'കലത്തിൽ കഞ്ഞിയുണ്ടായിട്ടും അവൻ വിശന്നല്ലേ മരിച്ചത്...'; അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ രോഗിയായ മകൻ ചെയ്തത്
Mail This Article
സൗമിനി ഏറെ നേരമായി ബസ് കാത്തുനിൽക്കുകയാണ്. ഈ റൂട്ടിൽ ആകെയുള്ള മൂന്നു ബസുകളിൽ ഒരെണ്ണം ഇന്നില്ല. ഏറെനേരമായി കാത്തുനിന്നു മുഷിഞ്ഞു. നാട്ടിൽ എന്തു വിശേഷമുണ്ടായാലും ഈ ബസ്സുകൾ സ്പെഷ്യലോട്ടം പോകും. പകരം വണ്ടിയുമില്ല. ഇന്ന് ബസ് ടെസ്റ്റിംഗിന് കയറ്റിയിരിക്കുകയാണ്. കൈയിൽ കിട്ടുന്ന കുഞ്ഞു പെൻഷൻ തുകകൊണ്ട് ചെറിയ ബജറ്റിൽ ഒതുങ്ങി ജീവിക്കുന്നതിനാൽ അവൾ ഓട്ടോ പിടിക്കാനൊന്നും മിനക്കെട്ടില്ല. നടരാജൻ മോട്ടോഴ്സ് തന്നെ ശരണം! അവൾ നടപ്പിനു വേഗംകൂട്ടി. മുമ്പേ പോകുന്ന രണ്ടു സ്ത്രീകളിൽ ഒരാളെ പലപ്പോഴും കണ്ടിട്ടുണ്ട്. പെൻഷൻ മീറ്റിംഗിന് വരാറുള്ള ലക്ഷ്മിയാണ്. ജാതിസംവരണത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നവരാണ് ലക്ഷ്മിയുടെ കുടുംബം. ലക്ഷ്മിയും ഭർത്താവും നല്ല പോസ്റ്റിലിരുന്ന് പെൻഷൻ പറ്റി. രണ്ടു പെൺമക്കളും അവരുടെ ഭർത്താക്കന്മാരും സർക്കാർസർവീസിൽ ഉന്നതോദ്യോഗസ്ഥരാണ്. മൂത്ത മകൾ സർവീസിൽനിന്ന് നീണ്ട അവധിയെടുത്ത് കാനഡയിലാണ്. കൂടെയുള്ള സ്ത്രീക്ക് ഒരു മുപ്പത്തിയെട്ടുവയസ്സു പ്രായം തോന്നിക്കും. ആകർഷകത്വമുള്ള ഒരു മുഖത്തിന്റെ ഉടമയാണ് അവർ. ആ സ്ത്രീ കരഞ്ഞു കൊണ്ടാണ് സംസാരിക്കുന്നത്.
സൗമിനി നടപ്പ് സാവധാനത്തിലാക്കി. എന്തിനാണ് അവർ കരയുന്നത്? ചെവി വട്ടംപിടിച്ചു. പരസ്യമായി റോഡിലൂടെ കരയണമെങ്കിൽ തക്കതായ കാര്യം വേണം. മക്കളുടെ രോഗമോ ഭർത്താവിന്റെ മദ്യപാനമോ എന്തെങ്കിലുമാകും ശ്രദ്ധിക്കാം. "ഞാനിവിടെയില്ലായിരുന്നു. മോളുടെ കൂട്ടത്തിൽ കാനഡയിലായിരുന്നു. നാട്ടിൽ മടങ്ങി വന്നപ്പളാ അറിഞ്ഞേ" "സാരമില്ല. ആരേം കഷ്ടപ്പെടുത്താണ്ടങ്ങു പോയി" മിഴികളിൽനിന്ന് ആർത്തലച്ചൊഴുകുന്ന കണ്ണീരടക്കാൻ ആ സ്ത്രീ പ്രയാസപ്പെടുന്നു. "ദൈവമേ ഇവളെ ഞാൻ എന്തു പറഞ്ഞാശ്വസിപ്പിക്കാനാണ് " ലക്ഷ്മി പിറുപിറുത്തു എന്നിട്ടു ചോദിച്ചു: "അവസാനസമയം നീയടുത്തുണ്ടായിരുന്നോ മേരീ?" ങാ, ഞാൻ താഴത്തെ വീട്ടിന്ന് കുടിവെള്ളം കോരിക്കോണ്ട് കേറിവരുമ്പം പതിവില്ലാതെ മുറിക്കുള്ളിൽ എന്റെ കുഞ്ഞിന്റെ തേങ്ങൽ കേട്ടു ഞാനോടി അടുത്തു ചെന്നു. "എന്നതാ മക്കളേ, ഇപ്പം എന്നാ ഒണ്ടായേ?" അടുത്തിരിക്കാൻ ആംഗ്യം കാട്ടി. ഞാൻ അടുത്തിരുന്നു. എന്റെയടുത്തേക്കു നിരങ്ങിനീങ്ങിവരുവാൻ അവൻ ശ്രമിച്ചു. ശരീരമൊട്ടും അനങ്ങുന്നില്ല. ഞാൻ അവനെ മടിയിൽ കിടത്തി മുടിയിഴകളിൽ അരുമയോടെ തലോടിക്കൊടുത്തു. ഇടയ്ക്ക് ഞാൻ ചോദിച്ചു: "മക്കക്കു വെശക്കുന്നുണ്ടോ?" ആ തിളങ്ങുന്ന കണ്ണുകൾ എന്റെ നേരെയുയർത്തി. അതിൽ കണ്ണീർത്തുള്ളികൾ നിറഞ്ഞുനിന്നു തിളങ്ങുന്നു.
ഞാനവനെ മടിയിൽനിന്നു പതുക്കേ മാറ്റി. അടുക്കളയിൽ ചെന്ന് നേരത്തെ തിളപ്പിച്ചിട്ടിരിക്കുന്ന കട്ടൻകാപ്പിയൂറ്റി, മധുരമൊന്നുമിടാതെ കൊണ്ടെക്കൊടുത്തു. അതൊരൊറ്റവലിക്ക് കുടിച്ചു. എന്നിട്ട് ഗദ്ഗദത്തോടെ പറഞ്ഞു: "ഇപ്പം വെശപ്പൊന്നുമറിയാമ്മേലമ്മേ അമ്മ തന്നോണ്ടു കുടിച്ചെന്നേള്ളൂ. ഞാനമ്മേ ഒരു പാടു കഷ്ടപ്പെടുത്തി, അല്ലേ?" "ഇല്ലെന്റെ പൊന്നേ, ഞാനെന്റെ കുഞ്ഞിനെയാ കഷ്ടപ്പെടുത്തുന്നേ. ഇപ്പത്തന്നെ പഞ്ചാരയൊണ്ടാരുന്നു. ആ കാപ്പി ഒന്നു ചൂടാക്കി ഇച്ചിരെ പഞ്ചാരചേർത്ത് എന്റെ കുട്ടന് ഞാൻ തന്നില്ലല്ലോ?" "സാരമില്ലമ്മേ, അമ്മ കൊറേ നേരം എന്റെ അടുത്തിരുന്നാ മാത്രം മതി. അമ്മയുടെ വിരലുകൾക്ക് എന്തോ മാസ്മരശക്തിയുണ്ട്. അത് തലയിലൂടെയും മുടിയിഴകളിലൂടെയും ഇങ്ങനെ നടക്കുമ്പോൾ എന്റെ എല്ലാ സങ്കടോം തീരും" വീണ്ടും ഞാനവന്റെ അടുത്തിരുന്ന് തലയിൽ അരുമയോടെ തലോടിക്കൊണ്ടിരുന്നു, അപ്പക്കേക്കാം തെക്കേലെ കുഞ്ഞന്നാമ്മച്ചേടത്തീടെ വിളി. "മേരിമ്മോ ചക്ക വെട്ടിയതിന്റെ മടലും ചകിണീമൊക്കെ ഇരിപ്പൊണ്ട്. കൊണ്ടെ നിന്റെ കന്നാലിക്ക് കൊടുക്കു." അവൻ പോകണ്ടായെന്ന് ആംഗ്യം കാട്ടി, എന്റെ കൈയേൽ മുറുകെപിടിച്ചു. എന്നിട്ട് എന്റെ കൈയിലൊരുമ്മ തന്നു. "മോനെ ഇപ്പം ഞാനോടി വരാം. എന്റെ മുത്തിന്റെ അടുത്ത് ഏറെ നേരമിരിക്കാം. ചന നിറഞ്ഞു നിക്കുന്ന പശുവല്ലേ. വല്ലോം കൊടുക്കണ്ടേ. പെറ്റാപ്പിന്നെ എന്റെ കുഞ്ഞിനിഷ്ടംപോലെ പാലു തരാം. കുറെ പാലൊക്കെ അകത്തു ചെല്ലുമ്പം ശരീരത്തിനാവശ്യമുള്ള കാൽസ്യമൊക്കെ കിട്ടും. അപ്പപ്പിന്നെ എളുപ്പം എണീച്ച് നടക്കാനാകും."
പൊക്കോളാൻ തല കുലുക്കി ആംഗ്യം കാണിച്ചു. എന്നിട്ടു പതുക്കേ പറഞ്ഞു. "പശു പ്രസവിക്കും, പാലു കിട്ടും, പക്ഷേ, ഞാൻ കുടിക്കാൻ കാണില്ല. മതി എന്റെയമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തിയത്. ഞാൻ ഈശ്വരനോടു മരണം ഇരക്കുകയാണമ്മേ" ഞാൻ തിരിഞ്ഞ് ശാസനാരൂപത്തിൽ ദേഷ്യത്തോടെ നോക്കി. വായിൽ വന്നതൊക്കെപ്പറഞ്ഞു. ഉച്ചത്തിൽ ശാസിച്ചു. അവൻ കണ്ണിറുക്കി ചിരിച്ചുകാണിച്ചു. കുഞ്ഞന്നാമ്മച്ചേടത്തി ചക്കമടലും ചകിണിയും മാത്രമല്ല, അരിഞ്ഞ കുറെ ചക്കയും തന്നു. "എളുപ്പം വേവിച്ച് നിന്റെ മോനുകുട്ടനു കൊണ്ടെക്കൊടുക്ക് വിശപ്പല്ലേ തിന്നട്ടേ" ചക്കമടലു പശൂനു കൊടുത്തു. തൊഴുത്തു വൃത്തിയാക്കി. മുറ്റോം പറമ്പുമെല്ലാം വെടിപ്പാക്കി. ഇനി ഇച്ചിരിക്കഞ്ഞി എന്റെ പൊന്നിനു കൊടുക്കണം. പിന്നീട് ചക്ക വേവിക്കാം. ഞാൻ എളുപ്പം കൈകളും കാലുകളും കഴുകി. ഓടിയടുക്കളയിൽക്കയറി അടുപ്പിൽ തീ പൂട്ടി. നല്ല ഒരു വറ്റൽമുളകുചമ്മന്തി ഇടിച്ചുണ്ടാക്കി. രണ്ടു പപ്പടവും ചുട്ട്, കഞ്ഞി പാത്രത്തിൽ പകർന്നു. കഞ്ഞിയുമായി ചെല്ലുമ്പം എന്റെ ദൈവെ! എന്റെ കുഞ്ഞിന്റെ വായിന്റെ കോണിലൂടെ ദേ നുരയും പതയും വരുന്നു. ഞാൻ എളുപ്പം ചാരി എണീപ്പിച്ചു. സാധാരണത്തെക്കാളും കനം. പൊക്കാന്മേല. ദേഹം നീരുവച്ച് ചീർത്തിരിക്കുന്നു. വായ് തുടച്ചിട്ട് ഞാൻ വെള്ളം വായിലിറ്റിച്ചുകൊടുത്തു. അതു കടവായിലൂടെ ഒഴുകിപ്പോയി. ഒട്ടുമിറക്കിയില്ല. അവൻ എന്നെ ശബ്ദം താഴ്ത്തി, അടഞ്ഞ, ഇടറിയ ശബ്ദത്തിൽ വിളിച്ചു. ആ പഴേ കൊഞ്ചൽവിളി, അവൻ മാത്രം വിളിക്കുന്ന തേനോലുന്ന വിളി. "അംമീ" കണ്ണുകൾ തുറിച്ചുവന്നു. കൺകോണുകളിലൂടെ കണ്ണീരൊഴുകി. ഞാൻ ഉച്ചത്തിൽ കാറി നെലോളിച്ചു.
കുഞ്ഞന്നാമ്മച്ചേടത്തീം ബേബിച്ചേട്ടനുമെല്ലാം ഓടിവന്നു. അപ്പോഴേക്കും എല്ലാം കഴിഞ്ഞു, ശരീരം നിശ്ചലമായി. വളരെ ശാന്തം. ബേബിച്ചേട്ടൻ എന്റെ പൊന്നിന്റെ കണ്ണുകൾ തിരുമ്മിയടച്ചു. വായ് ചേർത്തുവച്ചു താടി കൂട്ടിക്കെട്ടി. ഇരുകാലുകളും നേരെയാക്കി നിവർത്തിക്കിടത്തി. ഡോക്ടർ വന്ന് മരണം ഉറപ്പുവരുത്തി. "പോയതിലല്ല ലക്ഷ്മിച്ചേച്ചീ സങ്കടം, എന്റെ കുഞ്ഞിന്റെ അടുത്തിരുന്ന് ഞാനാക്കഞ്ഞി ഒന്നു കുടിപ്പിച്ചില്ലല്ലോ. അവന്റെ അടുത്തിരിക്കാനും എങ്ങും പോകരുതെന്നും അവനെന്നോട് പറഞ്ഞതല്ലേ? കലത്തിൽ കഞ്ഞിയൊണ്ടായിട്ടും അവൻ വിശന്നല്ലേ മരിച്ചത്" "സാരമില്ല, മേരീ നീയവനെ പൊന്നുപോലെ നോക്കിയതല്ലേ. ഇനി നീ അവന്റെയടുത്തു ചെല്ലുമ്പോൾ കാണാം" ലക്ഷ്മി വിതുമ്പലടക്കാൻ പാടുപെട്ടു. "എന്റെ പൊന്നേ, എന്റെ കുഞ്ഞൊരുപാടു വേദനയും വിശപ്പും സഹിച്ചിട്ടാണേ പോയത്" ആ അമ്മയുടെ കണ്ണിൽനിന്ന് കർക്കടകപ്പേമാരിപോലെ കണ്ണീർ ആർത്തലച്ചൊഴുകി. "ങാ, എന്നും വിശപ്പാരുന്നല്ലോ" "വിശപ്പു സഹിക്കാതെ വരുമ്പോൾ തോർത്തിട്ട് വയർ കെട്ടിക്കൊടുക്കാൻ പറയും. എന്നിട്ട് പറയും: "അമ്മയ്ക്കു ചെലവിനു തരേണ്ട മകനെയാ അമ്മ ഇങ്ങനെ കഷ്ടപ്പെട്ടുപോറ്റുന്നേ?" "സാരമില്ല മോനേ, എന്നെ സംരക്ഷിക്കാനല്ലേ നീ തെങ്ങിന്റെ മണ്ടേക്കേറിയത്. നീ തെങ്ങേന്നു വീണതുമുതൽ നിന്നെക്കൊണ്ട് ലാഭം ഇല്ലെന്നു കണ്ടപ്പം, നിന്റെ അച്ഛനും, ചേട്ടനൊപ്പം താമസം മാറ്റിയില്ലേ. അവർക്കൊരുമിച്ചു കുടിച്ചുകൂത്താടിയാൽ മതിയല്ലോ. അവരു നിന്നെ ഉപേക്ഷിച്ചതിലാ, അതിലാ എന്റെ സങ്കടം. ഞാൻ കാരണാ നീയനങ്ങാതെ കെടക്കുന്നതെന്നും നിനക്കൊരു കുഴപ്പോമില്ലെന്നുമാ അവരു പറേന്നെ"
"സാരമില്ലമ്മേ, നല്ലകാലം വരും, ഞാൻ എണീച്ചുനടക്കും. പഠിത്തം തുടരണം. ഒരു ജോലി കിട്ടുമ്പം അച്ഛൻ നമ്മടെ കൂടെ വരും. നോക്കിക്കോ" അവൻ ആശ്വസിപ്പിക്കും. വീഴ്ചയുടെ ആദ്യകാലത്താ, അങ്ങനെയൊക്കെ. പിന്നെപ്പിന്നെ പ്രതീക്ഷകളൊക്കെ വറ്റി. എങ്ങനെയെങ്കിലും മരിച്ചാ മതീന്നായി. ഈ മരണം അവൻ എരന്നുവാങ്ങിയതാ, ദൈവത്തോട്. "എന്നാലും ലക്ഷ്മിയേച്ചി നല്ല ചികിത്സ കിട്ടീരുന്നേ എന്റെ പൊന്നിനെ രക്ഷിക്കാരുന്നു അല്ലേ?" "ഓ, നീ കരയാതെന്റെ മേരീ, നിന്റെ കണ്ണീരു കണ്ടിട്ടെനിക്കു മേലാതെ വരുന്നു. നീ വാ എന്റെ വീട്ടിലൊന്നു കേറീട്ടുപോകാം" "വേണ്ടെന്നേ, ഞാനിപ്പം എങ്ങും പോകാറില്ലെന്റെ പൊന്നേ, അന്നൊക്കെ ഞാനെവിടെയെങ്കിലും പോയാൽ എന്റെ കുഞ്ഞിനു കൊടുക്കാൻ അവരെന്തെങ്കിലും തരും. ഞാനെവിടെപ്പോയി മടങ്ങിവന്നാലുടനെ അവനെന്നെ അടുത്തുവിളിച്ചു സാകൂതം നോക്കും, കൈയ്യിലു വല്ലോമൊണ്ടോന്ന്." മേരിയും ലക്ഷ്മിയും പതുക്കേ കുന്നിൻ പുറത്തേക്കുള്ള ഇടവഴിയിലേക്കു കയറി.
എനിക്ക് ദു:ഖം അടക്കാനായില്ല. ഈശ്വരാ ഇവരും എന്റെ നാട്ടുകാരാണ്. ഞാനിതുവരെ ഇങ്ങനെയൊരമ്മയെയും മകനെയും പറ്റി അറിഞ്ഞിരുന്നില്ലല്ലോ. പ്രാർഥനക്കാരൊക്കെ ഭവനസന്ദർശനം നടത്താറുണ്ട്. പലരും തന്നെ വിളിച്ചിട്ടുണ്ട്. ഇതുവരെയും എങ്ങും പോയിട്ടില്ല. അങ്ങനെ പോയിരുന്നെങ്കിൽ ഈ പാവം അമ്മയെയും വീഴ്ചമൂലം തളർന്ന് കിടപ്പിലായ അവരുടെ മകനെയും തന്നാലാവുംവിധം സഹായിക്കാമായിരുന്നു. എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി.