ഭാര്യ മരിച്ചു, അന്നു മുതൽ പഴയ സ്കൂൾ കൂട്ടുകാരി അമിത സ്വാതന്ത്ര്യം കാണിക്കുന്നു, നിരന്തരമായി വീട്ടിൽ വരുന്നു...
Mail This Article
ആൻഡ്രോയിഡ് ഫോണുകളോടാണ് അയാൾക്ക് എന്നും പ്രിയം. ഐ ഫോൺ വരേണ്യതയെ അയാൾ ഇഷ്ടപ്പെട്ടില്ല. ആൻഡ്രോയിഡ് പാവപ്പെട്ടവന്റെ തോഴനായും ഐ ഫോൺ സമ്പന്നതയുടെ പ്രതീകമായും ഒരു ഇടതു പക്ഷ അനുഭാവിയായ വികാസ് കണ്ടു. ഒരെഴുത്തുകാരൻ കൂടിയായതുകൊണ്ട് മലയാളത്തിൽ എഴുതാൻ ആൻഡ്രോയിഡ് അയാളെ വല്ലാതെ തുണച്ചു. ഐ ഫോൺ ആപ്പുകളെ അയാൾ വെറുത്തു. ഗൂഗിൾ നോട്ട്സിൽ വിരൽ കൊണ്ടെഴുതി ഫേസ്ബുക്കിൽ കോപ്പി പേസ്റ്റ് ചെയ്യാൻ അയാൾ ഇഷ്ടപ്പെട്ടു. കടലാസിൽ പേന കൊണ്ടെഴുതുന്നതിനപ്പുറം മൊബൈൽ സ്ക്രീനിൽ വിരൽ തൊട്ടെഴുതുമ്പോൾ ഹൃദയവും ആത്മാവും വിരലിലൂടെ അക്ഷരരൂപങ്ങൾ സൃഷ്ടിക്കുന്നത് അയാളിൽ അമിതാവേശമുണർത്തി. അങ്ങനെ അയാളൊരു ആൻഡ്രോയിഡ് ആരാധകനായി മാറി.
"രണ്ടു പേർക്കും നാൽപതു കഴിഞ്ഞില്ലേ? ഇനിയീ ഇൻഡിക്ക മാറ്റരുതോ? ഒരു മുന്തിയ കാർ നമുക്കും ആയിക്കൂടേ? ആരെയും കാണിക്കാനല്ല. എത്ര മാത്രം യാത്ര ചെയ്യുന്നവരാ നമ്മൾ. ഒരു നല്ല SUV നമുക്ക് പാടില്ല എന്നാണോ?" മുംതാസിന്റെ ആ നിർദ്ദേശം വികാസ് ആ നിമിഷം തന്നെ സമ്മതിച്ചംഗീകാരം നൽകി എന്നു മാത്രമല്ല ഏത് ബ്രാൻഡാവണം പുതിയതെന്നു കൂടി നിർദ്ദേശിക്കാൻ മുംതാസിനോടാവശ്യപ്പെട്ടു. അവിടെ മുംതാസ് സാമാന്യം നല്ല സാമ്പത്തിക ശാസ്ത്രം തന്നെ വികാസിനു മുന്നിൽ അവതരിപ്പിച്ചു. "എനിക്ക് എല്ലാം പോയിട്ട് കയ്യിൽ കിട്ടുന്നത് ഇത്ര. നിനക്കിത്ര. ഒരു 15000 വരെ മാസം അടയ്ക്കാം. പത്തു വർഷം ഇരുന്നോട്ടെ. നമുക്കിനി സർവീസ് പത്തു വർഷത്തിലധികമുണ്ടല്ലോ. അപ്പോൾ ഹ്യുണ്ടായ് ആയാലോ. ക്രെറ്റ. എനിക്ക് ഭയങ്കര ഇഷ്ടമാ"
വികാസും മുംതാസും സെക്രട്ടേറിയേറ്റിൽ അണ്ടർ സെക്രട്ടറിമാർ. മൂന്നാലു വർഷത്തിന്റെ ഇടവേളയിൽ അസിസ്റ്റന്റായി സെക്രട്ടേറിയേറ്റ് സർവീസിൽ കയറിയതാണിരുവരും. ക്രമേണ പരിചയമായി. പരിചയം പ്രണയമായി. മുംതാസിന്റെ വാപ്പയും വികാസിന്റെ അച്ഛനും പുരോഗമന ചിന്താഗതിക്കാരായതുകൊണ്ട് വികാസ് നായർക്ക് മതപരിവർത്തനമോ മറ്റ് പ്രശ്നങ്ങളോ കൂടാതെ സംഗതി എളുപ്പമായി. വികാസിന്റെ കൃഷ്ണ ഭക്തയായ അമ്മയും മുംതാസിന്റെ കടുത്ത മത വിശ്വാസിയായ ഉമ്മയും പരസ്പരം സംസാരിച്ചൊടുവിൽ എത്തിച്ചേർന്ന എഗ്രിമെന്റ് പ്രകാരം ട്രിവാൻഡ്രം ക്ലബിൽ വച്ച് ഇരുവരും ഒരു അഡ്ജസ്റ്റ്മെന്റിൽ വിവാഹിതരായി.
വിശ്വാസങ്ങളിൽ അവർ പരസ്പരം സ്വാതന്ത്ര്യം അനുവദിച്ചു. സെക്സിനെക്കുറിച്ചു പോലുമുള്ള അവരുടെ ബോധ്യം സദാചാരവാദികൾക്ക് ഉൾക്കൊള്ളാനാകുന്നതല്ല. ദാമ്പത്യത്തിൽ ഭാര്യയും ഭർത്താവും പരസ്പരം മാത്രം എന്നതിനപ്പുറമാണ് സെക്സ് എന്നവർ ഉറച്ചു വിശ്വസിച്ചു. തനിക്കിഷ്ടമുള്ള മറ്റൊരു പുരുഷനുമായി അവൾക്കും അതുപോലെ മറ്റൊരു സ്ത്രീയുമായി അയാൾക്കും ശാരീരിക ബന്ധത്തിന് സ്വാതന്ത്ര്യമുണ്ടെന്ന പരസ്പര ധാരണ അവരിൽ ഉണ്ടായിരുന്നുവെങ്കിലും ആ സ്വാതന്ത്ര്യം ഇരുവരും ഇതുവരെയും എടുത്തിട്ടില്ല. വികാസിന്റെ ചില വിദൂരബന്ധങ്ങൾ എന്നതിനപ്പുറം ഒരു ചാറ്റിനു പോലും മുംതാസ് പോയില്ല. ആ സ്വാതന്ത്ര്യം വികാസ് എടുത്താലും സ്വകാര്യതയുടെ പരിധി ലംഘിച്ച് അയാൾ പോകില്ലെന്നും അയാളുടെ ബന്ധങ്ങളൊന്നും തന്നെ തങ്ങളുടെ ദാമ്പത്യത്തെ ബാധിക്കില്ലെന്നും മുംതാസിന് ഉറപ്പായിരുന്നു.
പ്രണയമില്ലാതെന്തു സെക്സ് എന്നായിരുന്നു മുംതാസിന്റെ ചോദ്യം. എന്നാൽ സെക്സിൽ പ്രണയം ഉണ്ടെങ്കിൽ അത് കൂടുതൽ തീവ്രമാകും എന്നല്ലാതെ അത് കൂടുതലും ശരീരത്തിന്റെ ആവശ്യം മാത്രമാകയാൽ പ്രണയം അത്യാവശ്യമല്ല എന്നായിരുന്നു വികാസിന്റെ വാദം. മാത്രമല്ല രണ്ടു പേർ തമ്മിലങ്ങനെ തുടരുമ്പോഴുള്ള ദീർഘകാല മുഷിപ്പിന് ആരോഗ്യകരമായ വിവാഹേതര ബന്ധങ്ങൾ നല്ലതാണ് എന്നും വികാസ് വാദിച്ചു. അത് സമ്മതിക്കുമ്പോഴും അത്തരം ബന്ധങ്ങളിൽ, കടുത്ത സ്വകാര്യത കാത്തു സൂക്ഷിണമെന്നും അത് പരിധി വിട്ട് ദാമ്പത്യത്തെ ബാധിക്കുന്നതാകരുതെന്നും മുംതാസും വാദിച്ചു. എന്നു കരുതി അതാണ് ജീവിതത്തിൽ പ്രധാനമെന്നൊന്നും ഇരുവരും കരുതിയതുമില്ല.
അയാളുടേതായ ചില പ്രശ്നങ്ങൾ കൊണ്ട് അവർക്ക് കുഞ്ഞുങ്ങളുണ്ടായില്ല. ചികിത്സകളൊന്നും ഫലിച്ചതുമില്ല. ഒരു കുട്ടിയെ ദത്തെടുക്കണം എന്നിരുവർക്കുമാഗ്രഹമുണ്ടായിരുന്നുവെങ്കിലും എന്തുകൊണ്ടോ അത് നടന്നില്ല. ചിലനേരം അവൾ അയാൾക്ക് മകളും അയാൾ അവൾക്ക് മകനും എന്ന പോലെയും ആയിരുന്നു എന്നതുകൊണ്ട് കുഞ്ഞുങ്ങളില്ലാത്തത് സാധാരണ ദമ്പതികളെപ്പോലെ അവർക്കിടയിൽ ഒരു പ്രശ്നമായതുമില്ല. കേവല ദാമ്പത്യത്തിനപ്പുറം പലവിധ ബന്ധങ്ങൾ സമ്മേളിച്ച ഒന്നായിരുന്നു അവർ തമ്മിലുള്ളതെന്ന് പറയാം.
ഏതായാലും SBI ലോണിന്റെ പുറത്ത് അവരുടെ കാർ ഷെഡ്ഡിൽ കറുത്ത ക്രെറ്റ സ്വപ്ന സാഫല്യമായി കിടക്കുക മാത്രമല്ല അത് ഇരുവരെയും കൊണ്ട് മൂന്നാറും കൊടൈക്കനാലും മസനഗുഡിയും ഒക്കെ കറങ്ങി നടക്കുകയും ചെയ്തു. വികാസിനെക്കാൾ ഭംഗിയായി മുംതാസ് ഡ്രൈവും ചെയ്യും. രണ്ടു പേരും ഇൻസ്റ്റയിലും എഫ്.ബിയിലും സജീവമായതിനാൽ ധാരാളം ഫോളോവേഴ്സുമുണ്ട്. അവരൊരുമിച്ചുള്ള റീലുകൾ എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു. രണ്ടു പേരുടെയും എപ്പോഴും ചിരിക്കുന്ന മുഖങ്ങൾ തങ്ങൾക്ക് വല്ലാത്ത ഉണർവാണ് സമ്മാനിക്കുന്നതെന്ന് ധാരാളം പേർ പറയുകയും ചെയ്തു.
സ്കൂൾ വാട്ട്സാപ്പ് ഗ്രൂപ്പ് മുംതാസിന് എന്നും ഏറെ പ്രിയപ്പെട്ടതാണ്. അതിലെ രാഷ്ട്രീയ വഴക്കുകളിൽ എപ്പോഴും മധ്യസ്ഥത നിന്ന് അതിനെ നിലനിറുത്തിപ്പോരുക എന്ന ഭാരിച്ച ഉത്തരവാദിത്വം മുംതാസ് സ്വയം ഏറ്റെടുത്തിരുന്നു. ഒരു ഞായറാഴ്ച പതിവുപോലെ അൽപം താമസിച്ചുണർന്ന് വാട്ട്സാപ്പ് നോക്കിയ മുംതാസ് വല്ലാതെ ഞെട്ടി. സ്കൂൾ ഗ്രൂപ്പിൽ ഹരീഷ് പങ്കുവച്ച ചിത്രവും എഴുത്തും അവളുടെ ഹൃദയത്തിൽ പൊള്ളലുകൾ സൃഷ്ടിച്ചു. "എന്റെ ഭാമ പോയി. ഇന്നു രാവിലെ. എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു. ഞാനുണർന്ന് നെഞ്ചിൽ നിന്ന് കൈ മാറ്റാൻ നോക്കിയിട്ട് കഴിഞ്ഞില്ല. അത് തണുത്ത് ഇരുമ്പുകമ്പി പോലെ ആയി മാറിയിരുന്നു. പിന്നെ ഞാനറിഞ്ഞു അവൾ പോയെന്ന സത്യം. ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. അറ്റാക്കായിരുന്നു. 11 ന് ഫ്ലാറ്റിൽ കൊണ്ടു വരും. ഇന്നലെ രാത്രി എന്നെക്കൊണ്ടെടുപ്പിച്ച ഫോട്ടോയാണ്. അവളിനി ഇല്ല. എല്ലാരും വരണം അവളെ യാത്രയാക്കാൻ." മുംതാസ് ഏങ്ങിക്കരയുന്നതു കേട്ടാണ് വികാസുണർന്നത്. അവൾ ഒന്നും പറയാതെ വാട്ട്സ്ആപ്പ് അവനെ കാണിച്ചു. വികാസും ഷോക്ക്ഡ് ആയി. " ജീവിതം.... ഹോ" എന്നൊക്കെ അവൻ പിറുപിറുക്കുന്നത് അർദ്ധബോധത്തിലെന്ന പോലെ അവൾ കേട്ടു.
ഫ്ലാറ്റിലെ പൊതു ഹാളിൽ ദേഹം പൊതുദർശനത്തിനു വച്ചു. വികാസിന്റെ ചുമൽ ചാരി നിന്ന മുംതാസ് ഇടയ്ക്കിടെ തേങ്ങി. ഒരു മൂലയ്ക്ക് നിന്ന ഹരീഷിന്റെ കണ്ണുകളിൽ നിർവികാരത തളം കെട്ടിക്കിടന്നു. ആരോടും അവൻ ഒന്നും മിണ്ടിയില്ല. ഒന്നാം ക്ലാസ്സു മുതൽ കണ്ടു തുടങ്ങിയതാണ് മുംതാസ് അവനെ. എന്നും ക്ലാസ്സിൽ ഒന്നാമൻ. പത്താം ക്ലാസ്സിൽ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതെത്തി. ആർക്കും പക്ഷേ അവനോട് അസൂയ ഉണ്ടായിരുന്നില്ല. അത്ര സ്നേഹത്തോടെ അവൻ എല്ലാവരോടും പെരുമാറി. എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന സ്വഭാവം. എന്തെങ്കിലും സംസാരിക്കാതെ ഹരീഷിനെ കാണുക പ്രയാസം ആ ഹരീഷ് നിർവികാരത മിഴികളിൽ നിറച്ച് ഒന്നും മിണ്ടാതെ. മുംതാസ് ഇടയ്ക്കിടെ അവനെ നോക്കി. ഒന്നടുത്തു ചെന്ന് അവനെ തന്റെ നെഞ്ചോടമർത്തി ആ ദുഃഖത്തിലൊരു പങ്ക് ആവാഹിച്ചെടുക്കാൻ ഒരു വേള അവൾ കൊതിച്ചു. പിന്നെ അവളത് ശരിക്കും ചെയ്തു. വികാസിൽ നിന്നടർന്നു മാറി എല്ലാവരും കണ്ടു നിൽക്കെ അവനെ കുറച്ചു നേരം തന്റെ മാറോടമർത്തി നിർത്തി. എന്നോ എവിടെയോ മറന്നു വച്ച ഒരു പേരറിയാ സ്നേഹത്തിന്റെ തൂവൽ തനിക്കു ചുറ്റും പാറി നടക്കുന്നത് അവളറിഞ്ഞു. വികാസ് വളരെ കൂളായി അവരുടെ അടുത്തു ചെന്ന് ഇരുവരെയും ആശ്വസിപ്പിച്ച് ആ രംഗത്തിൽ നിന്നും മറ്റുള്ളവരുടെ ശ്രദ്ധ മാറ്റി.
അന്നത്തെ ദിവസം മുംതാസ് വികാസിനോട് അധികം സംസാരിച്ചില്ല. ഇത്തരം സന്ദർഭങ്ങൾ മുമ്പും പലതുണ്ടായിട്ടും അപ്പോഴൊക്കെ അവയെ വളരെ കൂളായി നേരിട്ട അവളുടെ ഇത്തവണത്തെ ഭാവമാറ്റം വികാസിൽ ചെറിയ അമ്പരപ്പ് ഉളവാക്കാതിരുന്നില്ല. ഹരീഷിന്റെ ഫ്ലാറ്റിൽ പലരും വന്നും പൊയ്ക്കൊണ്ടിരുന്നു. മൃതദേഹം ദഹിപ്പിക്കാനായി ശാന്തികവാടത്തിലേക്ക് കൊണ്ടു പോയിക്കഴിഞ്ഞ് "ഇനി നമുക്ക് പൊയ്ക്കൂടേ?" എന്ന് വികാസ് ചോദിച്ചപ്പോൾ അടക്കിയ ശബ്ദത്തിൽ മുംതാസ് ദേഷ്യപ്പെട്ടു. "എന്താ വികാസ് ഇത്? ഒരു മര്യാദയൊക്കെ വേണ്ടേ നമുക്ക്? ഒന്നാം ക്ലാസ്സു മുതൽ കണ്ടു തുടങ്ങിയതാ ഹരീഷിനെ. ഞാനിപ്പോൾ ഇറങ്ങി വരുന്നത് ശരിയാണോ? വികാസ് പൊയ്ക്കോളൂ. ഞാൻ പുറകേ എത്തിക്കോളാം." അതൊരു പുതിയ മുംതാസായി അവന് അനുഭവപ്പെട്ടു. ഒന്നും പറയാതെ അവൻ ഫ്ലാറ്റിൽ നിന്നും പോയി. ഹരീഷിന്റെ നാലഞ്ചു ബന്ധുക്കളേ ആ സമയത്ത് ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുംതാസ് അടുക്കളയിൽ കയറി അവർക്കായി കട്ടൻ ചായ ഇട്ടു കൊടുത്തു. "ഹരീഷിന്റെ സുഹൃത്താണോ" എന്ന ആരുടെയോ ചോദ്യത്തിന് "അതെ" എന്നവൾ ഉത്തരം നൽകി. ചടങ്ങുകൾ കഴിഞ്ഞ് ഹരീഷും ചിലരും മടങ്ങിയെത്തുമ്പോഴും അവൾ ഫ്ലാറ്റിലുണ്ടായിരുന്നു. "വികാസ് പോയോ" എന്ന് ഹരീഷ് അന്വേഷിക്കുകയും "പോയി" എന്ന് മുംതാസ് ഉത്തരം നൽകുകയും ചെയ്തു.
ആളുകൾ വന്നും പോയും കൊണ്ടിരുന്നു. മുംതാസ് അടുക്കളയുടെ ചുമതല പൂർണമായും ഏറ്റെടുത്തു. തേയില, നാരങ്ങ തുടങ്ങി പലതും വാങ്ങാൻ ആളെ വിടാൻ ഹരീഷിന് നിർദ്ദേശം നൽകുകയും വരുന്നവർക്കെല്ലാം കട്ടൻചായയോ നാരങ്ങ വെള്ളമോ ഒക്കെ കൊടുക്കുകയും ചെയ്തു. സന്ധ്യ കഴിഞ്ഞതും രാത്രി വേഗത്തിൽ കടന്നു പോകുന്നതും മുംതാസറിഞ്ഞില്ല. "മുംതാസ് ഇനി പൊയ്ക്കോളൂ. മണി എട്ടു കഴിഞ്ഞു. വികാസിനെ വിളിക്കണ്ടേ കൂട്ടാൻ?" ഹരീഷിന്റെ ആ ചോദ്യമാണ് വാച്ചിലേക്കു നോക്കാൻ തന്നെ മുംതാസിനെ പ്രേരിപ്പിച്ചത്. "ഓ. സമയം ഇത്രയുമായോ? ഹരീഷിന് ഞാൻ കഞ്ഞി വച്ചു വച്ചിട്ടുണ്ട്. ചമ്മന്തിയുമുണ്ട്. എന്നാ ശരി. ഞാൻ പോട്ടെ. ഓട്ടോയിൽ പൊയ്ക്കോളാം." ഫ്ലാറ്റിന്റെ വാതിൽ തുറന്ന് ലിഫ്റ്റ് വരെ ഹരീഷ് അവളെ അനുഗമിച്ചു. ലിഫ്റ്റിൽ കയറാൻ നേരം മുംതാസ് അവനോടു പറഞ്ഞു, " ധാരാളം കരയണം. കരഞ്ഞു തീർക്കണം ആരും കാണാതെ." ഹരീഷിന്റെ കണ്ണുകൾ അപ്പോൾ ശരിക്കും നിറഞ്ഞു. അവളത് കാണുകയും ചെയ്തു. ലിഫ്റ്റ് താഴേക്ക് നീങ്ങി.
മുംതാസ് ചെല്ലുമ്പോൾ വികാസ് അടുക്കളയിലായിരുന്നു. "നീ വന്നോ. ഞാൻ ചപ്പാത്തിയും പൊട്ടറ്റോ സ്റ്റൂവും ഉണ്ടാക്കി. കുളിച്ചിട്ടു വാ." "നല്ല വിശപ്പുണ്ട് വികാസ്. നല്ല ക്ഷീണവും. കഴിച്ചാൽ ഞാനപ്പൊ ഉറങ്ങും" "അതിനെന്താ? പെട്ടെന്ന് കുളിച്ച് വന്നോ." തീൻ മേശയിൽ നല്ല സ്വാദുള്ള സ്റ്റൂ കൂട്ടി ചപ്പാത്തി കഴിക്കുമ്പോൾ മുംതാസ് ഒന്നും മിണ്ടിയില്ല, വികാസും. ഭക്ഷണം കഴിച്ച് അവൾ നേരേ ബെഡ് റൂമിലേക്ക് പോയി. എവിടെയോ ഒരു നേരിയ ഒഴിവാക്കലിന്റെയോ ഒറ്റപ്പെടലിന്റെയോ നൊമ്പരം തന്നിൽ പടരുന്നത് വികാസറിഞ്ഞു. ലിവിംഗ് റൂമിലെ സോഫയിൽ അവനും തളർന്നുറങ്ങി. പതിവു പോലെ വികാസുണർന്ന് ബെഡ് റൂമിൽ നോക്കിയെങ്കിലും മുംതാസിനെ കണ്ടില്ല. കുളിമുറിയിലെ ശബ്ദം മുംതാസിന്റെ സാന്നിധ്യം അറിയിച്ചു. അവൻ അടുക്കളയിലേക്ക് ചെന്നു. സമയം ആറു കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ കാഴ്ച വികാസിൽ അമ്പരപ്പാണ് നിറച്ചത്. ചോറും കറികളും ഇഡ്ഡലിയും സാമ്പാറും ഒക്കെ റഡി. ഫ്ലാസ്ക്കിൽ ചായയുമുണ്ട്.
"വികാസുണർന്നോ? ഇന്നലെ സോഫയിൽ കിടന്നുറങ്ങി അല്ലേ? എനിക്ക് ബോധമേ ഇല്ലായിരുന്നു" മുംതാസ് സാധാരണ ഓഫീസിൽ പോകുന്ന രീതിയിൽ വേഷവും മാറിയാണെത്തിയത്. "എന്താ ഇത്ര നേരത്തേ?" എന്ന് അറിയാതെ വികാസ് ചോദിച്ചു പോയി. "സോറി. ഞാൻ പറഞ്ഞില്ല അല്ലേ? ഹരീഷിന്റെ ഫ്ലാറ്റിൽ ഒന്നു ചെല്ലട്ടെ. എന്തെങ്കിലും ഒക്കെ സഹായിച്ചു കൊടുത്തിട്ട് ഞാൻ ഓഫീസിൽ വന്നോളാം. വികാസ് ക്രെറ്റ എടുക്കുമോ? ഞാൻ സ്കൂട്ടറെടുക്കുന്നു." അതും പറഞ്ഞ് ഒന്നും കഴിക്കാതെ മുംതാസ് പുറത്തേക്ക് പോയി. വികാസ് ഒന്നും പ്രതികരിച്ചില്ല. ജനാലയിലൂടെ മുംതാസിന്റെ സ്കൂട്ടർ പോകുന്നതു നോക്കി ശൂന്യമായ മനസ്സോടെ അവനിരുന്നു. കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന ഹരീഷ് ശരിക്കും ആശ്ചര്യഭരിതനായി. "ചായയിട്ടു കുടിച്ചോ?" എന്നു ചോദിച്ചു കൊണ്ടാണ് മുംതാസ് അകത്തേക്കു കയറിയത്. "ഇല്ല. കുറച്ചു ബന്ധുക്കൾ ഉണ്ടായിരുന്നു. അവർ പോയിട്ടു വരാം എന്നു പറഞ്ഞു രാവിലേ പോയി. ചായ ഇടാനൊന്നും തോന്നിയില്ല. വെറുതേ കിടന്നു."
മുംതാസ് നേരേ ഹരീഷിന്റെയും ഭാമയുടെയും ബെഡ്റൂമിലേക്കാണു പോയത്. ഒരപരിചിതനെപ്പോലെയോ സംശയാലുവിനെപ്പോലെയോ ഹരീഷ് അതു നോക്കിയിരുന്നു. മുംതാസ് ബെഡ് റൂമിൽ നിന്നും മടങ്ങിയത് ഭാമയ്ക്ക് ഏറെ ഇഷ്ടപ്പെട്ട നൈറ്റിയുമണിഞ്ഞാണ്. അത് ശരിക്കും ഹരീഷിനെ അമ്പരിപ്പിച്ചു. "കിച്ചണിൽ കയറാനുള്ളതല്ലേ ? ഇതാവുമ്പൊ പണി കഴിഞ്ഞ് മാറ്റാല്ലോ. ഓഫീസിൽ പോകാനുള്ളതല്ലേ?" അവൻ മൂളി. "ഹരീഷിനിഷ്ടമുള്ള പുട്ടും ചെറുപയർ പുഴുങ്ങിയതും പപ്പടവും ഉണ്ടാക്കട്ടെ? പയർ ഇന്നലെ വെള്ളത്തിലിട്ടിട്ടാ ഞാൻ പോയത്." ഓരോന്നും ഹരീഷിനെ കൂടുതൽ അമ്പരപ്പിച്ചു കൊണ്ടേയിരുന്നു. ഒരു പക്ഷേ അവന്റെ മനസ്സിൽ നേരിയ ഭയപ്പാടുകൾ വീഴാൻ തുടങ്ങി. കൈകൾക്കും താടിയ്ക്കും ചെറിയ വിറയൽ പോലെ. "ഇതൊന്നും വേണ്ട മുംതാസ്. ശരിയല്ല. മുംതാസ് പൊയ്ക്കൊള്ളൂ" എന്ന് പറയണമെന്നുണ്ട്. പക്ഷേ തന്റെ നാവാരോ അകത്തേക്ക് ബലമായി വലിച്ചു വച്ചിരിക്കുന്ന പോലെ തോന്നി ഹരീഷിന്.
ശ്രദ്ധ മാറ്റാൻ അവൻ മൊബൈലിലെ മെസേജുകൾ നോക്കാൻ തുടങ്ങി. അനുശോചന സന്ദേശങ്ങളാണ് നിറയെ. ഓരോന്നും വായിക്കുമ്പോൾ ഭാമ തൊട്ടരുകിൽ വന്നു നിൽക്കുന്നതു പോലെ തോന്നി അവന്. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൻ അറിയാതെ തേങ്ങാൻ തുടങ്ങി. ഒരു ഘട്ടത്തിൽ അതൊരു ശബ്ദമുള്ള കരച്ചിലായപ്പോൾ മുംതാസ് ഓടിയെത്തി അവന്റെ അരികിലിരുന്ന് അവന്റെ തല തന്റെ ചുമലോടു ചേർത്ത് മുടിയിഴകളിൽ തലോടി. "ഇന്നലെ ഞാൻ പറഞ്ഞില്ലേ? കരഞ്ഞോളൂ. ശരിക്കും കരയ്. കരച്ചിലിനേ ദുഃഖത്തെ തോൽപ്പിക്കാനാവൂ." അവൻ അവളുടെ തോളിൽ തളർന്നു കിടന്നു. ഒരു വേള മുംതാസ് അവനെ തന്റെ മടിയിൽ കിടത്തി മുഖവും കഴുത്തും നെഞ്ചുമൊക്കെ തടവിക്കൊടുത്തു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കിടന്ന് അവൻ മയങ്ങിപ്പോയപ്പോൾ പതിയെ അവനെ സോഫയിൽ കിടത്തി അവൾ വീണ്ടും അടുക്കളയിലേക്ക് പോയി.
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ആ മയക്കത്തിൽ നിന്നും ഹരീഷ് ഉണർന്നത്. ഓടിച്ചെന്ന് കിച്ചണിലും ബെഡ്റൂമിലും ബാത്ത്റൂമിലുമൊക്കെ അവൻ മുംതാസിനെ തിരഞ്ഞു. ഭാമയുടെ നൈറ്റി സ്റ്റാന്റിൽത്തന്നെ മടക്കി ഇട്ടിരുന്നു. മുംതാസിന്റെ സാരി കാണാനും ഉണ്ടായിരുന്നില്ല. അവൾ തിരിച്ചു പോയി എന്നുറപ്പാക്കി അവൻ വാതിൽ തുറന്നു. അമ്മാവന്റെ മകൾ ശാരിയും ഭർത്താവുമാണ്. ഹരീഷ് അവരെ ക്ഷണിച്ചിരുത്തി. വന്നപാടേ ശാരി കിച്ചണിലേക്കു കയറി. വരാവുന്ന ചോദ്യങ്ങൾക്ക് ഹരീഷ് പെട്ടെന്നു തന്നെ മനസ്സിൽ മറുപടി തയാറാക്കി. "ഹരീ.. ഇവിടെ എല്ലാം റെഡിയാണല്ലോ! ആരുണ്ടായിരുന്നു?" "ഇവിടെ ഫ്ലാറ്റുകളിൽ വരുന്ന ഒരു സ്ത്രീയുണ്ട്. അസോസിയേഷൻകാര് ഏർപ്പാടാക്കിയതാ. രാവിലേ വന്നു." "ആണോ? നന്നായി. ഞാൻ ചായയിടാം" ശാരി ചായയൊരുക്കുന്ന തിരക്കുകളിൽ മുഴുകിയപ്പോൾ ഹരീഷ് അവളുടെ ഭർത്താവുമായി സംസാരിച്ചിരുന്നു.
"എനിക്ക് ഓഫീസിൽ കുറേ അത്യാവശ്യ മീറ്റിംഗുകളുണ്ട് ഹരീ. ശാരി വൈകുന്നേരം വരെ ഇവിടെ നിന്നോളും. ഞാൻ പൊയ്ക്കോട്ടെ?" എന്നും പറഞ്ഞ് അയാൾ കുറച്ചു കഴിഞ്ഞു പോയി. സാധാരണ എല്ലാ മരണ വീട്ടിലും എന്നപോലെ ആൾക്കാർ വന്നും പോയുമിരുന്നു. ഫ്ലാറ്റായതുകൊണ്ട് അവരുടെ എണ്ണം കുറഞ്ഞു എന്നു മാത്രം. ശാരി വളരെ ഉത്സാഹത്തോടെ എല്ലാം ചെയ്തു കൊണ്ടിരുന്നു.
വികാസന്ന് ഓഫീസിൽ നേരത്തേ എത്തി. മുംതാസ് നേരത്തേ പോയതുകൊണ്ട് പിന്നെ വീട്ടിലിരുന്നാൽ വട്ടു പിടിയ്ക്കും എന്ന അവസ്ഥയിലായിരുന്നു അയാൾ. പക്ഷേ ഓഫീസിൽ വല്ലാത്ത വീർപ്പുമുട്ടൽ വികാസിനെ ബുദ്ധിമുട്ടിച്ചു. ഫയലുകൾ നോക്കാൻ ഒരു വിധത്തിലും കഴിയുന്നില്ല. അയാൾ മൊബൈൽ എടുത്ത് മുംതാസിനെ വിളിച്ചു. ആദ്യ റിംഗിൽത്തന്നെ അവൾ ഫോണെടുത്തു. "എന്താ വികാസ്?" "നീ ഓഫീസിൽ എത്തിയോ?" "പിന്നേ. ഞാൻ എപ്പൊഴേ എത്തി. ഒരു ദിവസം വരാതിരുന്നപ്പൊ ദേ കംപ്യൂട്ടറിലും മേശപ്പുറത്തുമായി ഫയൽക്കൂമ്പാരം. എല്ലാമൊന്നു തീർക്കട്ടെ" അവൾ ഫോൺ കട്ട് ചെയ്തു. "വികാസ് നീ കഴിച്ചോ? ഞാൻ ഹരീഷിന് അത്യാവശ്യമുള്ള ചിലതൊക്കെ സഹായിച്ചിട്ടിങ്ങു പോന്നു" എന്നൊക്കെ അവൾ ചോദിക്കുമെന്നും പറയുമെന്നും കരുതിയ വികാസിനെ ആ പ്രതികരണം കൂടുതൽ പ്രയാസത്തിലാക്കി. അയാൾ കസേരയിൽ കൂടുതൽ ചാഞ്ഞിരുന്നു.
വൈകുന്നേരം വരെ എങ്ങനെ ഓഫീസിൽ കഴിച്ചു കൂട്ടി എന്ന് വികാസിനറിയില്ല. എന്നുമെന്നപോലെ മുംതാസ് ഇടയ്ക്ക് തന്റെ ഓഫീസിലേക്കു വരുമെന്നവൻ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. ഒരു കോൾ പോലും വിളിച്ചതുമില്ല. പഞ്ചു ചെയ്ത് നേരേ മുംതാസിന്റെ ഫിനാൻസ് ഡിപ്പാർട്ട്മെന്റിലേക്കാണ് വികാസ് പോയത്. ചെന്നപ്പോൾ അവൾ പോയ്ക്കഴിഞ്ഞതായി അറിഞ്ഞു. വികാസ് നഗരത്തിലൂടെ വെറുതേ വണ്ടിയോടിച്ചു. മുംതാസ് മുന്നിലില്ലാതെ ആ വണ്ടിയങ്ങനെ ഓടുന്നത് വിരളമാണ്. ആദ്യം മനസ്സ് ശൂന്യമായിരുന്നുവെങ്കിൽ പിന്നത് ചിന്തകൾ കൊണ്ടു നിറയുകയും ഇപ്പോൾ ഒരു നെരുപ്പോട് പോലെ പുകയുകയും ചെയ്യുന്നതായി വികാസറിഞ്ഞു. വണ്ടി തമ്പാനൂർ കഴിഞ്ഞ് ഫ്ലൈ ഓവറും കയറി കിള്ളിപ്പാലവും കടന്ന് ആരോ നിയന്ത്രിക്കുന്നതു പോലെ പൊയ്ക്കൊണ്ടിരുന്നു. അല്ലെങ്കിൽ സെക്രട്ടേറിയേറ്റിൽ നിന്നും നേരേ കവടിയാറിലേക്ക് പോകേണ്ടതാണ്. ഒടുവിൽ വെള്ളായണിക്കായലിന്റെ തീരത്താണ് ക്രെറ്റ നിന്നത്.
ആ കായലിലേക്ക് തന്റെ പുകയുന്ന മനസ്സിനെ ഒന്നെടുത്തെറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് വികാസാഗ്രഹിച്ചു. അവൻ കായൽത്തീരത്തെ ഒരു ബെഞ്ചിലിരുന്ന് ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളെ നോക്കി. മുംതാസിന്റെ നഗ്നമായ മാറിൽ സീലിംഗിലിരുന്ന് ഏതോ പല്ലി കാഷ്ഠിച്ചതു പോലെ ആ കാഴ്ച ആ അവസ്ഥയിലും അവനിൽ അറപ്പു പടർത്തി. വികാസ് മനസ്സിനെ മറ്റൊരു വഴിക്കൊന്ന് കൊണ്ടു പോകാൻ വിഫലമായൊരു ശ്രമം നടത്തി. എത്ര നേരം അങ്ങനെ ആ കായൽത്തീരത്തിരുന്നു എന്ന് വികാസറിഞ്ഞില്ല. ഒരു രക്ഷയുമില്ല എന്ന് മനസ്സിലായപ്പോൾ സന്ധ്യ മയങ്ങിയ നേരത്ത് അവൻ തിരികെ വണ്ടിയോടിച്ചു. വീട് അടഞ്ഞു കിടന്നു. മുംതാസിന്റെ സ്കൂട്ടർ പുറത്തു കണ്ടില്ല. വാതിൽ തുറന്നു കയറിയ വികാസ് കണ്ടത് എന്നത്തെയുമെന്ന പോലെ തുടച്ചുവൃത്തിയാക്കിയ തറയും അടുക്കി വച്ച സാധനങ്ങളുമൊക്കെയാണ്. അവൻ കിച്ചണിൽ ചെന്നു നോക്കി. രാത്രിയിലേക്കുള്ള ഭക്ഷണം റെഡിയാണ്. അവനിഷ്ടമുള്ള റവ ഉപ്പുമാവും മുട്ട റോസ്റ്റും. ഫ്ലാസ്കിൽ ചായയും. മുംതാസിന്റെ മണം എവിടെയും തങ്ങി നിന്നു.
"പകൽ ആരുണ്ടായിരുന്നു ഹരീഷ് വന്നവർക്കൊക്കെ ചായ കൊടുക്കാൻ?" സമയം ഏഴു കഴിഞ്ഞിരുന്നു. മുംതാസിന്റെ ആ വരവ് അമ്പരപ്പോടെ കാത്തിരുന്നതു പോലെയായിരുന്നു ഹരീഷിന്. ഭാമയുടെ നൈറ്റി മുംതാസിന് ഏറെ ഇണങ്ങുന്നു എന്ന് ഹരീഷറിഞ്ഞു. ഒരു നിമിഷം മറ്റെല്ലാം മറന്ന് മുംതാസിന്റെ ശരീര നിറവിൽ ഹരീഷ് ലയിച്ചു. "എന്താ ഹരീഷ് ഇങ്ങനെ നോക്കുന്നത്?" "ഏയ്. ഒന്നുമില്ല. സോറി. അമ്മാവന്റെ മകൾ ശാരി ഉണ്ടായിരുന്നു." ഒരു ജാള്യതയിൽ ഹരീഷ് മറുപടി നൽകി. "സോറിയൊന്നും വേണ്ട" അവൾ ഫ്ലാറ്റ് വൃത്തിയാക്കുകയായിരുന്നു. "ഒരു ദിവസം കൊണ്ട് അപ്പാടെ അഴുക്കായല്ലോ" എന്നവൾ ഹരീഷ് കേൾക്കെപ്പറഞ്ഞു. "അതു സാരമില്ല മുംതാസ്. ഫ്ലാറ്റിൽ വരുന്ന ഒരു സ്ത്രീയുണ്ട്. അവരെക്കൊണ്ട് ചെയ്യിക്കാം" "എന്തിന്? എനിക്ക് ചെയ്യാൻ പറ്റുന്നതല്ലേയുള്ളൂ. ഹരീഷ് ചുമ്മാതവിടിരുന്നോളൂ. ഇതൊക്കെ ഞാൻ നോക്കിക്കൊള്ളാം" വീണ്ടും ചിലരൊക്കെ വന്നു. ഭാഗ്യത്തിന് ആ വന്നവർക്കാർക്കും മുംതാസിനെ അറിയാമായിരുന്നില്ല. അതുകൊണ്ടു തന്നെ ചോദ്യങ്ങളൊന്നും തന്നെയുണ്ടായില്ല.
സമയം പൊയ്ക്കൊണ്ടേയിരുന്നു. പിന്നീടാരും വന്നില്ല. ഒമ്പതു കഴിഞ്ഞപ്പോൾ മുംതാസ് ജോലി തീർത്ത് ബെഡ്റൂമിലേക്ക് പോകുന്നത് ഹരീഷ് കണ്ടു. എന്തുകൊണ്ടാണ് മനസ്സിലുയരുന്ന ചോദ്യങ്ങൾ അവളോട് ചോദിക്കാൻ കഴിയാതിരിക്കുന്നതെന്ന് ഹരീഷിന് മനസ്സിലായില്ല. മുംതാസിന്റെ സാന്നിധ്യം തന്നിൽ സൃഷ്ടിക്കുന്ന വിറയൽ തുടരുന്നതു മാത്രം അവനറിഞ്ഞു. ബെഡ്റൂമിലേക്കൊന്ന് കയറിച്ചെല്ലാനുള്ള ധൈര്യം ഹരീഷിനുണ്ടായില്ല. ബാത്ത് റൂമിൽ അവൾ കുളിക്കുന്ന ശബ്ദം കേൾക്കാം. കുളി കഴിഞ്ഞ് തലയൊക്കെ തോർത്തി ചീകിയൊതുക്കി , ഭാമയുടെ മറ്റൊരു നൈറ്റ് ഡ്രസ്സുമിട്ടാണ് മുംതാസ് പുറത്തേക്കു വന്നത്. "വാ ഹരീഷ്. കഴിയ്ക്കാം" എന്നു പറഞ്ഞ് അവൾ തീൻ മേശയിൽ അത്താഴം എടുത്തു വച്ചു. "എന്താ വിശപ്പില്ലേ ? ഹരീഷിനിഷ്ടമുള്ളതല്ലേ ചപ്പാത്തിയും ദാലും? കഴിക്ക്"
ഭാമയ്ക്കു മാത്രമറിയുന്ന തന്റെ ഇഷ്ടങ്ങൾ വീണ്ടുമങ്ങനെ തീൻ മേശയിൽ നിറഞ്ഞപ്പോൾ ഹരീഷിന്റെ ഭയപ്പാട് കൂടി. അയാൾ ആവേശത്തോടെ കഴിയ്ക്കുന്നത് കണ്ടിരുന്ന മുംതാസിന് അത് പേടിയുടെ വിശപ്പാണെന്ന് മനസ്സിലായില്ല. വേഗം കഴിച്ച് വാഷും ചെയ്ത് അയാൾ സോഫയിൽ ചെന്നിരുന്നു. എല്ലാം വൃത്തിയാക്കി മുംതാസ് വീണ്ടും ബെഡ് റൂമിലേക്ക് പോയി. അയാളങ്ങനെ തന്നെ സോഫയിൽത്തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ തന്റെ കവിളിലൊരു മൃദുലമായ നനവിന്റെ സ്പർശമറിഞ്ഞ് അയാൾ കണ്ണു തുറന്നു. " വാ... ഇവിടെക്കിടക്കാതെ. ബെഡ്റൂമിൽ വന്നു കിടക്ക്." കിടുകിടെ വിറയ്ക്കുന്ന ഒരു യന്ത്രപ്പാവയായി അയാൾ മുംതാസിനു പിന്നാലെ ബെഡ്റൂമിലേക്ക് പോയി.
തുറന്നു കിടന്ന ജനാലയിലൂടെ മുംതാസ് പുറത്തേക്കു നോക്കി. തൊട്ടരുകിൽ നീല ജലപ്പരപ്പ്. പൂത്തു നിൽക്കുന്ന ആമ്പലുകൾക്കിടയിലൂടെ ആരോ തുഴയുന്നൊരു തോണി മെല്ലെ നീങ്ങുന്നു. ദൂരെയായി പതിയെ ചലിക്കുന്ന ഹൗസ് ബോട്ടുകൾ. അപ്പോഴാണ് അവളതു ശ്രദ്ധിച്ചത്. ജലപ്പരപ്പിനോടു ചേർന്ന പുൽത്തകിടിയിലെ തടി ബെഞ്ചിൽ ദൂരേക്കു നോക്കി വികാസിരിക്കുന്നു. അവൾ താൻ കിടക്കുന്ന മുറിയാകെ നോക്കി. തലയ്ക്കുള്ളിൽ എന്തോ പെരുത്തു കയറുന്നതു പോലെ അവൾക്കു തോന്നി. "വികാസ്" എന്നവളുറക്കെ വിളിച്ചു. അയാളോടി വന്നു. "എന്തു പറ്റി മുംതാസ് " അവൾ കട്ടിലിൽ എണീറ്റിരുന്നു. "വികാസ് ' ഇത് കോക്കനട്ട് ലഗൂണല്ലേ? നമ്മൾ കഴിഞ്ഞ ആനിവേഴ്സറിക്ക് വന്നു താമസിച്ച കുമരകത്തെ റിസോർട്ട്? ദേ അത് വേമ്പനാട് കായലല്ലേ?" വികാസ് അവളുടെ അടുത്തിരുന്ന് ആ കൈകൾ തന്റെ കൈകളോടു ചേർത്തു.
"അതെ. അന്നു നീ പറഞ്ഞില്ലേ വീണ്ടും ഇവിടെ വരണമെന്ന്?" "പറഞ്ഞു." "അതുകൊണ്ട് നമ്മൾ വീണ്ടും വന്നു" "പക്ഷേ എപ്പൊഴാ നമ്മളിവിടെ വന്നത്? എപ്പൊഴാ നമ്മൾ അവിടെ നിന്നും തിരിച്ചത്? സർപ്രൈസ് തരാൻ നീയെന്നെ മയക്കിയാണോ ഇവിടെക്കൊണ്ടുവന്നത്?" "എന്തു തോന്നുന്നു നിനക്ക് ?" "നമ്മൾ ഹരീഷിന്റെ ഭാര്യ മരിച്ച് അന്ന് പോയല്ലോ അവിടെ?" "ഉം. പോയി." "മരവിച്ചതു പോലെ നിന്ന ഹരീഷിനെ ഓർമ്മയുണ്ട്. പിന്നെയെപ്പൊഴാ നമ്മൾ യാത്ര വന്നത്? എന്താ വികാസ്? എന്നെ ഭ്രാന്തിയാക്കാതെ എന്താ ഉണ്ടായതെന്നു പറ." വികാസ് അവളെ തന്റെ മടിയിൽക്കിടത്തി ആ കവിളുകളിൽ ഉമ്മ വച്ചു. "ഒന്നുമുണ്ടായില്ല. എന്നെ തനിച്ചാക്കാതെ, എന്നാൽ എന്നെക്കൂട്ടാതെ നീ രണ്ടു മൂന്നു ദിവസം ചില യാത്രകൾ പോയി. രസകരമായ ചില യാത്രകൾ. അതേപ്പറ്റിപ്പറയാം . വരട്ടെ. ഇപ്പോഴല്ല."
അവൻ മിനി ബാറിൽ നിന്നും നല്ല തണുത്ത ഒരു ബിയർ രണ്ടു ഗ്ലാസ്സുകളിൽ പകർന്നു. പുറത്ത് ലോണിൽ വേമ്പനാടൻ കാറ്റ് പുൽത്തഴപ്പുകളെ മെല്ലെ തലോടി. അവർ ബെഞ്ചിൽ ചേർന്നിരുന്നു. അവളുടെ ഇളം ചുടുള്ള ഉള്ളകങ്ങളിലൂടെ ബിയറിന്റെ തണുപ്പ് അരിച്ചിറങ്ങി. അവന്റെ ഹൃദയഭിത്തികളിൽ സ്നേഹപ്പിറാവ് കുറുകി. കായൽപ്പരപ്പിലൂടെ ഒരാത്മാവ് നൊമ്പരങ്ങളൊതുക്കി ഒഴുകി നടന്നു.