‘കുളിക്കാനിറങ്ങിയ വെള്ളച്ചാട്ടത്തിൽ ഒഴുകിപ്പോയി, മണിക്കൂറുകളായി പാറയിൽ പിടിച്ചു നിൽക്കുകയാണ്’...
Mail This Article
കാലവർഷം എഡി 2005. വൈത്തിരി അടുത്തുള്ള ഒലിവ് മല എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ (NIT calicut) ആ വർഷത്തെ എൻഎസ്എസ് ക്യാമ്പ്. രണ്ടുമൂന്നു ദിവസം ക്യാമ്പിലെ ആക്ടിവിറ്റി ഒക്കെ ആയി കഴിഞ്ഞു. നാലാം ദിവസം ബിജിൻ ആണ് ആ ഐഡിയ കൊണ്ടുവന്നത്. വർക്ക് സൈറ്റിന് അടുത്ത് ഒരു വെള്ളച്ചാട്ടം ഉണ്ട്, അവിടെ കുളിക്കാൻ പോകാം. ഞാൻ, റാസി, ബിജിൻ, സനോജ്, സജീവ്, ദേവസി, ഉമ്മച്ചൻ എന്നിവർ കുളിക്കാൻ പോകാൻ റെഡിയായി. കുറച്ചു ദൂരം കാട്ടിലൂടെ നടന്നു വേണം സ്ഥലം എത്താൻ. ഉൾക്കാടിന് നടുവിൽ വെള്ളച്ചാട്ടത്തിൽ നിന്ന് വരുന്ന വെള്ളം, ചെങ്കുത്തായ ഒരു പാറയിലൂടെ ഇറങ്ങി താഴെ ഒരു കുളം പോലുള്ളിടത്ത് വന്നു വീഴുന്നു. അത്യാവശ്യം പരന്നതും പാറക്കല്ലുകൾ ഒക്കെ നിറഞ്ഞ ഒരു കുളം. നിരപ്പായ മുകളിലെ സ്ഥലത്തുനിന്ന് ഒരു 20 അടി താഴ്ചയിലാണ് കുളമുള്ളത്. എല്ലാവരും തോർത്തു മുണ്ടെടുത്ത് പതുക്കെ താഴെയിറങ്ങി.
ദേവസി പറഞ്ഞു "ഞാൻ താഴെ വരെ ഇറങ്ങുന്നില്ല. നിങ്ങൾ കുളിക്കുമ്പോഴേക്കും ഞാനിവിടെയൊക്കെ ചുറ്റി കണ്ടു വരാം." വളരെ ശ്രദ്ധിച്ചാണ് ഞങ്ങൾ ഇറങ്ങിയത്. ഒരു വശത്തൂടെ വെള്ളച്ചാട്ടം ഒഴുകി താഴേക്ക് വീഴുന്നു. അതിനു സമാന്തരമായ പാറയിൽ പതുക്കെ ചവിട്ടി വേണം ഇറങ്ങാൻ. ഒരു ആവേശത്തിൽ എല്ലാവരും താഴോട്ടിറങ്ങി. മദ ആനകൾ വെള്ളം കണ്ടപോലെ അർമാദിച്ചു. സമയം ഒന്നൊന്നര മണിക്കൂർ കഴിഞ്ഞു. അതിനിടയിൽ ചെറുതായി മഴ ചാറിയത് ഞങ്ങൾ അറിഞ്ഞില്ല. സജീവാണ് ആദ്യം മുകളിലേക്ക് കയറിയത്. കയറി പകുതി എത്തിയപ്പോൾ അവൻ പറഞ്ഞു. "എടാ കയറാൻ ആവുന്നില്ല. പാറ വഴുക്കുന്നു." ഞാൻ പറഞ്ഞു. "നോക്കി.. ഉണങ്ങിയ പാറയിൽ ചവിട്ടി കയറുക.." ഞങ്ങൾ കുളി തുടർന്നു. അതിനിടയിൽ സജീവിന്റെ കസർത്ത് ആരും ശ്രദ്ധിച്ചില്ല. അവൻ എങ്ങനെയോ മുകളിൽ കയറിപ്പറ്റി.
പിന്നെ കയറിയത് ബിജിനും റാസിയും ആണ്. രണ്ടുപേരും പകുതി കയറി. പിന്നെ ഒരു ഇഞ്ച് മുകളിലേക്കോ താഴോട്ടോ കയറാൻ അവർക്ക് ആകുന്നില്ല. രണ്ടുപേരും പാറയിൽ അള്ളി പിടിച്ചിരുന്നു. ഇതുകണ്ട് ഞാൻ ഇത്തിരി ആവേശത്തോടെ അവരെ കളിയാക്കി ചാടി കയറി. ബിജിനെ ക്രോസ് ചെയ്തപ്പോൾ തന്നെ എന്റെ കിളി പോയി. എവിടെയോ ഒരു ചെറിയ സപ്പോർട്ട് പിടിച്ചു ഞാൻ നിൽക്കുകയാണ്. ഒന്നനങ്ങിയാൽ താഴോട്ട് ഊർന്നു വീഴും. എന്റെ കാലുകൾ വഴുതുന്നു. ഞാൻ വിറച്ചു. താഴെ പാറയാണ്. വെള്ളത്തിൽ മാത്രം വീഴുമെന്ന് ശുഭ വിശ്വാസം എനിക്കില്ലായിരുന്നു. ഞാൻ സജീവിനെ വിളിച്ചു കരഞ്ഞു. സജീവ് എല്ലാവരോടും അനങ്ങാതെ കിടക്കാൻ പറഞ്ഞു. അവന്റെ ചെറിയ ബുദ്ധിയിൽ ഒരു ആശയം കിട്ടി. അവിടെയുള്ള മുണ്ടുകൾ കൂട്ടിക്കെട്ടുക. എന്നിട്ട് കയർ പോലെയാക്കി അതുകൊണ്ട് എല്ലാവരെയും വലിച്ചു കയറ്റുക. ആദ്യം എന്നെയാണ് വലിച്ച് കയറ്റിയത്. പിന്നെ ഞങ്ങൾ രണ്ടുപേരും കൂടി ബിജിനെയും റാസിയെയും ബാക്കിയുള്ളവരെയും വലിച്ചു കയറ്റി. എല്ലാവരും കയറി കഴിഞ്ഞപ്പോഴാണ് ഒന്ന് ശ്വാസം വിട്ടത്...
വെള്ളം സാധാരണ പേടി ആയതിനാൽ ഞങ്ങളുടെ കൂടെ കുളിക്കാൻ ഇറങ്ങാതിരുന്ന ദേവസി കാട്ടിൽനിന്ന് പൂക്കളും കായ്കളും ഒക്കെ ശേഖരിച്ച് തിരിച്ചെത്തി. ഞങ്ങളുടെ മുഖത്തെ ഭയപ്പാട് കണ്ട് അവൻ കാര്യമന്വേഷിച്ചു. കാര്യം പറയുന്ന കൂട്ടത്തിലാണ് ബിജിനാ രഹസ്യം പൊട്ടിച്ചത്. അവന്റെ കണ്ണട താഴോട്ട് ഇറങ്ങുന്നതിനു നടുവിലായി ഒരു പാറ ഇടുക്കിൽ വച്ചിരിക്കുന്നു. കണ്ണടയില്ലാതെ കണ്ണു കാണുന്നില്ല. വീണ്ടും താഴെ ഇറങ്ങാൻ ആർക്കും ധൈര്യമില്ല. കാര്യം കേട്ട് ദേവസിക്ക് ആവേശം വന്നു. ഞാൻ ഇറങ്ങാം എന്നു പറഞ്ഞു അവൻ ചാടി ഇറങ്ങി. രണ്ട് സ്റ്റെപ്പ് താഴെ വച്ചതും കാല് തെന്നി. "അമ്മച്ചിയെ" എന്ന വിളിയോടെ ഗുരുവിൽ ലാലേട്ടൻ മഞ്ഞുമലയിലൂടെ നിരങ്ങും പോലെ ദേവസ്സി താഴേക്ക് നിരങ്ങി വീണു. അതുകണ്ട് ഞങ്ങൾ നിലവിളിച്ചു. എല്ലാരുടെയും ഭാഗ്യത്തിന് പാറയിൽ ഒന്നും തട്ടാതെ അവൻ വെള്ളത്തിൽതന്നെ വീണു. ആ സമാധാനത്തിൽ ഞങ്ങൾ നിൽക്കുമ്പോൾ അവന്റെ നിലവിളി വീണ്ടും "ഡാ. രക്ഷിക്കടാ എനിക്ക് നീന്താൻ അറിയത്തില്ല." പകച്ചു പോയി ഞങ്ങൾ. ഞങ്ങൾക്ക് വീണ്ടും ടെൻഷനായി. ഞാൻ ചാടി ഇറങ്ങിയാലോ എന്ന് വിചാരിച്ചു മുന്നോട്ടു വന്നു. എല്ലാവരും എന്നെ തടഞ്ഞു. എനിക്ക് ധീരതക്കുള്ള പുരസ്കാരം കിട്ടുന്നതിലുള്ള അസൂയ ആവാം അവർക്ക് എന്ന് ഞാൻ മനസ്സിൽ കരുതി.
ഞങ്ങൾ അവനോട് ഏതേലും പാറയിൽ പിടിച്ചു പൊങ്ങിക്കിടക്കാൻ പറഞ്ഞു. വെള്ളം മുകളിൽ നിന്ന് വന്നു വീഴുന്ന ഇടം ആയതിനാൽ നല്ല ആഴം ഉണ്ടായിരുന്നു. അവൻ അവിടെ കിടന്നു കൈകാലടിച്ചു. വീഴുന്ന വീഴ്ചയിൽ അത്യാവശ്യം വെള്ളം അവൻ കുടിച്ചു കഴിഞ്ഞു. അവൻ നിലവിളി തുടർന്നു. ഞങ്ങൾ അവനോട് അലറി. "ഡാ എവിടെയെങ്കിലും ഏതെങ്കിലും പാറയിൽ പിടിച്ചു നിൽക്ക്.". അവൻ ആകെ ഭ്രാന്ത് പിടിച്ച പോലെ അലറി. എന്ത് ചെയ്യും എന്നു ഞങ്ങളും.. എപ്പോഴോ.. അവസാനം ഒരു പാറ കിട്ടി അവനു. അതിൽ പിടിച്ചുകൊണ്ട് അവൻ വീണ്ടും നിലവിളിച്ചു... നന്നായി പേടിച്ചിരുന്നവൻ. എങ്ങനെ അവനെ ഇനി പുറത്തുകൊണ്ടുവരും എന്നായി ഞങ്ങളുടെ ചിന്ത. കണ്ണിലാകെ ഇരുട്ടുവീണു.. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് പേടിയായി. അവനോട് പതുക്കെ പാറകളിൽ പിടിച്ചു കരയുടെ അടുത്തേക്ക് പോകാൻ പറ്റുമോ എന്ന് നോക്കാൻ പറഞ്ഞു.. അങ്കമാലി ഭാഷയിൽ അവൻ പറഞ്ഞു.. "പോടാ പോർക്കേ.. എനിക്ക് വയ്യെടാ.." കിട്ടിയപാറ വിടാൻ അവന് വളരെ മടി. അവസാനം ഞങ്ങൾ നിർബന്ധിച്ചു അവനെ അധികം വെള്ളമില്ലാത്ത സ്ഥലത്ത് കൊണ്ടുവരുത്തി.
വേറെ വഴി ഇല്ലാത്തതിനാലും സ്വന്തം ജീവൻ രക്ഷിക്കണം എന്നു തോന്നിയതിനാലും കുറച്ചുസമയത്തെ പരാക്രമം കൊണ്ട് അവൻ പതുക്കെ കരപിടിച്ചു.. അടുത്ത കടമ്പ ഇനി എങ്ങനെ പുറത്തു കടക്കും. ചുറ്റും കാടാണ്.. ഇരുട്ടും. അവനോട് അവിടെ ഇരുന്നു വല്ല വഴിയുമുണ്ടോ നോക്കാൻ പറഞ്ഞു. ഉയരത്തിൽ നിന്നുള്ള മങ്ങിയ കാഴ്ചയിൽ അവനു ഉപദേശം കൊടുക്കാൻ മാത്രം ഞങ്ങൾക്കായി. ഞങ്ങളുടെ ഹൃദയം പടപടാ ഇടിച്ചു. അവസാനം ദേവസി പറഞ്ഞു. "ഡാ.. ഞാൻ ഈ കാടുവഴി ഇറങ്ങുകയാണ് എവിടെയെത്തും എന്ന് അറിയില്ല.. നോക്കാം.". മനസ്സില്ലാ മനസ്സോടെ ഞങ്ങൾ സമ്മതിച്ചു. അവൻ കാട് ഇറങ്ങി. കുറച്ചുസമയത്തിനുശേഷം ഞങ്ങൾ ഒരു ഒച്ച കേട്ടു. "ഡാ.. ഞാൻ വന്നെടാ" ദേവസ്സി ആയിരുന്നു അത്. അവൻ തുടർന്നു. "എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഞാൻ ആരും പോകാത്ത വഴികളിലൂടെ വരെ സഞ്ചരിച്ചു. ഒരു പ്രാന്തനെപ്പോലെ.." ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങൾ അവനെ കെട്ടിപ്പിടിച്ചു. കണ്ണിൽ കൊള്ളേണ്ടത് പുരികത്തിന് തട്ടിയ പോലെ തോന്നി ഞങ്ങൾക്ക്.
സമയം നന്നേ ഇരുട്ടിത്തുടങ്ങി. കുന്നിറങ്ങുമ്പോൾ മഴ പെയ്ത വഴിയൊക്കെ വഴുവഴുപ്പ് ആയിരുന്നു. ഓരോ അടിയും വളരെ ശ്രദ്ധിച്ചാണ് ഞങ്ങൾ നീങ്ങിയത്. ഇനിയൊരു വണ്ടർലാ ആക്ടിവിറ്റിക്ക് ഞങ്ങൾ റെഡി ആയിരുന്നില്ല. ഒടുവിൽ ഞങ്ങൾ താഴെ എത്തി. നടന്ന കഥ ജയകുമാർ സാറിനോടും വേറെ ആരോടും പറയരുത് എന്ന് ഞങ്ങൾ പരസ്പരം പ്രോമിസ് ചെയ്തു. രാത്രി ഭക്ഷണത്തിനുശേഷം ഒലിവു മലയിലെ പള്ളിമുറ്റത്ത് കത്തിയടിക്കാൻ ഇരുന്നപ്പോൾ ഞങ്ങൾ ദൈവത്തിനു നന്ദി പറഞ്ഞു. ആ രാത്രി.. ആരുടെയോ വരവും കാത്ത് ബിജിന്റെ കണ്ണട കാട്ടിനുള്ളിലെ ആ പാറ ഇടുക്കൽ നിലാവ് കൊണ്ടിരുന്നു. "വരും.. ഒരു രക്ഷകൻ. നാളെ സൂര്യൻ ഉച്ചിയിൽ തൊടും മുമ്പ് സമതലത്തിൽ നിന്ന് അവൻ (ഒലിവ് മലയിലെ അസീസ് ചേട്ടൻ )കുന്നുകേറി വരും.."
Note: മഞ്ഞുമ്മൽ ബോയ്സ് കണ്ടപ്പോൾ ഓർത്തുപോയ ഞങ്ങളുടെ ഒരു എൻഐടി എൻഎസ്എസ് ക്യാമ്പ് കഥ.