'മനുഷ്യരക്തം ഊറ്റി കുടിച്ച്, അമാനുഷിക ശക്തി നിലനിർത്തുന്ന യക്ഷി വസിക്കുന്നയിടത്ത്, രാത്രിയിൽ...'
Mail This Article
തൊള്ളായിരത്തി അറുപതുകളിൽ ഞാൻ പറവൂർ ഗവൺമെന്റ് സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന കാലം. ഞങ്ങളുടെ തുരുത്തിൽ നിന്നും നാലു കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. നാട്ടുവഴികളിലൂടെ നടന്നും, ഒറ്റത്തടിപ്പാലങ്ങൾ കടന്നും വേണം സ്കൂളിലെത്താൻ. ദിവസേനയുള്ള ആ യാത്രകൾ.. ചെറിയ പല്ലന്തുരുത്തിലെ, എന്റെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്ന "മാങ്കുഴി" ഇടവഴി കടക്കുന്നത് ഒഴികെ... എനിക്ക് വളരെ ആസ്വാദ്യകരങ്ങളായിരുന്നു. വേലിയിലും വഴിയരികിലും സമൃദ്ധിയായി തഴച്ചു വളർന്നു നിൽക്കുന്ന കാട്ടുചെടികൾ.. അവയിൽ ഓരോന്നിലും വിടർന്നു നിൽക്കുന്ന പൂക്കളുടെ സുഗന്ധവും ഇലകളുടെയും, കായ്കളുടെയും പുളിപ്പും ചവർപ്പും മധുരവുമെല്ലാം വഷങ്ങൾക്കു ശേഷവും എന്റെ മനസ്സിൽ മറക്കാനാവാത്ത ഓർമ്മകളായിത്തന്നെ നിറഞ്ഞു നിൽക്കുന്നു. പറവൂരിലേക്ക് എത്താൻ ഞങ്ങൾക്ക് രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. താലൂക്കാശുപത്രിയും കോടതി സമുച്ചയവും ഉൾപ്പെടുന്ന "കച്ചേരിപ്പടി" യിലേക്കാണെങ്കിൽ മാങ്കുഴി ഇടവഴിയും കുറ്റ്യാർപ്പാടം പാലവും കടന്നു പോകണം. പറവൂർ ചന്ത, കോട്ടേക്കാവ് പള്ളി, യാക്കോബായ പള്ളി, കണ്ണൻ കുളങ്ങര ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന തട്ടുകടവ് പ്രദേശത്തേക്ക്, തട്ടുകടവിൽ എത്തി കടത്തുവഞ്ചിയിലൂടെ പുഴ കടക്കണം. എന്നാൽ ഏറ്റവും എളുപ്പത്തിൽ ഞങ്ങളുടെ സ്കൂളിലേക്കെത്താൻ കുറ്റ്യാർപാടം പാലം കടന്നാലുടനെ വലതു വശത്തായുണ്ടായിരുന്ന കള്ളുഷാപ്പിന്റെ മുന്നിലൂടെ ഒരു നടപ്പുവഴിയുണ്ടായിരുന്നു. അതിലൂടെയായിരുന്നു ദിവസവും സ്കൂളിലേക്കുള്ള എന്റെ യാത്ര.
ഷാപ്പ് കഴിഞ്ഞുള്ള വെളിമ്പറമ്പിലൂടെ നടന്ന്, രണ്ട് ഇടത്തോടുകൾ കൂടി കടന്നാൽ കാളത്തോടായി. അതിനു കുറുകെയുള്ള കലുങ്ക് കടന്നാൽ നേരേ പട്ടത്തെരുവിലൂടെ കണ്ണങ്കുളങ്ങര അമ്പലത്തിലേക്കും യാക്കോബായ പള്ളിയിലേക്കുമുള്ള വഴിയാണ്. ഇടത്തോട്ട് തിരിഞ്ഞ് അമ്മൻ കോവിൽ റോഡിലൂടെ നടന്നാൽ നേരെ ചെന്നെത്തുന്നത് ഞങ്ങളുടെ സ്കൂൾ മുറ്റത്തേക്കും.. കാളത്തോടിനു കുറുകെയുണ്ടായിരുന്ന ആ കലുങ്കിനടുത്തായിരുന്നു.. യക്ഷികളുടെ വിഹാരകേന്ദ്രമായി അറിയപ്പെട്ടിരുന്നതും.. അക്കാലത്ത് നാട്ടിൽ മുഴുവനും ഭീതി പരത്തിയിരുന്നതുമായ ആ പുരയിടം. ഇടതൂർന്നു വളർന്നുനിൽക്കുന്ന വൻ മരങ്ങളിൽ സർപ്പങ്ങളെപ്പോലെ കെട്ടുപിണഞ്ഞ് പടർന്നു കിടക്കുന്ന വള്ളിച്ചെടികളും നിറഞ്ഞ ആ കാവിനെയും അതിനോട് ചേർന്നു കിടക്കുന്ന പായൽ മൂടിയ കുളത്തെയും ചുറ്റിപ്പറ്റി ഭയാനകമായ ഒട്ടനവധി കഥകൾ അക്കാലത്ത് നാട്ടിൽ പ്രചരിച്ചിരുന്നു.
ഏകദേശം അരയേക്കറോളം വിസ്തൃതിയിലുള്ള ആ പുരയിടം, കാവുകൂടാതെ മറ്റിടങ്ങളിലും നിറയെ വളർന്നിരുന്ന കുറ്റിക്കാടുകളും നാട്ടുമരങ്ങളും കൊണ്ട് പകൽ സമയത്തു പോലും ഇരുൾ നിറഞ്ഞതായി തോന്നുമായിരുന്നു. ചുറ്റിലും വേലിക്കെട്ട്. പുരയിടത്തിനു നടുവിലായി ഇടത്തരം വലുപ്പത്തിൽ ഒരു വീട്... അതായിരുന്നു നാട്ടിൽ മുഴുവൻ അന്നാളുകളിൽ ഭീതി പരത്തിയിരുന്ന... ഗ്രിഗറിവല്ല്യപ്പനും സിസ്സിലിവല്ല്യമ്മയും താമസിച്ചിരുന്ന ആ യക്ഷിവീട്. കുമ്മായം തേച്ച ഭിത്തികളും സിമന്റ് തറയുമുണ്ടായിരുന്ന ആ വീടിന് ഓട്മേഞ്ഞ മേൽക്കൂരയായിരുന്നു. മുറ്റത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ ഒരു വലിയ വട്ടമുള്ള കിണർ. അതിനരികിലായി മുറ്റം മുഴുവൻ തണൽ നൽകി പന്തലിച്ചു നിൽക്കുന്ന ഒരു കടപ്ലാവ്. കടപ്ലാവിന്റെ ശാഖകൾ കൊണ്ട് ഇരുൾ മൂടിയ മുറ്റത്തിനു നടുവിലായും നടക്കല്ലിന് നേരെയായും വെട്ടുകല്ലു കൊണ്ട് നിർമ്മിച്ച, പാതി പൊളിഞ്ഞ ഒരു തുളസിത്തറ.
മുറ്റത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയിലായിരുന്നു, നാട്ടിൽ മുഴുവനും ഭീതി പരത്തിയിരുന്ന ആ കാവ്. തീരപ്രദേശങ്ങളിൽ സാധാരണയായി കാണാത്ത പലതരം വൃക്ഷങ്ങളും വള്ളിച്ചെടികളും കൊണ്ട് നിബിഢമായ ആ യക്ഷിക്കാവിന്റെ ഉൽഭവത്തെക്കുറിച്ചും അത്ഭുതകരമായ ഒരു കഥയുണ്ട്. പരമ്പരാഗതമായി ഒരു ബ്രാഹ്മണ കുടുംബത്തിന്റെ വകയായിരുന്ന പ്രസ്തുത പുരയിടത്തിന്റെ തെക്കുപടിഞ്ഞാറെ കോണിലായി ഒരു വലിയ കുളമുണ്ടായിരുന്നു. കുളത്തിനോട് ചേർന്ന് ഒരു പൗർണ്ണമി രാത്രിയിൽ മുളച്ചു പൊങ്ങി വന്ന ഒരു ചെറിയ ചിതൽ പുറ്റ്. അതിൽ നിന്നും ഇടയ്ക്കിടെ തല നീട്ടിയ സ്വർണ്ണനിറമുള്ള സർപ്പക്കുഞ്ഞിന് കുടിക്കാനായി വീട്ടുകാർ നിത്യവും പാലും വെള്ളവും വച്ചു കൊടുത്തു തുടങ്ങിയതോടെ.. ചിതൽ പുറ്റ് ദിവസങ്ങൾക്കുള്ളിൽ ആൾപ്പൊക്കത്തിൽ വളർന്നുവത്രേ. ചിതൽപ്പുറ്റിനു ചുറ്റിലുമായി വൃക്ഷങ്ങളും കാട്ടുചെടികളും സമൃദ്ധിയായി വളർന്നു വന്നു. അതോടൊപ്പം തീരപ്രദേശങ്ങളിൽ സാധാരണയായി വളർന്നു കാണാത്ത ഒരു കരിമ്പനയും അതിനോട് മുട്ടിച്ചേർന്ന് ഒരു പാലമരവും കൂടി തഴച്ചുവളർന്ന് കാലാന്തരത്തിൽ അതൊരു യക്ഷിക്കാവായി രൂപാന്തരപ്പെട്ടു എന്നുമാണ് കഥ.
കാവിൽ അസാധാരണ വലുപ്പത്തിലും ഉയരത്തിലും വളർന്നിരുന്ന ആ കരിമ്പനയിലും അതിനോട് മുട്ടിച്ചേർന്നു പടർന്നു നിന്നിരുന്ന ആ പാലമരത്തിലുമായിരുന്നു യക്ഷികളും യക്ഷന്മാരും കൂട്ടംകൂട്ടമായി വസിച്ചിരുന്നതത്രേ. അമാനുഷിക ശക്തികളുള്ള വനദേവതകളാണ് യക്ഷികൾ. യക്ഷന്മാരാകട്ടെ ഞൊടിയിടയിൽ മിന്നി മറയുന്ന അപകടകാരികളായ അമാനുഷിക ശക്തിയുള്ളവരും, അനുഗ്രഹിക്കാനും നിഗ്രഹിക്കാനും ശക്തിയുള്ള അവർ മനുഷ്യരക്തം ഊറ്റി കുടിച്ചാണ് അമാനുഷിക ശക്തി നിലനിർത്തുന്നതെന്നാണ് വിശ്വാസം. യക്ഷികൾ കുടിയിരിക്കുന്ന പാലമരങ്ങൾക്കും കുടപ്പനകൾക്കും ചുറ്റിലുമായി സ്വൈര്യവിഹാരത്തിനായി വന്നെത്തുന്ന യക്ഷന്മാർ മറഞ്ഞു നിൽക്കും... അതുകൊണ്ട് പുരയിടത്തിന് പടിഞ്ഞാറു വശത്തുള്ള വേലിക്കെട്ടിനോട് ചേർന്നു കിടക്കുന്ന നടപ്പുവഴിയിലൂടെ സന്ധ്യ കഴിഞ്ഞാൽ വളരെ വിരളമായേ ആളുകൾ യാത്ര ചെയ്യാറുണ്ടായിരുന്നുള്ളൂ.
അന്നൊരു ശനിയാഴ്ചയായിരുന്നു. അതിരാവിലെ സിസ്സിലി വല്ല്യമ്മ മുറ്റമടിക്കാനായി പുറത്തിറങ്ങിയ നേരത്താണ് തുളസിത്തറക്കരികെ ബോധമറ്റ് കിടന്നിരുന്ന വെല്ല്യപ്പനെ കണ്ടത്. വല്ല്യമ്മയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽക്കാർ ഒരു വിധത്തിൽ അയാളെ താങ്ങി എഴുന്നേൽപ്പിച്ച് വരാന്തയിൽ ഇരുത്തി. തലേന്ന് രാത്രിയിൽ എന്താണ് സംഭവിച്ചതെന്നറിയാൻ പലരും മാറി മാറി ചോദിച്ചിട്ടും ഒന്നും ഓർത്തെടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അയാൾ തീർത്തും അവശനായിരുന്നു. ആശുപത്രിയിലെ വിദഗ്ധ പരിശോധനകൾക്കു ശേഷവും വല്ല്യപ്പന്റെ അസുഖത്തിന്റെ കാരണം മനസ്സിലാക്കാൻ സാധിച്ചില്ല. പിന്നീടുള്ള ദിവസങ്ങളിൽ പലവട്ടം.. പ്രത്യേകിച്ചും രാത്രികളിലും പുലർകാലത്തും.. എവിടെയെന്നില്ല... ഇറക്കാലിയിലും... മുറ്റത്തും.. കുളക്കരയിലും വല്ല്യപ്പൻ ബോധമറ്റ് വീണുകിടക്കുക പതിവായിത്തീർന്നു. താലൂക്കാശുപത്രിയിലെ ഇംഗ്ലിഷ് ചികിത്സയും, അതിൽ ഫലം കാണാഞ്ഞ് ആയുർവേദം തുടങ്ങി നാനാവിധമായ നാട്ടുചികിത്സകളും നടത്തിനോക്കിയിട്ടും, വല്ല്യപ്പന് തുടർച്ചയായി സംഭവിക്കുന്ന ബോധക്ഷയവും ശരീരത്തിന്റെ വിളർച്ചയും വിട്ടുമാറാത്ത ക്ഷീണവും, വല്യമ്മയുടെ മനസ്സിലും സംശയം ജനിപ്പിക്കുകയായിരുന്നു.
പൗർണ്ണമി രാത്രിയിൽ എന്തിനോ മുറ്റത്തിറങ്ങിയ വല്യപ്പന്റെ ശരീരത്തിലേക്ക് കാവിലെ യക്ഷി സന്നിവേശിച്ചിരിക്കുന്നു എന്ന് കണ്ണൻകാവ് അമ്പലത്തിലെ വെളിച്ചപ്പാട്.. വെളിച്ചപ്പാട് നിർദ്ദേശിച്ച പരിഹാരക്രിയകളും പൂജാകർമ്മങ്ങളും സത്യക്രിസ്ത്യാനികൾക്ക് നിഷിദ്ധമെന്ന് കോട്ടേക്കാവ് പള്ളിയിലെ അച്ചന്റെ അന്ത്യശാസനം.. ഇവർക്കിടയിൽ പെട്ട് വല്ല്യമ്മ ധർമ്മസങ്കടത്തിലായി. ചികിത്സകൾ തുടർന്നു കൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഒരു നാൾ വീടിന്റെ നടക്കല്ലിലും വരാന്തയിലും ചുടുരക്തത്തിന്റെ സാന്നിധ്യം കണ്ടതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. വല്യമ്മയുടെ ദീനരോദനം കേട്ട് ഓടിയെത്തിയ ജനക്കൂട്ടം, വരാന്തയിലും നടക്കല്ലിലും കാണപ്പെട്ട രക്തത്തുള്ളികളും, ഭയപ്പാടോടെ അത് നോക്കിനിൽക്കുകയായിരുന്ന വല്ല്യപ്പനെയുമാണ് കണ്ടത്. പിന്നീട് ഇടവിട്ട് പല ദിവസങ്ങളിലും ഇത് ആവർത്തിക്കുകയായിരുന്നു. എവിടെയെന്നില്ല.. ചിലപ്പോൾ കിടപ്പുമുറിയുടെ തറയിലും ഭിത്തിയിലും, മറ്റു ചില ദിവസങ്ങളിൽ തണ്ടികയിലും കുളിമുറിയിലും... ചീറ്റിത്തെറിച്ചതു പോലെ രക്തത്തുള്ളികൾ കാണപ്പെടുക പതിവായി.
അന്നൊരു ദിവസം കാൽപ്പെട്ടിയിൽ അലക്കി മടക്കി വച്ചിരുന്ന വല്യപ്പന്റെ തുണികളിൽ ചുടുരക്തത്തിന്റെ സാന്നിധ്യം കണ്ടതോടെയാണ് വല്യമ്മയുടെ സമനില തെറ്റിയത്. ഒരാർത്തനാദത്തോടെ പുറകോട്ട് തലയടിച്ചു വീണ വല്യമ്മക്ക് പിന്നീടൊരിക്കലും സുബോധം തിരികെ കിട്ടിയില്ല. പുറത്തു നിന്നുള്ള ആരെയും കാണാൻ കൂട്ടാക്കാതെ വീടിനുള്ളിൽ സദാസമയവും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് വല്ല്യമ്മയും, ഭയാശങ്കകൾ കൊണ്ട് ആരാഗ്യസ്ഥിതി ക്ഷയിച്ചുകൊണ്ടിരുന്ന വല്ല്യപ്പനും.. വീടിനകത്തുതന്നെ ഒതുങ്ങിക്കൂടി. ഭയം മൂലം നാട്ടുകാരെന്നല്ല സ്വന്തക്കാർ പോലും ആ വീട്ടിലേക്കോ പുരയിടത്തിലേക്കോ എത്തിനോക്കാൻ ധൈര്യപ്പെട്ടില്ല. അക്ഷരാർഥത്തിൽ ആ വീട് അനാഥമായി. അധികനാൾ കഴിയും മുമ്പേ, ഭക്ഷണവും ചികിത്സയും ലഭിക്കാതെ വല്യമ്മ പരലോകത്തേക്ക് യാത്രയായി. വല്യമ്മയുടെ മരണവിവരം പുറംലോകം അറിഞ്ഞത് നാളുകൾക്ക് ശേഷമാണ്. വല്യമ്മ ഉണരുന്നതും കാത്ത് മൃതദേഹത്തിന് കാവലിരിക്കുകയായിരുന്ന വല്ല്യപ്പനെ ജനൽപ്പാളിയുടെ വിടവിലൂടെ അയൽവാസിയായ റോസത്തള്ളയാണ് കണ്ടെത്തിയത്.
തികച്ചും അവശനായി കണ്ടെത്തിയ വല്യപ്പനെ നാട്ടുകാരും പള്ളിക്കാരും ചേർന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. വല്ല്യപ്പനെ വിശദമായി പരിശോധിച്ച ഡോക്ടറിൽ നിന്നാണ് ഏവരെയും ഞെട്ടിച്ച ആ സത്യം നാട്ടുകാരും പുറം ലോകവും അറിയാനിടയായത്. വർഷങ്ങളായി നാടിനെയും നാട്ടുകാരെയും കിടുകിടാ വിറപ്പിച്ചിരുന്ന രക്തദാഹിയായ ആ ചുടലയക്ഷി വസിച്ചിരുന്നത്... ഉയർന്ന രക്തസമ്മർദ്ദത്തിന്റെയും കാലുകളിലെ തടിച്ചു വീർത്ത വെരിക്കോസ് വെയിനിന്റെയും ഉടമയായിരുന്ന വല്ല്യപ്പന്റെ ശരീരത്തിൽ തന്നെയായിരുന്നു എന്ന നഗ്നസത്യം.