വീടാകെ ഉത്സവപ്രതീതി; 'മുത്തശ്ശിയും അമ്മയും അടുക്കളയിൽ സദ്യ ഒരുക്കുന്ന തിരക്കിലാണ്...'
Mail This Article
വെന്തുരുകുന്ന മീനച്ചൂടിലും ഒട്ടും വാടാതെ ഓർമ്മപ്പൂക്കൾ വർണ്ണവസന്തം തീർത്തു സുഗന്ധം പരത്തുന്ന മനസ്സിൻ താഴ്‌വരയിലൂടൊന്നു മെല്ലെ നടന്നു. കൊയ്തൊഴിഞ്ഞു വരണ്ടു വിണ്ടുകീറിയ പാടത്ത് ആഞ്ഞു വീശുന്ന വേനൽക്കാറ്റിന്റെ സീൽക്കാരം പനയോലകളിൽ തട്ടി നാലുപാടും ചിതറിത്തെറിക്കുന്നു. ഏതു വേനലിലും വറ്റാത്ത കൊക്കരണി കരിനീലച്ച ഭംഗിയോടെ പോക്കുവെയിലിൽ തിളങ്ങുന്നു. മൂവന്തി താഴ്‌വരയാകെ ചോന്നു തുടുത്ത സിന്ദൂരം വാരിത്തൂവി പകലോൻ യാത്രാമൊഴി ചൊല്ലുന്നു. പറവകൾ ചേക്കേറാനായി പറന്നകലുന്നു. വീട്ടിലെ സ്ഥിരം പണിയാളുകളിൽ രണ്ടുമൂന്നു പേർ ചേർന്ന് പാതക്കച്ചിറ (പാതയോരത്തെ കണ്ടത്തിനെ മുത്തശ്ശി അങ്ങനെയാണ് പറഞ്ഞിരുന്നത്) യുടെ പടിഞ്ഞാറെ ഭാഗത്തുള്ള വരമ്പൊക്കെ ചെത്തിയൊരുക്കി ചാണകം മെഴുകി കൃഷിയിടം കാക്കുന്ന ദേവര് മുനിയപ്പന് പച്ച പനമ്പട്ട കൊണ്ട് കുഞ്ഞു പന്തലൊരുക്കുന്നു. ചുറ്റിനും തൂക്കിയ കുരുത്തോല തോരണങ്ങൾ കാറ്റിൽ കലപില കൂട്ടുന്നു. പച്ച പനമ്പട്ടയുടെ വാസന അവിടെയാകെ പരന്നു. കൂടെ പന്തലിടുന്നവരുടെ കൈയ്യും കാലും തട്ടിയും മുട്ടിയും അടുത്തു നിൽക്കുന്ന തുളസിച്ചെടികളുടെ സുഗന്ധവും പരന്നൊഴുകി.
നാളെ മുനി പൂജയാണ്. രണ്ടാം വിളവെടുപ്പ് കഴിഞ്ഞാൽ നല്ല വിളവെടുപ്പ് നടന്നതിന്റെ നന്ദി സൂചകമായും വരാനിരിക്കുന്ന വർഷം നന്നായി വിളവെടുക്കാൻ കഴിയണേ എന്നുള്ള പ്രാർഥനയായും വർഷം തോറും നടത്തിവരുന്ന പൂജ. സന്ധ്യ മയങ്ങി. പഴനിയ്ക്കു പോകുന്ന തീവണ്ടി കൂകിപ്പാഞ്ഞു പോയി സ്റ്റേഷനിൽ നിന്നു. ഇരുൾ പരന്നതോടെ മാനത്ത് പൊന്നരിവാളമ്പിളി തെളിഞ്ഞു. ഒറ്റപ്പെട്ട ഏതോ ഒരു പക്ഷി ഉറക്കെ ചിലച്ചു കൊണ്ട് പാഞ്ഞു പോകുന്നു. രണ്ടാഴ്ച മുമ്പേതന്നെ ബലിയർപ്പിക്കാൻ ഉള്ള ആട്ടിൻകുട്ടിയേയും കോഴികളേയും വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടാകും. ആ ദിവസങ്ങളിൽ സ്കൂൾ വിട്ടു വന്നാൽ കളികൾക്ക് അവധി പ്രഖ്യാപിച്ച് ഞങ്ങൾ രണ്ടുപേരും ആട്ടിൻകുട്ടിയുടെ പിന്നാലെ ആയിരിക്കും. അതിനേയും കൊണ്ട് തൊടി മുഴുവൻ നടക്കും. പ്ലാവില കൊടുക്കും. അത് നടക്കുന്നതും നിൽക്കുന്നതും കിടക്കുന്നതും തിന്നുന്നതും നോക്കുന്നതും കരയുന്നതും എന്നുവേണ്ട സ്ഥൂലാസൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് പ്രധാന വിനോദം. കാരണം അവൻ ഞങ്ങളിലൊരാളായിക്കഴിഞ്ഞിരുന്നു. ദിവസങ്ങൾ കഴിയുന്തോറും അവന് ഞങ്ങളോട് അടുപ്പം കൂടിവരുന്നതായി തോന്നി.
ആ ദിവസം ആഗതമായി. കാലത്ത് തന്നെ മുത്തശ്ശിയും അമ്മാമയും കൂടി പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പണിയാളുകളെല്ലാവരും എത്തി. വീട്ടിലെ ഒരുക്കങ്ങൾ പൂർത്തിയാക്കി അവനേയും കൊണ്ട് ആൺപണിയാളുകളും അമ്മാമയും പോയി. മനസ്സിൽ അധിഷ്ഠിതമായ ഭക്തിയും വിശ്വാസവും അവൻ പോയല്ലോ എന്ന സങ്കടത്തിനു മേൽ ആധിപത്യം സ്ഥാപിച്ചു. ആ സമയങ്ങളിൽ ചായ്പ്പിലുള്ള വലിയ അടുപ്പിൽ തീ പിടിപ്പിക്കലും ഉള്ളിയും വെളുത്തുള്ളിയും തൊലി കളഞ്ഞ് മുറിക്കലും തേങ്ങ ചിരകലും മസാല വറുക്കലും അരയ്ക്കലും ഒക്കെയായി പെണ്ണുങ്ങൾ തിരക്കിലാണ്. വെള്ള നിവേദ്യം നേദിച്ച് നാളികേരം ഉടച്ച് പൂജ ചെയ്ത് ബലി അർപ്പിക്കൽ കഴിഞ്ഞ് അവർ എത്തുമ്പോഴേക്കും വലിയ അമ്മാമമാരും (മുത്തശ്ശിയുടെ ആങ്ങളമാർ) ബന്ധുക്കളും നാട്ടുകാരും അയൽക്കാരും ചുറ്റുവട്ടത്തുള്ള കൃഷിക്കാരുടെ പണിയാളുകളും എത്തിത്തുടങ്ങിയിട്ടുണ്ടാവും.
വീടാകെ ഉത്സവ പ്രതീതിയിൽ. ഞങ്ങൾ കുട്ടികളും കളിത്തിരക്കിൽ. മുത്തശ്ശിയും അമ്മയും അടുക്കളയിൽ സദ്യ ഒരുക്കുന്ന തിരക്കിലാണ്. ചായ്പ്പിൽ ഇറച്ചി തയാറാകുന്നു. മസാലക്കൂട്ടിന്റേയും സദ്യ വിഭവങ്ങളുടേയും സമ്മിശ്ര സുഗന്ധം എല്ലായിടത്തും പരന്നു. അടിപൊളി സദ്യയുടെ കൂടെ മട്ടൻ കറിയും വരട്ടിയതും അതാണ് ഉച്ചഭക്ഷണം. വിളമ്പാൻ സമയം ആകുമ്പോൾ പണിയാളുകളെ എല്ലാം ഇരുത്തി ഇലയിട്ട് മുത്തശ്ശിയും അമ്മാമയും കൂടി വിളമ്പും. എല്ലാവരുടെയും ഊണ് കഴിയുമ്പോൾ വൈകിയെത്താൻ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ളത് മാറ്റിവച്ചു ബാക്കിയെല്ലാം അവർ സന്തോഷത്തോടെ പങ്കുവയ്ക്കുന്നതോടെ മുനിപൂജ കഴിഞ്ഞു. പെണ്ണുങ്ങളെല്ലാം മുറുക്കിച്ചുവപ്പിച്ച് എല്ലായിടവും അടിക്കലും കോരലും കഴുകലും വൃത്തിയാക്കലും കഴിഞ്ഞ് മടങ്ങും.
ഉച്ചതിരിഞ്ഞ് മുണ്ടിയൻ പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. വീട്ടിലെ കന്നുകാലികളെ കാക്കുന്ന ദേവരാണ് മുണ്ടിയൻ. ഇതിൽ വീട്ടിലുള്ളവർ അടുക്കളയിൽ പൂജയ്ക്കുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്നതൊഴിച്ചാൽ കാഴ്ചക്കാർ മാത്രമാണ്. നടുത്തളത്തിൽ ഭസ്മം കൊണ്ട് തൊഴുത്തിന്റെ മാതൃക ഉണ്ടാക്കി അതാത് സ്ഥാനത്ത് പശുക്കളുടേയും പശുക്കുട്ടികളുടേയും മാതൃകയും ഒത്ത നടുവിലായി നെല്ല് നിറച്ച ഇടങ്ങഴിയും ചുറ്റിനും തിരികളിട്ട വാഴപ്പോളകളും തയാറാക്കി വയ്ക്കും. സന്ധ്യയോടെ പുറത്തിറങ്ങി തൊഴുത്തിന് പടിഞ്ഞാറ് ചാണകം മെഴുകിയ മുണ്ടിയൻ തറയിൽ കോഴിയെ ബലിയർപ്പിക്കും. ആ സമയത്ത് വീട്ടുകാർ ആരും അങ്ങോട്ട് പോകാൻ പാടില്ല എന്നൊരു വിശ്വാസമുണ്ട്. ചായ്പ്പിലെ അടുപ്പിൽ കോഴിക്കഷണങ്ങളും കുമ്പളങ്ങക്കഷണങ്ങളും മസാല കലർന്ന തേങ്ങാപ്പാലിൽ നീന്തിത്തുടിക്കുമ്പോൾ അടുക്കളയിലെ അടുപ്പിൽ പലഹാരങ്ങൾ വറചട്ടിയിൽ എരിപൊരി സഞ്ചാരം കൊണ്ടും സ്റ്റീം ബാത്ത് നടത്തിയും ചുട്ടുപഴുത്ത കല്ലിൽ ഒഴിക്കുമ്പോൾ പുറം പൊള്ളി ശ്ശോന്ന് നിലവിളിച്ചും വെല്ലപ്പാനിയിൽ കിടന്നുരുണ്ടും തയാറാകുന്നു.
അങ്ങനെ വിഭവങ്ങളെല്ലാം തയാറാകുന്നതോടെ പൂജയ്ക്കായി യഥേഷ്ടം എല്ലാവരേയും അണിനിരത്തും. കൂടെ ഒരു കുഞ്ഞു മൺകുടത്തിൽ ചാരായവും ഉണ്ടാകും. അവരെല്ലാം കൂടി എന്തൊക്കെയോ പറഞ്ഞ് പൂജ ചെയ്ത് എല്ലാവരും പുറത്തേക്കിറങ്ങി നിൽക്കും. ഈ സമയം കിഴക്കു ഭാഗത്തേയും പടിഞ്ഞാറെ ഭാഗത്തേയും വാതിലുകൾ തുറന്നിട്ടിരിക്കും. കുറച്ചു കഴിഞ്ഞ് അവർ വന്ന് പൂജയ്ക്കായി മുറത്തിൽ നാക്കിലയിൽ നിറച്ചു വച്ചിട്ടുള്ള ഇഡ്ഡലി, ദോശ, അരി വറുത്തത്, വെള്ളപ്പയർ വേവിച്ചത്, കോഴി കുമ്പളങ്ങ കൂട്ടാനും ഇഷ്ടുവും പഴവും കൂടെ ചാരായവും എടുത്തുകൊണ്ട് പടിക്കു പുറത്തുപോയി 'മുണ്ടിയന് കൊടുക്കും'. കുടിച്ചും കഴിച്ചും കഴിഞ്ഞ് 'ഹൊയ് ഹൊയ്' വിളിക്കും. മുണ്ടിയന് തൃപ്തിയായി, സന്തോഷത്തോടെ കന്നുകാലികളെ കാത്തോളാം എന്നാണ് ആ 'ഹൊയ്' വിളിയുടെ സാരം. അവർ മൂന്നുപേരും പിന്നെ വീട്ടിലേക്ക് കയറില്ല. അവനവന്റെ വീടുകളിലേക്ക് മടങ്ങും.
നാൽപത് വർഷങ്ങൾക്ക് മുമ്പുള്ള ഓർമ്മയാണിത്. മുനിപൂജയും മുണ്ടിയൻ പൂജയും വീട്ടിൽ അവസാനമായി നടത്തിയത് മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പാണ് എന്നാണ് എന്റെ ഓർമ്മ. ഇന്നും പല സ്ഥലങ്ങളിലും നടത്തുന്നുണ്ട്. ഓരോരോ വിശ്വാസങ്ങളും ആചാരങ്ങളും. മനുഷ്യൻ ഉള്ളിടത്തോളം ഇതെല്ലാം ഒളിഞ്ഞും തെളിഞ്ഞും നടക്കും. പുതിയ തലമുറയൊഴിച്ച് അതായത് ഇപ്പോൾ ഒരു നാൽപതോ അതിലധികമോ വയസ്സായവർ ഏകദേശം ഇതുപോലെയുള്ള ആചാരാനുഷ്ഠാനങ്ങൾ ഒക്കെ കണ്ടും കേട്ടും അറിഞ്ഞും ആസ്വദിച്ചും അനുഭവിച്ചും ഒക്കെയായിരിക്കും വളർന്നിട്ടുണ്ടാവുക.