ADVERTISEMENT

വീട്ടിലൊരു ഗ്യാസ് കണക്ഷൻ എടുക്കാൻ സമ്മതിക്കാത്ത അപ്പനെ എന്നത്തേപ്പോലെ അന്നും മനസ്സാ പ്രാകികൊണ്ട്, അടുക്കളയിലെ വിറകടുപ്പ് കത്തിച്ച് ഇത്തിരി തേയില വെള്ളം അനത്താൻ തയ്യാറെടുക്കുമ്പോഴാണ് മോളിക്കുട്ടിയാ വിളി കേട്ടത്. “എടി മോളിക്കുട്ടിയേ….” അപ്പനല്ല്യോ വിളിച്ചത്? കർത്താവേ.. രാവിലെ കിണറ്റിൽ നിന്നും ഒരു ബക്കറ്റ് വെള്ളം കോരി കക്കൂസിൽ പോയ മനുഷ്യനാണല്ലോ? പര്യേപുറത്തെ ടോയ്‌ലറ്റിൽ നിന്നും വീണ്ടും വിളി കേൾക്കുന്നുണ്ടോ? സംശയനിവാരണത്തിനായി മോളിക്കുട്ടി തന്റെ ചെവി വട്ടം പിടിച്ചു. ഇല്ല, ശബ്ദമൊന്നും കേൾക്കുന്നില്ല. ചിലപ്പോ തനിക്ക് വെറുതെ തോന്നിയതായിരിക്കുമെന്ന് മനസ്സിലങ്ങനെ വിചാരിച്ച് അവളൊരു പിടി ചൂട്ടിന് തീ കൊളുത്തി, ചായക്കലത്തിൽ വെള്ളം അടുപ്പത്ത് വെച്ചു. “എടിയേ..” ഇത്തവണ ശരിക്കും അപ്പന്റെ ശബ്ദമാണല്ലോ കേൾക്കുന്നത്? ചൂട്ടഴിക്കുള്ളിലൂടെ മോളിക്കുട്ടി പര്യേപുറത്തെ തൊടിയിലെ ടോയ്‌ലറ്റിലേക്ക് എത്തി നോക്കി. ശരിയാണ്, അപ്പന്റെ പതറിയ ശബ്ദം തന്നെ! പരിഭ്രമത്തോടെ ഓടിച്ചെന്ന് ടോയ്‌ലറ്റിന്റെ കതകിൽ മുട്ടി മോളിക്കുട്ടി ചോദിച്ചു. “അപ്പോ.., അപ്പൻ വിളിച്ചായിരുന്നോ? മറുപടിക്കായി അവൾ തന്റെ ചെവിരണ്ടും വീണ്ടും വട്ടം പിടിച്ചു.

അകത്തുനിന്നും എന്തോ വല്ലാത്തൊരു ഞെരക്കം കേൾക്കുന്നല്ലോ! പതിയെ കതകിൽ കൈയ്യമർത്തിയപ്പോൾ, അകത്ത് അപ്പനതാ ഉടുതുണിയില്ലാതെ ചുമരും താങ്ങി നിൽക്കുന്നു! “എന്ത് പറ്റിയപ്പോ.. എന്തേലും വല്ലായ്മയുണ്ടോ?” “എന്തോ, എന്റെ നെഞ്ചിൻകൂടിനകത്തൊരു കൊള്ളിയാൻ മിന്നണപോലെ” കണ്ണുകൾ മുറുകെയടച്ച് അത്രയും പറഞ്ഞ് അപ്പൻ വലതു കൈ കൊണ്ട് നെഞ്ച് തടവാൻ തുടങ്ങി. “ചതിച്ചോ കർത്താവേ... അപ്പന് വീണ്ടും നെഞ്ച് വേദനയോ?” നിർത്തി കൊണ്ടുതന്നെ അപ്പന്റെ ചന്തി കഴുകി, മുണ്ടെടുത്ത് അരയിൽ ചുറ്റികൊടുത്ത് മോളിക്കുട്ടി ചോദിച്ചു. “അപ്പന് നടക്കാവോ..?" അപ്പൻ പതിയെ തലയാട്ടി. മോളിക്കുട്ടി ഒരുവിധത്തിൽ അപ്പനെ താങ്ങി പുറത്തേക്കു കൊണ്ടുവന്നു. മനസ്സിലപ്പോൾ കാലമിത്ര പുരോഗമിച്ചിട്ടും വീടിനകത്തൊരു ടോയ്‌ലറ്റ് പണിയാൻ സമ്മതിക്കാതിരുന്ന അപ്പനോടവൾക്ക് എന്തെന്നില്ലാത്ത ഒരുതരം വെറുപ്പും ദേഷ്യവും തോന്നിയിരുന്നു എന്നത് വാസ്തവം. - വെക്കലും തിന്നലും അകത്തും, തൂറല് പുറത്തും മതിയെന്നായിരുന്നു അപ്പന്റെ എന്നത്തേയും പോളിസി. അതിൽ നിന്നും അണുവിടെ മാറാൻ ഇന്നും അപ്പൻ തയാറായിട്ടില്ല.

“എങ്ങനെയുണ്ടപ്പാ.. നല്ല പോലെ വിയർക്കണുണ്ടല്ലോ?” പര്യേപുറത്തെ തിണ്ണയിൽ മലർന്നു പെടച്ചുകിടക്കണ അപ്പനോടവൾ ചോദിച്ചു. “ഇപ്പൊ ഇത്തിരി കൊറവുണ്ട്.. നീയിച്ചിരി ചൂടുവെള്ളം ഇങ്ങെടുത്തേ ..” അപ്പൻ ഒരു ദീർഘനിശ്വാസമെടുത്ത് പറഞ്ഞു. "വെള്ളമൊന്നും ഇപ്പൊ കുടിക്കേണ്ടപ്പാ.. ഇത് മറ്റേ അസുഖമാ, ഞാനിപ്പോ നാക്കിനടിയിൽ ഇടണ ഗുളിക എടുത്തേച്ചും വരാം" കിടപ്പുമുറിയിലെ തലയിണക്കടിയിൽ നിന്നും സോർബിട്രേറ്റിന്റെ ഗുളിക എടുത്തുവന്ന്, മോളിക്കുട്ടി അപ്പന്റെ നാവിനടിയിൽ ഇട്ടുകൊടുത്തു. പിന്നെ വിശറിയെടുത്ത് അപ്പന് നല്ലപോലെ വീശി കൊടുത്തു. “ആശൂത്രീല് പോണോ അപ്പാ..?” ഭീതി നിറഞ്ഞ കണ്ണുകളോടെ, ഉള്ളിലെ പരിഭ്രമം പുറത്തു കാണിക്കാതെ മോളിക്കുട്ടി ചോദിച്ചു. അപ്പനതിനു മറുപടി പറയാതെ കണ്ണുകളടച്ച് മുകളിലേക്ക് നോക്കി കിടന്നു. അന്നേരം സ്ഥാനം തെന്നി നീങ്ങിയ ഓടിനിടയിലൂടെ പ്രഭാത സൂര്യൻ അപ്പനെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.

പത്തു വർഷം മുൻപ്, ഇടവക പള്ളിപെരുന്നാളിന്റന്ന് രാത്രിയിലാണ് അപ്പന്റെ നെഞ്ചിൽ ആദ്യമായി കൊള്ളിയാൻ മിന്നിയത്. വയറുമുട്ടെ ഏത്തക്കായിട്ട് വരട്ടിയ പോത്തിറച്ചിയും കള്ളും കഴിച്ചതിന്റെ ഗ്യാസായിരിക്കുമെന്നാണ് ആദ്യമെല്ലാവരും കരുതിയതെങ്കിലും, പൊടുന്നനെ അപ്പൻ നെഞ്ച് തടവിക്കൊണ്ട് തളർന്നു വീണപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എല്ലാവർക്കും മനസ്സിലായത്. തെക്കേലെ ജോണിക്കുട്ടീടെ ജീപ്പിൽ അപ്പനെ നേരെ പുഷ്പഗിരിയിലോട്ട് കൊണ്ടുചെന്നു. നേരം മിന്നം വെളുക്കും മുന്നേ ഡോക്ടർമാർ അപ്പന്റെ നെഞ്ചിൻകൂട് തുറന്ന് മൂന്ന് രക്തക്കുഴലുകൾക്ക് ബൈപാസ് ഇട്ടുകൊടുത്തു. അമ്മച്ചി പോയതിൽ പിന്നെയാണ് അപ്പന്റെ ചിട്ടവട്ടങ്ങൾ എല്ലാം മാറിയത്. നേരത്തിനു കുളിയും നനയുമില്ല, ഭക്ഷണമില്ല, എന്തിന്, മരുന്നുകഴിപ്പ് വരെ ഇല്ലാണ്ടായി. - പത്തെഴുപതു കൊല്ലം ജീവിച്ചില്ല്യോ, ഇനിയുമെന്നാത്തിനാ ഈ മരുന്നെല്ലാം വലിച്ചുകേറ്റുന്നേ… കൃത്യമായി മരുന്ന് കഴിക്കാൻ പറയുമ്പോൾ അപ്പൻ ഇങ്ങനെയാണ് പറയാറ്. പോരാത്തതിന് ബൈപാസ്  ഓപ്പറേഷൻ കഴിഞ്ഞ് ഡിസ്ചാർജ് ആയി പോരാൻ നേരം പുഷ്പഗിരിയിലെ ജേക്കബ് ഡോക്ടർ അപ്പന്റെ പുറത്തുതട്ടി ആശ്വസിപ്പിക്കാൻ പറഞ്ഞ, - വെൽഡ് ചെയ്ത രക്തക്കുഴലുകൾ സാധാരണ രക്തക്കുഴലുകളേക്കാൾ സ്ട്രോങ്ങ് ആയിരിക്കും - എന്ന വാചകം, ബൈബിളിലെ തിരുവചനം പോലെയാണ് അപ്പൻ വിശ്വസിച്ചിരുന്നത്. ആ വിശ്വാസമാണോ കർത്താവേ തകർന്നു പോകുന്നത്? 

അപ്പന്റെ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞു മൂന്നു മാസം തികയും മുന്നേ ഒരു രാത്രിയിലായിരുന്നു മോളിക്കുട്ടി അപ്പനോടും അമ്മച്ചിയോടും ആ കൊലച്ചതി ചെയ്തത്. അപ്പനും അമ്മച്ചിക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. മംഗലാപുരത്ത് നേഴ്സിങ്ങിന് പഠിച്ചിരുന്ന മോളിക്കുട്ടി പഠിപ്പുപേക്ഷിച്ച് വീട്ടിലെ റബ്ബർ വെട്ടുകാരൻ ഔസേപ്പിന്റെ വേലേം കൂലീം ഇല്ലാതിരുന്ന മകൻ അലക്സിനൊപ്പം ഒളിച്ചോടിപ്പോയത്! പുലർകാലത്ത് ഔസേപ്പ് ടാപ്പ് ചെയ്തു കൊണ്ടുവന്നിരുന്ന റബ്ബർ പാലിൽ ആസിഡ് ചേർത്ത് ഷീറ്റടിക്കാൻ വല്ലപ്പോഴും വന്നിരുന്ന അലക്സിനോട്  മോളിക്കുട്ടി ഒന്നും രണ്ടും പറഞ്ഞ് ഒട്ടിപ്പോകുമെന്ന് ആരും തന്നെ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അല്ലേലും കണ്ണേ, മുത്തേ എന്നെല്ലാം കരുതി വളർത്തി വലുതാക്കിയ ഒരേയൊരു മകൾ, കാൽ കാശിനു വകയില്ലാത്ത ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയാൽ ഏത് അപ്പനും അമ്മച്ചിക്കും സഹിക്കാനാകും? അന്ന് വീടുവിട്ടിറങ്ങിപ്പോയ മോളിക്കുട്ടിയെ വർഷം പത്ത് കഴിഞ്ഞിട്ടും ആ വീട്ടുപടി ചവിട്ടാൻ അപ്പൻ സമ്മതിച്ചില്ലായിരുന്നു. ആദ്യമെല്ലാം കുറച്ചുനാൾ കഴിയുമ്പോൾ അമ്മച്ചി പറഞ്ഞെങ്കിലും അപ്പന്റെ മനസ്സ് മാറ്റാൻ സാധിക്കുമെന്ന് മോളിക്കുട്ടി അന്നെല്ലാം വിചാരിച്ചിരുന്നു. പക്ഷേ, അമ്മച്ചിയും അതിനു തുനിഞ്ഞില്ലായിരുന്നു എന്നത് പരമസത്യം! അത്രയ്ക്ക് വല്യ പൊറുക്കാൻ പറ്റാത്ത തെറ്റല്ല്യോ മോളിക്കുട്ടി അവരോടന്ന് കാണിച്ചത്. 

പാരസ്പര്യത്തിന്റെ ഉറച്ച കണ്ണികളാൽ വിളക്കിച്ചേർത്ത ബന്ധങ്ങളുടെ ചങ്ങലയല്ലേ എട്ടും പൊട്ടും തിരിച്ചറിയാത്ത പ്രായത്തിൽ മോളിക്കുട്ടി തന്റെ തലക്ക് പിടിച്ച പ്രേമമെന്ന ഭ്രാന്തിൽ ഇടം വലം നോക്കാതെ പൊട്ടിച്ചെറിഞ്ഞത്? അപ്പനോടും അമ്മച്ചിയോടും താൻ ചെയ്ത ആ വലിയ അപരാധം, അതോർക്കുമ്പോൾ മോളിക്കുട്ടിയിന്നും ഗീവർഗീസ് പുണ്യാളന്റെ തിരുരൂപത്തിനു മുന്നിൽ മുട്ടുകുത്തി നിന്ന് കരഞ്ഞു പശ്ചാത്തപിക്കും! വല്യ വാശിക്കാരനായിരുന്നു അപ്പൻ. അമ്മച്ചി അത്യാസന്ന നിലയിൽ സായിപ്പിന്റെ ആശുപത്രിയിൽ  കിടന്നപ്പോഴും, പിന്നീട് മരിച്ചപ്പോഴും അമ്മച്ചിയെ അവസാനമായി ഒരുനോക്ക് കാണാൻ പോലും മോളിക്കുട്ടിയെ അപ്പൻ വീട്ടിലേക്ക് കയറ്റിയില്ലായിരുന്നു. ഇക്കഴിഞ്ഞ കർക്കടകത്തിൽ കുരുമൊളക് പറിക്കാൻ മരത്തിൽ കേറിയ അപ്പൻ കാല് തെന്നി കയ്യാലയിൽ വീണ് നടുവൊടിഞ്ഞ് കിടപ്പിലായപ്പോൾ, പള്ളി വികാരിയച്ചന്റെയും അയൽക്കാരൻ ദേവസ്സ്യേട്ടന്റെയും ഇടപെടലിൽ മോളിക്കുട്ടിക്ക് സ്വന്തം വീട്ടുപടി വീണ്ടും തുറന്നുകിട്ടി. എന്നിട്ടും മോളിക്കുട്ടിയുടെ കെട്ടിയോൻ, റബ്ബർ വെട്ടുകാരൻ ഔസേപ്പിന്റെ മോൻ അലക്സിനും അപ്പന്റെ പേരക്കുട്ടികൾക്കും ആ പടി ചവിട്ടാൻ ഇന്നുവരേക്കും അപ്പൻ സമ്മതം മൂളിയിട്ടില്ല. താൻ ചെയ്ത തെറ്റിന്റെ വ്യാപ്തി ശരിക്കുമറിയാവുന്നതിനാൽ മോളിക്കുട്ടിയും അപ്പനെ നിർബന്ധിച്ചിരുന്നില്ല.

പക്ഷെ, ഒരുനാൾ അപ്പന് തങ്ങളോടുള്ള അനിഷ്ടങ്ങൾ തീരുമെന്നും, അപ്പൻ അലക്സ് ചേട്ടായിയെയും മക്കളെയും വീട്ടിലേക്ക് ക്ഷണിക്കുമെന്നും അവൾ കരുതിയിരുന്നു. അതിനായി എല്ലാ ഞായറാഴ്ചകളിലും നൊവേന അർപ്പിക്കുമ്പോൾ കർത്താവിനോട് ഹൃദയമുരുകി അവൾ പ്രാർഥിച്ചിരുന്നു. താൻ ചെയ്ത തെറ്റിന് പ്രായിശ്ചിത്തം ചെയ്യാൻ കിട്ടിയ ഏറ്റവും നല്ല അവസരമായി, നടുവൊടിഞ്ഞുകിടന്ന അപ്പനെ അവൾ പൊന്നുപോലെ പരിചരിച്ചു. അന്നുമുതൽ എല്ലാ ദിവസവും അതിരാവിലെ കെട്ടിയോനും മക്കൾക്കും വെച്ചുണ്ടാക്കി മോളിക്കുട്ടി അപ്പന്റടുത്തേയ്ക്ക് വരും. കട്ടൻ കാപ്പി അനത്തികൊടുക്കും, കഞ്ഞീം കറീം വെച്ചുകൊടുക്കും. തിരുമ്പാൻ തുണി വല്ലതും ഉണ്ടേൽ അതെല്ലാം കഴുകിയിട്ട്, വീടും മുറ്റവും അടിച്ചു വാരി വൃത്തിയാക്കും. നടുവിനിട്ട ബെൽറ്റെല്ലാം മാറ്റി അപ്പനിപ്പോൾ പഴയതിനേക്കാൾ ആരോഗ്യവാനായി, പറമ്പിലെ പണികളെല്ലാം ചെയ്ത് തുടങ്ങി വന്നതായിരുന്നു. അപ്പോഴാണല്ലോ കർത്താവെ വീണ്ടുമിങ്ങനെയൊരു പരീക്ഷണം!

"അപ്പാ...നമുക്കാശുപത്രീൽ പോകാമപ്പാ" “എന്നാത്തിനാടീ കൊച്ചെ നീയിങ്ങനെ പേടിക്കുന്നേ, എനിക്കിപ്പോ അതിനുമാത്രം മേലായ്കയൊന്നും ഇല്ലല്ലോ? ഒരു ചെറിയ നെഞ്ച് വേദനയങ്ങ് വന്നു. വന്നപോലെ അതങ്ങു പോകേം ചെയ്തു. ഇതെല്ലാം കർത്താവിന്റെ ഓരോ ഓർമ്മപ്പെടുത്തലല്ല്യോ? നീ അപ്പനൊരു കട്ടൻ കാപ്പി ഇട്ടോണ്ട് വാ, പിന്നെ, ആ റസ്ക് പാക്കറ്റ് കൂടെയിങ്ങെടുത്തോ, പറമ്പിലെ പണിക്ക് കൗശൽ ബായ് ഇപ്പൊ വരും, വെയില് ചൂടാവും മുന്നേ ഇന്നാ വാഴക്കെല്ലാം മുട്ട് കൊടുക്കണം” തറയിൽ കൈകുത്തി എഴുന്നേറ്റ് തിണ്ണയിൽ ചാരിയിരുന്ന് അപ്പൻ പറഞ്ഞു. “ഇത്രേം മേലാതിരിക്കുമ്പോ അപ്പനിന്ന് പറമ്പിലേക്കൊന്നും പോവണ്ട. വീണ്ടും നെഞ്ച് വേദന വന്നാലോ അപ്പാ? ഞാൻ അലക്സ് ചേട്ടായിക്ക് ഫോൺ ചെയ്ത് വണ്ടിയെടുത്ത് വരാൻ പറയാം. നമുക്ക് പുഷ്പഗിരിയിലോട്ട് പോകാം”. തന്റെ കെട്ടിയോൻ അലക്സിനോടുള്ള അപ്പന്റെ ദേഷ്യത്തെ ഈയവസരത്തിൽ മാറ്റിയെടുക്കാമെന്ന ധാരണയിൽ ഇത്തിരി ഭയത്തോടെ, അപ്പന്റെ മുഖത്തു നോക്കാതെ മോളിക്കുട്ടി അത്രയും പറഞ്ഞു.

“പ് ഫാ.. അവളുടെയൊരു ചേട്ടായി വന്നിരിക്കുന്നു.. ഞാൻ ജീവിച്ചിരിക്കുമ്പോൾ, അവനീ പടി ചവിട്ടാൻ ഞാൻ സമ്മതിക്കൂല്ല” അയയിൽ കിടന്ന തോർത്തെടുത്ത് തോളിലിട്ട് മുറ്റത്തേക്ക് ഈർഷ്യത്തോടെ കാർക്കിച്ചു തുപ്പി അപ്പൻ എഴുന്നേറ്റു. “എന്താ സേട്ടാ, എന്ത് പറ്റി? രണ്ടു വർഷത്തോളമായി പാടത്തും പറമ്പിലും അപ്പന്റെ സന്തത സഹചാരിയായ കൗശൽ ബായ് അങ്ങോട്ട് വന്നത് അപ്പോഴാണ്. “ഒന്നുമില്ല ബായ്” “അങ്ങനെയല്ലല്ലോ സേട്ടാ, രാവിലെ തന്നെ മോളിക്കുട്ടിയോട് വഴക്കു കൂടിയോ? “അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവൂല്ല. നീ വാ, തുലാവർഷമാ വരാൻ പോകുന്നത്, അതിനുമുൻപ് നമുക്കാ വാഴക്കെല്ലാം മുട്ട് കൊടുക്കണം.” അപ്പൻ വിഷയത്തിൽ നിന്നും മാറി, വാക്കത്തിയെടുത്ത് പറമ്പിലേക്ക് നടന്നു. "അതെല്ലാം നമുക്ക് സെയ്യാം സേട്ടാ.. കാര്യമെന്താണെന്ന് എന്നോട് പറയാൻ പറ്റുന്നതാണേൽ പറയൂ സേട്ടാ." "നിന്നോട് പറയാൻ പറ്റാത്തതായി എന്തുണ്ട് ബായ്, മോളിക്കുട്ടിയുടെ കാര്യമെല്ലാം നിനക്കറിയാലോ? നടുവൊടിഞ്ഞ കിടന്ന എന്നെ എഴുന്നേൽപ്പിച്ചു നടത്തിയത് അവള് തന്നെയാ. എന്ന് വെച്ച് അവക്കടെ കെട്ടിയോനേം മക്കളേം ഇങ്ങോട്ടു കൂട്ടികൊണ്ടു വരണംന്ന് പറഞ്ഞാ അതെങ്ങനെ ശെരിയാകും. ഞാനെന്റെ  കൊക്കില് ജീവനുള്ളപ്പോൾ അതിനു സമ്മതിക്കൂല്ല"

“മോളിക്കുട്ടി പറയുന്നതിൽ എന്താ തെറ്റ് സേട്ടാ.. അവര് സേട്ടന്റെ മരുമോനും പേരക്കുട്ട്യോളും അല്ലേ” “നിനക്കതറിയാഞ്ഞിട്ടാ ബായ്.. അതുക്കൂട്ട് മറ്റേടത്തെ പണിയല്ലേ അവനെന്റെ കുടുംബത്തോട് കാട്ടിയത്. പഠിച്ചു നല്ല ജോലിക്കാരിയാകേണ്ടിയിരുന്ന എന്റെ കൊച്ചിനെ കറക്കിയെടുത്ത് അവളുടെ ഭാവി കളഞ്ഞോനാ അവൻ. അവനോടു ക്ഷമിക്കാൻ എന്നെകൊണ്ടാവൂല്ല..” അപ്പൻ തീർത്തു പറഞ്ഞു. “അങ്ങനെയൊന്നും പറയല്ലേ സേട്ടാ, എല്ലാം തീരുമാനിക്കുന്നത് മുകളിലിരിക്കുന്ന കർത്താവ് തമ്പുരാനല്ലേ? എന്റെ കാര്യം നോക്ക്, ബംഗാളിൽ നിന്നും പണി തേടി ഈ നാട്ടിൽ വന്നവനാ ഞാൻ. എന്നിട്ടിപ്പോൾ എന്തായി? ഇവിടേന്നു മലയാളോം പഠിച്ച്, പെണ്ണും കെട്ടി കുടുംബമായി സുഖമായി കഴിയുന്നു. ഞങ്ങടെ വീട്ടിലിപ്പോൾ ബംഗാളീം  മലയാളീം എന്നുള്ള വ്യത്യാസം ഒന്നുമില്ല. ദൈവം കൂട്ടിച്ചേർത്തതല്ലേ, അതിനു നമ്മൾ എതിര് നിൽക്കുന്നത് എന്തിനാ സേട്ടാ?” “കൗശൽ ഭായ്, നീ നല്ല അധ്വാനിയാണ്. കുടുംബം നോക്കുന്നോനാണ്. നിന്നെപോലെയാണോ ആ പന്നൻ അലക്സ്? എന്നും രാവിലെ ഒരു ടാക്സിയെടുത്ത് കവലയിൽ കിടക്കുന്നോനല്ലേ? ഓടിയാൽ ഓടി. എന്നാലെങ്ങനെയെങ്കിലും ഒരോട്ടം പോയി കൈയ്യില് പത്തോ നൂറോ  കിട്ടിയാലോ, കൂട്ടും കൂടി തിരുവല്ലായിൽ പോയി ബാറിൽ കൊടുക്കാൻ തന്നെ തെകയോ അവന്. എന്നെകൊണ്ടൊന്നും പറയിപ്പിക്കേണ്ട.” അയാൾ തോർത്തെടുത്ത് നിറഞ്ഞു വന്ന തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ഗദ്ഗദകണ്ഠനായി തുടർന്നു.

“എനിക്കറിയാം വയസ്സായി എനിക്കെന്ന്, ഇനിയുള്ള കാലം ഏകാന്തതയും ഒടുവിൽ മരണത്തേയും ഞാൻ നേരിട്ടേ പറ്റൂ. ഇന്നോ നാളെയോ കർത്താവെന്നെ തിരിച്ചുവിളിക്കും. എന്റെ കുഞ്ഞിന്റെ ജീവിതമോ അവൻ നശിപ്പിച്ചു. ഞാനീ ജന്മം മുഴുവൻ ചോര നീരാക്കി കഷ്ടപ്പെട്ട്  ഉണ്ടാക്കീത് കൂടി നശിപ്പിക്കാൻ ഞാനവന് കൊടുക്കണോ? ഇല്ല, ഞാനത് ചെയ്യൂല്ല. ഞാനെങ്ങാനും അങ്ങനെ ചെയ്താൽ, മരിച്ചുപോയ എന്റെ ത്രേസിയാമ്മകൊച്ച് എന്നോട് ക്ഷമിക്കില്ല ബായ്. ആ കുരുത്തം കെട്ടവൻ കാരണം അത്ര കണ്ട് വെഷമിച്ചാ അവള് കർത്താവിന്റടുത്തേക്കു പോയത്. എന്റെ മരണം വരെ ഇങ്ങനെയൊക്കെ തന്നെ പോട്ടെ, അതിനു ശേഷം എന്ത് വേണേലും അവര് ചെയ്തോട്ടെ.” മറുപടി പറയാൻ വാക്കുകൾ ഇല്ലാതിരുന്ന കൗശൽ ബായ്, ഹൃദയം നുറുങ്ങുന്ന വേദനകൾ ഉള്ളിലൊതുക്കി വിങ്ങി കരയുന്ന ആ കർഷകനെ തന്നോട് ചേർത്തുപിടിച്ചാശ്വസിപ്പിച്ച് വാഴത്തോട്ടം ലക്ഷ്യമാക്കി നടന്നു. അന്നേരം ആകാശച്ചെരുവിൽ പെയ്യാൻ വെമ്പിനിന്നിരുന്ന മഴക്കാറുകൾ പതിയെ താഴേക്കുള്ള തങ്ങളുടെ പ്രയാണം ആരംഭിച്ചിരുന്നു.

English Summary:

Malayalam Short Story ' Manassinazhangalil ' Written by Sathyan Mullassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com