ADVERTISEMENT

പാതിമുഖം മറച്ച മുടിയിഴകൾ മാടിയൊതുക്കവെ അവളവനോട് ചോദിച്ചു "അപ്പോൾ അവരോ?" അവളെ ഒന്നുകൂടെ മുറുക്കിപ്പിടിച്ച് കൊണ്ട് അവൻ പറഞ്ഞു.. "അവൾക്കെന്നെ വേണ്ടാ, എന്റെ പൈസ മാത്രം മതിയല്ലോ.." ഞാൻ കഷ്ടപ്പെടുന്നത് ഒന്നും അവള് കാണുന്നില്ല.. ഓരോ തവണ അവധിക്ക് നാട്ടിൽ വന്നാലും എന്തെങ്കിലും പറഞ്ഞു വഴക്ക് കൂടുന്നത് അവളൊരു പതിവാക്കിയല്ലോ.. എന്നോടുള്ള അതൃപ്തിയാണോ, അതോ എന്റെ സഹോദരങ്ങളോടുള്ള വെറുപ്പോ.. അതോ വയസായ എന്റെ മാതാപിതാക്കളോടുള്ള അവജ്ഞയോ.. അടിപിടി, ദേഷ്യപ്പെടൽ എന്നും എപ്പോഴും.. കൂട്ടത്തിലുള്ള ഒരേയൊരു ആൺതരിയാണ്, ചെറുപ്പത്തിൽ ചേച്ചിമാർ എന്നെ സ്നേഹിക്കാൻ മത്സരിക്കുകയായിരുന്നു, കുറച്ചൊക്കെ നിനക്കും അറിയാലോല്ലെ.. എന്റെ വസ്ത്രങ്ങൾ അലക്കിത്തരാനും കുളിപ്പിക്കാനും കൂടെയിരുന്ന് ബാലപാഠങ്ങൾ പഠിപ്പിക്കാനും എല്ലാം എല്ലാം... അങ്ങനെ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന കാലം... അയാളോർത്തു, കോളജ് പഠനം കഴിഞ്ഞു ഒരു ജോലി തരപ്പെടുത്താൻ മദ്രാസിലേക്ക് വണ്ടി കയറിയതാണ്.. അന്ന്, പോകുമ്പോൾ ഒരു സ്വപ്നം മനസ്സിലെവിടെയോ മുള പൊട്ടിയിരുന്നു.. തന്റെ ചേച്ചിയുടെ കൂടെ സ്കൂളിൽ പോയിരുന്ന പെൺകുട്ടി,   അവള് തന്റെ കണ്ണിലൂടെ മനസ്സിൽ കയറിക്കൂടി.. ആരോടും പറഞ്ഞില്ല, അന്ന് പറയാൻ ധൈര്യമുണ്ടായില്ല എന്ന് വേണം പറയാൻ.. ഇഷ്ടം മനസ്സിൽ സൂക്ഷിച്ചു.. ഒരു ജോലി സമ്പാദിച്ചതിന് ശേഷം മാത്രം പറയാമല്ലോ എന്ന് കരുതി.. 

മദ്രാസിലെ ചെറിയ ജോലിയിൽ നിന്നു ഏതാനും വർഷങ്ങൾക്ക് ശേഷം  കങ്കാരുവിന്റെ നാട്ടിലേക്ക്, നല്ലൊരു കമ്പനിയിൽ മാന്യമായൊരു ജോലി തരപ്പെട്ടു, അതും മദ്രാസിലെ ചില ബന്ധങ്ങളിൽ നിന്നും തരപ്പെടുത്തിയത്. വർഷങ്ങൾ ഏറുന്നത് പോലെ  മനസിലെ സ്വപ്നവും വളർന്നു തളിർത്തു.. നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും നാട്ടിലേക്ക്, അത്യാവശ്യം നല്ല ജോലിയും ശമ്പളവും,  ഒരു വിദേശിയുടെ പത്രാസുമായി... നാട്ടിലാണെങ്കിൽ മകന്റെ വരവ് നോക്കിയിരിക്കുന്ന അച്ഛനും അമ്മയും സഹോദരങ്ങളും.. കൂടാതെ വീട്ടിൽ കയറിയിറങ്ങുന്ന, നാട്ടിലെ ഒട്ടുമിക്ക കല്യാണ ബ്രോക്കർമാരും.. അങ്ങനെ നാട്ടിലെത്തി, പലപല സുന്ദരിമാരുടെ വിവിധ ഫോട്ടോകൾ നിരത്തി വെച്ച് ബ്രോക്കർമാർ തന്റെ വൈദഗ്ധ്യം തെളിയിച്ചുകൊണ്ടേയിരുന്നു. അവരുണ്ടോ അറിയുന്നു, ഒരു ചന്തക്കാരി തന്റെ മനസ്സിലുടക്കിയ കാര്യം.. മകൻ വന്നാലുടനെ, കല്യാണം നടത്താൻ നാട്ടിലെ ഒരു പ്രമാണിയുടെ സുന്ദരിയായ മകളെ നോക്കിയും വെച്ചു കാത്തിരിക്കുകയാണ് അച്ഛൻ.. അവരുടെ മുന്നിൽ സ്വന്തം ഇഷ്ടം പറയാൻ മടിയുണ്ടായില്ല തനിക്ക്,  ഇഷ്ടം കേട്ടപ്പോൾ വീടാകെ തരിച്ചു മൂക്കിൻമേൽ വിരൽവെച്ചു.. "അവനിതെന്തിന്റെ കേടാണ്" ചേച്ചിമാരും അമ്മയും... തങ്ങൾക്ക് ചേരാത്ത ഈ ബന്ധത്തിന് കൂട്ടുനിൽക്കാൻ വീട്ടുകാർ തയാറായില്ല എങ്കിലും അവളുടെ ചന്തത്തിൽ വീണുപോയ തന്നെ പിന്തിരിപ്പിക്കാൻ വീട്ടുകാർക്കുമായില്ല.. തന്റെ വാശി എന്നുതന്നെ പറയാം, അങ്ങനെ ഭുവനയെ സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി.. 

ആദ്യകാലങ്ങൾ വളരെ സുന്ദരമായി പോയി. ഓരോ വരവിലും ഓരോ കുഞ്ഞുങ്ങൾ.. അങ്ങനെ കഴിയവേ പെട്ടന്നാണ് സംഗതികൾ തകിടം മറിഞ്ഞത്, എന്തിനാണെന്നറിയില്ല തന്റെ ഓരോ വരവിലും എന്തെങ്കിലും പറഞ്ഞു അടികൂടുന്നത് അവളൊരു പതിവാക്കി. തന്റെ അസാന്നിധ്യം ചിലപ്പോൾ അടിയുടെ രൂപത്തിൽ ആവുന്നതാണോ എന്ന് കരുതി ഭുവനയെയും കുട്ടികളെയും കൊണ്ട് പറന്നു തന്റെ ജോലിസ്ഥലത്തേക്ക്... അധികം കഴിയേണ്ടിവന്നില്ല, അവിടെയും അവൾക്ക് ഇഷ്ടമായില്ല... ഒരു വർഷം എങ്ങനെയോ കഴിച്ചുകൂട്ടി പിന്നെ നാട്ടിലേക്ക് വരാൻ വാശിപിടിച്ചു അവള്.. സഹിക്കാൻ വയ്യാതെ ആയപ്പോൾ വീണ്ടും നാട്ടിലേക്ക്.. എന്നിട്ടും വഴക്കിന് മാത്രം ഒരു കുറവും ഉണ്ടായില്ല...തകർന്നു പോയി, ഇഷ്ടപ്പെട്ട ജോലി, ആശിച്ച പെൺകുട്ടി.. അവളുടെ ഇഷ്ടത്തിനൊത്ത് നല്ലൊരു വീടുമുണ്ടാക്കിക്കൊടുത്തു.. താനാശിച്ചു, ഒരു മാറ്റം അവളിൽ ഉണ്ടായേക്കാമെന്ന്... ഋതുക്കൾ മാറിമറിഞ്ഞു വന്നതല്ലാതെ അവളിലൊരു മാറ്റവും കണ്ടില്ല, എന്ന് മാത്രമല്ല തന്നേക്കാളേറെ തന്റെ സമ്പത്തിനെയാണ് അവള് സ്നേഹിച്ചത് എന്ന തിരിച്ചറിവ് അയാളെ തളർത്തി.. നാട്ടിലേക്കുള്ള വരവ് വല്ലപ്പോഴുമാക്കി. അങ്ങനെ, ഒരു വരവ് തന്റെ ജീവിതത്തെ ആകെപ്പാടെ മാറ്റിമറിച്ചത് ഇന്നും അതിശയകരമായി മാത്രമേ തനിക്ക് ഓർമ്മിക്കാൻ പറ്റുന്നുള്ളൂ...

അന്ന്, സ്കൂളിൽ പഠിക്കുമ്പോഴാണ് താൻ ശ്രീജയെ കാണാൻ ഇടവന്നത്, ഒരു മിടുക്കിയായിരുന്ന അവള് തന്റെ സ്കൂളിലേക്ക്, ഏഴാംക്ലാസിലേക്ക് വന്നു ചേരുകയായിരുന്നു. അന്ന് മത്സരമായിരുന്നു രണ്ടുപേരും, ആരു ഒന്നാമതാവും ആരു ആരെ തോൽപ്പിക്കുമെന്ന്.. ആ മത്സരത്തിലും ഒരു സുഖമുണ്ടായിരുന്നു,  അയാളോർത്തു.. പത്തിൽ പഠിച്ചു സ്കൂൾ വിട്ടതിനു ശേഷം തമ്മിൽ കണ്ടിരുന്നുമില്ല. ഇന്നത്തെപ്പോലെ അന്ന് മൊബൈൽ ഫോൺ ഒന്നുമുണ്ടായിരുന്നില്ലല്ലോ, കാണാനും സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും... കുറച്ച് വർഷങ്ങൾക്കു മുന്നേ ഒരു ദിവസം നാട്ടിലേക്ക് എത്തിയ നാളുകളിലായിരുന്നു,  അമ്പലത്തിലെ ഉത്സവത്തിന് താലം എടുത്തിരുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ എവിടെയോ മറന്ന ഇവളുടെ മുഖം താൻ തിരഞ്ഞെടുത്തത്. താലം അകമ്പടിയോടെ, കുളികഴിഞ്ഞ് വന്ന ദേവിയെ ഇരുത്തിയിട്ട് വീണ്ടും മേളക്കൊഴുപ്പിലേക്ക് പോയി, കൂട്ടത്തിൽ ആ മുഖവും അപ്രത്യക്ഷമായി. ഏറെ നേരം അവളുടെ വരവും നോക്കിനിന്ന താൻ, കാണാതെ തിരിച്ചു, വീട്ടിലേക്ക്, മനസ്സില്ലാമനസ്സോടെ.. 

പിറ്റേന്നും വന്നു അമ്പലത്തിലേക്ക്, അവളെയെങ്ങാനും കണ്ടാലോ, മനസ്സ് വല്ലാതെ മോഹിക്കുന്നു, ഒന്ന് കാണാൻ, പണ്ടത്തേത് പോലെ സംസാരിക്കാനും.. തനിക്ക് ജോലി കിട്ടി, ഇഷ്ടപ്പെട്ട കുട്ടിയുമായി കല്യാണവും കഴിഞ്ഞു, അവളെ തന്റെ കല്യാണത്തിന് വിളിച്ചതുമില്ല.. അന്യനാട്ടിൽ നിന്ന് എത്രയോ തവണ അവധിക്ക് വന്നതാണ്, ഒരിക്കൽ പോലും ഇങ്ങനെയൊരു തോന്നലുണ്ടായിട്ടില്ല മനസ്സിൽ.. അമ്പലത്തിൽ കയറി കൈകൂപ്പി നിൽക്കുമ്പോൾ ദേവിയുടെ രൂപത്തിൽ ഇപ്പോൾ കാണുന്നത് ശ്രീജയെയാണ്. തൊഴുതു, ശ്രീകോവിലിനു പുറത്തേക്ക് കടക്കുമ്പോൾ, നേരിയ ചിരിയോടെ അതാ മുന്നിൽ, അവൾ.. മനസ്സ് സന്തോഷംകൊണ്ട് മേളം കൊട്ടാൻ.തുടങ്ങി. "നിന്നെ ഇന്നലെ ഞാൻ കണ്ടിരുന്നു, താലം കഴിഞ്ഞ് വന്നപ്പോൾ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നല്ലോ അത്കൊണ്ട് വേഗം തന്നെ വീട്ടിലേക്ക് പോയി" അവളുടെ സങ്കോചമില്ലാത്ത സംസാരം, പഴയത് പോലെത്തന്നെ... ഇത്രയും കാലം നീ എവിടെയായിരുന്നു, എന്താണ് ജോലി, അങ്ങനെ ഒരു നൂറു ചോദ്യങ്ങളുമായി അവള് മുന്നിൽ വിടർന്ന കണ്ണുകളോടെ.. എന്ത് പറയണമെന്നറിയാതെ താനും..

അവളുടെ ചോദ്യങ്ങൾക്ക് ഉത്തരമെന്നോണം, അവളുടെ വിരലുകളിൽ പിടിച്ച്, അടുത്തുള്ള ചായക്കടയിലേക്ക് നടന്നു, അവളും ഒരു പത്താംക്ലാസുകാരിയായി അപ്പോൾ.. കൂടെ നടക്കുമ്പോൾ അന്നത്തെ അതേ കലപില സംസാരം തന്നെയായിരുന്നു അവൾക്ക്, താനിപ്പോഴും കേൾക്കാൻ കൊതിക്കുന്നുവോ അവളുടെ  ഈ വാചലതയെ, സ്വയം ചോദിച്ചു. കടയിൽ ചെന്ന് ചായ കുടിക്കുന്നതിനിടക്ക് അവളുടെ വീട്ടിലെ വിശേഷങ്ങൾ പങ്കുവെച്ചു.. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ, ഒരു കല്യാണാലോചന വന്നു, ചെറുക്കൻ ഡെപ്യൂട്ടി തഹസിദാർ, ഒന്നും നോക്കിയില്ല, അച്ഛൻ പിടിച്ച് കല്യാണവും കഴിപ്പിച്ചു വിട്ടു.. സുന്ദരമായ ആദ്യകാലങ്ങളിൽ ഒരുണ്ണിയും പിറന്നു.. ഇടയ്ക്ക് മാറ്റമുള്ള ജോലിയായതിനാൽ കുഞ്ഞിനെയും തന്നെയും വീട്ടിൽ നിർത്തി. കുറച്ച് കാലം അങ്ങനെ കഴിഞ്ഞ്, മോന്റെ പഠിപ്പും ഒക്കെ തുടങ്ങിയപ്പോൾ തന്റെ ഭർത്താവ്, സന്തോഷേട്ടനെ നിർബന്ധിച്ചപ്പോൾ തന്നെ കൂടെക്കൊണ്ട് പോയി. അന്ന് കണ്ണൂർ ആയിരുന്നു ജോലി.. 

കുറച്ച് കാലം സന്തോഷമായി കടന്നു പോയി. പിന്നെ, സന്തോഷ് ചേട്ടൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് വളരെ വൈകിയാണ്.. ആദ്യമൊക്കെ കണ്ടില്ലെന്നു വെച്ചു.. താനും മോനും കാത്തിരുന്നു ചിലപ്പോൾ ആഹാരം കഴിക്കാതെ തന്നെ കിടന്നുറങ്ങും.. രാത്രി എപ്പോഴോ ആണ് വീട്ടിലേക്ക് വരാറ്.. ചേട്ടന്റെ കൂട്ടുകാരിൽ നിന്നുമറിയാൻ കഴിഞ്ഞു, അയാൾ കൂടെ ജോലി ചെയ്യുന്ന അനിതയുമായി അടുപ്പത്തിലാണ് എന്ന്.. ചോദിക്കാൻ ചെന്നപ്പോൾ അയാളുടെ സ്വഭാവവും മാറി.. എന്നോട് ദേഷ്യപ്പെടാനും ഇടയ്ക്ക് തല്ലാനും തുടങ്ങി.. മാത്രമല്ല, അയാളിലെ ദുർമൂർത്തി ഇടയ്ക്കിടക്ക് ദംഷ്ട്ര കാണിച്ചു തന്നെ ഉപദ്രവിക്കുക കൂടി പതിവാക്കി. വീട്ടിലെന്നും ഇടിയും അടിയും ബഹളവും, മോന്റെ പഠിപ്പിനെയത് സാരമായി ബാധിച്ചു മാത്രമല്ല തന്റെയും ആരോഗ്യവും മന:സമാധാനവും തകർന്നു, എന്നാലുമയാളുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല.. അങ്ങനെ കുഞ്ഞിനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് വന്നതാണ്, മോനിപ്പോൾ നാട്ടിലെ കോളജിലാണ് പഠിക്കുന്നത്. ഒരു പ്രീഡിഗ്രിക്കാരിക്ക് എന്ത് ജോലിയാണ് കിട്ടുക, സ്വന്തമായി ഒരു തയ്യൽകടയിട്ട് മോന്റെ കൂടെ സമാധാനമായി ജീവിക്കുന്നു, എന്നും പറഞ്ഞു അവളുടെ കണ്ണുനീർ നിറഞ്ഞ വിടർന്ന കണ്ണുകൾ അവനിലുടക്കി നിന്നു.

അന്ന് താനും മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചു, അയാൾ ഓർമ്മകളിലേക്ക് ഊളിയിടുന്നത് അവളറിഞ്ഞു, നീണ്ട ഒരു ചുംബനം തന്റെ നെറ്റിയിലമർന്ന് അലിഞ്ഞു ചേരുന്നതും... ഇപ്പോൾ മൊബൈൽ ഫോണുണ്ടല്ലോ, എന്നും എപ്പോഴും സംസാരിക്കാലോ.. അവരു തമ്മിൽ പങ്കുവെക്കാത്ത ഒരു കാര്യവുമില്ല. ജീവിതം ഇങ്ങനെയും സുന്ദരമാക്കാമല്ലെ, ഓരോ വരവിലും അവളെക്കാണാനുള്ള ത്വര അടക്കാൻ കഴിഞ്ഞിരുന്നില്ല അയാൾക്ക്, അല്ലെങ്കിൽ ഇപ്പോഴുള്ള വരവുകൾ ഇവൾക്ക് വേണ്ടിത്തന്നെയായിരുന്നില്ലേ.. എന്തെങ്കിലും കാരണമുണ്ടാക്കി ഇവളെക്കാണാൻ വരുന്ന താൻ... ഒരു നാട്ടിൽ ജനിച്ച് വളർന്നിട്ടും തമ്മിൽ കാണാതെ പോയ സ്നേഹം.. ഇപ്പോളിതെന്റെ ജീവശ്വാസമാണ്, "എഴുന്നേൽക്കുന്നില്ലേ, നേരം പത്ത് മണിയായി.." ചിരിച്ചു കൊണ്ട് തന്നെ ചേർന്നിരിക്കുന്നു ശ്രീജ, കൈയ്യിൽ ഒരു കപ്പ് കാപ്പിയുമായി.. ഇവൾ എപ്പോൾ എഴുന്നേറ്റ് പോയി.. ഒന്നും അറിഞ്ഞില്ല, ഓർമ്മകളിൽ മുങ്ങിപ്പൊങ്ങുകയായിരുന്നു താൻ.. വന്നിട്ട് ഒരാഴ്ചയായി, ലീവ് കഴിഞ്ഞ് പോകാനുള്ള ദിവസമാണിന്ന്. "പോകരുത് എന്ന പോലെ അവളുടെ കൈകൾ തന്നെ വരിഞ്ഞു..." ഇവളിലേക്ക് വന്നിട്ട് കുറച്ച് വർഷമായി, ഇപ്പോഴും, താൻ തിരിച്ച് പോകാൻ നേരം അവള് വിതുമ്പും, ഒരു കൊച്ചുകുട്ടിയെപ്പോലെ...

പെട്ടന്നാണ്, ശ്രീജ തന്നിലേക്ക് കുഴഞ്ഞ് വീണത്.. എന്ത് ചെയ്യണം എന്നറിയാതെ താനൊന്നു പതറി.. വേഗം തന്നെ അവളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു. പക്ഷാഘാതം വന്നു ഒന്ന് തലോടി അവളെ.. ഇവളെയിങ്ങനെ ഇട്ടിട്ട് പോകാനും വയ്യാത്ത അവസ്ഥ.. തനിക്ക് കിട്ടാത്ത സ്നേഹവും ലാളനയും തന്നവളാണ് ഒരു വശം തളർന്നു കിടക്കുന്നത്.. ഇവൾ ഇതുവരെ ഒരു നയാപൈസ പോലും തന്നിൽനിന്ന് ആവശ്യപ്പെട്ടിട്ടില്ല, താനറിഞ്ഞ് കൊടുക്കുന്നതല്ലാതെ.. തിരിച്ച്, അവളുടെ ജീവനായിരുന്നു തനിക്ക് തന്നത്.. താൻ സ്നേഹം എന്തെന്നറിഞ്ഞതും ഇവളിൽ നിന്നുമാണ്. ഇവളെ രക്ഷിച്ചേ മതിയാകൂ.. ഉടനെത്തന്നെ തന്റെ അവധി കൂട്ടിത്തരാൻ കമ്പനിക്ക് സന്ദേശം അയച്ചു കൊടുത്തു. വിദഗ്ധ ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമത്തിൽ അവൾക്ക് കഴിഞ്ഞതെല്ലാം നേർത്ത ഒരു രേഖപോലെ ഓർമ്മയിൽ തെളിഞ്ഞുവന്നു. തന്റെ സാമീപ്യം ഏറെ അവള് ആഗ്രഹിക്കുന്നുണ്ടെന്ന് അവളുടെ വിടർന്ന, എന്നാല് ക്ഷീണിച്ച കണ്ണിലൂടെ ഒഴുകുന്ന കണ്ണുനീർ വിളിച്ച് പറയുന്നുണ്ട്.. ഇനി ചെറിയ ശാരീരിക വ്യായാമവും മരുന്നും കൊണ്ട് രണ്ട് മൂന്ന് മാസത്തിനകം അവള്  പഴയത് പോലെ ആവുമെന്ന് കേട്ടപ്പോൾത്തന്നെ തനിക്ക് ആശ്വാസമായി... എങ്കിലും അവളെ വിട്ടുപോകാതെ വയ്യ, അവധി ഒരാഴ്ചയിൽ കൂടുതൽ കിട്ടിയില്ല.. സ്വന്തം വീട്ടിൽ സഹായിക്കുന്ന സ്ത്രീയെ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു ശ്രീജക്ക് തുണയായി നിർത്തി.. അതിനു ഭുവനയുടെ കൈയ്യിൽ നിന്ന് വാങ്ങിക്കാത്ത ചീത്തവാക്കില്ല, പിന്നെ, അവള് പണ്ടേ അതിനു മിടുക്കിയുമാണ്..

താൻ നാട്ടിൽ നിന്ന് ജോലിസ്ഥലത്ത് വന്നാലും എന്നും അവൾക്ക് തന്നെ കണ്ടു സംസാരിക്കണം.. അതും ചികിത്സയുടെ ഒരു ഭാഗമായിരുന്നു, തന്റെ സാമീപ്യമാണ് അവൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ മരുന്ന്. അത് താൻ ആവോളം കൊടുക്കുന്നുണ്ട്.. തന്റെ ജോലി കഴിഞ്ഞ് വന്നാൽ പിന്നെ ഉറങ്ങുന്നത് വരെ വീഡിയോ കോൾ ചെയ്തു അവളുടെ കൂടെത്തന്നെയാണ്. സോഷ്യൽ മീഡിയ വന്നതുകൊണ്ട് ഇപ്പൊൾ ഇത്തരത്തിലുള്ള ഗുണങ്ങളുണ്ട്, അത് പറയാതെ വയ്യ, അയാളോർത്തു. അവളുടെ മോന്റെ, അറിഞ്ഞിട്ടും അറിയാതെയുള്ള, അമ്മയും താനുമായുള്ള ബന്ധത്തിനുള്ള പിന്തുണ, അവൾക്കേറെ ആശ്വാസമായിരുന്നു.. മോനിന്ന് വലിയ ആളായിരിക്കുന്നു. അവൻ പഠിച്ചു മിടുക്കനായി ഇപ്പൊൾ വിദേശത്ത് നല്ലൊരു കമ്പനിയിൽ ഉദ്യോഗസ്ഥനാണ്.. അതിനു കുറച്ചേറെ പരിശ്രമം തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.. കാരണം, ശ്രീജ.. അവള് സങ്കടപ്പെടുന്നതു തനിക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്.. നല്ലൊരു ജോലി കിട്ടാത്തത് കൊണ്ട് മോനുള്ള വിഷമം അവള് ഇടയ്ക്കിടെ തന്നോട് പറയാറുണ്ട്... താൻ തന്നെ മുൻകൈ എടുത്ത് നല്ലൊരു കമ്പനിയിൽ ജോലിയും വാങ്ങിക്കൊടുത്തു. ഇപ്പൊൾ തന്റെ ശ്രീജ വളരെ സന്തോഷവതിയാണ്, താനും, അതുപോലെത്തന്നെ തന്റെ കുടുംബവും.. 

മക്കളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും തനിക്ക് നല്ലപോലെ സന്തോഷത്തോടെ നിറവേറ്റാൻ പറ്റുന്നുണ്ട്.. എന്തിനും ഏതിനും ഒരു കൂട്ട്, അത് ആണിനും അതുപോലെത്തന്നെ പെണ്ണിനും വളരെ അത്യാവശ്യമാണ്.. ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാൻ തനിക്കും ഭുവനക്കും കഴിഞ്ഞില്ലെങ്കിലും കുട്ടികളുടെ കാര്യത്തിൽ ഒരുമിച്ച് നിൽക്കാനും അവരെ നല്ലരീതിയിൽ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കാനും കഴിഞ്ഞത് ഒരു പരിധി വരെ ശ്രീജയുടെ കരുതൽ തന്നെയാണ്.. ഇന്നത്തെ കാലത്ത് പല ദാമ്പത്യങ്ങളുടെയും സ്ഥിതി മറിച്ചല്ല.. തകർന്നു പോയിട്ടും മക്കൾക്ക് വേണ്ടി പിടിച്ച് നിൽക്കുന്ന ജീവിതങ്ങൾ.. പലരും പറയാൻ മടിക്കുന്ന ചില സത്യങ്ങൾ മാത്രം... അയാൾ ആലോചിച്ചു..

English Summary:

Malayalam Short Story Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com