ADVERTISEMENT

ഇടിഞ്ഞോളി കാദർ, എരിത്തൊടി മൂസ, കാലംകുഞ്ഞി സുധാകരൻ, സാമംവേലിൽ സാംജോസ്, വല്ലാരം കാട്ടിൽ പരീത്... പേരുകൾ കേട്ട് ഞെട്ടണ്ട.. കുഞ്ഞിയെ, ഇവരാരും ഗുണ്ടകളോ റൗഡികളോ അല്ല.. മങ്ങാരം വീട്ടിൽ സുരേന്ദ്രൻ മുതലാളി അത് പറഞ്ഞ് തന്റെ വലിയ കുടവയറും കുലുക്കി ചിരിച്ചപ്പോൾ ചായക്കടക്കാരൻ കുഞ്ഞുമുഹമ്മദ് ചെറിയ പുഞ്ചിരിയും മുഖത്തണിഞ്ഞ്, ചായമക്കാനിയിൽ കുപ്പിഗ്ലാസ്സ് കഴുകുകയും, സമോവറിൽ തീയുടെ ചൂട് ശരിയാക്കുകയും ചെയ്തുകൊണ്ട് തന്റെ മുതലാളിയുടെ സംഭാഷണം ശ്രദ്ധിക്കുന്ന മാതിരി അഭിനയിച്ചു. 

ഗ്രാമത്തിലെ നാലും കൂടുന്ന മുക്കിൽ പൊട്ടിപൊളിഞ്ഞ ആൽത്തറയ്ക്കടുത്ത് പഴയകാലം ഓർമ്മിപ്പിക്കുന്ന ആ ഓലമേഞ്ഞ ചായക്കടയും ബഞ്ചും ഒക്കെ സുരേന്ദ്രൻ മുതലാളി പുനർസൃഷ്ടിച്ചത്, ലാഭം കിട്ടും എന്ന ആഗ്രഹത്തിലല്ലന്ന് നന്നായി അറിയുന്നത് കുഞ്ഞുമുഹമ്മദിന് തന്നെയാണ്. പണക്കാരന്റെ ഓരോ കാര്യങ്ങളെ എന്ന് മനസ്സിൽ പറഞ്ഞിട്ട് നെടുവീർപ്പും ഇട്ട് അയാൾ അവിടെയൊക്കെ ഓടി നടന്നു.

മങ്ങാരം വീട്ടിൽ കൊച്ചുചെറുക്കൻ സുരേന്ദ്രൻ, എന്ന ഇപ്പോഴത്തെ സുരേന്ദ്രൻ മുതലാളി, ജനിച്ചത് ഇങ്ങനെ ആയിരുന്നില്ല. എടങ്ങഴി പാലിലും, ഒരു കിലോ പൊടിയിലും പത്ത് വയറിന് അന്നം കണ്ടെത്തിയിരുന്ന ചായക്കടക്കാരൻ കൊച്ചുചെറുക്കന്റെ ഗ്രഹണിപിടിച്ച ഇളയ മകനായി. അന്നും ഇന്നും അയാളെ പിന്തുടരുന്ന ഉന്തിയ വയർ മാത്രമാണ്, പഴയ സുരേന്ദ്രനെ ഓർമ്മിപ്പിക്കുവാൻ ബാക്കിയുള്ളത്.. പട്ടിണി മൂത്ത് നാടുവിട്ട് അവസാനം ഗൾഫിലെ പ്രവാസവും കഴിഞ്ഞു അറുപതുകളിൽ തിരികെ നാട്ടിൽ കൂടിയ അയാൾ മനുഷ്യരുടെ മനസ്സിൽ വലിയ ഉയരത്തിലേക്ക് എത്തപ്പെട്ടിരുന്നു. 

മനസ്സിൽ പഴയത് മറക്കാൻ പാടുണ്ടോ?? എന്ന ചോദ്യവും നാട്ടാരോട് ഉന്നയിച്ച് സുരേന്ദ്രൻ, പണ്ട് തന്റെ അച്ഛൻ കുടികിടപ്പായി നടത്തിയ ചായക്കട നിന്നിരുന്ന സ്ഥലത്തോടൊപ്പം ജന്മിയുടെ രണ്ടേക്കർ ചുളുവിലയിൽ സ്വന്തമാക്കി, അവിടെ ഷോപ്പിംഗ് കോംപ്ലക്‌സും സൂപ്പർ, ഹൈപ്പർ മാർക്കറ്റും തുടങ്ങിയതും അച്ഛന്റെ ഓർമ്മയ്ക്ക് എന്ന് പറഞ്ഞ് ഒഴിച്ചിട്ടിരുന്ന പത്ത് സെന്റ് സ്ഥലത്ത്, പഴയ ചായക്കട അതേപോലെ ഉണ്ടാക്കി, അച്ഛന്റെ സഹായിയായി നിന്ന കുഞ്ഞുമുഹമ്മദിനെ തന്നെ ഏൽപ്പിച്ചതും, നാട്ടുകാരെ പരിഹസിക്കാൻ ആണ്, എന്ന് ഒരു അടക്കിപ്പിടിച്ച സംസാരം നാട്ടിൽ ഇല്ലായ്കയില്ല എന്നതും ശരിയാണ്. 

എന്നാൽ സുരേന്ദ്രന്റെ മനസ്സിൽ വേറെ പലതും ഉണ്ടായിരുന്നു, ചെറുപ്പത്തിന്റെ ഗൃഹാത്വരതം മുതൽ, നാട്ടിലെ ഒറ്റപ്പെട്ട വാർദ്ധക്യങ്ങൾക്ക് ചുറ്റിയിരുന്ന് വെടിവട്ടം പറയാനും, പുരോഗതിയുടെ ക്ഷണപ്രഭാചഞ്ചലത്തിന് ഇടയിലും, പഴമയുടെ സുഖവും സൗരഭവും പരത്താനും, സ്വയം ബഹിഷ്കൃതമാവുന്ന മനസ്സുകൾക്ക് ഒരു അഭയസ്ഥാനവും ഒക്കെ അയാളുടെ ചിന്തയിൽ സ്ഥാനമുണ്ടായി. അത് ശരിവയ്ക്കുന്നത് ആയിരുന്നു, നാട്ടിലെ പ്രതികരണവും. മമ്മദേ... സുരേന്ദ്രൻമുതലാളി.. നീട്ടി വിളിച്ച് തന്റെ വെടിവട്ടം തുടർന്നു...

ഇവരൊക്കെ, പ്രവാസികളുടെ ആദ്യ തലമുറയിലെ പ്രതിനിധികൾ ആണ്, ദുബായ് കടപ്പുറത്ത് പാസ്സ്പോർട്ടും വിസയുമില്ലാതെ, കട്ടമരത്തിൽ ബോംബെയിൽ നിന്ന് കയറിക്കൂടിയ മുൻപേ പറന്ന പക്ഷികൾ. അവരാണ്, പിന്നേ വന്നവർക്ക് ആതിഥേയരായത്. കാലങ്ങൾ കഴിഞ്ഞപ്പോൾ കാസർഗോഡ് എംബസി വഴി കള്ളപാസ്സ്പോർട്ടിൽ തിരികെ വന്ന്.. നേരായ മാർഗ്ഗത്തിൽ തിരികെ എത്തി പ്രവാസത്തെ അന്വർഥം ആക്കിയ മഹാരഥന്മാർ.. അയാൾ പഴയ ഓർമ്മകൾ തിരികെ പിടിച്ച് പൊട്ടിച്ചിരിച്ചു.

അയാൾ അങ്ങനെയാണ്, ചിലപ്പോൾ മമ്മദേ... ന്ന് നീട്ടി വിളിക്കും, ചിലപ്പോൾ കുഞ്ഞി എന്നും.. പത്ത് ചായയോ, പഴംപൊരിയോ, നെയ്യപ്പമോ വെട്ട് കേക്കോ വിറ്റിട്ട് വേണ്ട സുരേന്ദ്രൻ മുതലാളിക്ക് ജീവിക്കാൻ. ഇനി ഇതൊക്കെ കഴിക്കാൻ വേണ്ടിയാണ് എന്ന് വച്ചാലും ഉപ്പ് നോക്കാൻ പോലും മുതലാളി മുതിരാറില്ല, അത്രയ്ക്കുണ്ട് ഗുളികകൾ കഴിക്കാൻ. ഇടയ്ക്കിടയ്ക്ക് പറയും... കുഞ്ഞി.. എനിക്ക് മരണത്തെ ഭയമാണ് എന്ന്.. ലോകത്തിന്റെ വിവിധഭാഗത്ത് ജോലിചെയ്യുന്ന മക്കളും, അവരെ ഊഴം വച്ച് ചുറ്റാൻ പോകുന്ന ഭാര്യയും, കഴിഞ്ഞാൽ അയാൾ ഒറ്റയ്ക്കാണ് ആ വലിയ വീട്ടിൽ, പിന്നെ വലിയ മുന്തിയയിനം രണ്ട് പട്ടികളും.. 

സുരേന്ദ്രൻ കുഞ്ഞിന് അറിയാം, വൈകുന്നേരം തരുന്ന ആ നോട്ടുകൾ ആണ്, തനിക്കും, ബീവി കുഞ്ഞീവിക്കും വയറ്റിലെ നോവടക്കുവാൻ ബാക്കിയുള്ളു… ന്ന്. അത് ഒരു ദാനമാണ് എന്ന തോന്നൽ ഉണ്ടാവാതിരിക്കാനാണ് ഇങ്ങനെ ഒരു സെറ്റപ്പ്.. കൂട്ടത്തിൽ തന്റെ ഒറ്റപ്പെടലിൽ നിന്ന് ഒരു മോചനവും.. അതോർത്തപ്പോൾ മമ്മദിന്റെ കണ്ണുകൾ ഈറനായി, മുതലാളി കാണാതെ കണ്ണ് തുടച്ച്.. അയാൾ ഓടിനടന്നു.. നേരം വെളുത്തിട്ടും വരാത്ത പതിവ്കാർക്കായി.. ഇവരിൽ ആരൊക്കെ ഇന്ന് ബാക്കിയുണ്ടെന്ന് ആർക്കറിയാം, സുരേന്ദ്രൻ മുതലാളി തുടരുകയാണ്.. 

പരീത് പണ്ടേ പോയി... ഞാൻ പോയിരുന്നു... സ്വത്തിനായി മക്കൾ കടിപിടി കൂടിയതിന്റെ ഇടയ്ക്ക് കയറിയതാണ്.. മക്കൾക്ക് സ്വാധീനം ഉണ്ടായിരുന്നത് കൊണ്ട് എല്ലാം ഒതുക്കി.. എന്നാലും, കാണാൻ ചെന്നപ്പോൾ മുഖത്ത് എന്തോ പറയാൻ ബാക്കിവച്ചപോലെയാണ് തോന്നിയത്.. മൂസാക്ക.. വല്യ പുള്ളിയാണ്, അങ്ങ് ദുബായിൽ തന്നെ ഇപ്പോഴും, മക്കൾ വലുതായി, ബിസിനസ് വലുതാക്കി.. വലിയ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത് കഴിഞ്ഞപ്പോൾ, ആകെ അങ്ങോട്ട് പറിച്ചു നട്ടു.. അടുത്തകാലത്ത് വീണ്ടും ഒരു കല്യാണം ഒക്കെ കഴിച്ചു.. ന്ന് പറയണ കേട്ട്... ചെറുപ്പകാരിയാണന്നാ കേട്ടേ... എന്തരോ എന്തോ? അത് പറയുമ്പോൾ ഒളികണ്ണ് കൊണ്ട് മമ്മദിനെ നോക്കി വഷളൻ ചിരി, ചിരിക്കുന്നുണ്ടായിരുന്നു. സാംജോസ്, അധികം താമസിയാതെ നേഴ്‌സിനെ കെട്ടി, കോട്ടയംകാരി ആണെന്നാണ് തോന്നുന്നേ.. അമേരിക്കയിൽ പോയി.. ഇപ്പോൾ അവനും നല്ല നിലയിൽ തന്നെ.. 

സുധാകരന്റെ കാര്യമാണ് കഷ്ട്ടം.. കുറേ സമ്പാദിച്ചു.. വീട്ടുകാരെ എല്ലാം നോക്കി.. സഹോദരിമാരെ നന്നായി കെട്ടിച്ചയച്ചു.. വലിയ വീട് വച്ച്.. അതിൽ ചെറുപ്പക്കാരി ഒരു പെണ്ണിനേയും കെട്ടി താമസം ആരംഭിച്ചു. രണ്ട് ആൺമക്കൾ, ഇടയ്ക്ക് ഭാര്യ ആരുടെയോ കൂടെ പോയി.. അതുവരെ സമ്പാദിച്ചതും പോയി. എല്ലാം അറിഞ്ഞു പ്രവാസം അവസാനിപ്പിച്ച് തിരികെ വന്നപ്പോൾ, പുതുമോടി കഴിഞ്ഞു കൊണ്ടുപോയവൻ വഴിയിൽ കളഞ്ഞു പോയ ഭാര്യ തിരികെയെത്തി. തല്ലിപൊളികൾ ആയ രണ്ട് മക്കളും. എന്നും വഴക്കും, വക്കാണവും.. ആകെ പ്രശ്‌നങ്ങൾ.. എല്ലാം തകർന്ന അയാൾ മദ്യത്തിന് അടിമയായി.. തെരുവിൽ ഭിക്ഷയാചനയും കിടപ്പും, ഒരു ഭ്രാന്തമായ അവസ്ഥ.. ചെറുപ്പത്തിൽ മോടിയിൽ നടന്ന മനുഷ്യൻ, അവസാനം സ്വന്തം വീട്ടിൽ ചോരയിൽ മുങ്ങി അനാഥനായി അവശനായി കിടന്ന അയാളെ  നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.. പിന്നെ വയോജന കേന്ദ്രത്തിൽ അഭയാർഥിയായി.. നന്നായി ഇരിക്കുകയായിരുന്നു, അവസാനം കാണുമ്പോൾ. സുരേന്ദ്രൻ മുതലാളിയിൽ നിന്ന് നെടുവീർപ്പ് ഉയർന്നു.

അത് കേട്ടപ്പോൾ, മമ്മദിന്റെ കണ്ണും സജലമായി.. അത് മറയ്ക്കാനെന്നോണം കപ്പിൽ കുറച്ച് വെള്ളം എടുത്ത് പുറത്തേക്കിറങ്ങി.. കാനയുടെ ഓരത്ത് നിന്ന് മുഖംകഴുകി തുടയ്ക്കുമ്പോൾ റോഡിലൂടെ പോയ ചെറുപ്പക്കാരൻ നീട്ടി വിളിച്ചു.. മമ്മദിക്കോ... നിങ്ങളിന്നും കടയും തുറന്ന് ഇവിടെയിരിക്കുകയാണോ?? പോകുന്നില്ലേ?? എന്താടാ.. ഹമുക്കേ... നിന്റെ ഉമ്മാന്റെ അടിയന്തിരമാണോ? ഇന്ന്, മമ്മദ് കടയടച്ച് പോകാൻ.. വന്നാൽ ഒരു ചായയും കുടിച്ച് പോകാം.. മനുഷേന്റെ കാര്യമല്ലയോ.. ആർക്കറിയാം.. അതെ അ ദ’ ന്നെ.. ചെറുക്കൻ വിടാൻ ഭാവമില്ല.. എന്റെ ഉമ്മാന്റെ അല്ല.. നിങ്ങളുടെ മുതലാളിന്റെ.. അങ്ങേര് പോയി.. രാത്രിയിൽ.. ഞാൻ അങ്ങോട്ടാണ്.. നീ പോടാ.. കള്ള ഹിമാറെ.. ഉള്ളിൽ ഇരുന്ന് ചായകുടിക്കുന്ന എന്റെ മുതലാളിയെ കൊല്ലുന്നോ?? നിനക്ക് ഖബറിൽ പോലും ബർക്കത്ത് പടച്ചോൻ തരില്ലടാ.. ബഡുവാ..

മമ്മദിക്കാ.. ഞാൻ കള്ളമല്ല പറഞ്ഞത്.. സുരേന്ദ്രൻ  മുതലാളി പോയി.. ഇന്നലെ രാത്രിയിൽ... ഭാര്യ വെളുപ്പിനാണ് എയർപോർട്ടിൽ നിന്ന് എത്തിയത്.. അവർ വരുമ്പോൾ അനക്കമില്ലാതെ ബെഡ്‌റൂമിൽ കിടക്കുന്നു.. ഡ്രൈവറാണ് രാവിലെ നമ്മുടെ ജോസഫ് ഡോക്ടറെ വിളിച്ചു കൊണ്ട് വന്നത്.. അദ്ദേഹം പറഞ്ഞു.. രാത്രിയിൽ എപ്പോഴോ പോയിരിക്കുന്നു.. ന്ന്.. സൈലെന്റ് അറ്റാക്ക് ആയിരുന്നു പോലും.. ആർക്കറിയാം.. എന്തെല്ലാം അസുഖം എപ്പോഴൊക്കെയാണ് വരുന്നത് എന്ന്.. ഏതായാലും അധികം വിഷമിക്കാതെ പോയല്ലോ.. ഒരു നല്ല മനുഷ്യൻ ആയിരുന്നു.. എല്ലാവരും അങ്ങോട്ട് പോയിരിക്കുകയാണ്.. നിങ്ങളും കടയടച്ച് പോന്നോളീ.. മുതലാളി ആണെങ്കിലും.. നിങ്ങളുടെ ചങ്ങാതി ആയിരുന്നെല്ലോ?

മമ്മദിന് നിൽക്കുന്ന ഭൂമി കീഴേയ്ക്ക് പോകുന്നപോലെ തോന്നി.. ഭൂമികുലുക്കം പോലെ.. അയാൾ തന്റെ ചായക്കടയ്ക്ക് ഉള്ളിലേക്ക് ഓടി.. അവിടെ ചടഞ്ഞിരുന്ന് വയറ് കുലുക്കി ചിരിക്കുന്ന സുരേന്ദ്രൻ മുതലാളിയെ കാണാൻ, കേട്ടത് കള്ളമാണ് എന്നുറപ്പിക്കാൻ.. എന്നാൽ അവിടം ശൂന്യമായിരുന്നു.. അവിടം ചുറ്റി അടിച്ച ചെറുകാറ്റിൽ അപ്പോഴും മുതലാളി വരുമ്പോൾ പരക്കുന്ന അത്തറിന്റെ മണം ബാക്കിയായിരുന്നു.

English Summary:

Malayalam Short Story ' Visayillathe Pravasi ' Written by Raghuchandran R.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com