിച്ചുള്ള യാത്രയിൽ വഴിയിൽ നല്ല വാഹനത്തിരക്കും തടസ്സങ്ങളും ഉണ്ടെന്ന് നിന്റെ നീണ്ട മൂളലുകളിൽ നിന്നും, വളരെ നീണ്ട നിശ്വാസങ്ങളിൽ നിന്നും എനിക്ക് മനസ്സിലായി. രണ്ട് ധ്രുവങ്ങളിൽ ഇരിക്കുന്ന രണ്ടുപേർ പരസ്പരം കാണാതെ താങ്ങും തണലുമാകാൻ ശ്രമിക്കുന്നു. എന്നിട്ടും വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങൾ അവരെ അകറ്റാനും ശ്രമിക്കുന്നു. ജീവിതം നമുക്കറിയാത്ത വലിയ യാത്രയാണ്. നാമറിയാതെ നമ്മിലേക്ക്‌ സ്നേഹവും വെറുപ്പും കരുണയും ദേഷ്യവും എല്ലാം ഒന്നിച്ചു കൊണ്ടുവരുന്ന ഒരു നീണ്ട യാത്ര. അവസാനം നീ പറഞ്ഞ വാക്കുകൾ കാതുകളിൽ ഇപ്പോഴും ഉണ്ട്. "ഞാൻ ചിലപ്പോൾ ആ സഹായം ഇപ്പോൾ തന്നെ അവരിലെത്താതെ തോറ്റുപോയിരിക്കാം, എങ്കിലും അവർക്ക് അത് കിട്ടാൻ വിധിയുണ്ടെങ്കിൽ മറ്റാർക്കും അത് തടയാനാകില്ല, ദൈവമെന്നോ, പ്രകൃതിയെന്നോ നാം വിളിക്കുന്ന ഒരു ശക്തി ഒരു വഴിയിലൂടെ അല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ ആ സഹായം അവരിൽ എത്തിച്ചിരിക്കും, ഇന്നല്ലെങ്കിൽ നാളെ". ഇത് തന്നെയാണ്; ഈ ചിന്ത തന്നെയാണ് എന്നെ നിന്നോട് ചേർത്ത് നിർത്തുന്നത്.

English Summary:

Malayalam Short Story ' Samanthara Pathakal ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com