സന്തോഷത്തിന്റെയും തിമിർപ്പിന്റെയും വേനലവധി; മറക്കാനാവാത്ത ഓർമ...!
Mail This Article
പരീക്ഷ ചൂടിൽ വിയർത്തൊലിച്ച മാർച്ച് മാസത്തിനുശേഷം സന്തോഷത്തിന്റെയും തിമിർപ്പിന്റെയും അറുപതു ദിവസങ്ങൾ.. മാവിൽ നോട്ടമിട്ടു വെച്ച കണ്ണിമാങ്ങകൾ എല്ലാം നിറഞ്ഞു മധുരം തുളുമ്പുന്ന മാങ്കനികളായി മാറുന്ന കാലം.. വേനൽതുമ്പികളുടെ ചിറകടി ഇപ്പോഴും കാതിൽ മുഴങ്ങുന്നു. എന്നാൽ വേനൽ അവധിയുടെ ഒരായിരം സുഖമുള്ള ഓർമ്മകൾ ഉണ്ടെങ്കിലും ഹൃദയത്തിന്റെ ഒരു കോണിൽ ആരും കാണാതെ ചുരുട്ടിയെറിഞ്ഞ ചില സങ്കടങ്ങളും ഉണ്ട്. ഓർമകളുടെ ഏടുകൾ പരതുമ്പോൾ അറിയാതെ കയ്യിലുടക്കുന്ന ചില കുത്തി വരകൾ...
ഒറ്റക്കുട്ടി ആയതു കാരണം വീടിനകത്ത് ചുരുണ്ടു കൂടേണ്ടി വന്ന എനിക്ക് സ്വാതന്ത്ര്യത്തിന്റെ നാളുകൾ ആയിരുന്നു അവധിക്കാലം. വീടിനടുത്ത് ഒന്നും കൂട്ടുകാർ ഇല്ലാത്തതുകൊണ്ടുതന്നെ സ്കൂൾ ആയിരുന്നു ഏക ആശ്വാസം. എന്നാൽ സ്കൂൾ അടക്കുന്നതോടുകൂടി അതിനൊരു വിരാമമാണ്. പിന്നെ നീണ്ട കാത്തിരിപ്പാണ്. പട്ടണത്തിലെ സ്കൂളിൽ പഠിക്കുന്ന ചെറിയമ്മയുടെ മക്കളുടെ വരവിനായി.. തറവാട്ട് വീട്ടിലാണ് അവരുടെ താമസം. രണ്ടു പറമ്പ് അകലെ താമസിക്കുന്ന തനിക്ക് എപ്പോ വേണേലും ഓടി ചെല്ലാവുന്ന ഇടം. എന്റെ ഏകാന്തതയ്ക്ക് അറുതി വരുത്തുന്ന കളിക്കൂട്ടുകാർ. ഓരോ ദിവസവും അവർ എത്തിയോ ഇല്ലയോ എന്നറിയാൻ ഞാൻ തറവാട് ചുറ്റിപ്പറ്റി നടക്കും. അവർ വരുന്നതിൽ തറവാട്ടിൽ എല്ലാവർക്കും ഭയങ്കര സന്തോഷമാണ് കൂട്ടത്തിൽ അച്ഛമ്മയ്ക്കാണ് ഏറ്റവും സന്തോഷം. എന്നും കറുത്തിരുണ്ട മുഖം അപ്പോൾ മാത്രം തെളിഞ്ഞു നിൽക്കുന്നത് കാണാം. അല്ലെങ്കിലും പെൺമക്കളുടെ കുട്ടികളോട് ഒരു ചായ്‌വ് ഞാൻ പണ്ടേ ശ്രദ്ധിച്ചിട്ടുണ്ട്.
എന്തായാലും കാത്തിരുന്ന് കാത്തിരുന്ന് അവർ എത്തി. ഒരുപാട് വിശേഷങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ടായിരുന്നു മൂന്നുപേർക്കും. നേരം ഇരുട്ടുന്നതുവരെ പറഞ്ഞിട്ടും മതിയായില്ല അവസാനം അമ്മ വന്നു കണ്ണുരുട്ടിയപ്പോഴാണ് കൂടെ പോയത്. പിറ്റേന്ന് പറയാനും ചെയ്യാനുമുള്ള ഒരായിരം കാര്യങ്ങൾ മനസ്സിൽ അടുക്കി വച്ചു കിടന്നു. രാവിലെ കാപ്പികുടി കഴിഞ്ഞ് ഉടനെ അങ്ങോട്ട് ഓടി. ചെന്നപ്പോൾ അകത്ത് ഹാളിൽ ഇരുത്തി മുറിച്ചുവെച്ച ആപ്പിൾ കഷ്ണങ്ങൾ അവരുടെ വായിൽ വച്ചു കൊടുക്കുകയായിരുന്നു അച്ഛമ്മ. "പെട്ടെന്ന് കഴിക്ക്, അവൾ ഇപ്പോ എത്തും. അതിനു ഊണും ഉറക്കോം ഇല്ല." പറഞ്ഞത് തന്നെ പറ്റിയാണെന്ന് നല്ല ബോധ്യം ഉണ്ടായിട്ടും ആ ഏഴ് വയസ്സുകാരിക്ക് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു. ഒതുക്കുകൾ കയറി ഹാളിലേക്ക് ചെന്നു. തന്നെ കണ്ട ഉടനെ അച്ഛമ്മയുടെ മുഖം കനത്തു വന്നു. "കയറി വാ" മുഖത്ത് ഒട്ടിച്ചു വെച്ച ചിരിയിൽ ഉണ്ടായിരുന്നു പറയാനുള്ളതെല്ലാം.
"ആപ്പിൾ വേണോ ചേച്ചി?" ഇളയവൾ ഒരു കഷണം ആപ്പിൾ നീട്ടി. "അവൾക്ക് ഞാൻ ബിസ്ക്കറ്റ് കൊടുക്കാം. ഇത് നിങ്ങൾ കഴിക്ക്" അച്ഛമ്മ എണീറ്റ് അകത്തെ മുറിയിലേക്ക് പോയി. ഒരു പാത്രത്തിൽ മൂന്ന് നാല് ബിസ്ക്കറ്റ് ഇട്ടുതന്നു. സന്തോഷത്തോടെയാണ് സ്വീകരിച്ചത് എങ്കിലും പഴകിയ, തണുത്ത ബിസ്ക്കറ്റ് എന്നെ വല്ലാതെ സങ്കടപ്പെടുത്തി. വേണ്ടെങ്കിൽ കൂടി എങ്ങനെയോ ഒരെണ്ണം കഴിച്ചു. നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ ഇറങ്ങിയോടി. വാടിയ മുഖത്തോടെ തിരിച്ചുവന്ന എന്നെ അമ്മ പെട്ടെന്ന് തിരിച്ചറിഞ്ഞു. "എന്തുപറ്റി മോളെ?" അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു ഞാൻ ആ സങ്കടം തീർത്തു. അമ്മ ഒന്നും ചോദിച്ചില്ല. ഞാനും ഒന്നും പറഞ്ഞില്ല. മരുമകളായി കയറിച്ചെന്ന വീടല്ലേ. അവിടുത്തെ ആൾക്കാരെ പറ്റി നല്ല ബോധ്യം ഉണ്ടാവണം.
പിന്നെയും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഞാൻ അവിടെ പോയിട്ടുണ്ട് അവരുടെ കൂടെ കളിച്ച് തിമർത്തിട്ടുമുണ്ട്. വെയിലത്ത് കളിച്ചു ക്ഷീണിക്കുമ്പോൾ അവരെ അച്ഛമ്മ അകത്തേക്ക് വിളിക്കും ഹോർലിക്സ് ഇട്ട പാൽ, സംഭാരം, അല്ലെങ്കിൽ നാരങ്ങാവെള്ളം... അവർ തിരിച്ചു വരുന്നതുവരെ ഞാനാ മണ്ണിൽ വെറുതെയിരിക്കും. ചെയ്ത കാര്യത്തെ ചോദ്യം ചെയ്യാനോ ഇനി ആ പറമ്പിൽ കാലുകുത്തില്ലെന്ന് ദൃഢനിശ്ചയം ചെയ്യാനോ അന്നത്തെ ആ കൊച്ചുകുട്ടിക്ക് അറിയില്ലായിരുന്നു. അറിയുന്നത് ഇത്രമാത്രം- ഞാൻ അവരുടെ മകന്റെ മകളാണ്. അവർ മകളുടെ മക്കളാണ്. ഇവിടെ ഇങ്ങനെയാണ്!
കാലം പിന്നെയും കടന്നു പോയി. മറ്റൊരു അവധിക്കാലത്ത്, ഞങ്ങൾ മൂന്നുപേരും അകത്തിരുന്ന് ടിവി കാണുകയായിരുന്നു. ഒരു വലിയ പാത്രത്തിൽ അവിൽ വിളയിച്ചതും കൊണ്ട് അച്ഛമ്മ വന്നു. മൂന്നു പ്ലേറ്റുകൾ നിരത്തി. രണ്ടു പ്ലേറ്റുകളിൽ നിറയെ.! മൂന്നാമത്തെ പ്ലേറ്റിൽ അവർക്ക് കൊതി കിട്ടാതിരിക്കാൻ എന്നോണം ഒരു പിടി അവിൽ! അത് എന്റെ നേരെ നീട്ടിയപ്പോൾ 'എനിക്ക് വേണ്ട' എന്ന് മുഖമുയർത്തി പറഞ്ഞു. "ഞാൻ വീട്ടീന്ന് വയറുനിറയെ കഴിച്ചിട്ടാണ് വന്നത്". ഒരു ചെറു ചിരി എന്റെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു. നീരസത്തോടെയുള്ള അവരുടെ നോട്ടം ഗൗനിക്കാതെ ഞാൻ എണീറ്റ് പുറത്തോട്ട് നടന്നു. പിന്നീടും പലതവണ പല രൂപത്തിൽ ഒറ്റപ്പെടുത്തലും വേർതിരിവും എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എങ്കിലും അവയെല്ലാം നിറഞ്ഞ പുഞ്ചിരിയോടെ അവഗണിക്കാൻ ഞാൻ പഠിച്ചു. ബാല്യത്തിന്റെ ഇളം മനസ്സിൽ കോറിയിട്ട മുറിവ് എന്നെ അത്രയേറെ കരുത്തയാക്കിയിരുന്നു!!!!