'പത്തിവിടർത്തിയ സർപ്പങ്ങളെ സ്വപ്നങ്ങൾ കാണുന്നത് പതിവ്', വീട് ചുടുകാടിനടുത്ത്
Mail This Article
സ്വപ്നമായിരുന്നത്. 'പേമാരിയായി പെയ്യുന്ന മഴ. ചുറ്റിക കൊണ്ടൊരാൾ നാഗത്തറ പൊളിക്കുന്നു. കരിനാഗത്തിനെ ചാക്കിനുള്ളിലേക്കെടുത്തിട്ട് ചുറ്റിക്കെട്ടി. കൂടം കൊണ്ട് നാഗത്തറ മുഴുവൻ ഇടിച്ച് നിലംപരിശാക്കി. ചാക്കുകെട്ടും തോളിൽ തൂക്കി നടന്നയാൾ ഒരു ജീപ്പിനുള്ളിൽ കൊണ്ടിട്ടു. ജീപ്പിനുള്ളിൽ ഉണ്ടായിരുന്നവർ അയാൾക്ക് കുറച്ച് നോട്ടുകൾ കൊടുത്തു. ചുറ്റികയും തോളിലേന്തി അയാൾ നടന്നു മറഞ്ഞു.' സ്വപ്നത്തിൽ കണ്ടത് യാഥാർഥ്യമാകുന്നതുപോലൊരു അസ്വാഭാവികത വേറെയില്ലെന്ന് ഒരു ചണച്ചാക്കിനുള്ളിൽ നിന്ന് കതിരേശനത് ലഭിച്ചപ്പോൾ തോന്നിയിരുന്നു. പുറത്തേക്കു നീണ്ട, നാവുകൾ രണ്ടായി പിളർന്നിരുന്നു. ജീവനുള്ള കണ്ണുകൾ. കരിനാഗമാണ്. എങ്ങനെയത് വില്ലേജാഫീസിനുള്ളിൽ എത്തിയെന്നോ എന്നാണെത്തിയതെന്നോ ഇന്നവിടെയുള്ളവർക്കാർക്കും അറിയില്ല. പുതിയകാവിൽ ബസ്സിറങ്ങുമ്പോൾ തന്നെകാത്ത് ഇവിടൊരു കഥയുണ്ടാകുമെന്ന് കതിരേശനുമറിഞ്ഞില്ല. മടങ്ങിയത്, പൈതൃകത്തിന്റെ വേരുകളും ഹൃദയത്തിലേറ്റിയായിരുന്നു!
പാലക്കാട് ജില്ലയിലെ പുത്തൂര് എന്ന ഗ്രാമത്തിൽ നിന്നും തിരുവനന്തപുരത്തുള്ള പുതിയകാവിൽ വില്ലേജാഫീസറായി വന്നതായിരുന്നു കതിരേശൻ. പകുതി തമിഴൻ പകുതി മലയാളി. കതിരേശൻ വില്ലേജാഫീസിലെത്തിയപ്പോൾ തിരക്കിട്ട ജോലികൾ നടക്കുന്നു. സാധനങ്ങളെല്ലാം പഴയ കെട്ടിടത്തിൽ നിന്നും പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. കതിരേശനും ആ ജോലിയിലേക്ക് ചേർന്നു. ഫയലുകളും മറ്റും പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും, പഴകിയതും ചിതലരിച്ചതുമായ വേണ്ടാത്ത കടലാസ്സുകളും മറ്റും ഒഴിവാക്കുന്നതിനിടയിലാണ് ആ ചാക്ക്കെട്ട് കതിരേശന്റെ കണ്ണിൽപ്പെട്ടത്. വർഷങ്ങളുടെ പഴക്കമുള്ള ചാക്ക്. മൂടിക്കെട്ടിയിരിക്കുകയാണ്. കെട്ടിൽപ്പിടിച്ചെടുത്തപ്പോൾ ഭാരമുണ്ട്. 'വേണ്ടാത്ത കടലാസ്സുകളാകും.' അവൻ കരുതി. പുറത്ത് തീയിടുന്ന സ്ഥലത്തേക്ക് കൊണ്ടുവന്നു. 'തുറന്നു നോക്കണോ! ആവശ്യമുള്ളത് എന്തെങ്കിലും ആയാലോ?' കെട്ടഴിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. പ്രത്യേകരീതിയിൽ കൂട്ടിക്കെട്ടിയിരിക്കുകയാണ്. ഒരു കത്തി കൊണ്ടുവന്നു, കെട്ടുമുറിക്കാൻ നോക്കുമ്പോൾ വിരലിൽ കൊണ്ട് മുറിഞ്ഞു. ചോരത്തുള്ളികൾ കാക്കിച്ചണങ്ങളിൽ ചുവപ്പടയാളങ്ങളിട്ടു. കെട്ടറുത്ത് മാറ്റി ചാക്ക് താഴേക്ക് മാറ്റി. ഫണം വിടർത്തി നിൽക്കുന്നൊരു കരിനാഗം ഉയർന്നു വന്നു. പെട്ടെന്ന് ഭയന്നെങ്കിലും, അതൊരു കൽവിഗ്രഹമാണെന്നവന് മനസ്സിലായി. പത്തിവിടർത്തി, പിളർന്നനാവുകൾ പുറത്തേക്കു നീട്ടി. ജീവൻ തുടിക്കുന്ന കണ്ണുകളോടെ കല്ലിൽ കൊത്തിയെടുത്തൊരു നാഗശിൽപം. ഒറ്റനോട്ടത്തിൽ ജീവനുള്ളതുപോലെ തോന്നും. അവനത് മുറിക്കുള്ളിലെ ഒരു മൂലയിൽ കൊണ്ടുവച്ചു. മുറിവിൽ നിന്നുതിർന്ന രക്തത്തുള്ളികൾ വിഗ്രഹത്തിൽ വീണിരുന്നു. വെള്ളം ഒഴിച്ചത് വൃത്തിയാക്കി. കുളിപ്പിച്ചെടുത്തു. അടുത്തുള്ള ക്ഷേത്രത്തിൽ നിന്നപ്പോൾ മണിനാദങ്ങളുയർന്നു. അകക്കാവിൽ അന്ന് പുന:പ്രതിഷ്ഠയുടെ ചടങ്ങുകൾ നടക്കുകയായിരുന്നു. കൽവിഗ്രഹത്തിൽ വിരലുകൾ സ്പർശിച്ചപ്പോൾ തന്റെ ശരീരത്തിലെ രോമങ്ങൾ ഉണരുന്നതും, തണുത്ത കാറ്റ് വന്ന് തന്നെ തഴുകുന്നതും അവനറിയുന്നുണ്ടായിരുന്നു.
അന്നുരാത്രിയിൽ അവനൊരു ദു:സ്വപ്നം കണ്ടു. ഒരുകൂട്ടം സർപ്പങ്ങൾ അവനെത്തന്നെ ഉറ്റുനോക്കി നിൽക്കുന്നു. അവയുടെ കണ്ണുകൾ കണ്ടവൻ ഭയന്നെങ്കിലും സർപ്പങ്ങളൊന്നും അവനെ ഉപദ്രവിക്കാതെ ഉറ്റുനോക്കി നിന്നു. ഉറക്കത്തിൽ നിന്നുണർന്നിട്ടും കണ്ണുകൾ തുറക്കാൻ ഭയമായി. മുന്നിൽ പത്തിവിടർത്തിയ കരിനാഗങ്ങളുണ്ടെങ്കിലോ! സ്വപ്നങ്ങൾ പതിവായി. ഉറക്കം നഷ്ടമായി. നടക്കുന്ന വഴിമധ്യത്തിൽ സർപ്പങ്ങൾ ഫണം വിടർത്തി നിൽക്കുന്നതായി തോന്നും. നിമിഷനേരങ്ങൾ കൊണ്ട് അപ്രത്യക്ഷമാകും. കൽവിഗ്രഹം ലഭിച്ചതിനു ശേഷമാണിങ്ങനെ. ചാക്കിനുള്ളിൽ വേറെയും ചെറിയ വിഗ്രഹങ്ങളും, പിച്ചള വിളക്കുകളും മറ്റും ഉണ്ടായിരുന്നു. ചില നമ്പരുകളും, വർഷവും രേഖപ്പെടുത്തിയൊരു കടലാസ്സ് കഷണവും അതിനുള്ളിൽ നിന്ന് കിട്ടി. സമയമുള്ളപ്പോഴൊക്കെ രേഖയിലുണ്ടായിരുന്ന വർഷങ്ങളിലുള്ള ഫയലുകൾ അവൻ തിരയാൻ തുടങ്ങിയിരുന്നു. മൂന്നാം ദിവസം, പുറത്ത് കത്തിച്ചു കളയാൻ കൊണ്ടിട്ടതിൽ നിന്ന് പകുതി കത്തിയതും, ചിതലരിച്ചതും മഴ നനഞ്ഞു നാശമായൊരവസ്ഥയിലാണത് കിട്ടിയത്. ഓരോ കടലാസ്സുകളും ശ്രദ്ധയോടെ വിടർത്തി. ഒരു പുറത്തിൽ കരിനാഗത്തിനുടമയായി ഒരു പേരും മേൽവിലാസവും മായാതവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. കോലോത്ത് വീട്ടിലെ പ്രഭാകരനെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല. വൃദ്ധനായ ഒരാൾ അവനോടു പറഞ്ഞത്, ''പ്രഭാകരനല്ലേ ഓൻ ചത്തെന്നാണ് തോന്നുന്നത്.'' ''എന്നായിരുന്നു. വീടെവിടെയാണ്?'' ''ചുടുകാടിനടുത്താണ്. അവനവിടെയായിരുന്നല്ലോ പണി.'' പ്രഭാകരന്റെ ചെറിയൊരു വീട് മാത്രമായിരുന്നു ചുടുകാട് പരിസരത്തുണ്ടായിരുന്നത്. ചുവരുകൾ തേയ്ക്കാത്ത വെട്ടുകല്ലുകൾ കൊണ്ട് നിർമ്മിച്ചൊരു വീട്. ഓടുപാകിയ മേൽക്കൂരയിലെ പൊട്ടലുകൾക്കിടയിലൂടെ സൂര്യപ്രകാശം ഉള്ളിലേക്കരിച്ചിറങ്ങുന്നു. കാട്കയറിയ പരിസരം. അകത്താരോ ഉണ്ട്. കതിരേശൻ ഉള്ളിലേക്ക് കയറി.
മൂലയിലൊരു ചാക്കുകട്ടിലിൽ ഒരു രൂപം കിടക്കുന്നു. മുറിക്കുള്ളിൽ നിറഞ്ഞു നിൽക്കുന്ന മനംമടുപ്പിക്കുന്ന മലമൂത്രത്തിന്റെ ദുർഗന്ധം. മനുഷ്യക്കോലത്തിന്റെ കണ്ണുകൾ അനങ്ങി. കതിരേശനെ കണ്ട് പ്രതീക്ഷയോടെ ഇരുവശത്തേക്കും ചലിച്ചു. മൂത്രം പോകാനായിട്ടിരിക്കുന്ന ട്യൂബിൽ മഞ്ഞനിറത്തിൽ മൂത്രം നിറഞ്ഞ ബാഗ് വീർത്ത് പൊട്ടാറായിട്ടുണ്ട്. കിടക്കയിൽ നിന്നയാളെഴുന്നേറ്റിട്ട് ദിവസങ്ങളായിട്ടുണ്ട്. വരണ്ടുണങ്ങിയ ചുണ്ടുകൾ നാവ് നീട്ടി നനക്കാൻ ശ്രമിക്കുന്നു. വിഗ്രഹത്തോടൊപ്പം ബാഗിലുണ്ടായിരുന്ന കുപ്പിയിൽ നിന്നൽപ്പം വെള്ളം അയാളുടെ നാവിലേക്കിറ്റിച്ചു കൊടുത്തു. അയാളത് കുടിക്കുകയും, വെള്ളം വായിൽ നിറഞ്ഞ് പുറത്തേക്കൊഴുകുകയും ചെയ്തു. കണ്ണുകൾ തുറന്നു തന്നെയിരുന്നു. സ്വച്ഛന്ദ മൃത്യുവിനായി ആരെയോ കാത്തുകിടന്നതു പോലായിരുന്നു പ്രഭാകരന്റെ മരണം. എല്ലാം ശാപമെന്നായിരുന്നു നാട്ടുകാരുടെ സംസാരം. മൂത്രം പോകുന്ന ബാഗും തൂക്കിപ്പിടിച്ച് നടക്കുന്ന പ്രഭാകരൻ പുതിയകാവിലെ നാട്ടുകാർക്കൊരു കാഴ്ച്ചയായിരുന്നു. പിന്നെ എപ്പൊഴൊ അയാളെ കാണാതായി. വീട്ടിനുള്ളിൽ മരണവും കാത്തു കിടപ്പായിരുന്നു. പ്രഭാകരന്റെ മരണരാത്രിയിലാണ് കതിരേശൻ വീണ്ടും ആ സ്വപ്നം കണ്ടത്. ചാക്കുകെട്ടുമായി അകന്നുപോയ ജീപ്പിൽ വില്ലേജാഫീസിലെ ബോർഡുണ്ടായിരുന്നു. ചുറ്റികയും തോളിലേന്തി നടന്നു മറയുന്ന മനുഷ്യന് പ്രഭാകരന്റെ രൂപവുമായിരുന്നു.
വർഷങ്ങൾക്കു ശേഷം അകക്കാവുകാർ പുനഃപ്രതിഷ്ഠ നടത്തി ശാപമോക്ഷം നേടി. അകക്കാവിലെ അവകാശികളായ പത്തുമക്കൾക്കായി ഓഹരി വീതം വച്ചു കിട്ടിയ പത്തേക്കർപ്പറമ്പിലായിരുന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള കാവ് ഉണ്ടായിരുന്നത്. സർപ്പക്കാവ് കാരണം ഭാഗമായി കിട്ടിയ ഭൂമിയിലൊന്നും ചെയ്യാൻ കഴിയാതിരിക്കുമ്പോഴാണ്, ഐ ടി പാർക്ക് നിർമ്മാണത്തിന്റെ ഭാഗമായി ആ സ്ഥലം ഏറ്റെടുക്കാനായൊരു കമ്പനി മുന്നോട്ടുവന്നത്. പത്തുമക്കളിൽ ഒരാളായ രാഘവൻ ചെറുപ്പത്തിൽ നാടുവിട്ടുപോയതിനാൽ നിയമത്തിന്റെ നൂലാമാലകളിൽപെട്ട് കിടക്കുന്ന കടലാസ്സുകൾ എല്ലാം ശരിയാക്കി കൊടുക്കാമെന്ന് കമ്പനിക്കാരേറ്റു. കുടുംബക്കാർ ഒൻപതുപേരും സമ്മതിച്ചു. പൊന്നിൻവില നൽകി ഒൻപതേക്കർ പറമ്പ് കമ്പനിക്കാർ സ്വന്തമാക്കി. കുടുംബക്കാർ പൈസ വാങ്ങി നഗരഹൃദയത്തിൽ പലയിടങ്ങളിലേക്കായി മാറിപ്പോയി. കാടുകയറിയ ഒരേക്കർ പറമ്പും കാവും അനാഥമായി. കമ്പനിക്കാർ കോടതിയിൽ കേസിനു പോയി കാവ് ഒഴിവാക്കാൻ ഉത്തരവ് വാങ്ങി. ഒരു രാത്രി പുലർന്നപ്പോൾ കാവിലെ വിഗ്രഹം അപ്രത്യക്ഷമായി. നാഗത്തറ പൊളിച്ചു കളഞ്ഞിരിക്കുന്നു. വർഷങ്ങൾ കൊണ്ടവിടെ വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു. അകക്കാവ് കുടുംബക്കാരുടെ ജീവിതത്തിൽ പ്രതിസന്ധികൾ പിൻതുടർന്നപ്പോഴാണ് പിന്നെയവർ കുടുംബക്ഷേത്രവും കാവും തേടിയത്.
ദുരിതങ്ങൾക്ക് പരിഹാരമായി ക്ഷേത്രം നിർമ്മിച്ച് നാഗത്താനെ കുടിയിരുത്തണമെന്ന് പ്രശ്നത്തിൽ കണ്ടു. അതിനായി അവകാശിയില്ലാതെ മിച്ചം വന്ന ഒരേക്കർ പറമ്പ് കണ്ടെത്തി. നാടുവിട്ടു പോയ അവകാശി ഇനി തിരിച്ചു വരാൻ സാധ്യതയില്ല. ഒരാളെ കാണാതായി ഏഴു വർഷം കഴിഞ്ഞാൽ പിന്നവന് സ്വത്വമില്ലന്നാണ് നിയമം. ഇയാളുടെ തിരോധാനത്തിന് നാൽപതിലേറെ വർഷത്തിന്റെ പഴക്കമുണ്ട്. കാവ് അവിടെ തന്നെ നിർമ്മിക്കാം. അപ്പൊഴും വിഗ്രഹം ഒരു പ്രശ്നമായി നിലനിന്നു. പഴയ വിഗ്രഹം എന്തു ചെയ്തെന്നോ എവിടെയാണെന്നോ അറിവൊന്നുമില്ല. പുതിയൊരു വിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠിക്കാം. ആർക്കും എതിരഭിപ്രായമുണ്ടായില്ല. കന്യാകുമാരി ജില്ലയിലെ കൃഷ്ണപുരമെന്ന സ്ഥലത്തെ പളനിയപ്പനെന്ന കല്ലാശാരിയാണ് പുതിയ വിഗ്രഹം കൊത്തിയുണ്ടാക്കിയത്. അങ്ങനെ അവകാശികളില്ലാതെ അനാഥമായിക്കിടന്ന പറമ്പിൽ കാവും, പുതിയ പ്രതിഷ്ഠയും വന്നു. നാട്ടുകാരിൽ നിന്ന് ഈ കഥകളെല്ലാം കതിരേശന് ലഭിച്ചിരുന്നു. ഒരു വർഷമായപ്പോൾ പാലക്കാട് പുത്തൂരിലേക്കു തന്നെ കതിരേശന് സ്ഥലം മാറ്റം കിട്ടി. മടങ്ങിപ്പോകുന്ന ദിവസം വിഗ്രഹവും ബാഗിലാക്കി അവൻ കാവ് കാണാനായിറങ്ങി. നാലുചുറ്റും മതിൽ കെട്ടിയടച്ച കാട്കയറിക്കിടക്കുന്ന വലിയൊരു പറമ്പ്. പടർന്നു പന്തലിച്ച വൃക്ഷങ്ങളിൽ നിന്നു താഴേക്കു നൂണ്ടിറങ്ങുന്ന സർപ്പങ്ങളെപ്പോലെ തോന്നിപ്പിച്ച് പടർന്നിറങ്ങുന്ന വള്ളികൾ. താഴെയൊരു തറ കെട്ടി മഞ്ഞപ്പൊടിയിൽ കുളിച്ച നാഗവിഗ്രഹത്തിന്റെ പ്രതിഷ്ഠ. മുന്നിലൊരു വിളക്കെരിയുന്നു. കർപ്പൂരത്തിന്റെയും, എള്ളെണ്ണയുടേയും മണം. കാറ്റിലുലയുന്ന മരച്ചില്ലകളുടെ ശബ്ദം. തോളിൽ തൂങ്ങിയിരുന്ന ബാഗിനുള്ളിലെ വിഗ്രഹം ചുട്ടുപഴുത്ത് മുതുക് പൊള്ളുന്നതു പോലെ അവനു തോന്നി. ഒരു വൃദ്ധ നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്നുണ്ടായിരുന്നു. പഴങ്ങൾ അരിഞ്ഞ് അവർ ഒരു പാത്രത്തിലാക്കുന്നു. അൽപ്പം നെയ്യ് ഒഴിച്ച്, പൊടിച്ചെടുത്ത കൽക്കണ്ടവും, ഉണക്കമുന്തിരിയുമിട്ടിളക്കി, അവർ കതിരേശനെ അരികിലേക്കു വിളിച്ചു.
അവർക്ക് കൃഷ്ണമണികളുണ്ടോ എന്ന് സംശയം തോന്നുന്ന വിധം വെളുത്തകണ്ണുകൾ. സൂചിമൊട്ടുപോലെ ചെറിയ കറുത്ത അടയാളമാണവിടെ ഉണ്ടായിരുന്നത്. ഭയം തോന്നിപ്പിക്കുന്ന മുഖം. കൈനീട്ടി പഴങ്ങൾ വാങ്ങി. കഴിച്ചു. അന്നുവരെ അനുഭവിക്കാത്തൊരു സ്വാദുണ്ടായിരുന്നതിന്. 'മടങ്ങിപ്പോകുകയാണോ?' അവർ ചോദിച്ചു. ''അതെ'' 'ഇനിയിങ്ങോട്ട് വരില്ലേ?' ''അറിയില്ല.'' 'അമ്മയ്ക്ക് സുഖമാണോ' ''അതെ'' സംഭാഷണങ്ങൾ അവന് കൗതുകമായി. ഒരു പരിചയവുമില്ലല്ലോ! ആദ്യമായിട്ടാണ് കാണുന്നതും. എന്നിട്ടുമെന്തിനാണ് എന്റെ വിശേഷങ്ങൾ ഇവർ അന്വേഷിക്കുന്നത്. അവന്റെ മനസ്സ് വായിച്ചതു പോലെ വൃദ്ധ പുഞ്ചിരിച്ചു. കതിരേശൻ, ബാഗിനുള്ളിൽ നിന്നും വിഗ്രഹം പുറത്തെടുത്തു വച്ചു. സന്തോഷത്താൽ വൃദ്ധയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കാവിന് പുറത്തേക്കിറങ്ങിയപ്പോൾ ചുറ്റുമതിലിനു മുന്നിൽ കൊത്തിവച്ചിരിക്കുന്നൊരു പേരും, കൂടെയുള്ള ചിത്രവുമവൻ കണ്ടു. 'കാവിനുള്ള ഒരേക്കർപ്പറമ്പ്, ഭൂമിദാനമായി നൽകിയത് അകക്കാവിൽ വീട്ടിൽ രാഘവൻ.' കൂടെയുള്ള ചിത്രത്തിലെ കണ്ണുകൾ തന്നിലേക്കാഴ്ന്നിറങ്ങുന്നതു പോലെ! അല്ലെങ്കിലും മരിച്ചുപോയവരുടെ ചിത്രങ്ങളിൽ അവരുടെ കണ്ണുകൾക്കൊരു കാന്തിക ശക്തിയുള്ളതുപോലെയാണ്. നോക്കി നിൽക്കെ ആ മുഖം പുഞ്ചിരിച്ചു. പിന്നെയാ കണ്ണുകൾ നിറഞ്ഞു. ഇതൊരു നിയോഗമായിരുന്നെന്നോർത്തപ്പോൾ അവന്റെ മിഴികളും നിറഞ്ഞു. 'കതിരേശൻ രാഘവൻ!' അവന്റെ നാവ് മന്ത്രിച്ചു. 'അപ്പാ' അനാഥനായിരുന്നില്ല. പൈതൃകത്തിന്റെ വേരുകളുമായവൻ ആരോടും ഒന്നും പറയാതെ മടങ്ങിപ്പോയി.