ADVERTISEMENT

കുറച്ചു ദിവസം സ്‌കൂൾ അവധിയാണ്, കുട്ടികളെയും കൂട്ടി പിറന്ന വീട്ടിലേക്ക് പോകുകയാണ് ഏതൊരു പെൺകുട്ടിയെ പോലെയും ജനിച്ച വീട് വിട്ട് ഭർതൃവീട്ടിലേക്കു പറിച്ചു നട്ടവൾ.. ഗേറ്റ് കടന്നു ചെല്ലുമ്പോൾ അച്ഛൻ മുറ്റത്തു തന്നെയുണ്ട്, മക്കളെ കണ്ടപാടെ ഓടിവന്ന് അവരെ കെട്ടിപിടിച്ചു, എന്നിട്ടു എന്റെ മുഖത്തേക്ക് നോക്കിയിട്ടു ചോദിച്ചു.. സുഖമാണോ മോളെ.. കഷ്ടപ്പെട്ടു മുഖത്ത് വരുത്തിയ ചിരിയാണ് വാക്കുകൾക്ക് പകരം കൊടുത്തത്... ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചു മുൻവാതിലിനപ്പുറം മുഷിഞ്ഞ സാരിത്തുമ്പുകൊണ്ടു മുഖം തുടച്ചു, ഒരു വിടർന്ന ചിരിയുമായി നിന്നിരുന്ന അമ്മയെ ആണ് എന്റെ കണ്ണുകൾ തിരയുന്നത്, ആ വാതിലിനപ്പുറം ഞാൻ തേടുന്ന ആ രൂപം ഈ ലോകത്ത്‌ എവിടെയും ഇല്ല എന്നറിഞ്ഞിട്ടും ബോധപൂർവ്വം എന്റെ കണ്ണുകൾ അമ്മയെ മാത്രം ചുറ്റും തിരയുകയാണ്.

വീടിനകത്തേക്ക് കയറുമ്പോൾ കരി പുരണ്ടു ചുളിഞ്ഞു തുടങ്ങിയ അമ്മയുടെ കൈവിരലുകൾ എന്റെ മുഖത്ത് വാത്സല്യത്തോടെ തലോടിയോ? എന്റെ മോൾ ആകെ ക്ഷീണിച്ചല്ലോ.. മക്കൾക്ക് നീ ഒന്നും കഴിക്കാൻ കൊടുക്കുന്നില്ലേ എന്ന പരിഭവങ്ങൾ എന്റെ കാതുകളിൽ മുഴങ്ങുന്നുവോ.. അടുക്കളയുടെ ചാരെ അമ്മയെപ്പോലെ  അദൃശ്യമായ ഒരു രൂപം ഞാൻ കണ്ടുവോ?, ആ കണ്ണിൽ നിന്നും കണ്ണീരു പൊടിയുന്നുണ്ടോ? മക്കളെ ഒന്ന് താലോലിക്കാൻ പോലും ആകാതെ എന്റെ അമ്മ അവിടെ മാറി നിന്ന് തേങ്ങുന്നുണ്ടോ? ഒരുപാട് ചോദ്യങ്ങൾക്കപ്പുറം വീടിന്റെ  ഓരോ കോണിലും അമ്മയുടെ സാമീപ്യം ഞാൻ തിരിച്ചറിയുന്നു…

യാത്രാ ക്ഷീണം എല്ലാം മാറി മക്കളെല്ലാം പുറത്തു കളിക്കുമ്പോൾ, അമ്മ കിടന്നിരുന്ന ആ കട്ടിലിനു ചാരെ ഞാൻ ചെന്നിരുന്നു, ഇപ്പോഴും അമ്മയുടെ ആ മണം ആ മുറിക്ക് ചുറ്റുമുണ്ട്, വായുവിൽ പോലും അമ്മയുടെ നിശ്വാസങ്ങൾ ഞാൻ തിരിച്ചറിയുന്നുണ്ട്.. അമ്മയുടെ മടിയിൽ കുറച്ചു നേരം തല വെച്ച് കിടന്നുറങ്ങാൻ... വീണ്ടും കുറച്ചു നേരേത്തക്കെങ്കിലും ആ ചെറിയ കുട്ടിയായി മാറാൻ ഞാൻ വല്ലാതെ കൊതിച്ചു പോയി. മരിക്കാൻ നേരം അമ്മ അച്ഛനോട് പറഞ്ഞിരിക്കാം, എന്റെ വീട്.. മക്കൾ അവരെ ഇവിടെ വിട്ടിട്ട് ഞാൻ എങ്ങനെ പോകാനാണ് എന്ന ആധിയോടെ, ഒരുപാട് സങ്കടത്തോടെ ആയിരിക്കില്ലേ അമ്മ ഞങ്ങളിൽ നിന്നും അകന്നു പോയത്? ഒറ്റക്കായതോടെ അച്ഛൻ അനുഭവിക്കുന്ന മൗനങ്ങൾ അമ്മയോടുള്ള ഇഷ്ടങ്ങളുടെ ബാക്കി പത്രങ്ങൾ ആയിരിക്കാം, കൈയെത്തും ദൂരെ എല്ലാത്തിനും അമ്മ നിഴൽ പോലെ അച്ഛനോടൊപ്പം ഉണ്ടായിരുന്നു.. അമ്മയുടെ വിരഹത്തിലും  മക്കൾക്കായി കരുതി വെച്ച വാത്സല്യം... അത് അച്ഛനിലൂടെ പകർന്നു നൽകാൻ ദൂരെ എവിടെയോ ഇരുന്ന് ഇപ്പോഴും 'അമ്മ' അച്ഛനെ ഓർമ്മപ്പെടുത്തുന്നുണ്ടാകാം.

മാതൃത്വത്തിന് പകരം വെക്കാൻ ഒന്നുമില്ല എന്ന് മകൾ പിറന്നതിലൂടെ ഞാൻ മനസിലാക്കിയിരുന്നു, ആ തിരിച്ചറിവ് അമ്മയോട് എന്നെ ഒന്നു കൂടി കൂടുതൽ അടുപ്പിച്ച ഒന്നായിരുന്നു. അച്ഛന്റെ ചോരയും അമ്മയുടെ കരുതലുമാണ് ഈ ഞാൻ എന്ന് ഈ വീടിനകത്തു നിൽക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു, ഒരു ഓർമപ്പെടുത്തൽ ആണ് അതെനിക്ക്.. മുന്നോട്ടു ജീവിക്കാൻ ഉള്ള എന്റെ ഊർജ്ജം... അതാണെന്റെ ബലവും. വീട്ടിൽ നിന്നും തിരികെ എന്റെ പ്രാരാബ്ധത്തിലേക്കു നടന്നിറങ്ങുമ്പോൾ, കരയാൻ വെമ്പി നിൽക്കുന്ന നിറകണ്ണുമായി ഞങ്ങൾക്കരികിലൂടെ മക്കളുടെ കൈയ്യും പിടിച്ചു അമ്മ ഗേറ്റ് വരെ കൂടെ വന്നുവോ.. എനിക്ക് അങ്ങനെ തോന്നിയോ?, ഗൗരവക്കാരനെന്നു കരുതിയിരുന്ന അച്ഛന്റെ കണ്ണുകളിൽ അപ്പോൾ ഉതിർന്ന ഒരു തുള്ളി കണ്ണുനീർ… 'അമ്മ'യെ പോലെ എനിക്ക് ആകുന്നില്ലല്ലോ മോളെ എന്ന ആ ഗദ്ഗദങ്ങൾ അച്ഛന്റെ കൺതടങ്ങളെ നനയിച്ചതാകാം...

വീടിനടുത്തുള്ള ആ തിരിവ് എത്തുന്നതിന് മുൻപ് ഒന്ന് കൂടി തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു, എന്റെ തേങ്ങലുകൾ കണ്ണീർച്ചാലാകുമ്പോൾ കണ്ടു നിൽക്കുന്ന അച്ഛന്റെ മനസ്സു തണുപ്പിക്കാൻ അമ്മ അവിടെ ഇല്ലല്ലോ എന്ന പൊള്ളുന്ന തിരിച്ചറിവാകും എന്നെ പിറകോട്ടൊന്ന് തിരിഞ്ഞു നോക്കാൻ പോലും സമ്മതിക്കാതിരുന്നത്. ആ വഴിയുടെ അവസാനം, പിറന്ന വീട് കണ്ണിൽ നിന്നും മാഞ്ഞു തുടങ്ങവേ, അദൃശ്യമാം ഒരു കൈ വന്ന് എന്റെ നിറഞ്ഞ കണ്ണുകൾ തുടക്കുന്നപോലെ എനിക്ക് തോന്നി, അമ്മയുടെ അതേ മണം ആയിരുന്നു ആ കൈകൾക്ക്... ആ നേരം ചെറുതായി മഴ പെയ്തു തുടങ്ങിയിരുന്നു, അകന്നു പോയിക്കൊണ്ടിരുന്ന കാറിന്റെ കണ്ണാടിയിലൂടെ ഒരു വട്ടം കൂടി ഞാൻ നോക്കുമ്പോൾ അച്ഛന്റെ ആ കാലൻ കുടക്കുള്ളിൽ അമ്മക്ക് വേണ്ടി ഒരിടം ഒഴിച്ചിട്ട പോലെ.., അമ്മ നനയാതിരിക്കാൻ എന്നപോലെ കുട ഒരു ഭാഗത്തേക്ക് ചെരിച്ചു പിടിച്ചിരുന്നു.. ആ വലിയ വീടിന് മുന്നിൽ ഒറ്റപ്പെട്ട് നിൽക്കുന്ന അച്ഛന്റെ കുടക്കീഴിൽ ചാരെ ചേർന്ന് നിന്ന് സാരിത്തുമ്പ് കൊണ്ട് കണ്ണീരൊപ്പുന്ന അമ്മയെ ഒന്ന് കൂടി ഞാൻ കണ്ടുവോ?

ചില ബന്ധകൾ അങ്ങനെയാണ്, കാലം കഴിയുംതോറും മനസ്സിലേക്ക് ഒന്നുകൂടി ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കും, പകരം വെക്കാൻ ഇല്ലാത്ത ഒന്നായി അവർ നമ്മെ സ്നേഹിച്ചു തോൽപ്പിച്ചുകൊണ്ടിരിക്കും, സങ്കടങ്ങളിൽ ഒപ്പം ചേർന്നിരിക്കും.. നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ.. ഉയർച്ചകളിൽ നമ്മെക്കാൾ ഒരുപാട് സന്തോഷിക്കും.. എല്ലാ അമ്മമാരും അങ്ങനെയാകും.. അല്ല അങ്ങനെ തന്നെയാണ്..

English Summary:

Malayalam Short Story Written by Sunil Abdul Rahman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com