ADVERTISEMENT

ഇന്നലെ രാത്രിയിൽ പെയ്ത മഴയിൽ മുറ്റവും ചെടികളും എല്ലാം നനഞ്ഞിരിക്കുന്നു. വീടിന്റെ മുൻ വരാന്തയിൽ റോജൻ ചായ ചെറു ചൂടോടെ ആസ്വദിച്ചു കുടിക്കുന്നു. "എൽസി ആന്റി... ചായ സൂപ്പർ ആണ്". അവൻ അടുക്കളയിൽ വരെ കേൾക്കാൻ ഉറക്കെ പറഞ്ഞു. കുറച്ചു കൂടെ വേണോ... അടുക്കളയിൽ നിന്നും ഒരു മറുപടി. "വേണ്ട.. ഇതു മതി" റോജൻ പറഞ്ഞു. ബാംഗ്ലൂരിൽ എം. ബി. എ പഠിത്തം കഴിഞ്ഞു കാനഡയിൽ പോകാൻ വിസ റെഡി ആയിരിക്കുവാണ്. കഴിഞ്ഞ വർഷം റോജന്റെ പപ്പയും മമ്മിയും പെങ്ങളും ദുബായിൽ നിന്നും കാനഡയിൽ പോയി താമസമായി. റോജനും അടുത്ത ആഴ്ച അവരുടെ അടുത്തേക്ക് പോകുകയാണ്. അമ്മയുടെ സഹോദരൻ ജോണിച്ചായന്റെ വീട്ടിലാണ് ഇപ്പോൾ. ജോണിച്ചായന്റെ മക്കളും ഒരാൾ ഓസ്ട്രേലിയ, ഒരാൾ സൗദിയിൽ ആണ്.

രാവിലെ പതിവുള്ള നടത്തം കഴിഞ്ഞു ജോണിച്ചായൻ മുൻ ഗേറ്റ് തുറന്നു അകത്തേക്ക് വന്നു. ഗുഡ്മോർണിംഗ് അങ്കിൾ... റോജൻ പറഞ്ഞു.. "അഹ്. ഗുഡ്മോർണിംഗ് മോനെ.. മോൻ നേരത്തെ എഴുന്നേറ്റോ.." റോജൻ ചായകപ്പ്‌ നിലത്തു വെച്ചിട്ട് പറഞ്ഞു.. "ജോണി അങ്കിൾ എനിക്ക് പ്രോമിസ് തന്നതല്ലേ ഇന്ന് അപ്പാപ്പന്റെ അടുത്തു കൊണ്ടുപോകാമെന്നു.." ജോണിച്ചായൻ നേരെ അടുക്കളയിൽ പോയി വാങ്ങിവന്ന കവർ പാൽ ഭാര്യ എൽസിയുടെ കൈയ്യിൽ കൊടുത്തു. "എടീ.. ചെറുക്കൻ ഇന്ന് തന്നെ അപ്പാപ്പനെ കാണാൻ പോകണം എന്നാ പറയുന്നത്.. കൊണ്ടു പോയേക്കാം അല്ലേ.." അപ്പോൾ ഭാര്യ എൽസി "ജോണിച്ചായാ അവൻ വന്നപ്പോൾ മുതൽ പറയുന്നതല്ലേ, അവനും നല്ല ആഗ്രഹം കാണും. നിങ്ങൾ ഏതായാലും അവിടെ പോയി കുറേ നാൾ ആയില്ലേ.. അപ്പോൾ ഒന്നു പോയ്‌ വാ..."

ജോണിച്ചായൻ അടുക്കളയിൽ നിന്നും പുറത്തുവന്നു റോജനോട് "റോജാ നീ റെഡിയായിക്കൊ.. നമുക്ക് ഇന്ന് തന്നെ പോകാം.. എല്ലാം സെറ്റ് ആണ്" അങ്ങനെ രാവിലെ ഭക്ഷണം ഒക്കെ കഴിഞ്ഞു, അവർ പതിയെ യാത്ര തുടങ്ങി. രണ്ടു മണിക്കൂർ യാത്ര തൊടുപുഴ വരെ എത്താൻ. റോജൻ പുറത്തുള്ള കാഴ്ചകൾ ഒക്കെ നോക്കി കൊണ്ടു ചോദിച്ചു.. അങ്കിൾ ഞങ്ങളുടെ വീട്ടിൽ ഈ അടുത്തു പോയിരുന്നോ? "വീട് ക്ലീൻ ചെയ്യാൻ ഒരു ടീം വരും. എല്ലാം  6 മാസം കൂടുമ്പോൾ. ക്ലീനിങ് ഏജൻസി ആണ്. ഇപ്പോൾ ഇതാണ് ട്രെൻഡ്. മിക്ക വീടുകളും പൂട്ടി കിടക്കുവല്ലേ.. എല്ലാവരും പുറത്താണ് അല്ലെങ്കിൽ പ്രായമായ അപ്പച്ചനും അമ്മച്ചിയും കാണും.. ക്ലീൻ ചെയ്യാൻ ഒന്നും ഒരാളെ പോലും കിട്ടാറില്ല നാട്ടിൽ. അപ്പോൾ ഇത് പോലെയുള്ള ഏജൻസിക്കു കോൺട്രാക്ട് കൊടുത്തു കഴിഞ്ഞാൽ അവർ വന്നു ചെയ്തുകൊള്ളും. നമ്മൾ ഒന്നും അറിയണ്ടാ. അവർ വരുമ്പോൾ എന്നെ വിളിക്കും. അപ്പോൾ വീട് തുറന്നു കൊടുക്കാൻ പോകാറുണ്ട്. രണ്ടു മാസം മുൻപ് പോയിരുന്നു." ജോണിച്ചായൻ മറുപടി പറഞ്ഞു. കാറിന്റെ വിൻഡോ ഗ്ലാസ്‌ പതുക്കെ ഒന്നു താഴ്ത്തി കൊണ്ടു റോജൻ പറഞ്ഞു.. "കുറച്ച് നേരം ഇങ്ങനെ ഇരിക്കട്ടെ.. മഴ മാറി നല്ല സൂപ്പർ തണുത്ത കാറ്റുണ്ട് പുറത്ത്.."

അലസമായ ഒരു മയക്കത്തിനു ശേഷം അവൻ കണ്ണുതുറക്കുമ്പോൾ, കാർ പതിയെ ഒരു ഓൾഡ് ഏജ് ഹോമിന്റെ മുമ്പിൽ എത്തിയിരുന്നു.. ഏദൻ ഓൾഡ് കെയർ ഹോം.. വലിയ ഒരു ചുറ്റു മതിലോടു കൂടിയ ധാരാളം മരങ്ങളും ചെടികളും ഉള്ള ഒരു ഹോം കെയർ.. കാർ പാർക്ക്‌ ചെയ്ത് ജോണിച്ചായനും റോജനും കൂടി റിസപ്ഷൻ ഏരിയയിലേക്കു നടന്നു.. "സൈമൺ അച്ചൻ ഓഫീസിൽ ഉണ്ടോ സിസ്റ്ററെ".ജോണിച്ചായൻ അതു വഴി വന്ന ഒരു നഴ്സിനോട് ചോദിച്ചു.. "ഓഫീസിൽ ഉണ്ട്. ഒരു മീറ്റിംഗിൽ ആണ്. കുഴപ്പമില്ല സാർ അങ്ങോട്ട് ചെന്നോള്ളു.." നഴ്സ് മറുപടി പറഞ്ഞു മുന്നോട്ട് നടന്നു. റോജാ.. മോനെ.. നീ ഇവിടെ നിൽക്കു.. ഞാൻ പോയി ഫാദറിനെ കണ്ടു വരാം.. ജോണിച്ചായൻ സൈമൺ അച്ചന്റെ ഓഫീസിലേക്കു പോയി. റോജൻ ആ വരാന്തയിൽ നിന്നും പുറത്തുള്ള വിശാലമായ മുറ്റത്തു നോക്കി നിന്നു.

ഒരു തണുത്ത സ്പർശം അവന്റെ കൈകളിൽ തലോടുന്നതായി അവനു തോന്നി.. മോനെ വേണു.. "നീ.. നീ.. വരുമെന്ന് അമ്മയ്ക്കു അറിയുമായിരുന്നു.. തിരിച്ചുപോകുമ്പോൾ മോൻ പറഞ്ഞ ആ കടലും ഒന്ന് കാണണം.." റോജൻ എന്തു പറയണം എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ഒരു നഴ്സ് ഓടി വന്നു ആ അമ്മയെ പിടിച്ചു. "സോറി സാർ, അമ്മ ഇവിടെ പുതിയതായി ആരെ കണ്ടാലും അമ്മയുടെ മകൻ വേണു എന്ന് വിചാരിക്കും. അമ്മയുടെ മക്കൾ ആരും ഇപ്പോൾ ഇവിടെ വരാറില്ല.. ഓർമ ഇപ്പോൾ വളരെ കുറഞ്ഞു.." നഴ്സ് ആ അമ്മയെ അവരുടെ റൂമിലേക്ക് പതിയെ കൈപിടിച്ചു കൊണ്ടുപോയി.. അമ്മ എന്തൊക്കയോ പറഞ്ഞുകൊണ്ടാണ് പോകുന്നത്.. "റോജാ ഇങ്ങോട്ട് വാ.. അപ്പാപ്പൻ ഇവിടെ പുറത്തുണ്ട്.." ജോണിച്ചായൻ വരാന്തയുടെ ഒരു മൂലയിൽ നിന്നും  വിളിച്ചു. റോജൻ വരാന്തയിൽ നിന്നും പുറത്തേക്കു ഇറങ്ങി നടന്നു ചെന്നപ്പോൾ, ഒരു തണൽമരത്തിന്റെ അരികിൽ കുറേ പ്രായമായവർ ഇരുന്നു സംസാരിക്കുന്നു. രണ്ടു പേർ വീൽചെയറിൽ ആയിരുന്നു.. അതിൽ ഒന്നു അപ്പാപ്പൻ ആണ്.. 

"അപ്പാപ്പോ.. ആരാ ഈ വന്നിരിക്കുന്നത് എന്ന് നോക്കിയെ.." ജോണിച്ചായൻ അപ്പാപ്പനോട് പറഞ്ഞു. "എടാ ജോണി.. നീ എപ്പോൾ വന്നു. വന്നു വന്നു കണ്ണ് ഒട്ടും പിടിക്കുന്നില്ല.. ആരാടാ നിന്റെ കൂടെ. ഇങ്ങു അടുത്തു വരാൻ പറയെടാ ജോണി.." "അപ്പാപ്പാ ഇത് ഞാനാ.." റോജൻ പറഞ്ഞു നിർത്തുന്നതിന് മുൻപ് അപ്പാപ്പൻ പറഞ്ഞു.. "അനികുട്ടാ.. നീയും ഉണ്ടായിരുന്നോ.. എത്ര നാളായടാ നിന്നെ കണ്ടിട്ട്.. നീ എന്നാ ബാംഗ്ലൂരിൽ നിന്നും വന്നത്.." റോജൻ അപ്പാപ്പനെ മുറുക്കെ കെട്ടിപിടിച്ചു. "ശിവദാസാ.. ജോർജ്കുട്ടി എന്റെ കൊച്ചുമകനാ.. ബാംഗ്ലൂരിൽ പഠിക്കുവാ.. ഞാൻ പറയാറില്ലേ.. അനികുട്ടൻ എന്നേ ഞാൻ വിളിക്കൂ... റോജനോ, രോജനോ എന്നൊക്കെയാ അവന്റെ കൂട്ടുകാർ വിളിക്കുന്നത്" തന്റെ ചുറ്റും നിന്ന കൂട്ടുകാർക്കു കൊച്ചുമകനെ പരിചയപ്പെടുത്തി. അപ്പോൾ നിങ്ങൾ അപ്പാപ്പനും കൊച്ചുമോനും സംസാരിച്ചു ഇരിക്ക്.. ഞങ്ങൾ അപ്പുറത്ത് കാണും.. അവിടെ നിന്നവർ പതിയെ അവിടെ നിന്നും മാറി.. "അപ്പാപ്പന് കുറേ ഫ്രണ്ട്‌സ് ഗാങ് ഉണ്ടല്ലോ ഇവിടെ." റോജൻ ഒരു കുസൃതി പോലെ ചോദിച്ചു.. "ആഹ്.. കുറേ പേരുണ്ട്.. പിന്നെ എന്തു ഗാങ് മോനെ.. അതിൽ പകുതി പേർക്കും വീട്ടുകാർ ഇല്ല.. വരാറില്ല.. എന്നതാണ് സത്യം.. എല്ലാവരും ഇങ്ങനെ കൂട്ടം കൂടി സംസാരിച്ചോക്കെ ഇരിക്കുമ്പോൾ ഒറ്റപെട്ടു പോയ സങ്കടമൊക്കെ അവരങ്ങു മറക്കും.".

റോജന്റെ മനസ്സു ഒന്ന് ഇടറിയെങ്കിലും, അവൻ വീണ്ടും ചോദിച്ചു "അപ്പാപ്പന് സുഖം തന്നെയല്ലേ ഇവിടെ.." "കുഴപ്പമൊന്നും ഇല്ലെടാ മോനെ ഇവിടെ.. നിങ്ങൾ സുഖമായിട്ട് ഇരുന്നാൽ മതി. വീട്ടിൽ ആയിരുന്നെങ്കിൽ ഞാൻ ഒറ്റയ്ക്ക് ആയി പോകുമായിരുന്നു.. നിന്റെ വല്യമ്മച്ചി.. എന്റെ ത്രേസ്യകൊച്ചു പോയപ്പോഴാണ് അതു ശരിക്കും മനസിലായത്.. നമ്മൾ ഒന്നു തളർന്നു വീഴുമ്പോൾ, വീഴുന്ന വേദനയെക്കാൾ നമ്മളെ കൂടുതൽ വേദനിപ്പിക്കുന്നത് ആ വീഴ്ചയേക്കാൾ, നമ്മളെ താങ്ങാൻ അല്ലെങ്കിൽ വീണിടത്തു നിന്നും എഴുന്നേൽപ്പിക്കാൻ ആരും ഇല്ലാതെ വരുമ്പോൾ ആണ്.. ഇവിടെയാകുമ്പോൾ നഴ്സ്, ഡോക്ടർ, പിന്നേ കുറേ കൂട്ടുകാർ.. എന്നെ കാണാൻ ഇടയ്ക്കു നിങ്ങൾ വരുന്നുണ്ടല്ലോ.. അതു തന്നെ ഒരു സന്തോഷം.." "തൊമ്മിച്ചനും മോളിക്കും സുഖം തന്നെയല്ലേ.. രണ്ടു പേരും നല്ല തിരക്കായിരിക്കും അല്ലേ.. അവന്റെ ഒരു ഫോൺ കാൾ ഒക്കെ വന്നിട്ട് കുറച്ചു നാൾ ആയി.. പിന്നേ ഇടയ്ക്കു ജോണി വന്നു പോകുമ്പോൾ വിശേഷമൊക്കെ അറിയാറുണ്ട്.. ആഹ്.. എല്ലാവരും സുഖമായിട്ട് ഇരിക്ക്.. എനിക്ക് അതുമതി.. അന്നകുട്ടി ഇപ്പോൾ ഏതു ക്ലാസ്സിലാ?" അപ്പാപ്പൻ ചോദിച്ചു "അന്നാ ഇപ്പോൾ ഒമ്പതിൽ ആണ്.. അവൾ സുഖമായി ഇരിക്കുന്നു അപ്പാപ്പാ.. ഞാനും അടുത്ത ആഴ്ച കാനഡയിൽ പോകുവാ. ബാംഗ്ലൂർ ക്ലാസ്സ്‌ എല്ലാം കഴിഞ്ഞു." റോജൻ പറഞ്ഞു. "നന്നായി.. അപ്പോൾ എല്ലാവരും ഒന്നിച്ചു സന്തോഷത്തോടെ ഇരിക്കാമല്ലോ. അതു തന്നെ നല്ലത്. അല്ലിയോടാ ജോണിക്കുട്ടി.. പിന്നേ ലീവിന് വരുമ്പോൾ ഓടി ഇങ്ങു വന്നേക്കണം.. അനികുട്ടാ നീ എന്നെ എന്റെ റൂമിൽ ഒന്നു കൊണ്ടു പോ.. മരുന്നു കഴിക്കാൻ സമയം ആകുന്നു.." അപ്പാപ്പൻ ശബ്ദം കുറച്ചു താഴ്ത്തി പറഞ്ഞു.

ഇടക്കെങ്കിലും തന്നെ തേടി വന്നിരുന്ന ഒരുവൻ ഇനി എന്നെങ്കിലുമേ വരൂ എന്നു അപ്പാപ്പന് മനസിലായി തുടങ്ങി. നെഞ്ചു ഒന്നു പിടഞ്ഞു തുടങ്ങി. വീൽചെയർ പതിയെ നീക്കി റോജനും ജോണിച്ചായനും കൂടെ വരാന്തയിലൂടെ അപ്പാപ്പനെ റൂമിൽ എത്തിച്ചു. രണ്ടു പേരും കൂടെ കൈപിടിച്ച് അപ്പാപ്പനെ വീൽ ചെയറിൽ നിന്നും കട്ടിലിൽ ഇരുത്തി. അത്യാവശ്യം വലിയ ഒരു റൂം ആണ്. ഒരു കട്ടിൽ, മേശ, കസേര.. മേശയുടെ മുകളിൽ കുറച്ചു മരുന്നു, ഒരു കൊന്തമാല, ഒരു വചനപ്പെട്ടി, പത്രം... കട്ടിലിന്റ അരികിൽ ഒരു ബൈബിൾ ഇരിക്കുന്നു. ഒരു വലിയ റീഡിങ് ലെൻസ്‌ അതിന്റെ കൂടെ ഉണ്ട്. റോജനും കുറേ നേരം ഒന്നും പറയാൻ ഇല്ലാതെ ആ കട്ടിലിന്റെ അരികിൽ ഇരുന്നു. ഒരിക്കലും ഇല്ലാത്ത ഒറ്റപ്പെടലിന്റെ ഒരു മൂകത ആ മുറിയിൽ നിഴലിട്ടു.. "അനികുട്ടാ, നീ സന്തോഷമായി പോയിട്ട് വാ.. അപ്പാപ്പന് ഇവിടെ ഒരു പ്രശ്നവും ഇല്ല. അടുത്ത ലീവിന് ഇങ്ങു ഓടി വന്നേക്കണം.. ഇവിടെ എല്ലാവരും ഉണ്ടല്ലോ." ഇതു പറഞ്ഞതും റോജൻ അപ്പാപ്പനെ കെട്ടിപിടിച്ചു കരഞ്ഞു. അതുവരെ കരയാതെ പിടിച്ചു നിന്ന അപ്പാപ്പൻ ഒന്നു പതറി. മനസ്സിനെ പാകപ്പെടുത്തി വെച്ചതൊക്കെ കൊച്ചുമകന്റെ മുമ്പിൽ തളരുന്നപോലെ.. രക്തബന്ധങ്ങളുടെ ദൂരം വല്ലാതെ കൂടിയപോലെ.. 

"റോജാ.. നമുക്ക് ഇറങ്ങാം..ഇപ്പോൾ വിട്ടാലേ രാത്രിക്കു മുൻപ് അങ്ങെത്തുള്ളൂ.." ജോണിച്ചായൻ പറഞ്ഞു. "എന്നാൽ ഇനി വൈകിക്കേണ്ട.. നിങ്ങൾ ഇറങ്ങിക്കോ.. സന്തോഷമായിട്ട് പോയിട്ട് വാ.." അൽപം ഇടറിയ ശബ്ദത്തിൽ അപ്പാപ്പൻ പറഞ്ഞു. റോജനും ജോണിച്ചായാനും യാത്ര ഒക്കെ പറഞ്ഞു ആ റൂം വിട്ടിറങ്ങി. കൊച്ചുമകൻ കാഴ്ചയിൽ നിന്നും മങ്ങുന്ന വരെ മുറ്റത്തേക്ക് അപ്പാപ്പൻ നോക്കിയിരുന്നു. കുറച്ചു നേരം കഴിഞ്ഞു കട്ടിലിന്റെ അരികിൽ വെച്ചിരുന്ന റീഡിങ് ലെൻസ്‌ അപ്പാപ്പൻ തപ്പിയെടുത്തു.. മേശയുടെ മുകളിൽ വെച്ചിരുന്ന വചനപെട്ടിയിലെ തുണ്ടു കടലാസുകളിൽ നിന്നും ഒരു വചനം എടുത്തു. മനസ്സു വല്ലാതെ നൊമ്പരപ്പെടുമ്പോൾ, ഒറ്റപ്പെടുമ്പോൾ ഇതൊരു ഒരു പതിവാണ്.. റീഡിങ് ലെൻസ്‌ വെച്ചുകൊണ്ട് ആ തുണ്ടു കടലാസ്സിൽ എഴുതിയ വചനം അപ്പാപ്പൻ വായിച്ചു..

"യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. ( സങ്കീർ‍ത്തനങ്ങൾ 103 : 17 )"..

ഒറ്റപ്പെടലിന്റെ നൊമ്പരം ആ പിതാവ് മനസ്സിൽ ഒരു അനുഗ്രഹമാരിയായ് പെയ്തിറക്കി.. ജീവിതത്തിന്റെ കനൽവഴികളിലൂടെ നടന്നിട്ടുള്ള അപ്പാപ്പൻ ഈ  ഒറ്റപ്പെടലുകൾ ഒക്കെ ആസ്വദിച്ചു തുടങ്ങി. ആരോടും പരിഭവങ്ങൾ ഇല്ലാതെ.. ആ അമ്മ ഇതുവരെ കാണാത്ത കടലിന്റെ ആഴത്തെക്കാൾ നൊമ്പരം ഉള്ളിലൊതുക്കി... അവരെ തേടിയെത്തുന്ന അതിഥികളെ കാത്തു ആ മരത്തണലിൽ അവരുണ്ടാകും..

English Summary:

Malayalam Short Story ' Thanalmarangal ' Written by Ebin Thankachan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com