നഗ്നത നിറഞ്ഞ വരകൾ, ലൈംഗിക അരാജകത്വം, വിവാദം; ഒടുവിൽ 28–ാം വയസ്സിൽ ജീവിതത്തോട് വിടപറഞ്ഞ ഷീലെ
Mail This Article
വെറും ഇരുപത്തിയെട്ട് വർഷം മാത്രം നീണ്ടുനിന്ന ആയുസ്സിൽ കലാകാരൻ എന്ന നിലയിൽ വിശിഷ്ടവും അതേസമയം വിവാദപരവുമായ ഒരു ജീവിതമാണ് എഗോൺ ഷീലെ നയിച്ചത്. ഗുസ്താവ് ക്ലിംറ്റ് എന്ന തന്റെ ഗുരുവിൽനിന്നു ചിത്രകല പഠിച്ച ഷീലെ പ്രശസ്തനായ ഓസ്ട്രിയൻ കലാകാരനായി മാറി. വിചിത്ര സ്വഭാവക്കാരനായ വ്യക്തി എന്ന ഖ്യാതി, അസംസ്കൃത ലൈംഗികത, വികലമായ രൂപങ്ങൾ എന്നിവ ചിത്രീകരിച്ച അദ്ദേഹത്തിന്റെ പെയ്ന്റിങ്ങുകളിലൂടെ ആരാധകർ വർധിക്കുകയാണ് ചെയ്തത്.
1890 ൽ ഓസ്ട്രിയയിലെ ടുള്ളനിൽ ജനിച്ച ഷീലെ ചെറുപ്പം മുതലേ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. ലജ്ജാലുവായ കുട്ടിയായിരുന്ന ഷീലെ അത്‌ലറ്റിക്‌സിലും ചിത്രകലയിലും ഒഴികെ സ്‌കൂളിൽ മോശം പ്രകടനമാണ് കാഴ്ചവച്ചത്. സ്റ്റേഷൻ മാസ്റ്ററായ പിതാവ് കലാപരമായ പ്രവർത്തനങ്ങൾ ആദ്യം നിരുത്സാഹപ്പെടുത്തിയെങ്കിലും ഷീലെയുടെ അഭിനിവേശം തന്നെ വിജയിച്ചു.
ഷീലെക്ക് 14 വയസ്സുള്ളപ്പോൾ പിതാവ് സിഫിലിസ് ബാധിച്ച് മരിക്കുകയും ഷീലെ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന മാതൃസഹോദരൻ ലിയോപോൾഡ് സിഹാച്ചെക്കിന്റെ സംരക്ഷണത്തിലാകുകയും ചെയ്തു. ചിത്രരചനയിലെ ഷീലെയുടെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹമാണ് 1906-ൽ വിയന്ന അക്കാദമി ഓഫ് ഫൈൻ ആർട്‌സിൽ ചേർവാൻ സഹായിച്ചത്. പക്ഷേ അവിടുത്തെ പരിശീലകനായ ക്രിസ്റ്റ്യൻ ഗ്രിപെൻകെർലിന്റെ യാഥാസ്ഥിതിക അധ്യാപന രീതികളുമായി ഷീലെക്ക് ഒത്തു പോകാനായില്ല.
മൂന്നാം വർഷത്തിൽ അക്കാദമിയിൽനിന്നു ‘രക്ഷപ്പെട്ട’ ഷീലെ മറ്റ് അസംതൃപ്തരായ കലാവിദ്യാർഥികൾക്കൊപ്പം ‘ദ് ന്യൂ ആർട്ട് ഗ്രൂപ്പ്’ എന്നർഥം വരുന്ന ‘ന്യൂകുൻസ്റ്റ്ഗ്രൂപ്പ്’ സ്ഥാപിച്ചു. പ്രമുഖ സിംബലിസ്റ്റ് ചിത്രകാരൻ ഗുസ്താവ് ക്ലിംറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സവിശേഷമായ ഒരു ശൈലി സ്വയം വികസിപ്പിച്ചെടുത്തു. 1909 ലാണ് ക്ലിംറ്റിന്റെ പുതിയ ഷോകളിലൊന്നിലേക്ക് കലാകാരനായി പ്രവർത്തിക്കുവാന്‍ ഷീലെക്ക് ക്ഷണം ലഭിക്കുന്നത്.
സൗന്ദര്യത്തിന്റെ പരമ്പരാഗത ആശയങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു ഷീലെയുടെ സൃഷ്ടികൾ. പലപ്പോഴും നഗ്നനായി നിന്ന് സ്വന്തം ഛായാചിത്രങ്ങൾ അദ്ദേഹം ചിത്രീകരിച്ചു. നഗ്നത കേവലം ശാരീരിക രൂപത്തിലല്ല, അസംസ്‌കൃത മനുഷ്യാവസ്ഥയുടെ ഒരു രൂപകമായിട്ടാണ് ആ ഛായാചിത്രങ്ങളിൽ അടയാളപ്പെടുത്തിയത്. പക്ഷേ അവ വിവാദത്തിന് കാരണമായി. റിയലിസത്തെ നിരാകരിക്കുകയും വൈകാരിക പ്രകടനത്തെ സ്വീകരിക്കുകയും ചെയ്ത പ്രസ്ഥാനമായ ഓസ്ട്രിയൻ എക്സ്പ്രഷനിസത്തിലെ ഒരു പ്രധാന വ്യക്തിത്വമായി ഷീലെ വളർന്നു. അശ്ലീലമെന്ന് ആരോപിക്കപ്പെടുന്ന രചനകളുടെ പേരിൽ നിയമപ്രശ്‌നങ്ങൾ നേരിട്ടെങ്കിലും, ഷീലെയുെട പ്രശസ്തി യൂറോപ്പിലുടനീളം പടർന്നു.
1911 ൽ, ഇരുപത്തൊന്നുകാരനായ ഷീലെ പതിനേഴു വയസ്സുള്ള വാൽബർഗ ന്യൂസി (വാലി) യുമായി അടുത്തു. അവളെ പുതിയ സൃഷ്ടികൾക്കു മോഡലായി ഉപയോഗിക്കുക മാത്രമല്ല, ശാരീരികമായ മുതലെടുക്കുകയും ചെയ്തു. ചെറുപ്പം മുതൽ, ഗേർട്ടി എന്നറിയപ്പെട്ടിരുന്ന ഇളയ സഹോദരി ഗെർട്രൂഡിനോട് അഗമ്യഗമന പ്രവണതകൾ പ്രകടിപ്പിച്ചിരുന്ന ഷീലെയുടെ പെരുമാറ്റത്തെക്കുറിച്ച് നന്നായി അറിയാവുന്ന പിതാവ് കർശനമായ നിരീക്ഷണത്തിലാണ് അവരെ വളർത്തിരുന്നത്. ഇത്തരം വിചിത്ര പ്രവണതകള്‍ ജീവിതകാലം മുഴുവൻ പ്രകടിപ്പിച്ച ഷീലെ, അവ ചിത്രങ്ങളായി വരച്ചു വയ്ക്കുകയും ചെയ്തു.
1912 ല്‍ ഒരു പന്ത്രണ്ടുകാരിയുമായുള്ള ബന്ധത്തിന്റെ പേരിൽ ഷീലെ അറസ്റ്റ് ചെയ്യപ്പെടുകയും അശ്ലീലമെന്ന് കരുതുന്ന നൂറിലധികം ഡ്രോയിഹ്ങുകൾ അധികാരികൾ പിടിച്ചെടുക്കുകയും ചെയ്തു. കുട്ടികൾക്ക് എളുപ്പം കാണാവുന്ന തരത്തിൽ ലൈംഗിക സൃഷ്ടികൾ പ്രദർശിപ്പിച്ചതിന് ഷീലെയ്ക്കു പിഴ ചുമത്തി. തടവുശിക്ഷ ലഭിച്ച ഷീലെ അവിടെക്കിടന്ന് ജയിൽ ജീവിതത്തിന്റെ കാഠിന്യം ചിത്രീകരിക്കുന്ന പന്ത്രണ്ട് ചിത്രങ്ങൾ വരച്ചു.
1914 ലാണ് എഡിത്ത് ഹാർംസിനെ ഷീലെ കണ്ടുമുട്ടുന്നത്, 1915ൽ അവർ വിവാഹിതരായി. കല്യാണം കഴിഞ്ഞ് നാലാം ദിവസം, ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുവാൻ പോകേണ്ടി വന്നുവെങ്കിലും ഇടയ്ക്കിടെ പരസ്പരം കാണാൻ ഷീലെയുടെ കമാൻഡിങ് ഓഫിസർ അവരെ അനുവദിച്ചിരുന്നു.
യുദ്ധസമയത്ത്, ഷീലെയുടെ പെയിന്റിങ്ങുകളിൽ ഭൂരിഭാഗവും പ്രകൃതിദൃശ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളായിരുന്നു. ഈ സമയത്ത് ഷീലെ മാതൃത്വവും കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരയ്ക്കാൻ തുടങ്ങി. ആ സമയത്തെ അദ്ദേഹത്തിന്റെ മിക്ക സ്ത്രീരൂപങ്ങൾക്കും മാതൃക ഭാര്യ എഡിത്തായിരുന്നു. സ്ത്രീ നഗ്നചിത്രങ്ങൾ വരയ്ക്കപ്പെട്ടുവെങ്കിലും പലതും നിർജീവമായ പാവയെപ്പോലെയാണ് ചിത്രീകരിക്കപ്പെട്ടത്.
1918 ലെ ശരത്കാലത്താണ് സ്പാനിഷ് ഫ്ലൂ വിയന്നയിലെത്തിയത്. ആറുമാസം ഗർഭിണിയായിരുന്ന എഡിത്ത് ഒക്ടോബർ 28 ന് രോഗം ബാധിച്ച് മരിച്ചു. ഭാര്യ മൂന്നു ദിവസത്തിനു ശേഷം ഷീലെയും മരിച്ചു. ആ സമയം അദ്ദേഹത്തിന് 28 വയസ്സായിരുന്നു പ്രായം. അവരുടെ മരണത്തിനിടയിലെ മൂന്നു ദിവസങ്ങളിൽ, ഷീലെ എഡിത്തിന്റെ നിരവധി രേഖാചിത്രങ്ങൾ വരച്ചിരുന്നു.
ദാരുണമായി മരിക്കുവാൻ വിധിക്കപ്പെട്ട ഷീലെ കലാലോകത്ത് മായാത്ത മുദ്ര പതിപ്പിച്ചുവെന്നതിൽ സംശയമില്ല. വരയുടെ നൂതനമായ ഉപയോഗത്തിനും മനുഷ്യരൂപത്തിന്റെ അചഞ്ചലമായ ചിത്രീകരണത്തിനും കലാപരമായ മാനദണ്ഡങ്ങളെ വെല്ലുവിളിക്കാനുള്ള ധൈര്യത്തിനുമാണ് എഗോൺ ഷീലെ ഇന്നും ആഘോഷിക്കപ്പെടുന്നത്.