'നീർമാതളത്തിന്റെ നാട്ടിലേക്കാണ് യാത്ര, പോരുന്നോ എന്റെ കൂടെ...?'
Mail This Article
ട്രെയിനിൽ നിന്നിറങ്ങി അവൾ നടത്തം കുറച്ച് വേഗത്തിലാക്കി.. ഇനിയും കുറെ ദൂരം പോകാനുണ്ട് ഇന്നത്തെ ജോലിസ്ഥലത്തേക്ക്.. ഓരോ ദിവസവും ഓരോ സ്ഥലത്ത് ആണ് ഡ്യൂട്ടിയുള്ളത്. ഇന്നും പതിവ് പോലെ രാവിലെ ഒന്നും കഴിക്കാതെത്തന്നെയാണ് ഇറങ്ങിയത്. വഴിയിൽ നിന്ന് കിട്ടുന്നത് വാങ്ങിക്കഴിക്കും.. ഇപ്പോൾ റംസാൻ വ്രതം ആയതിനാൽ പകൽ സമയം ഒട്ടുമിക്ക റസ്റ്റോറന്റുകളും അടഞ്ഞാണ് കിടക്കുന്നത്.. അടുത്ത ബസ്സ് പിടിക്കുന്നതിനു മുമ്പ് എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ഇന്നത്തെ പണി പാളും.. അങ്ങനെ അടുത്ത് കണ്ട ഒരു റെസ്റ്റോറന്റിൽ കയറി. ബാഗ് ഒരു സീറ്റിൽ വെച്ച് കൈകഴുകാൻ പോയി.. തിരിച്ച് വന്ന് ഇരിക്കാൻ നേരമാണ് എതിരെയുള്ള സീറ്റിൽ ഇരിക്കുന്ന ആളെ നോക്കിയത്.. അദ്ദേഹം പൂരിയും മസാലയും കഴിക്കുന്നതിനിടക്ക് ഒരു നോട്ടം തന്റെ നേരെ നീട്ടിയത് അവളറിഞ്ഞു.
എവിടെയോ കണ്ടപോലെ, മനസ്സ് പിറുപിറുത്തു.. നരച്ച കുറ്റിത്താടി, അമ്പതുകളിൽ തിളങ്ങുന്ന അയാളുടെ കണ്ണുകൾ അവള് കണ്ടു.. നോട്ടം പതിയെ അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന പ്ലേറ്റിലേക്ക് മാറ്റി.. നല്ല മൊരിഞ്ഞ പൂരി.. ഞാനും അത് തന്നെ ഓർഡർ ചെയ്തു.. വയറു ആളിക്കത്തുന്നു, ഇന്നലത്തെ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ രാത്രി ഒമ്പത് കഴിഞ്ഞിരുന്നു.. അസഹ്യമായ ചൂട് കാരണം പിന്നെയൊന്നും കഴിച്ചതുമില്ല.. ബസിറങ്ങിയപ്പോൾ ഇഷ്പ്പെട്ട തണുത്ത അവിൽ മിൽക്ക് കഴിച്ചതാണ്, അതിന്റെ തണുപ്പ് മനസ്സിലും ശരീരത്തിലും ഒരുപോലെ പടർന്നു കയറിയിറങ്ങി. അങ്ങനെ വന്ന് കിടന്നതാണ് ഇന്നലെ.. മുന്നിൽ ആവിപറക്കുന്ന പൂരിയും മസാലയും കാപ്പിയും എത്തി. മുന്നിലിരിക്കുന്ന ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു, തിരിച്ച് ഞാനും.. അദ്ദേഹം കഴിച്ചു എഴുന്നേറ്റ് പോയി. പോകാൻ നേരം മൗനാനുവാദം തേടിയോ..
ഞാനും വേഗം കഴിച്ചു, അടുത്ത ബസ്സ് പിടിക്കണം.. രാവിലെ കഴിക്കാറുള്ള മരുന്ന് കഴിച്ച് ബാഗുമെടുത്ത് ഇറങ്ങാൻ നേരം ബിൽ ചോദിച്ചപ്പോൾ പറഞ്ഞത് "bill already paid" എന്നാണ്.. എന്റെ പൈസ ആരു കൊടുക്കാൻ, ഈ സ്ഥലത്ത് എനിക്ക് ആരും പരിചയക്കാരില്ല.. തെല്ലൊന്നു അങ്കലാപ്പിലായ ഞാൻ ബാഗുമെടുത്ത് ഇറങ്ങി റെസ്റ്റോറന്റിന്റെ ഇടനാഴിയിലൂടെ നടന്നു പുറത്തേക്ക്.. അപ്പോഴുണ്ട്, എന്റെ നേരെയിരുന്ന തിളങ്ങുന്ന കണ്ണുകൾ അവിടെ എന്നെ നോക്കി നിൽക്കുന്നു.. എന്നിട്ട് പറഞ്ഞു, "ഏറെ ആലോചിക്കണ്ട, ഞാനാണ് നിങ്ങളുടെ പൈസ കൊടുത്തത്, ഒരു കടമായിട്ട് അതവിടെ ഇരിക്കട്ടെ" അയാളുടെ വാക്കുകൾ അവസാനിക്കുന്നതിന് മുന്നേ അവള് കുറച്ച് പൈസ എടുത്ത് അയാൾക്ക് നേരെ നീട്ടി.. അത് വാങ്ങാൻ കൂട്ടാക്കാതെ തന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു "നീർമാതളത്തിന്റെ നാട്ടിലേക്കാണോ യാത്ര" അല്ലെന്ന് അവള് തലയാട്ടി.. "എന്നാൽ ഞാനങ്ങോട്ടാണ്, പോരുന്നോ എന്റെ കൂടെ" അവളാകെ സ്തബ്ധയായി.
ഇയാൾ ആരാണ്, എന്തൊക്കെയാണ് പറയുന്നത്.. "സ്വന്തം ഇഷ്ടങ്ങളുടെ നേരെ പുറംതിരിഞ്ഞ് നിന്നില്ലേ, ഇനിയത് വേണോ, ചിന്തിക്ക്, ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടാകും" എന്നും പറഞ്ഞയാൾ മാറിനിന്നു. പെട്ടന്നവൾ വാച്ചിലേക്ക് നോക്കി, സമയം പത്തു മണി ആവാറായി.. വേഗം ബാഗുമെടുത്ത് അടുത്ത ബസ്സിലേക്ക് ഓടിക്കയറി.. തിരിഞ്ഞു നോക്കിയപ്പോൾ ആ കണ്ണുകൾ അവളെ പിന്തുടരുന്നുണ്ടായിരുന്നു..